തിരക്കിനിടയിലും ആക്റ്റീവ് ആയിരിക്കാൻ പിന്തുടരാം ഈ ശീലങ്ങൾ
Mail This Article
ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനുമെല്ലാം വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. ഹൃദയസംബന്ധമായ ആരോഗ്യത്തിനും പേശികളെ ശക്തിപ്പെടുത്താനും മാനസികവും ശാരീരികവുമായ സൗഖ്യത്തിനും ശാരീരികപ്രവർത്തനം കൂടിയേ തീരൂ. തിരക്കു പിടിച്ച് ജീവിതം നയിക്കുന്നവർക്ക് പലപ്പോഴും വ്യായാമം ചെയ്യുവാൻ സമയം കിട്ടിയെന്നു വരില്ല. എന്നാൽ ആക്റ്റീവ് ആയ ജീവിതശൈലി പിന്തുടരാൻ ചില മാർഗങ്ങളുണ്ട്. പതിവായി വ്യായാമം ചെയ്താൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ലഭിക്കാനും ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യതകൾ കുറയ്ക്കാനും സൗഖ്യമേകാനും ഈ മാർഗങ്ങൾ സഹായിക്കും.
∙ചെറിയ വർക്കൗട്ടുകൾ ചെയ്യാം. അഞ്ചോ പത്തോ മിനിറ്റ് ഇടവേളയിൽ ജംപിങ് ജാക്ക്സ്, സ്ക്വാട്ട്സ്, പുഷ്അപ് ഇവ ചെയ്യാം. ഷോർട് വർക്കൗട്ടുകളുടെ ആപ്പുകൾ ഉപയോഗിക്കുന്നത് പ്രയോജനകരമായിരിക്കും.
∙ദിവസവും ഡ്രൈവ് ചെയ്യുന്നതിനു പകരം നടക്കുകയോ ബൈക്കിൽ പോവുകയോ ചെയ്യാം. ഡ്രൈവ് ചെയ്തേ തീരൂ എന്നാണെങ്കിൽ കുറെ ദൂരം വാഹനം പാർക്ക് ചെയ്ത ശേഷം ബാക്കി ദൂരം നടന്ന് ഓഫിസിലേക്കു പോകാം.
∙പടികൾ കയറുന്നത് നല്ലൊരു ശാരീരിക പ്രവർത്തനമാണ്. ഇത് ഹൃദയത്തിനും കാലുകളെ ശക്തിപ്പെടുത്തുന്നതിനും നല്ലതാണ്. ജോലി സ്ഥലത്തും ഷോപ്പിങ് മാളുകളിലും മറ്റേതൊരു ബഹുനില മന്ദിരങ്ങളിലും എലവേറ്ററിനും എസ്കലേറ്ററിനും പകരം പടിക്കെട്ടുകൾ ഉപയോഗിക്കുക.
ഏറെ നേരം ഇരിക്കുന്നതു കൊണ്ടുള്ള ദോഷം മാറ്റാനും ആക്റ്റീവ് ആവാനും ഡസ്ക്ക് വ്യായാമങ്ങൾ ചെയ്യാം. സ്ട്രെച്ചിങ്, കാൽ ഉയർത്തൽ, സീറ്റഡ് മാർച്ചസ് മറ്റ് ലളിതവ്യായാമങ്ങൾ ജോലിസ്ഥലത്ത് ഇരുന്നു കൊണ്ടു തന്നെ ചെയ്യാവുന്നതാണ്.
ജോലിയോടൊപ്പം ശാരീരിക പ്രവർത്തനവും സാധ്യമാക്കാൻ വോക്കിങ് മീറ്റിങ്ങുകൾ ആകാം. മീറ്റിങ്ങിൽ ഒരു കോൺഫറൻസ് റൂമിൽ ഇരിക്കുന്നതിനു പകരം ഓഫിസിനു ചുറ്റുമോ പുറത്തെവിടെയോ നടന്നുകൊണ്ട് മീറ്റിങ് നടത്താം.
ഇരിക്കുന്നതിനേക്കാൾ എഴുന്നേറ്റു നിൽക്കുമ്പോൾ കലോറി കൂടുതൽ ബേൺ െചയ്യും. ഒരുപാടു സമയം തുടർച്ചയായി ഇരിക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാകും. സ്റ്റാൻഡിങ്ങ് ഡസ്ക്ക് ഉപയോഗിക്കാം. ഓരോ മണിക്കൂറിലും സ്റ്റാൻഡിങ്ങ് ബ്രേക്കുകളും ആവാം. വിർച്വൽ മീറ്റിങ്ങുകളുടെ സമയത്തും ഫോണിൽ സംസാരിക്കുമ്പോഴും എഴുന്നേറ്റു നിൽക്കാം.
