രക്തസമ്മർദ്ദം കുറയ്ക്കാൻ പാട്ടോ? ആരോഗ്യം കാക്കാൻ സംഗീതം
Mail This Article
ഇഷ്ടപ്പെട്ട പാട്ടോ സംഗീതശകലമോ കേൾക്കുമ്പോൾ താളംപിടിച്ച് ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും. സന്തോഷത്തിലും ദുഃഖത്തിലും സംഗീതത്തിന്റെ കൂട്ടുതേടുന്നവർ, പ്രിയ ഗാനങ്ങൾ റിപ്പീറ്റ് മോഡിൽ കേൾക്കുന്നവർ, ആഘോഷങ്ങൾ ഉഷാറാക്കാൻ കൊട്ടും പാട്ടും നിർബന്ധമുള്ളവർ! യാത്ര ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും എന്തിനേറെ പറയുന്നു, ജോലി ചെയ്യുമ്പോൾ വരെ മൂളിപ്പാട്ട് പാടുന്നവരുമുണ്ട്. സംഗീതത്തെ അത്രത്തോളം ജീവിതത്തോട് ചേർത്തുനിർത്തുന്നവരാണ് മിക്കവരും.
എന്നാൽ, നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലും സംഗീതം പങ്കുവഹിക്കുന്നുണ്ടെന്നത് എത്രപ്പേർക്ക് അറിയാം? ശാരീരികവും മാനസികവുമായ വിരസതയകറ്റാനും ഉന്മേഷമേകാനും വികാരങ്ങളുടെ ഭാഷയായ സംഗീതത്തിനു സാധിക്കുന്നു.
ഹിപ്-ഹോപ്, റാപ് തുടങ്ങിയവ നൃത്തം ചെയ്യാനുള്ള ഊർജവും ആവേശവും നൽകുന്നവയാണ്. അതേസമയം, റാപിഡ് ഹെവി ബീറ്റുകളില്ലാത്ത മെലഡികളും ക്ലാസിക്കൽ സംഗീതവുമെല്ലാം സ്ട്രെസ് കുറയ്ക്കാനും മനസ്സിന് വിശ്രാന്തിയേകാനും സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും സംഗീതം (മ്യൂസിക് തെറപ്പി) ഉപയോ ഗപ്പെടുത്തുന്നുണ്ട്.
∙ സംഗീതം കേൾക്കുമ്പോൾ രക്തയോട്ടം ക്രമീകരിക്കപ്പെടുന്നതിന്റെ ഫലമായി, ഹൃദയമിടിപ്പിന്റെ തോതും രക്തസമ്മർദവും കുറയുന്നു.
∙സ്ഥിരമായി പാട്ടോ ഉപകരണസംഗീതമോ കേൾക്കുന്നവരിൽ, മാനസിക സമ്മർദത്തിന് കാരണമായ കോർട്ടിസോളിന്റെ ഉൽപാദനം കുറയുന്നു. അതുവഴി, വിഷമകരമായ അനുഭവങ്ങൾ മാനസിക സമ്മർദത്തിലേക്ക് നീങ്ങുന്നത് തടയാനും വിഷാദരോ ഗ സാധ്യത കുറയ്ക്കാനും സാധിക്കുന്നു.
∙ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുമെന്നതിനാൽ ഓർമശക്തി മെച്ചപ്പെടുത്താനും മറവിരോ ഗത്തെ ചെറുക്കാനും സംഗീതം സഹായകമാകുന്നു.
∙ പശ്ചാത്തലത്തിൽ സോഫ്റ്റ് മ്യൂസിക് പ്ലേ ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അതുവഴി, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയെ ഒരുപരിധിവരെ അകറ്റിനിർത്താനാകും.
∙ സംഗീതം കേട്ട് വ്യായാമം ചെയ്യുന്നതിലൂടെ കൂടുതൽ കായികക്ഷമത കൈവരിക്കാം. കൂടാതെ, വ്യായാമം ചെയ്യുന്നതിലുള്ള മടുപ്പും ഒഴിവാക്കാം.
∙ പഠനശേഷി വർധിപ്പിക്കുന്നതോടൊപ്പം വിചിന്തനം ചെയ്യാനും സംഗീതം മനസ്സിനെ പാകപ്പെടുത്തുന്നു. സാഹിത്യരചനകളും മറ്റും നടത്താനുള്ള കഴിവിനെയും ഉത്തേജിപ്പിക്കുന്നു.
∙ വിശ്രമം കൂടുതൽ ഫലപ്രദമാക്കാനും ഉറക്കപ്രശ്നങ്ങൾ കുറയ്ക്കാനും സംഗീതം ശ്രവിക്കുന്നതിലൂടെ സാധിക്കുന്നു. ഉറക്കം ക്രമീകരിക്കപ്പെടുന്നതോടെ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവുമുള്ള ജീവിതം നയിക്കാനുമാകുന്നു.