ചിലർക്ക് ബോറടിക്കും, പക്ഷേ യോഗ എന്റെ പാഷന്: സംയുക്താ വർമ
Mail This Article
ചില മനുഷ്യർ ചിരിക്കുമ്പോൾ അവർക്കു ചുറ്റുമുള്ളവരിലേക്കു കൂടി അതിന്റെ പ്രകാശം പരത്തുന്നുണ്ടാകും. അങ്ങനെയൊരു ചിരിയുടെ പേരാണ് സംയുക്ത വർമ. പെണ്മനസ്സുകളുടെ സങ്കടക്കടലും സ്നേഹത്തിന്റെ ആഴവും പല തലങ്ങളിൽ പകർന്നാടിയ നടി. വളരെ കുറച്ചുമാത്രം കാലം സിനിമയിൽ നിന്നുള്ളുവെങ്കിലും സംയുക്ത മലയാളികളുടെ നായിക സങ്കൽപ്പങ്ങളിലെ അവിസ്മരണീയ സാന്നിധ്യമായി. വർഷങ്ങൾ കടന്നുപോയിട്ടും കാണാൻ കൊതി തോന്നുന്ന രൂപഭംഗിയായി മനസ്സിലിഞ്ഞു നിൽക്കുന്ന മലയാളി നായിക. വർഷങ്ങൾക്കിപ്പുറം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സംയുക്ത വീണ്ടുമെത്തിയപ്പോൾ മലയാളി മനസ്സിൽ സൂക്ഷിച്ച, നീണ്ട തലമുടിയും വിടർന്ന ചിരിയുമുള്ള ആ ഭംഗി അങ്ങനെ തന്നെയായിരുന്നു. എന്തായിരിക്കും പ്രായമേറും തോറും ഭംഗി കൂടുന്ന മാജിക് കൂട്ടെന്ന് ചോദിച്ചവരോടെല്ലാം അങ്ങനെയൊന്നുമില്ലെന്ന് സംയുക്ത പറയുമെങ്കിലും ഭാര്യയുടെയും അമ്മയുടെയും റോളുകൾ നൽകിയ സന്തോഷത്തിനപ്പുറം സംയുക്തയ്ക്ക് അത്രമേൽ സന്തോഷം നൽകുന്ന മറ്റൊന്നുകൂടിയുണ്ടെന്നു നമുക്കെല്ലാം ഇപ്പോഴറിയാം. അതിന്റെ പേരാണ് യോഗ. ഈ യോഗ ദിനത്തിൽ യോഗ ജീവിതം പുനരെഴുതിയതിന്റെ കഥ പറയുകയാണ് സംയുക്ത...
ശാസ്ത്രവും സത്യവുമാണ് യോഗ
യോഗയെ ഒരു മതവുമായി ബന്ധപ്പെടുത്തിയാണ് ആളുകൾ ഇപ്പോഴും കാണുന്നത്. വാസ്തവത്തിൽ മതവുമായി യോഗയ്ക്ക് ഒരു ബന്ധവുമില്ല. ഇതൊരു ആത്മീയമായ അവസ്ഥയാണ്. നൂറ്റാണ്ടുകൾക്കു മുൻപെ കണ്ടുപിടിച്ചിട്ടുള്ള വളരെ വലിയ ശാസ്ത്രവും സത്യവുമായൊരു കാര്യമാണിത്. മാത്രമല്ല നമ്മുടെ നാട്ടിലേക്ക് ഏറ്റവും കൂടുതൽ വിദേശികൾ വരുന്നതും യോഗ അഭ്യസിക്കുന്നതിനു വേണ്ടിയാണ്. ഇതൊരു ശരിയല്ലാത്ത സയൻസാണെങ്കിൽ ലോകം മുഴുവൻ യോഗയെ അംഗീകരിക്കില്ലായിരുന്നല്ലോ? ടൂറിസം പോലെ തന്നെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്രോതസ് ആണ് യോഗയും.
