എപ്പോഴും സമ്മർദം, മടുത്തെന്ന തോന്നൽ: ആത്മഹത്യ വേണ്ട; ജീവിതം തിരികെപ്പിടിക്കാം
Mail This Article
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും ആത്മഹത്യകളുടെ എണ്ണം കുറയുന്നില്ല. പ്രണയനൈരാശ്യം, പരീക്ഷപ്പേടി, കുടുംബവഴക്ക്, ജോലി ഭാരം എന്നിങ്ങനെ അതിനു കാരണങ്ങൾ പലതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും 70 കാരനുമെല്ലാം ആത്മഹത്യ ചെയ്തതിനു പുറകിൽ, ‘ഇനി വയ്യ’ എന്ന തോന്നലായിരുന്നിരിക്കാം. പലപ്പോഴും സമ്മർദമാണ് മനുഷ്യനെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നത്. എന്നാൽ എന്താണ് സമ്മർദം എന്നത് പലർക്കും അറിയില്ല. ഈ കാലഘട്ടത്തിൽ മാനസികാരോഗ്യത്തിനു പ്രാധാന്യം നൽകുന്നത് സംശയങ്ങൾ ദൂരികരിച്ച്, സമാധാനവും സന്തോഷവുമുള്ള ജീവിതം ഏവർക്കും ലഭിക്കുന്നതിനു വേണ്ടിയാണ്.
എന്താണ് സമ്മർദം?
എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന സ്വാഭാവികമായ ഒരു കാര്യമാണ് സമ്മർദം. ചെറിയ തോതിലെങ്കിലും ആ സമ്മർദമുണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സാധിക്കൂ. തീരെ സ്ട്രെസ് ഇല്ലാത്തൊരു വ്യക്തിക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാൻ പലപ്പോഴും സാധിച്ചെന്നു വരില്ല. അതുകൊണ്ടുതന്നെ ചെറിയ സമ്മർദം നല്ലതാണ്. പക്ഷേ അത് അതിരു കടന്നാൽ പ്രശ്നമാണ്. ജീവിതത്തിൽ പുതുതായി ഒരു സാഹചര്യം ഉണ്ടാകുമ്പോൾ അതിനോടു പൊരുത്തപ്പെട്ടു പോകുന്നവര്‍ ഉണ്ട്. എന്നാൽ അങ്ങനെ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ എന്തോ പ്രശ്നം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ഉണ്ടാക്കുകയോ ചെയ്താൽ അത് ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥ ഉറക്കത്തെയും ശ്രദ്ധയെയും ബാധിക്കും. ഇത് സ്ട്രെസ് ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്. ദൈനംദിന ജീവിതത്തെയും ശരീരത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുമ്പോഴാണ് സ്ട്രെസിനെ ഒരു രോഗമായി കണക്കാക്കുന്നത്.
സമ്മർദം ജീവിതത്തിൽ നിരന്തരമായി നിലനിൽക്കുന്ന വ്യക്തികളുമുണ്ടാകാം. അത്തരക്കാരിൽ നടത്തിയ പഠനങ്ങളിൽനിന്നു വ്യക്തമാകുന്നത് സമ്മർദം തലച്ചോറിലെ രാസവസ്തുക്കളിലും ന്യൂറോണൽ ഘടനയിലും മാറ്റങ്ങൾ വരുത്തുന്നുവെന്നാണ്. സമ്മർദം കാരണം ധാരാളം മാനസിക പ്രശ്നങ്ങളുണ്ടാകാം. അതിൽ വളരെ പ്രധാനപ്പെട്ടതാണ് വിഷാദ രോഗം അഥവാ ഡിപ്രഷൻ. ഇക്കാലത്ത് സാധാരണ സംസാരത്തിനിടയിൽ പോലും വന്നുപോകുന്ന വാക്കാണ് ഡിപ്രഷൻ. ‘ഞാൻ ഡിപ്രഷനിലാണ്’ എന്ന് പലരും പറയാറുണ്ട്. എന്നാൽ സങ്കടവും വിഷാദവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പലർക്കും മനസ്സിലാകുന്നില്ല എന്നതാണ് സത്യം. സമ്മർദം കാരണമുണ്ടാകുന്ന വിഷാദരോഗം നിസ്സാരമായി കാണേണ്ടതല്ല. സങ്കടം (സാഡ്നസ്സ്) വളരെ പെട്ടെന്നു മാറുന്നതാണ്. എന്നാൽ വിഷാദഭാവം രണ്ടാഴ്ച എങ്കിലും ഉണ്ടെങ്കിൽ മാത്രമേ അതിനെ ഡിപ്രസ്ഡ് മൂഡ് എന്നു വിളിക്കാൻ സാധിക്കൂ.
