മധ്യവയസ്സിൽ ജീവിതം ആസ്വദിച്ചോളൂ; ലജ്ജിക്കേണ്ട കാര്യമില്ല
Mail This Article
ഉറച്ച ശരീരവും എഴുന്നുനിൽക്കുന്ന പേശികളുമുള്ള യൗവനയുക്തനായ പുരുഷൻ, അഴകളവുകളിൽ മാദകത്വം പുലർത്തുന്ന സുന്ദരി, സെക്സിനെയും അതിന്റെ ആസ്വാദനത്തെയും കുറിച്ചുളള്ള ഏതു വ്യാഖ്യാനങ്ങളിലും ചിത്രീകരിക്കപ്പെടുന്നത് ഈ രൂപങ്ങളാണ്. യൗവനവും കരുത്തുമാണ് ഏതു കാലത്തും ലൈംഗികതയുടെ അടിസ്ഥാനയോഗ്യതകൾ. പ്രായമേറുന്തോറും കുറഞ്ഞുവരുന്ന ഒന്നായി ലൈംഗികതയെ മിക്കവരും കാണുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് അവ. പക്ഷേ, യാഥാർഥ്യം അതാണോ? തീർച്ചയായും അല്ല എന്നാണു മിക്കവാറും എല്ലാ ലൈംഗികഗവേഷകരുടെയും ഉത്തരം. എന്നതുമാത്രമല്ല, പ്രായമേറുന്തോറും പഴകിയ വീഞ്ഞുപോലെ രുചിയും ഗുണവും ഏറുന്നതാണ് യഥാർഥത്തിൽ സെക്സ് എന്നതാണ് ആധുനിക വീക്ഷണം.
സ്ത്രീകളിലെ ലൈംഗിക പൂർണത
പരിമിതമായ അറിവും പ്രായോഗിക പരിചയക്കുറവും ലജ്ജയുമൊക്കെ വെടിഞ്ഞ് ഒരു വ്യക്തി ലൈംഗിക പക്വത നേടുന്നത് ഏതാണ്ട് മധ്യവയസിലെത്തുന്നതോടെയാണ്. പുരുഷന്മാരെക്കാൾ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കാര്യത്തിൽ ഈ പ്രസ്താവന കൂടുതൽ വസ്തുനിഷ്ഠമാകുന്നു. മിക്ക സ്ത്രീകളിലും ലൈംഗികതാൽപര്യം അതിന്റെ പ്രായോഗികമായ പൂർണതയിലേക്ക് കടക്കുന്നത് 40കളിലാണ്. ഗർഭം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ ചുമതലകൾ മാത്രമല്ല, ലജ്ജ, ഭയം, അജ്ഞത തുടങ്ങി നിരവധി കാര്യങ്ങൾ അവരുടെ യൗവന ലൈംഗിക താൽപര്യങ്ങളെ ബാധിക്കുന്നു. അവയെ മറികടക്കാൻ കഴിയുന്നത് മധ്യവയസോടെയാണ്.
പ്രായത്തിൽ കൈവരുന്ന പക്വതയും ആത്മവിശ്വാസവും നാൽപതു കഴിഞ്ഞ് പുരുഷനു ലൈംഗികതയിൽ മുതൽക്കൂട്ടാണ്. ജീവിക്കാൻ വേണ്ടിയുള്ള പരക്കംപാച്ചിൽ ഒന്നു കുറഞ്ഞ്, കുടുംബജീവിതത്തിൽ കൂടുതൽ മുഴുകുന്ന മധ്യവയസുകാരന് ലൈംഗികതയെ കൂടുതൽ മെച്ചപ്പെട്ട തലത്തിലേക്ക് ഉയർത്താനും ലൈംഗികാനന്ദത്തിന്റെ ഉന്നതതലങ്ങളിലേക്ക് കൊണ്ടുപോകാനും സാധിക്കും.
പ്രായം കൂടുന്തോറും പലരിലും ലൈംഗികതാൽപര്യക്കുറവോ, വിരക്തിയോ അനുഭവപ്പെടുന്നത് മിക്കപ്പോഴും അനാവശ്യമായ ആശങ്കകളുടെ അടിസ്ഥാനത്തിലാണ്.
