‘മൂന്നു പ്രസവം, അബോർഷൻ ഇതൊക്കെ കഴിഞ്ഞയാളാണു ഞാൻ’: 61ലും 20കാരിയുടെ മനസ്സുമായി ബീന കണ്ണൻ
Mail This Article
ഒരു പൊൻപട്ടു ചേല പോലെ യൗവനത്തെ അണിഞ്ഞിരിക്കുകയാണു ബീനാ കണ്ണൻ എന്നു തോന്നി. 61–ാം വയസ്സിന്റെ പടിവാതിലിൽ ഒരാൾക്ക് എങ്ങനെയാണ് ഇത്ര മനോഹാരിതയോടെ നിലകൊള്ളാനാകുന്നത്? കാരണമിതാണ്. ജീവിതശൈലിയിലും ആഹാരരീതിയിലും വ്യായാമത്തിലും വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധയോടെ ഉൗടുംപാവും നെയ്തെടുക്കുന്നു ബീന. സംരംഭകയും ഡിസൈനറുമായി ലോകമറിയുന്ന ബീനാ കണ്ണനെ നിത്യയൗവനത്തിന്റെ സുന്ദരസാന്നിധ്യമായി കാലം അടയാളപ്പെടുത്തുകയാണ്. തന്റെ യൗവനസുരഭിലമായ ജീവിതയാത്രയുടെ രഹസ്യങ്ങൾ അവർ പങ്കുവയ്ക്കുന്നു.
∙ യുവത്വം നിലനിർത്തുക എന്നതിന് പ്രായം ഒരു ഘടകമാണോ?
പ്രായം വെറും ഒരു സംഖ്യ മാത്രമാണ്. ഞാൻ 61 വയസ്സു കടന്നു കഴിഞ്ഞു.... പക്ഷേ ഒരു ഇരുപതുകാരിയുടെ മനസ്സാണ് എനിക്കിന്ന്. ചിലപ്പോൾ മുട്ടുവേദനയോ, ശാരീരികമായി ചില ബുദ്ധിമുട്ടുകളോ വരാം. അതിനെ ഡീൽ ചെയ്യും. ശ്രദ്ധയോടെ മുന്നോട്ടു പോകും. ഇരുപതുകാരിയുടെ യുവത്വവും സന്തോഷവും ഞാൻ അനുഭവിച്ചറിയുന്നുണ്ട്. ചെറുപ്പമാണെന്നു വിചാരിച്ചാൽ നമ്മൾ ചെറുപ്പമാണ്. വയസ്സായെന്നു വിചാരിച്ചാൽ വയസ്സായി...
∙ സ്ത്രീകൾക്ക് എല്ലാക്കാലത്തും ചെറുപ്പവും രൂപഭംഗിയും നിലനിർത്തുക എളുപ്പമാണോ?
ചെറുപ്പമായിരിക്കാൻ ജീവിതശൈലി ആദ്യം മുതൽ കൃത്യമായി ശ്രദ്ധിക്കണം. മൂന്നു പ്രസവം , അബോർഷൻ ഇതൊക്കെ കഴിഞ്ഞയാളാണു ഞാൻ. പ്രസവശേഷം സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ചോറ് കഴിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. മൂന്നും നാലും പ്രസവിച്ച ചില സ്ത്രീകൾ സാധാരണ സ്ത്രീകളേക്കാളും ഭംഗിയായിരിക്കുന്നു. അന്ന് ഒരു മദർ ആൻഡ് ചൈൽഡ് മാഗസിന്റെ കവറിൽ ഒരു സ്ത്രീ നല്ല ഭംഗിയോടെ മൂന്നു കുട്ടികളുമായിരിക്കുന്നതു കണ്ടു. അന്ന് ഞാൻ ഭർത്താവിനോട് (കണ്ണൻ) ചോദിച്ചു. മൂന്നു പിള്ളേരായാൽ ഇങ്ങനെ ഇരിക്കുമോ? അതിനെന്താണ് സാധിക്കുമല്ലോ എന്ന് കണ്ണൻ പറഞ്ഞു. അതു ഞാനെന്റെ മനസ്സിൽ കുറിച്ചിട്ടു.
∙ എന്നും ചെറുപ്പമായിരിക്കാൻ ജീവിതശൈലിയിൽ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്?