വിഷാദരോഗത്തിന്റെ 9 ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ചയിൽ കൂടുതൽ വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിൽ മാത്രമേ അതിനെ വിഷാദരോഗം എന്നു പറയാനാകൂ.
1. രണ്ട് ആഴ്ചയിൽ കൂടുതൽ നിൽക്കുന്ന വിഷാദഭാവം
2. താൽപര്യക്കുറവ്: മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങളോടൊന്നും താൽരപര്യമില്ലാത്ത അവസ്ഥ.
3. ക്ഷീണം: ഒരു കാരണവുമില്ലാത്ത ക്ഷീണം വിഷാദരോഗത്തിന്റെ വലിയൊരു ലക്ഷണമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ ഭയങ്കര ക്ഷീണം തോന്നുകയും ഒപ്പം മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഉറപ്പായും വിഷാദരോഗമായിരിക്കാം.
4. ഉറക്കക്കുറവ്
5. വിശപ്പില്ലായ്മ
6. ശ്രദ്ധക്കുറവ്
7. മന്ദത (Retardation): താൽപര്യക്കുറവിനോടൊപ്പം മൊത്തത്തിലുള്ള മന്ദിപ്പ് വരുന്നതും ശ്രദ്ധ നൽകേണ്ട ലക്ഷണമാണ്.
8. നെഗറ്റീവ് ചിന്തകൾ: എനിക്ക് ഒന്നിനും കഴിയില്ല, എന്റെ ജീവിതം മോശമാണ്, എനിക്കും എന്റെ ചുറ്റിലുമുള്ള ആർക്കും എന്നെ സഹായിക്കാന്‍ കഴിയില്ല തുടങ്ങിയ ചിന്തകളും വിഷാദരോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം.
9. ആത്മഹത്യാ ചിന്ത: എനിക്കിനി നല്ലൊരു ജീവിതമില്ല, മരിക്കുന്നതാണ് നല്ലത് എന്ന തരത്തിലുള്ള തോന്നൽ വിഷാദരോഗത്തിന്റെ ലക്ഷണമാണ്.
മാനസികാരോഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു പ്രശ്നമാണ് ഉത്കണ്ഠാരോഗം (Anxiety Disorder). ഈ അവസ്ഥയിലുള്ള വ്യക്തിയുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. അകമെയും പുറമെയും വിശ്രമമില്ലാത്ത അവസ്ഥ. എല്ലാ കാര്യങ്ങളിലും വിഷമിക്കുക, ചെറിയ കാര്യങ്ങൾക്കു പോലും വെപ്രാളം കാണിക്കുക തുടങ്ങിയവ ഉത്കണ്ഠാരോഗത്തിന്റെ ലക്ഷണമാണ്. ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, ശരീരമാസകലം പല തരത്തിലുള്ള വേദനകള്‍, പെരുപ്പ് എന്നീ ലക്ഷണങ്ങളും ആൻസൈറ്റി ഡിസോഡറിനുണ്ടാകാം. ഉത്കണ്ഠാരോഗവും മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കാം.
ഒരുപാട് കാരണങ്ങളിലൂടെയാണ് ഒരാൾ ആത്മഹത്യയിലേക്ക് എത്തുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളാണ് അതിൽ പ്രധാനം.