ആശങ്ക വേണ്ട
പലരും കരുതുന്നതുപോലെ ലജ്ജിക്കേണ്ടതോ പാപബോധത്തോടെ സമീപിക്കേണ്ടതോ ആയ ഒന്നല്ല സെക്സ്. ഒരവകാശമായും പരസ്പരം ബന്ധം ഉറപ്പിച്ചു നിർത്താനുള്ള ഒരു നല്ല ഉപാധിയുമായി വേണം പങ്കാളികൾ അതിനെ കാണാൻ പ്രായം എത്ര ആയാലും. യൗവനം കഴിയുന്നതോടെ സ്ത്രീകളിൽ വലിയൊരു വിഭാഗവും സ്വന്തം ശരീരസൗന്ദര്യത്തെക്കുറിച്ചും തന്റെ ലൈംഗികാകർഷണീയതയിലും ആശങ്കാകുലരാകാറുണ്ട്. ചില പുരുഷന്മാർക്ക്. പ്രായം കൂടി ഇനി പഴയതുപോലെ ആവില്ല എന്ന തോന്നൽ ഒന്നുകൊണ്ടു മാത്രം ചിലപ്പോൾ ഉദ്ധാരണശേഷിക്കുറവ് ഉണ്ടായി എന്നുവരാം. പ്രായമായി, എന്റെ ലൈംഗികജീവിതം അവസാനിച്ചു എന്നു ചിന്തിക്കുന്നതാണ് ലൈംഗിക ആസ്വാദനത്തിലെ ഏറ്റവും വലിയ തടസം.
ആർത്തവവിരാമം വന്ന സ്ത്രീകളിൽ ലൈംഗിക താൽപര്യങ്ങൾ സജീവമായി നിൽക്കുന്നതിന് തടസമായി ഒന്നുമില്ല. പക്ഷേ, ഏതാണ്ട് 20 മുതൽ 50 ശതമാനത്തോളം പേരിലും മനോജന്യ ലൈംഗികത്തകരാറുകൾ നിലനിൽക്കുന്നുവെന്നു ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
നമ്മുടെ സമൂഹത്തിൽ പ്രായമേറിയ പുരുഷന്റെ ലൈംഗികതാൽപര്യങ്ങൾ താരതമ്യേന സംരക്ഷിക്കപ്പെടുന്നുണ്ട്. ഉദ്ധാരണസഹായികളായ പുതിയ മരുന്നുകളുടെ ആവിർഭാവത്തോടെ മുമ്പില്ലാത്തവിധം ലൈംഗികജീവിതം മെച്ചപ്പെടുന്നുണ്ട്. പക്ഷേ, പലപ്പോഴും മാതൃത്വത്തെക്കുറിച്ചുള്ള ചുമതലാബോധത്തിൽ വട്ടംചുറ്റുന്ന സ്ത്രീയുടെ ആഗ്രഹങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ കടിഞ്ഞാൺ വീഴുന്നു, കൊച്ചുമക്കളെ താലോലിക്കുന്ന അപ്പൂപ്പനും അമ്മൂമ്മയ്ക്കും പോലും ആഹ്ലാദകരമായ ലൈംഗികജീവിതം തുടരാൻ കഴിയുമെന്നുതന്നെയാണ് മനശാസ്ത്രവിദഗ്ധരും സെക്സോളജിസ്റ്റുകളും ഇന്ന് ഉറപ്പുപറയുന്നത്.
