വൈറ്റമിന്‍ ഡി കൂടിയാലും പണി കിട്ടും; അറിയാം അമിത ഉപയോഗത്തിന്റെ പ്രശ്നങ്ങള്‍
Mail This Article
ശരീരത്തിന് ആവശ്യമുള്ള പ്രധാനപ്പെട്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. എല്ലുകളെ കരുത്തുറ്റതാക്കാനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനുമൊക്കെ ഈ പോഷണം സഹായിക്കുമെന്നതും നേര്. എന്നുകരുതി ആവശ്യമില്ലാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ വാരി കഴിക്കുന്നത് എട്ടിന്റെ പണി തരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അടുത്തിടെ യുകെയില്‍ സംഭവിച്ച ഒരു മരണവും വൈറ്റമിന്‍ ഡിയുടെ അമിത ഉപയോഗത്തെ പറ്റി മുന്നറിയിപ്പ് നല്‍കുന്നു. ഡേവിഡ് മിച്‌നര്‍ എന്ന 89കാരനാണ് ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചത്. വൈറ്റമിന്‍ ഡിയുടെ തോത് ഉയരുന്നതിനെ തുടര്‍ന്ന് ശരീരത്തിലെ കാല്‍സ്യം വര്‍ധിക്കുന്ന ഹൈപ്പര്‍കാല്‍സീമിയ ആണ് ഡേവിഡിന്റെ മരണത്തിന് ഇടയാക്കിയത്. 380 ആയിരുന്നു ഡേവിഡിന്റെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത്.
മരണത്തിന് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ രോഗി സ്ഥിരമായി വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കാന്‍ തുടങ്ങിയത്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെയുള്ള സപ്ലിമെന്റുകളുടെ ഉപയോഗം, ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങളുടെയും കോഡ് ലിവര്‍ ഓയിലിന്റെയും അമിത ഉപയോഗം, വൈറ്റമിന്‍ ഡിയുടെ ചയാപചയത്തെ ബാധിക്കുന്ന ചിലതരം രോഗങ്ങള്‍ എന്നിവയും വൈറ്റമിന്‍ ഡിയുടെ തോത് ക്രമാതീതമായി ഉയരുന്ന ഹൈപ്പര്‍ വൈറ്റമിനോസിസിലേക്ക് നയിക്കാം.
ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മലബന്ധം, ക്ഷീണം, ഭാരനഷ്ടം എന്നിവയെല്ലാം ഹൈപ്പര്‍ വൈറ്റമിനോസിസിന്റെ ലക്ഷണങ്ങളാണ്. കാല്‍സ്യത്തിന്റെ തോത് ശരീരത്തില്‍ ഉയരുന്നത് ആശയക്കുഴപ്പം, ശ്രദ്ധക്കുറവ്, അമിത ദാഹം, അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നൽ, വൃക്ക നാശം എന്നീ പ്രശ്‌നങ്ങളിലേക്കും നയിക്കാം. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വൈറ്റമിന്‍ സപ്ലിമെന്റുകള്‍ നിര്‍ത്തി ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.
രക്തപരിശോധനയിലൂടെ വൈറ്റമിന്‍ ഡിയുടെയും കാല്‍സ്യത്തിന്റെയും തോത് കണ്ടെത്താന്‍ സാധിക്കുന്നതാണ്. എക്‌സ്‌റേ, എല്ലുകളുടെ സാന്ദ്രത അറിയാനുള്ള സ്‌കാനുകള്‍ എന്നിവയും ഹൈപ്പര്‍കാല്‍സീമിയ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
വെറ്റമിൻ ഡി കുറഞ്ഞാൽ എന്ത് സംഭവിക്കും? വിഡിയോ