മാനസികാരോഗ്യത്തിന് ധ്യാനവും ശ്രദ്ധാപൂര്‍ണ്ണതയും എങ്ങനെ പ്രയോജനപ്പെടുത്താം ?
Mail This Article
വിജയത്തിനും ഉത്‌പാദനക്ഷമതയ്‌ക്കുമൊക്കെ വേണ്ടിയുള്ള ഓട്ടത്തിനിടെ ഇന്നത്തെ ലോകത്ത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് മാനസികാരോഗ്യം. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും. ഇക്കാര്യം അവഗണിക്കുന്നത് സമ്മര്‍ദ്ദം, കുറഞ്ഞ ജീവിതനിലവാരം, രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കും. ഈ പ്രശ്‌നങ്ങളെ പരിഹരിക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന രണ്ട് കാര്യങ്ങളാണ് ധ്യാനവും ശ്രദ്ധാപൂര്‍ണ്ണതയും.
ക്ഷമയിലൂടെയും പരിശീലനത്തിലൂടെയും ശ്രദ്ധാപൂര്‍ണ്ണതയും ധ്യാനവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന ചില വഴികള്‍ പങ്കുവയ്‌ക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ലൂസിഡ് മൈന്‍ഡ് കോച്ചിങ് സ്ഥാപകനും എക്‌സിക്യൂട്ടീവ് കോച്ചുമായ ശ്രീധര്‍ ലക്ഷ്‌മണ്‍.
1. ഇപ്പോള്‍ നടക്കുന്നതില്‍ ശ്രദ്ധിക്കുക
ഭൂതകാലം കഴിഞ്ഞു പോയതാണ്. ഭാവികാലത്തില്‍ എന്ത് സംഭവിക്കുമെന്നത് നമുക്ക് പറയാന്‍ സാധിക്കില്ല. നമ്മുടെ കയ്യിലുള്ളത് ഇപ്പോള്‍ നാം ജീവിക്കുന്ന ഈ നിമിഷമാണ്. ഈയൊരു ബോധ്യത്തോടെ നാം ജീവിക്കുന്ന വര്‍ത്തമാനകാലത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിക്കുക. നമ്മുടെ ചുറ്റുമുള്ളതിനെയും നമ്മുടെ വികാരങ്ങളെയും വിചാരങ്ങളെയും പറ്റിയെല്ലാം ബോധവാന്മാരായിരിക്കുക. ഒരിടത്തിരിക്കുമ്പോള്‍ നമ്മുടെ ചുറ്റുമുള്ള കാഴ്‌ചകളെയും ശബ്ദങ്ങളെയുമെല്ലാം പിടിച്ചെടുക്കുക. അവയെ പറ്റി പൂര്‍ണ്ണ ബോധ്യമുണ്ടായിരിക്കുക. ഇത് ശ്രദ്ധാപൂര്‍ണ്ണതയിലേക്ക് നയിക്കും.
2. മുന്‍വിധി കൂടാതെ അംഗീകരിക്കുക
ചിന്തകളെയും വികാരങ്ങളെയും അനുഭവങ്ങളെയുമൊക്കെ നല്ലത്, ചീത്ത എന്നെല്ലാം വിധിക്കാതെ അംഗീകരിക്കാന്‍ പഠിക്കേണ്ടതും അത്യാവശ്യമാണ്. നമ്മളോടും മറ്റുള്ളവരോടും മുന്‍വിധികളില്ലാതെ ഇരിക്കാന്‍ സാധിക്കുന്നത് സമ്മര്‍ദ്ദം കുറയ്‌ക്കുകയും വൈകാരിക ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. അനുഭവങ്ങളെ അവ വരുന്നത് പോലെ തന്നെ വാരിപ്പുണരുന്നത് അന്തസംഘര്‍ഷങ്ങള്‍ ഒഴിവാക്കി സമാധനത്തോടെയിരിക്കാന്‍ സഹായിക്കും.