കുടുംബാംഗങ്ങളോടൊപ്പം വ്യായാമം ചെയ്യാം. ഇത് മോട്ടിവേഷൻ നൽകുന്നതോടൊപ്പം കുടുംബത്തോടൊപ്പം സമയം െചലവഴിക്കാനും സാധിക്കും. ചലനം ആവശ്യമായ പ്രവർത്തനങ്ങളിലേർപ്പെടാം. ഉദാഹരണമായി സ്പോർട്സ്, ഹൈക്കിങ്ങ്, ഡാൻസിങ്ങ് തുടങ്ങിയവ ചെയ്യാം. ഇത് ദിനചര്യയുടെ ഭാഗമാക്കാം.
വീട്ടിൽ തന്നെ ചെയ്യാവുന്ന വർക്കൗട്ടുകളുെട വിഡിയോകൾ കാണാം. ഇതു മൂലം ജിമ്മിലും മറ്റും പോകുന്ന സമയം ലാഭിക്കാം. നിങ്ങളുടെ ഫിറ്റിനെസ് ലെവലിനു ചേർന്ന വർക്കൗട്ട് വിഡിയോകൾ ഓൺലൈനായി കണ്ട് ചെയ്യാവുന്നതാണ്. അതിരാവിലെയോ ഉച്ച ഭക്ഷണസമയത്തോ വൈകുന്നേരമോ വിഡിയോ കണ്ട് വർക്കൗട്ട് ചെയ്യാം.
കാത്തിരിക്കുന്ന സമയങ്ങൾ ഉപയോഗിക്കാം. ദിവസം പ്രത്യേക സമയം വർക്കൗട്ടിനായി നീക്കിവയ്ക്കാതെ ഇടയ്ക്ക് ലഭിക്കുന്ന സമയങ്ങൾ ഉപയോഗിക്കാം. ഒരു ലൈനിൽ വെയ്റ്റ് ചെയ്യുമ്പോൾ കാഫ് റെയ്സസ് ചെയ്യാം. അതുപോലെ മൈക്രോവേവ് ചെയ്യുന്ന സമയത്ത് സ്ട്രെച്ചിങ് ചെയ്യാം. ഒരു കോൺഫറൻസ് കോൾ ആരംഭിക്കും മുൻപ് ചെറിയ ചില വ്യായാമങ്ങൾ ചെയ്യാം.
ഫിറ്റ്നെസ് ആപ്പുകൾ ഏറെ ഗുണകരമാണ്. ഇവ റിമൈൻഡറുകള്‍ നൽകും. ഓരോരുത്തരുടെയും വർക്കൗട്ട് പ്ലാനുകൾ നൽകും. ഇതെല്ലാം ആക്റ്റീവ് ആയിരിക്കാൻ ഏറെ സഹായിക്കും. നിങ്ങളുടെ ഫിറ്റ്നെസ് ലക്ഷ്യങ്ങളും സമയക്രമവും അനുസരിച്ച് യോജിച്ച ഒരു ഫിറ്റ്നെസ് ആപ്പ് തെരഞ്ഞെടുക്കാം. വർക്കൗട്ടിനായുള്ള റിമൈൻഡറുകൾ സെറ്റ് ചെയ്തു വയ്ക്കാം. നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ ട്രാക്ക് ചെയ്യാം. തുടർച്ചയായി മുടങ്ങാതെ വ്യായാമം ചെയ്യാൻ ആപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പിന്തുടരാം.
ഈ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ എത്ര തിരിക്കിലും ആക്റ്റീവ് ആയിരിക്കാൻ പറ്റും. ഓരോ പ്രവർത്തനങ്ങളും ആരോഗ്യവും ഫിറ്റ്നെസും ഉറപ്പു വരുത്തുന്നു. അധികം സമയമൊന്നും വർക്കൗട്ടിനായി നീക്കി വയ്ക്കാനില്ലാത്തവർക്ക് ഈ മാർഗങ്ങൾ ഏറെ ഗുണം ചെയ്യും.