പല വിദേശ രാജ്യങ്ങളിലും എല്ലാ തരത്തിലുള്ള സുഖങ്ങളും ലീഗൽ ആക്കിയിട്ടുള്ള സ്ഥലങ്ങളുണ്ട്. നമ്മുടെ നാട്ടിൽ നിയമവിരുദ്ധമായതെല്ലാം അവിടെ ലീഗൽ ആണ്. അവിടെ ഏറ്റവും കൂടുതൽ ആളുകൾ പഠിക്കുന്നത് യോഗയാണ്. അവിടെ നിന്നും ഒരുപാടു പേർ ഇവിടെ വന്നു യോഗ പഠിക്കുന്നുമുണ്ട്. ഇത്തരം സുഖങ്ങളൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവർ ഇവിടെ വരുന്നതും യോഗ പഠിക്കുന്നതും? യോഗയിൽ നിന്നു നമുക്ക് കിട്ടുന്ന എനർജി വളരെ പതുക്കെയാകും ശരീരത്തിൽ അനുഭവപ്പെടുക. എന്തെങ്കിലും ഗുണമില്ലാതെ ഇത്രയും സ്വീകാര്യത യോഗയ്ക്ക് കിട്ടില്ലല്ലോ?
മലയാളിയും യോഗയും
യോഗയെക്കുറിച്ച് ഒരുപാട് തെറ്റായ ധാരണകൾ നമുക്കിടയിലുണ്ട്. ശാരീരികമായുള്ള അഭ്യാസം (ഹഠയോഗ) മാത്രമായാണ് ആളുകൾ യോഗയെ കാണുന്നത്. യോഗ ഒരുപാടു തരമുണ്ട്. ജ്ഞാനയോഗ, കർമയോഗ, ഭക്തിയോഗ, രാജയോഗ, ക്രിയായോഗ അങ്ങനെ ഒരുപാട് തലങ്ങളുണ്ട് യോഗയിൽ.
യൂട്യൂബ് നോക്കി യോഗ പഠിക്കാൻ സാധിക്കുമോ?
യൂട്യൂബ് പോലുള്ള ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യോഗ പഠിക്കുന്നത് ദോഷം തന്നെയാണ്. യോഗയുടെ ദോഷഫലങ്ങളാണ് ആദ്യം പഠിക്കേണ്ടത്. യോഗയിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുണ്ട്. ശരിക്കും അതുമാത്രം പഠിച്ചാൽ മതി. കാരണം തെറ്റായി ചെയ്തു കഴിഞ്ഞാൽ വളരെ ഉയർന്ന അവസ്ഥയിലുള്ള പല ക്രിയാ യോഗകളും അതേപോലെ ചില മെഡിറ്റേഷനുകളും നമ്മുടെ മാനസിക സന്തുലനം തന്നെ നഷ്ടപ്പെടുത്തിയേക്കാം. ഒരു ബേസിക്കും അറിയാതെയോ അല്ലെങ്കിൽ ശരിയായ ഗുരുമുഖത്തു നിന്നു പഠിച്ചിട്ടില്ലെങ്കിലുമൊക്കെയാണ് ഇങ്ങനെ സംഭവിക്കുക. ശാരീരികമായിട്ടും അങ്ങനെ തന്നെയാണ്. യോഗ ചെയ്തിട്ട് എനിക്ക് പുറംവേദനയെടുക്കുന്നു, തലവേദന കൂടി എന്നൊക്കെ പലരും പറയാറുണ്ട്. അത് എന്തെങ്കിലും രീതിയിൽ നമ്മൾ ചെയ്യുന്നത് ശരിയല്ലാത്തതുകൊണ്ടാകാം. ശരിക്കും അറിഞ്ഞ് ചെയ്തിട്ടില്ലെങ്കിൽ അത് നമ്മളെ നശിപ്പിക്കുക തന്നെ ചെയ്യും.
ഡിപ്രഷൻ, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ കഴിയുമോ?