1. ആദ്യത്തെ കാര്യം ഫാസ്‌റ്റിങ് ആണ്. എത്ര മണിക്കൂർ ഫാസ്‌റ്റ് ചെയ്യണം എന്നത് ഒാരോരുത്തരുടെയും സൗകര്യവും ഇഷ്ടവുമാണ്. ഉപവാസങ്ങൾ എന്നും നമുക്കു നൻമയേ ചെയ്യൂ.
2. തവണ കുറച്ച് കഴിക്കുക. രാവിലെ എട്ടുമണിക്കു കഴിച്ചതിനു ശേഷം വൈകുന്നേരം എട്ടുമണിക്കാണു വീണ്ടും കഴിക്കുന്നതെങ്കിലും , പോഷകാഹാരം കഴിക്കുക. മുട്ട, മീൻ, മാംസം, പനീർ, കടല, ദാൽ, പച്ചക്കറി എല്ലാം ഉൾപ്പെടുത്തുക. ഇങ്ങനെ കഴിക്കുമ്പോൾ കാലറി യോ പോഷകമോ കുറയില്ല.അന്നജം കുറച്ച് ആവശ്യമായ പ്രോട്ടീനുകൾ ഉൾപ്പെടുത്തണം. നട്സും ഫ്രൂട്സും കഴിക്കാം. വെജിറ്റേറിയൻസിനു പനീറോ , സോയയോ, പാലോ കഴിക്കാം. പാൽ അധികം വേണ്ട. എണ്ണ ചെറിയ അളവിൽ മതി. കശുവണ്ടി, ബദാം, വാൽനട്ട്, പിസ്ത ....ഒരു കൈപ്പിടി നട്സ് കഴിക്കാം.ശരീരത്തിനാവശ്യമായ പോഷകങ്ങൾ ധാതുക്കളും വൈറ്റമിനുകളും ഉൾപ്പെടെ പ്രധാനമാണ്.
3. വ്യായാമം ചെയ്യുക. ഒരേ വ്യായാമത്തിൽ ഒതുങ്ങാതെ പുതിയ വ്യായാമങ്ങൾ ഉൾപ്പെടുത്താം. ജോഗിങ്, നീന്തൽ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ... ഇതെല്ലാം നല്ലതാണ്. നൃത്തം, ജിംനാസ്‌റ്റിക്സ് , കരാട്ടേ, ജൂഡോ...ഇഷ്ടമുള്ളവ മാറി മാറി ചെയ്യാം. പ്രായമാകാതിരിക്കാൻ ഏറ്റവും ആവശ്യം വെയ്‌റ്റ് ട്രെയ്നിങ് ആണ്. ഒരു ഇൻസ്ട്രക്‌റ്ററുടെ കീഴിൽ ഇതു പരിശീലിക്കാം.
4. നന്നായി ഉറങ്ങണം. ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ മെഡിറ്റേഷൻ ആകാം. കണ്ണടച്ച് ഇരിക്കുന്നതും കിടക്കുന്നതും ഉത്തമമാണ്.
5. പിരിമുറുക്കത്തെ വരുതിയിലാക്കണം. പിരിമുറുക്കത്തെ സ്വന്തം ശ്രമം കൊണ്ട് ഒഴിവാക്കാനായാൽ നമ്മൾ അതിജീവിച്ചു കഴിഞ്ഞു.സമ്മർദം ചർമത്തിലും മുഖത്തും ചുളിവുകൾ വീഴ്ത്തും. സമ്മർദ്ദത്തെ പൂർണമായും ഒഴിവാക്കണം. ധ്യാനം കുറേയൊക്കെ സഹായകമാണ്. യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് സ്ട്രെസ്സിനെ അതിജീവിക്കാൻ പഠിക്കുകയാണു വേണ്ടത്.
ഒരു ദിവസം എങ്ങനെയാണ് ക്രമീകരിക്കുന്നത്?