1. വിഷാദരോഗം
മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഏറെ അപകടകാരിയാണ് ചികിത്സിക്കപ്പെടാത്ത വിഷാദരോഗം. വിഷാദത്തിനുള്ള കാരണം എന്താണെന്നും അതിനു ചികിത്സ വേണമെന്നുള്ളതും ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
2. ബോർഡർലൈൻ പഴ്സനാലിറ്റി ഡിസോഡർ
ചില ആളുകൾക്ക് സ്വഭാവത്തിൽത്തന്നെ എപ്പോഴും ഒരുതരം ആവേശമുണ്ടാകും. വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവരും എടുത്തുചാട്ടക്കാരും ഈ വിഭാഗത്തിൽപെടും. ഇവർക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. അകമേ ശൂന്യത ഇവർക്ക് അനുഭവപ്പെടാറുമുണ്ട്. ഇങ്ങനെ സ്വഭാവമുള്ളവർക്കിടയിലും ആത്മഹത്യാശ്രമങ്ങൾ അധികമായി കാണാറുണ്ട്. ഇതു പലപ്പോഴും സുഹൃത്തിന്റെയോ പങ്കാളിയുടെയോ ശ്രദ്ധ കിട്ടാനോ കുടുംബാംഗങ്ങളെയാരെയെങ്കിലും പേടിപ്പിക്കാനോ ഉള്ള ശ്രമമാകാം. പക്ഷേ ചില സാഹചര്യങ്ങളിൽ കളി കാര്യമായി ആത്മഹത്യയിലേക്ക് എത്തിയെന്നും വരാം.
3. ലഹരി വസ്തുക്കളുടെ ഉപയോഗം
മദ്യം, കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം ആത്മഹത്യയിലേക്കു പോകുന്ന പലരുമുണ്ട്.
4. സമ്മർദം നിറഞ്ഞ ജീവിതസാഹചര്യങ്ങൾ
പ്രശ്നങ്ങൾ വരുമ്പോൾ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവർ ധാരാളമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ആത്മഹത്യയാണ്. സാമ്പത്തികമായോ ബന്ധങ്ങളിലോ പ്രശ്നം വരിക, പ്രിയപ്പെട്ടവർക്ക് മാരക രോഗം പിടിപെടുക എന്നീ സാഹചര്യങ്ങൾ വന്നാൽ പിടിച്ചുനിൽക്കാൻ കഴിയാത്തവരായി അനവധി പേരുണ്ട്. അങ്ങനെയുള്ളവർ പലപ്പോഴും പ്രശ്ന പരിഹാരമായി ആത്മഹത്യയെ തെറ്റിദ്ധരിക്കുകയും അതിനു ശ്രമിക്കുകയും ചെയ്യും.
5. സൈക്കോസിസ്
സംശയരോഗം പോലുള്ള അവസ്ഥയുള്ളവർ ആത്മഹത്യയ്ക്ക് ശ്രമിക്കാറുണ്ട്. ചില വ്യക്തികളില്‍ അശരീരി പോലെ ശബ്ദങ്ങൾ കേൾക്കുകയും ആ ശബ്ദത്തോടുള്ള മറുപടിയെന്നോണം നിർദേശങ്ങൾ അനുസരിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരും ഉണ്ട്.
ഇവയാണ് ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കാവുന്ന മനോരോഗഘടകങ്ങൾ
സമ്മർദത്തെ നിയന്ത്രിക്കാം
സമ്മർദമുള്ള വ്യക്തിയ്ക്ക് റിലാക്സ് ചെയ്യാൻ പല വഴികളുണ്ട്.
∙യോഗ, ധ്യാനം പോലുള്ള ഏതെങ്കിലും റിലാക്സേഷൻ ടെക്നിക് എല്ലാ ദിവസവും ഒരു 10–15 മിനിറ്റ് ചെയ്യുക.
∙സമ്മർദത്തെ നിയന്ത്രിക്കാൻ വ്യായാമത്തിനു കഴിയും. ദിവസവും 20 മിനിറ്റ് എങ്കിലും ശരീരം അനങ്ങുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ടെൻഷൻ കുറച്ച് മനസ്സിനു സമാധാനം നൽകും.
∙നല്ല ഉറക്കം അത്യാവശ്യം. ആറ് മുതൽ 8 വരെ മണിക്കൂർ ഉറങ്ങേണ്ടത് ആരോഗ്യത്തിനു പ്രധാനമാണ്. നല്ല ഉറക്കം സമ്മർദത്തെ അകറ്റും.
∙നല്ല ഭക്ഷണം. മദ്യം ഒഴിവാക്കി, ആരോഗ്യം നൽകുന്ന പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയ ഡയറ്റ് ശരീരത്തിനും മനസ്സിനും ഒരുപോലെ ഉപയോഗപ്പെടും.