മാനസിക സമ്മർദങ്ങൾക്കു തടയിടാൻ തീർച്ചയായും യോഗയ്ക്കു സാധിക്കും. കാരണം നമ്മുടെ ഉത്കണ്ഠ, വിഷാദം ഇതൊക്കെ മാറ്റാനുള്ള പ്രതിവിധികൾ യോഗയിലുണ്ട്. ശരിയായ രീതിയിൽ ചെയ്യണമെന്നു മാത്രം. സൂര്യനമസ്ക്കാരം ഏതു മാനസികാവസ്ഥയിലുള്ളവർക്കും ചെയ്യാവുന്നതാണ്. പക്ഷേ, ശ്വസനത്തിനും വേഗതയ്ക്കും വ്യത്യാസം വരുത്തണം. ശരീരപ്രകൃതി അനുസരിച്ച് ശ്വസനത്തിലും ചലനത്തിലും മാറ്റങ്ങള്‍ വരുത്തിയാൽ തടി കൂടാനും കുറയാനും സാധിക്കും.
മാനസികമായ ആത്മവിശ്വാസം ഉണ്ടാകുന്നതിനാണ് ഞാൻ യോഗ ചെയ്യുന്നത്. യോഗ പ്രാക്ടീസ് െചയ്യുന്ന സമയത്തും ഒരു ഇൻസെക്യൂരിറ്റി ഫീലിങ് ഉണ്ടാകില്ല. അഷ്ടാംഗ വിന്യാസ പോലെയുള്ള യോഗ ശാരീരികമായി െചയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. എനിക്കത് ഇഷ്ടമാണ്. അതെനിക്കു വളരെ ആത്മവിശ്വാസം തരുന്ന പ്രാക്ടീസാണ്.
യോഗ ശാലയിൽ നിന്നുള്ള പഠനം
സ്റ്റേറ്റ് ഗവൺമെന്റിന്റെ എസ്ആർസി കമ്യുണിറ്റി യോഗ ഇൻസ്ട്രകടർ കോഴ്സ് പൂർത്തായിക്കിയിരുന്നു. അഷ്ടാംഗ വിന്യാസത്തിലും മൈസൂർ ഹഠയോഗയിലും ടിടിസി കോഴ്സ് എടുത്തിട്ടുള്ളതാണ്. യോഗശാലയില്‍ നിന്നു തന്നെയാണ് ഞാൻ പഠിച്ചത്. ഇതെല്ലാം പ്രൈവറ്റ് കോഴ്സുകളാണ്. ഇതൊക്കെ വളരെ ബേസിക് കോഴ്സ് ആണ്. ബേസിക്കായിട്ട് പഠിക്കണമെങ്കിൽ സൂര്യനമസ്കാരം അഞ്ചോ ആറോ എണ്ണം പഠിക്കാം. അത് വെയിലത്തു നിന്നു ചെയ്യുക. ഇപ്പോൾ കുട്ടികൾക്ക് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നമാണ് വൈറ്റമിൻ ഡിയുടെ പ്രശ്നം. കുട്ടികൾക്കു മാത്രമല്ല നമുക്കെല്ലാവർക്കും വൈറ്റമിൻ ഡിയുടെ മരുന്ന് കഴിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ.
ഒട്ടുമിക്ക ആളുകളുടെയും ജീവിതം ഇപ്പോൾ ഫ്ലാറ്റുകളിലാണ്. പ്രൈവസിക്കു വേണ്ടി ജനലും വാതിലുമൊക്കെ അടച്ചിട്ടായിരിക്കും ഇരിക്കുന്നത്. കാറിലാണ് എല്ലാവരുടെയും യാത്രയും. ആരും നടക്കുന്നുമില്ല, വെയിലു കൊള്ളുന്നില്ല. ഇതെല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. നമ്മളത് മനസിലാക്കി വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുക. പുതിയ പുതിയ പ്രാക്ടീസുകൾ ചെയ്യുക, പഠിക്കുക. എനിക്ക് പാഷനാണ് യോഗ. അതുകൊണ്ടാണ് ഞാൻ കമേഴ്സ്യലി ക്ലാസ് എടുക്കാതിരിക്കുന്നത്. ക്ലാസ് എടുക്കാനുള്ള അറിവ് എനിക്കില്ല, നമ്മളേക്കാൾ അറിവുള്ള ആളുകൾ ഒരുപാട് പേർ ഇവിടുണ്ട്. ഞാൻ ഗൃഹസ്ഥയാണ്. എന്റേതായ ജീവിതരീതികളിൽ ഞാൻ തിരക്കിലാണ്. നമുക്ക് ആ ജീവിതവും വേണം. ജീവിതവും പാഷനും ഒരുമിച്ചുകൊണ്ടുപോകണം.