രാത്രി പത്തര പതിനൊന്നുമണിയോടെ ഉറങ്ങാൻ കിടക്കും. രാവിലെ ആറ്– ഏഴു മണിയോടെ ഉണരും. 8 – 9 മണിക്കൂർ ഉറങ്ങാറുണ്ട്. രാവിലെ സ്‌റ്റീം ആൻഡ് സോനാ ബാത് ചെയ്യും. വീട്ടിലെ ജിമ്മിൽ തന്നെ വ്യായാമങ്ങൾ ചെയ്യും. ട്രെഡ്മിൽ, വെയ്‌റ്റ് െട്രയ്നിങ് , പുഷ്അപ്...അങ്ങനെ. ചിലപ്പോൾ ഇവ ദിവസത്തിലുടനീളം ചെയ്യും. ചിലപ്പോൾ നീന്താറുണ്ട്. ഇതൊക്കെ നമ്മെ ചെറുപ്പമാക്കാൻ സഹായിക്കും. കുളി കഴിഞ്ഞു സ്‌റ്റോറിലേക്ക്. മൂന്നു മണിക്കു തിരികെ വീട്ടിലെത്തും. ചിലപ്പോൾ ലഞ്ച് കഴിക്കും. കാർബ്സ് കുറഞ്ഞ ലഞ്ച് , കാർബ്സ് കൂടിയ ലഞ്ച് അങ്ങനെ വ്യത്യാസങ്ങൾ വരുത്താറുണ്ട്. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറോ , 15 മിനിറ്റോ ഒരു നാപ് എടുക്കാറുണ്ട്. വൈകിട്ട് അഞ്ചര മുതൽ ഏഴര വരെ ട്രെഡ്മില്ലിൽ നടക്കും. ഏഴര മുതൽ ഒമ്പതര വരെ മറ്റു വ്യായാമങ്ങൾ. അതു ചിലപ്പോൾ പത്തര വരെ നീളാറുണ്ട്. എത്ര ക്ഷീണിച്ചാലും വൈകിട്ട് വ്യായാമം ചെയ്യും
∙ മനസ്സിന്റെ സന്തോഷം ചർമത്തെ ഭംഗിയുള്ളതാക്കുമോ?
നമ്മൾ സ്‌ട്രെസ്സ് ഫ്രീ ആയി ഇരിക്കുക എന്നു പറയുമ്പോൾ തന്നെ സന്തോഷം വന്നു കഴിഞ്ഞു. മുംബൈയിൽ ഞാൻ ലാഫിങ് ക്ലബുകൾ കണ്ടിട്ടുണ്ട്. ലാഫിങ് ക്ലബിൽ ചേർന്നിട്ടില്ല. ഗ്ലൂമി ആകുന്നു എന്നു തോന്നുമ്പോൾ വീട്ടിൽ ഇതേ പോലെ ചിരിച്ചു നോക്കിയിട്ടുണ്ട്. മെഡിറ്റേഷൻ സമയത്തും ചിരിക്കാറുണ്ട്. അടി വയറിൽ നിന്നു ചിരി ഉയർന്നു വരണം. എങ്കിലേ അതു ചിരിയാകുന്നുള്ളൂ. നമ്മുടെ യുവത്വകാലത്തിൽ , ആ ഒാർമകളിൽ വീണ്ടും ജീവിക്കുന്നതിനു ശ്രമിക്കണം. അതിനു സഹായിക്കുന്ന സുഹൃത്തുക്കളെ ചേർത്തു പിടിക്കണം. ദേഷ്യപ്പെടുക, സങ്കടപ്പെടുക, മൂഡ് ഒാഫ് ആകുക ... ഇതെല്ലാം പ്രായം കൂട്ടുന്ന കാര്യങ്ങളാണ്. ഇതൊന്നും നമുക്ക് ആവശ്യമില്ല.
ഇപ്പോൾ സ്ട്രെസ്സ് അൺലോഡ് ചെയ്യാനുള്ള കാര്യങ്ങൾ ഞാൻ ചെയ്തു തുടങ്ങി. ജോലി ഭാരം മുഴുവനും സ്വയം ഏറ്റെടുക്കാതെ സഹപ്രവർത്തകർക്കായി പകുത്തു നൽകിത്തുടങ്ങി. അങ്ങനെ സമ്മർദത്തെ കുറയ്ക്കുന്നു.<
∙ റിലാക്സേഷൻ എങ്ങനെയാണ് ?
നീന്തൽ, യോഗ, നൃത്തം ഇതെല്ലാം എനിക്കു സന്തോഷം തരുന്ന കാര്യങ്ങളാണ്. നൃത്തം പ ഠിച്ചു. ഭരതനാട്യമാണ്. അതു കുറേ സ്‌റ്റേജുകളിൽ അവതരിപ്പിച്ചു. സ്ലോ ആയി ചെയ്യുന്നതൊ ന്നും എനിക്കിഷ്ടമല്ല, െഎ ആം എ ഫാസ്‌റ്റ് പേഴ്സൺ. വായനയും സിനിമയും യാത്രയുമെല്ലാം റിലാക്സേഷനു തിരഞ്ഞെടുക്കാറുണ്ട്.
English Summary : Beena Kannan about her lifestyle and daily routine