സെക്സിനു വിരാമം ഇല്ല
ആർത്തവവിരാമത്തോടെ സ്ത്രീയുടെ പ്രത്യുൽപാദനശേഷി അവസാനിക്കും. സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ ഉൽപാദനം നിലയ്ക്കും. എന്നാൽ മിക്കവരും കരുതുന്നതുപോലെ ആർത്തവവിരാമത്തോടെ ലൈംഗികജീവിതം അവസാനിക്കുകയല്ല പുതിയൊരു തലത്തിൽ അതു തുടരുകയോ മെച്ചപ്പെടുകയോ ആണു ചെയ്യുന്നത്. കാരണം, സ്ത്രീഹോർമോണിന്റെ ഉൽപാദനം നിലച്ചാലും സ്ത്രീശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷഹോർമോണിന്റെ ഉൽപാദനം കുറയുന്നില്ല. ഹോർമോൺ സന്തുലനത്തിലെ ഈസ്ട്രജൻ മേൽക്കോയ്മ ടെസ്റ്റോസ്റ്റിറോണിനു വഴി മാറുന്നു എന്നതുമാത്രം. ടെസ്റ്റോസ്റ്റിറോണിന്റെ മേൽക്കോയ്മ മൂലം സ്ത്രീയിൽ ലൈംഗികതാൽപര്യവും ആഗ്രഹവും കുറയുകയല്ല, മെച്ചപ്പെടുകയാണു ചെയ്യുക. ഈ ഘട്ടത്തിൽ സ്ത്രീ കൂടുതൽ ലൈംഗിക സജീവത പ്രകടിപ്പിക്കുന്നതായി മനസിലാക്കുന്ന പങ്കാളികളും അപൂർവമല്ല. എങ്കിലും ആർത്തവവിരാമം ചില സ്ത്രീകളിൽ വികാരത്തെ മന്ദീഭവിപ്പിക്കുന്നുവെന്നുള്ള പൊതുപരാതിയുടെ അടിസ്ഥാനം എന്താണ്? സത്യത്തിൽ ശാരീരകാരണങ്ങളെക്കാൾ മാനസികകാരണങ്ങളാണ് അതിനു പിന്നിൽ. സ്വന്തം ശരീരത്തെ യുവതികളുടേതായി താരതമ്യം ചെയ്യുമ്പോഴുള്ള നിരാശ, വാർധക്യത്തിലേക്ക് എത്തിയെന്ന തോന്നൽ, നല്ല സെക്സ്, യൗനവകാലത്തു മാത്രമുള്ളതെന്ന തെറ്റിദ്ധാരണ, ശാരീരികമായ അസ്വസ്ഥതകൾ കൂടുമെന്ന ഭയം ഇവയൊക്കെയാണ് മാനസിക കാരണങ്ങൾ.
പുരുഷനു വിരാമം എങ്ങനെ?
സ്ത്രീക്കു സംഭവിക്കുന്ന ആർത്തവവിരാമത്തിനു സമാനമായ അവസ്ഥ പുരുഷനിലും സംഭവിക്കുന്നുണ്ട്. ആൻഡ്രോപോസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഏതാണ്ട് 40 വയസു മുതൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷഹോർമോണിന്റെ ഉൽപാദനത്തിൽ നേരിയ കുറവു കണ്ടുതുടങ്ങും. ഏതാണ്ട് 60 വയസിലെത്തുമ്പോൾ മാത്രമേ ഹോർമോൺ അളവു കാര്യമായി കുറഞ്ഞു ആൻഡ്രോപോസ് എന്ന അവസ്ഥയുണ്ടാകൂ. സ്ത്രീകളിലെന്നപോലെ അമിതവിയർപ്പ്, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ പുരുഷനിലും ഈ സമയത്തു കാണാം. ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് ലൈംഗിക താൽപര്യത്തിൽ കുറവു സംഭവിക്കുന്നതിലൂടെയാണ്. സ്ത്രീ പ്രകടിപ്പിക്കുന്ന ലൈംഗിക താൽപര്യ സംജ്ഞകൾ അയാൾ കണ്ടില്ലെന്നു നടിക്കുന്നു. ഈ വിരക്തിയുടെ പ്രകടനം ദമ്പതികൾ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കുറയ്ക്കുകയും ചെയ്യും.
പക്ഷേ, 40 വയസിനു ശേഷം 20 വർഷം കൊണ്ടു സംഭവിക്കുന്ന ഈ മാറ്റം ലൈംഗിക സംതൃപ്തിയിൽ പുരുഷന് അതീവ ഗൗരവമുള്ളതല്ല. കാരണം, പുകവലി, കടുത്ത പിരിമുറുക്കം, അമിത മദ്യപാനം തുടങ്ങിയവ പുരുഷ ലൈംഗികതയിൽ ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കാൾ കുറവാണു ടെസ്റ്റോസ്റ്റിറോൺ വരുത്തുന്നത്. പ്രോസ്റ്റേറ്റ് തകരാറുകളും രക്താതിമർദവും പോലും പുരുഷനിൽ ഹോർമോൺ വ്യതിയാനത്തെക്കാൾ കൂടുതൽ ലൈംഗികതയെ സ്വാധീനിക്കും. ഹോർമോൺ റിപ്ലേസ്മെന്റ് തെറപ്പികൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നവുമാണിത്.
English Summary : Sexual health in middle ages