പെൺകുട്ടികൾക്കുള്ള യോഗ
പെൺകുട്ടികളുടെ ശരീരത്തിനും മനസ്സിനും ആത്മവിശ്വാസം നൽകുന്ന എന്ത് പ്രാക്ടീസും ചെയ്യാം. അത് ഓരോരുത്തരുടെയും ജീവിതരീതിയും കാഴ്ചപ്പാടുമാണ്. തടി കൂടുന്നു, കുറയുന്നു എന്നിങ്ങനെ സൊസൈറ്റി നൽകുന്ന പ്രഷറിൽ കുടുങ്ങാതിരിക്കുക. എന്തെങ്കിലും ഒരു വ്യായാമം തീർച്ചയായും ചെയ്യുക. അത് യോഗ മാത്രമല്ല നടത്തമാകാം, ജിമ്മിൽ പോകുന്നതാകാം, സൂംബ ആകാം. അത് ഓരോരുത്തരുടേയും ഇഷ്ടമാണ്.
യോഗ ചെയ്താലും തടി വയ്ക്കുമോ?
ഇതൊക്കെ തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുമ്പോഴും തടി വയ്ക്കുകയോ മെലിയുകയോ ചെയ്യാം. ചിലരുടെ ശരീരപ്രകൃതം കുറച്ച് തടി വയ്ക്കുന്നതായിരിക്കാം, ചിലർക്ക് മെലിഞ്ഞ ശരീരപ്രകൃതമായിരിക്കും. അതവരുടെ ശരീരപ്രകൃതമാണത്. ഇതിനു സൊസൈറ്റി ഇടുന്ന ഒരു പ്രഷറുണ്ട്. നമ്മൾ ഇത്രയും എക്സർസൈസ് ചെയ്തിട്ട് എന്തേ ഇങ്ങനെ തടിച്ചിരിക്കുന്നു? ഇത്രയും ഭക്ഷണം കഴിച്ചിട്ട് എന്തേ ഇങ്ങനെ മെലിഞ്ഞിരിക്കുന്നു? ഈ ചോദ്യങ്ങൾ പെൺകുട്ടികൾക്ക് ഒരു സമ്മർദ്ദമാണ്. തടി കൂട്ടാനും കുറയ്ക്കാനുമുള്ള പ്രാക്ടീസ് യോഗയിലുണ്ട്. അതല്ല യോഗയുടെ ലക്ഷ്യം.
സമ്മർദ്ദങ്ങളില്ലാത്ത ഒരു ജീവിതം ഉണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ്. അത് എന്തിലാണോ നമുക്ക് കിട്ടുന്നത് അത് ചെയ്യുക എന്നുള്ളതാണ് പ്രധാനം. ചില ആളുകൾക്ക് യോഗയും ആവശ്യമില്ല ജിമ്മും ആവശ്യമില്ല. ഭക്തിയിൽ മാത്രം നിൽക്കുന്ന ധാരാളം ആൾക്കാരുണ്ട്. നമ്മുടെയൊക്കെ പഴയ ആളുകൾ ഭക്തിയോഗയിൽ ജീവിച്ചിട്ടുള്ള ആളുകളാണ്. അവർക്ക് ഒരിക്കലും സ്ട്രെസ്സ് ഉണ്ടായിട്ടില്ല. അവരൊന്നും ജീവിതത്തിൽ യോഗ ചെയ്തിട്ടോ ജിമ്മില്‍ പോയിട്ടോ വെയിലു കൊണ്ടിട്ടോ നടന്നിട്ടോ ഒന്നുമല്ല ആരോഗ്യകരമായി ഇരുന്നിട്ടുള്ളത്. ഇപ്പോൾ ചിട്ടയിൽ ജീവിക്കുന്നതിലും ഒരു സമ്മർദ്ദം ഉണ്ട്. നമ്മള്‍ എന്നും യോഗ ചെയ്തേ മതിയാകൂ, ജിമ്മിൽ പോയില്ല, രാവിലെ നടന്നില്ല, ഒരു കഷണം േകക്ക് കഴിച്ചു, രാത്രി ചോറുണ്ടു ഇതിനൊക്കെ ആളുകൾക്ക് ടെൻഷനാണ്. ഒരു മൂന്നു നാലു ദിവസം ബിരിയാണി കഴിച്ചാല്‍ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. അത് ദഹിപ്പിക്കാനുള്ള ശക്തി നമ്മുടെ ശരീരത്തിനുണ്ട്. പക്ഷേ അതിനുള്ള ആത്മവിശ്വാസം ആളുകൾക്ക് ഇല്ല.
