മുടികൊഴിച്ചിൽ ഉണ്ടല്ലേ? മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ
Mail This Article
ലോകത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. പ്രായം കൂടുംതോറും മുടി കൊഴിയുന്നത് സാധാരണമാണെങ്കിലും ചെറുപ്പക്കാരിലും ഇന്ന് മുടി കൊഴിയുകയും കഷണ്ടി വരുകയും ചെയ്യുന്നുണ്ട്. മുടിയുടെ കനം കുറയുന്നത് നിരവധി ഘടകങ്ങൾ കൊണ്ടാണ്. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചില രോഗാവസ്ഥകൾ എല്ലാം ഈ പ്രശ്നത്തിനു കാരണമാണ്. മിക്ക ആളുകൾക്കും മുടി കൊഴിയുന്നത് അവരുടെ ആത്മവിശ്വാസത്തെയും സ്വാഭിമാനത്തെയും ബാധിക്കും. ഈ പ്രശ്നത്തെ അതുകൊണ്ടു തന്നെ ഫലപ്രദമായി നേരിടണം.
മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ ഏതൊക്കെ എന്നു നോക്കാം
1. സ്ട്രെസ്സ്– ഗുരുതരമായ സമ്മർദം അഥവാ സ്ട്രെസ്സ് മുടികൊഴിച്ചിൽ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
2. പാരമ്പര്യം – മുടി കൊഴിച്ചിലിനു വളരെ സാധാരണമായ ഒരു കാരണമാണ് പാരമ്പര്യം. രക്ഷിതാക്കളിൽ നിന്നു പാരമ്പര്യമായി കിട്ടുന്ന ജീനുകൾക്ക് മുടി വളർച്ചയിൽ നിർണായക പങ്കുണ്ട്. നിങ്ങളുടെ രക്ഷിതാക്കളോ, അപ്പൂപ്പനോ അമ്മൂമ്മയോ മുടി കൊഴിച്ചില്‍ അനുഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും മുടി കൊഴിച്ചിൽ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
3. മരുന്നുകൾ – ഹൃദയപ്രശ്നങ്ങൾ, സന്ധിവാതം, വിഷാദം, കാൻസർ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് ഗുരുതരമായ പാർശ്വഫലങ്ങള്‍ ഉണ്ടാകാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കാം.
4. ജീവിത ശൈലി – അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും മുടി കൊഴിച്ചിലിനു കാരണമാകും.
5. രാസവസ്തുക്കൾ – ജെൽ, വാക്സ്, സ്പ്രേ, ചൂട് തുടങ്ങിയവ ദീർഘകാലം തലമുടിയിൽ ഏൽക്കുന്നത് സ്ഥിരമായി തലമുടിയുടെ നാശത്തിനു കാരണമാകും. സെബത്തിന്റെ ഉൽപാദനത്തെ ബാധിക്കും എന്നതിനാൽ സ്റ്റൈൽ ചെയ്യാനുപയോഗിക്കുന്ന ജെല്ലുകളുടെ പതിവായ ഉപയോഗം മുടികൊഴിച്ചിലിനു കാരണമാകും. തലയോട്ടിയെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതും റൂട്ട്സ് മുതൽ തലമുടിയെ സംരക്ഷിക്കുന്നതും സെബം ആണ്.
കൊഴിഞ്ഞ മുടി രണ്ടാമത് വളരുമോ എന്ന് പലർക്കും സംശയമാണ്. പൂർണമായും വളരില്ല എങ്കിലും തുടർന്നും മുടി കൊഴിയുന്നത് തടയാനും മുടി വളരാൻ സഹായിക്കുന്നതുമായ മാർഗങ്ങളുണ്ട്.
1. സ്ട്രെസ്സ് കുറയ്ക്കുക
ഇഷ്ടമുള്ള കാര്യങ്ങൾ ആസ്വദിച്ച് ചെയ്യുക. നീന്തൽ, സിനിമ കാണുക, വായന, പാട്ട് കേൾക്കുക അങ്ങനെ ഇഷ്ടമുളളത് എന്തും ചെയ്യുക. ശാരീരികവും വൈകാരികവുമായ സൗഖ്യം മുടി വളർച്ചയെയും സ്വാധീനിക്കും. സ്ട്രെസ്സ് കുറയുമ്പോൾ മുടികൊഴിച്ചിലും മുടിക്ക് കനം കുറയുന്നതുമെല്ലാം കുറയും.
2. ഭക്ഷണത്തിൽ മാറ്റമാവാം
അയണിന്റെ അഭാവം അഥവാ വിളർച്ചയുടെ പ്രധാനലക്ഷണമാണ് മുടികൊഴിച്ചിൽ. പോഷകങ്ങൾ അതായത് വിറ്റമിനുകളും പ്രോട്ടീനും എല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് നഷ്ടപ്പെട്ടുപോയ മുടി വളരാൻ സഹായിക്കും. മുട്ട, ഡ്രൈഫ്രൂട്ട്സ്, ഓയ്സ്റ്റേഴ്സ്, കോരമത്സ്യം തുടങ്ങി ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുക.
3. സപ്ലിമെന്റുകൾ
മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ബയോട്ടിൻ, ഫോളിക് ആസിഡ് തുടങ്ങിയ സപ്ലിമെന്റുകളും സിറവും വിപണിയിൽ ലഭ്യമാണ്. ഇത് ഒരു ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം ഉപയോഗിച്ചു തുടങ്ങാം.
4. പ്രകൃതിദത്ത മാർഗങ്ങൾ
മുടി നന്നായി വളരാൻ ചില വീട്ടുനുറുങ്ങുകൾ സഹായിക്കും. ടീട്രി ഓയിൽ, മത്തങ്ങാക്കുരു തുടങ്ങിയ തലയോട്ടിയിൽ മസാജ് ചെയ്യുക. കറ്റാർവാഴ ജെല്‍ തേക്കുക ഇതെല്ലാം ഗുണം ചെയ്യും.
5. അമിതമായി ചൂടാക്കാതിരിക്കുക
തലമുടി ബ്ലോ ഡ്രൈയിങ്ങ് ചെയ്യുന്നത് ഒഴിവാക്കുക. ഇത് തലയോട്ടിക്ക് സ്ഥിരമായ നാശം ഉണ്ടാക്കും. പകരം തലമുടി സ്വാഭാവികമായി തന്നെ ഉണങ്ങാന്‍ അനുവദിക്കുക.