ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കണ്ണിനു വേണം പ്രത്യേക കരുതൽ
Mail This Article
കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുമെന്നൊക്കെ പറഞ്ഞു പഴകിയ കാര്യം. എന്നാൽ, കണ്ണിന്റെ കാര്യത്തിൽ ഈ ശ്രദ്ധ പലർക്കുമില്ല. കോവിഡ് കാലത്തു ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ കുട്ടികളിൽ നേത്ര സംബന്ധമായ പ്രശ്നങ്ങളും വർധിച്ചു. ദിവസവും 6–8 മണിക്കൂർ വരെ കംപ്യൂട്ടറുകൾക്കു മുന്നിൽ ചെലവഴിക്കേണ്ടി വരുന്ന ഐടി പ്രഫഷനലുകളും സമാന പ്രശ്നങ്ങൾ നേരിടുന്നു.
വെളിച്ചം
നല്ല വെളിച്ചമുള്ള മുറിയിൽ ഇരുന്നു വേണം സ്ക്രീനുകളിലേക്കു നോക്കാൻ. കിടന്നു കാണുന്ന ശീലം വേണ്ട. കസേരയിൽ ഇരുന്നു ഡിജിറ്റൽ ഉപകരണങ്ങൾ മേശയിൽ വച്ച് ഉപയോഗിക്കുന്നതാണു നല്ലത്. സ്ക്രീൻ സമയം കൂടുതലുള്ള ആളുകൾ 20–20–20 എന്ന നിയമം പാലിക്കുന്നതു നല്ലതാണ്. 20 മിനിറ്റ് നേരം സ്ക്രീനിലേക്കു നോക്കിയിരുന്ന ശേഷം 20 സെക്കൻഡ് കണ്ണ് അതിൽ നിന്നു മാറ്റി 20 അടി ദൂരെയുള്ള സ്ഥലത്തേക്കു നോക്കുന്നതു കണ്ണിലെ പേശികളുടെ ആയാസം കുറയ്ക്കും.
കുട്ടികൾ
കോവിഡ് കാലത്ത് സ്ഥിരമായി ഡിജിറ്റൽ ഉപകരണങ്ങൾ പോലുള്ള അടുത്തുള്ള വസ്തുവിലേക്കും മാത്രം നോക്കിയിരുന്നതു കുട്ടികളുടെ ദൂരക്കാഴ്ചയെ ബാധിച്ചിട്ടുണ്ട്. ചിലർക്കെങ്കിലും ക്ലാസ് റൂമിലെ ബ്ലാക്ക് ബോർഡുകൾ ശരിക്കു കാണാൻ കഴിയാത്ത അവസ്ഥയുണ്ട്. പരിശോധനകളിലൂടെ കണ്ണിന്റെ കാഴ്ച ശക്തി കൃത്യമാണെന്ന് ഉറപ്പിക്കണം.
കണ്ണട
വായിക്കുമ്പോഴും മറ്റും കണ്ണട ഒഴിവാക്കുന്നതും കണ്ണടകൾ മാറി ഉപയോഗിക്കുന്നതും പലർക്കുമുള്ള ശീലമാണ്. കണ്ണട ഉപയോഗിക്കാതെയും മറ്റൊരാളുടെ കണ്ണട ഉപയോഗിച്ചാലും ചിലപ്പോൾ വായിക്കാൻ കഴിയുമായിരിക്കും. രണ്ടായാലും കണ്ണിനു സമ്മർദമുണ്ടാകും. അതു നല്ലതല്ല.
നമ്മുടെ കാഴ്ച ശക്തി സ്ഥിരമായി നിൽക്കുന്നതല്ല. 18– 20 വയസ്സുവരെ കണ്ണും വളരുന്നുണ്ട്. കാഴ്ചശക്തിയിലും മാറ്റം വരുന്നുണ്ട്. കണ്ണടകൾ ഉപയോഗിക്കുന്നവർ എല്ലാ വർഷവും കാഴ്ച ശക്തി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
രോഗങ്ങൾ
പ്രമേഹവും രക്തസമ്മർദവും ഉള്ളവർക്ക് അത് കണ്ണിനെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതിയും ഹൈപ്പർ ടെൻഷൻ റെറ്റിനോപ്പതിയും പിടിപെടാം. കണ്ണിലെ ഞരമ്പുകളിൽ നീരും ചോര കെട്ടലും ഉണ്ടാകാം. ഇത്തരമാളുകൾ പതിവായി നേത്ര പരിശോധനയും നടത്താൻ ശ്രദ്ധിക്കണം. 40 വയസ്സു കഴിഞ്ഞാൽ എല്ലാ വർഷവും നേത്ര പരിശോധന ശീലമാക്കണം.
വാഹനം
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ കണ്ണ് പ്രത്യേകം കരുതണം. വാഹനമോടിക്കുന്നതിനിടയിൽ എന്തെങ്കിലും തെറിച്ചു വീണു കണ്ണുകൾക്കു കേടുപാടു പറ്റാനുള്ള സാധ്യതയേറെയാണ്. ഹെൽമറ്റിന്റെ ഗ്ലാസ് കവറോ, കണ്ണുകൾക്കുള്ള സംരക്ഷണ ഗ്ലാസുകളോ ഉപയോഗിക്കാതെ ഒരിക്കലും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കരുത്. രാസവസ്തുക്കൾ കണ്ണിലായാലും പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാൽ 15–20 മിനിറ്റു നേരം തുടർച്ചയായി കണ്ണുകൾ നല്ല വെള്ളം കൊണ്ടു കഴുകണം. ഏറെ വൈകാതെ തന്നെ ആശുപത്രിയിൽ ചികിത്സ തേടണം.
വിവരങ്ങൾക്കു കടപ്പാട്
(ഡോ. ഹിൽഡ നിക്സൺ, ഒഫ്താൽമോളജിസ്റ്റ്,
ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി)
Content Summary: Eye care tips