നാൽപ്പതുകളിലെ ജീവിതം
എന്നും യോഗ ചെയ്യണം എന്നൊന്നും ഞാൻ പറയില്ല. കാരണം ഞാനും തുടർച്ചയായി ഒരു കാര്യത്തിലും നിൽക്കുന്ന ആളല്ല. അതുകൊണ്ടാണ് എന്റെ ഭാരം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നത്. എന്റെ പ്രായവും ശരീര പ്രകൃതവും എനിക്കു നന്നായി അറിയാം. ഒരു പ്രായം കഴിഞ്ഞാൽ ശരീരം മാറുന്നത് സ്വാഭാവികമാണ്. ഞാനതിൽ ഒരുപാട് സ്ട്രെസ് കൊടുക്കാറില്ല. എനിക്ക് ഇപ്പോൾ 40 പ്ലസ് ആണ്.
യോഗയും ഞാനും
എനിക്ക് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉണ്ടായിരുന്നു. ശ്വാസംമുട്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശാരീരികമായ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുന്നതിനാണ് ഞാൻ യോഗ ആരംഭിച്ചത്. നമുക്ക് അസുഖങ്ങൾ വരാൻ പറ്റില്ല, അസുഖങ്ങളേ വരില്ല എന്നൊന്നും പറയാൻ പറ്റില്ലല്ലോ. പക്ഷേ വരുന്നത് അസുഖങ്ങളാണെങ്കിലും മാനസികമായിട്ടുള്ള പ്രശ്നങ്ങളാണെങ്കിലും വികാരങ്ങളാണെങ്കിലും അത് കൈകാര്യം െചയ്യാൻ യോഗ പഠിപ്പിക്കും. ദഹിപ്പിക്കും എന്നു പറയും. നമുക്കെന്ത് കഴിച്ചാലും ദഹിക്കാനുള്ള ശക്തിയുണ്ടാകണം. പുറത്തു നിന്നു വരുന്ന എന്തിനെയും ദഹിപ്പിക്കാനുള്ള ശക്തി നമുക്കുണ്ടാകണം. ശരീരം കൊണ്ടു മാത്രമല്ല മാനസികമായിട്ടും. പുറത്തു നിന്നൊരാള്‍ നമ്മളെ ചീത്ത പറയുകയോ പുച്ഛിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ നമ്മുടെ മനസ്സ് അതിനെ ദഹിപ്പിക്കണം. ദഹിപ്പിച്ച് പുറത്തേക്കു കളയണം. അത് നമ്മുടെ ശരീരത്തിൽ നിന്ന് കളയേണ്ടതാണ്. ഇമോഷൻസും അങ്ങനെ തന്നെ.