∙സുഹൃത്തിനോട് സംസാരിക്കുക. പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഒരാളോടു തുറന്നു സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്. മികച്ച സോഷ്യൽ സപ്പോർട്ട് സിസ്റ്റം ഉണ്ടാക്കിയെടുക്കേണ്ടത് നല്ല ജീവിതത്തിനു വേണ്ട ഘടകമാണ്. അത് സുഹൃത്തോ ജീവിതപങ്കാളിയോ രക്ഷിതാവോ ആകാം. സമ്മർദം കുറയ്ക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കും.
∙പ്രശ്നം പരിഹരിക്കാനുള്ള കഴിവ്. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുക സാധാരണമാണ്. അതിനെ നേരിടാൻ കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാണ്. പലപ്പോഴും, സമ്മർദത്തിലിരിക്കുന്ന വ്യക്തിക്ക് നല്ല രീതിയിൽ ചിന്തിച്ച് തീരുമാനമെടുക്കാൻ കഴിയണമെന്നില്ല. കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽനിന്നു മാറി ഏത് പ്രശ്നത്തെ ആദ്യം അഭിമുഖീകരിക്കണം എന്നു ചിന്തിക്കണം. പ്രശ്നങ്ങളെയും പോംവഴികളെയും മനസ്സിലാക്കി തീരുമാനത്തിലെത്തുക എന്നതാണ് പ്രധാനം. അതിനു കഴിഞ്ഞില്ലെങ്കിൽ സുഹൃത്തിനോടോ രക്ഷിതാവിനോടോ പങ്കാളിയോടോ അഭിപ്രായങ്ങൾ തേടാം.
∙പ്രശ്നത്തിനു പരിഹാരം കാണാൻ മറ്റൊരു വഴിയുണ്ട്. താൻ അല്ല ഈ പ്രശ്നത്തിലുള്ളത് എന്ന മട്ടിൽ പുറമേ ഒരു കാഴ്ചക്കാരനായി നിന്ന് പ്രശ്നത്തെ നോക്കിക്കാണുക. വളരെ ഡിറ്റാച്ച്ഡ് ആയി നിന്നുകൊണ്ട് പ്രശ്നത്തിനു പരിഹാരം കാണാം.
തൊഴിലിടത്തിലെ സമ്മർദം
ജോലി സംബന്ധമായ സമ്മർദത്തെ തുടർന്ന് ബുദ്ധിമുട്ടുന്നവരുടെ എണ്ണവും ചില്ലറയല്ല.
∙എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്തേക്കാം എന്ന ചിന്താഗതിയിൽ മാറ്റം വരുത്തിയാൽത്തന്നെ സമാധാനം കിട്ടേണ്ടതാണ്. എല്ലാ കാര്യങ്ങളും മറ്റുള്ളവരെക്കൂടി ഏൽപിക്കുക എന്നത് പരീക്ഷിക്കാവുന്നതാണ്. ജോലി ഭാരം പങ്കുവയ്ക്കുന്നതിലൂടെ സമ്മർദം കുറയ്ക്കാം.
∙സഹപ്രവർത്തകരുടെ സ്വഭാവത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയണം. പല ജീവിതസാഹചര്യങ്ങളിലും അനുഭവങ്ങളിലും കൂടി വന്നവരാണ്. സ്വഭാവത്തിലും ആ വ്യത്യാസങ്ങൾ കണ്ടെന്നിരിക്കും. അവരുടെ പ്രത്യേകതകൾ മനസ്സിലാക്കി സംസാരിക്കുക എന്നത് അനാവശ്യ പ്രശ്നങ്ങളിൽനിന്നും സമ്മർദത്തിൽനിന്നും രക്ഷിക്കും.
∙മറ്റുള്ളവരെ വേദനിപ്പിക്കാതെ തീരുമാനങ്ങൾ എടുക്കുക. ഒറ്റയടിക്ക് നോ പറയാതെ കാര്യങ്ങൾ വ്യക്തമായി ചർച്ച ചെയ്യുക.
ഈ കാര്യങ്ങളിലെ ശ്രദ്ധ നിങ്ങളെ വലിയ മാനസിക ബുദ്ധിമുട്ടുകളിൽനിന്നും രക്ഷിക്കും.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ചിക്കു മാത്യു, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം)
ഒരാൾ ആത്മഹത്യയുടെ വക്കിലാണോ എന്ന് എങ്ങനെ തിരിച്ചറിയാം: വിഡിയോ