ഇപ്പോഴുള്ള അധികം പേർക്കും ഈ ഇമോഷൻസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല. ശക്തിയില്ല. ദേഷ്യമാകട്ടെ, സങ്കടമാകട്ടെ, പ്രതികാരമാകട്ടെ അങ്ങനെ ഏതു തരത്തിലുള്ള ഇമോഷൻസും മനസ്സിൽ വച്ചുകൊണ്ടിരുന്നാൽ അതൊരു അസുഖമായി പുറത്തേക്കുവരും. അതാണ് പലപ്പോഴും ആത്മഹത്യയിലേക്കു വരെ എത്തിക്കുന്നത്. കരച്ചിൽ വന്നാൽ കരയുക. അതിന് ശക്തി വേണം. പക്ഷേ പലരും അത് പിടിച്ചു വയ്ക്കും. ആൾക്കാരുടെ മുന്നിൽ കാണിക്കാതിരിക്കും. ചിലർക്ക് കരയാനുള്ള ശക്തിയുണ്ടാവില്ല. അതൊരു സമ്മർദ്ദമായിട്ടാണ് മാറുന്നത്. അത് പിന്നൊരു വീർപ്പുമുട്ടലോ നിരാശയോ ആയി മാറും. പതിയെ അത് ശരീരത്തെ ബാധിക്കും, മനസ്സിനെ ബാധിക്കും. നമ്മൾ ഒരു ഭക്ഷണം കഴിച്ച് ദഹിച്ചില്ലെങ്കിൽ അതൊരു അസുഖമായിട്ടല്ലേ വരുന്നത്. അതുപോലെ തന്നെയാണ് വികാരങ്ങളും. നമുക്കു പ്രശ്നങ്ങൾ വന്നാൽ കരഞ്ഞ് അതിനെ പുറത്തേക്ക് തള്ളിക്കളയണം. ദേഷ്യം വന്നാലും അതിനെ ദഹിപ്പിച്ചു കളയാൻ നമുക്ക് സാധിക്കണം. അതിനു സഹായിക്കുന്നതാണ് ശരിക്കും യോഗ.
കൗമാരക്കാർക്ക് യോഗ ചെയ്യുക എന്നത് ഭയങ്കര ബോറടിപ്പിക്കുന്ന കാര്യമായിരിക്കും. പക്ഷേ അഷ്ടാംഗ വിന്യാസ പോലെ ചലനാത്മക പരിശീലനങ്ങൾ അവർക്ക് നല്ല ഗുണം ചെയ്യും. പ്രധാനപ്പെട്ട കാര്യം, കുട്ടികളെ നിർബന്ധിച്ച് ചെയ്യിക്കാനും പാടില്ല. അവരത് വെറുക്കും. എന്നെ പഠിപ്പിച്ച മാഷ് എപ്പോഴും പറയും, ഒരിക്കലും കുട്ടികളെ നിർബന്ധിച്ച് യോഗ ചെയ്യിക്കരുത്. മാറ്റ് വിരിച്ചിട്ടാൽ മതി, അവരു തന്നെ വരികയാണെങ്കിൽ വന്നാൽ മതി. ഇവർക്ക് കുട്ടിക്കാലത്ത് യോഗയുടെ ആവശ്യം ഇല്ല. ടീനേജേഴ്സിനും യോഗയുടെ ആവശ്യം ഇല്ല. അവരൊക്കെ വളരെ ഊർജ്ജസ്വലതയുള്ള സന്തോഷമുള്ള കുട്ടികളാണ്. നമ്മൾ ജീവിതത്തിലേക്കിറങ്ങി മാനസികമോ ശാരീരികമോ ആയ ശക്തി കുറഞ്ഞു തുടങ്ങുമ്പോഴാണ് യോഗയുടെ ആവശ്യം വരുന്നത്. എന്നാൽ ജീവിതത്തിലെ പല വെല്ലുവിളികളെയും അതിജീവിച്ച് സ്വന്തമായി ആത്മീയ തലത്തിലെത്തുന്നവരുമുണ്ട്.
എന്നെ സംബന്ധിച്ചടത്തോളം മാസികമായും ആത്മീയവുമായുള്ള ശക്തി പകരുന്നത് യോഗയിൽ നിന്നാണ്. അതുകൊണ്ട് എനിക്ക് ദൈവവിശ്വാസം കൂടുതലാണ്. യോഗയെ ആശ്രയിക്കേണ്ടി വരുന്നു.