3. യാന്ത്രികമായ പെരുമാറ്റം ഒഴിവാക്കാം
നമ്മുടെ ചിന്തകളോ പ്രവര്‍ത്തികളോ തികച്ചും യാന്ത്രികമായി പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ ഉടന്‍ നിര്‍ത്തി വയ്‌ക്കണം. എന്നിട്ട് ശ്രദ്ധയോടെ മനസ്സര്‍പ്പിച്ച് മാത്രം ഓരോന്നും ചെയ്യാന്‍ ശ്രമിക്കണം. നിങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളുമായി അനുപൂരകമായ പ്രവര്‍ത്തനങ്ങളിലേക്ക് മനസ്സിന്റെ ഈ അര്‍പ്പണം നയിക്കും.
4. ശരീരത്തെ കുറിച്ച് ബോധവാനാകുക
കാലുകള്‍ നടക്കുന്നു, കണ്ണുകള്‍ കാണുന്നു, ചെവികള്‍ കേള്‍ക്കുന്നു, നാക്ക് രുചിക്കുന്നു..ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഇങ്ങനെ ജീവിച്ചു പോകുന്നു.. എന്ന മട്ടിലുള്ള മനോഭാവം ഒഴിവാക്കേണ്ടതാണ്. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും ചെയ്യുന്ന കാര്യങ്ങളെ ശ്രദ്ധിക്കാന്‍ കുറച്ച് സമയം മാറ്റി വയ്‌ക്കണം. ഓരോ അവയവത്തെയും ശ്രദ്ധിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ശ്രദ്ധാപൂര്‍ണ്ണമായ ഒരു മനനം ശീലമാക്കുക.
5. ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
മനസ്സിനെ ശാന്തമാക്കാനും ശ്രദ്ധയെ ഏകബിന്ദുവില്‍ കേന്ദ്രീകരിക്കാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും. ദീര്‍ഘമായ ശ്വാസോച്ഛാസം സമ്മര്‍ദ്ദത്തെ കുറയ്‌ക്കാനും വര്‍ത്തമാനകാലത്തിലെ സമയവുമായി നമ്മെ ഉറപ്പിച്ച് നിര്‍ത്താനും സഹായിക്കും. ഉത്‌കണ്‌ഠയും ടെന്‍ഷനുമൊക്കെ വരുമ്പോഴും ഈ ശ്വസന നിയന്ത്രണം സഹായകമാണ്.
6. മനസ്സിനെയും അടുക്കി പെറുക്കി വയ്‌ക്കാം
വൃത്തിയും വെടിപ്പുമില്ലാതെ വലിച്ചു വാരിയിട്ടിരിക്കുന്ന മുറി ഇടയ്‌ക്ക് അടുക്കി പെറുക്കി തൂത്ത് തുടച്ച് നാം വയ്‌ക്കാറില്ലേ. അത് പോലെ മനസ്സിനെയും ഇടയ്‌ക്കൊന്ന് അടുക്കി പെറുക്കി വയ്‌ക്കണം. ആവശ്യമില്ലാത്ത ചിന്തകളും ഉത്‌കണ്‌ഠകളുമൊക്കെ ചവറ്റുകുട്ടയിലേക്ക് ഇട്ട് ചിന്തകളെ ക്രോഡീകരിച്ച് അടുക്കി പെറുക്കി വയ്‌ക്കുന്നത് ധ്യാനവും ശ്രദ്ധാപൂര്‍ണ്ണതയും പരിശീലിക്കാന്‍ എളുപ്പമാക്കും.
7. നിശ്ശബ്ദതയെ വാരിപ്പുണരാം
എന്നും കുറച്ച് നേരമെങ്കിലും എല്ലാ ബഹളങ്ങളില്‍ നിന്നും മാറി നിശ്ശബ്ദമായ ഒരിടത്ത് തനിച്ച് മാറിയിരിക്കാന്‍ ശ്രമിക്കണം. ഇത് മാനസിക ഊര്‍ജ്ജത്തെ പുതുക്കുകയും ശ്രദ്ധാപൂര്‍ണ്ണതയ്‌ക്കായുള്ള പരിശീലനത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുകയും ചെയ്യും. ചുറ്റുമുള്ള ബഹളത്തിനിടെ നമുക്ക് വ്യക്തമാകാത്ത പല കാര്യങ്ങള്‍ക്കും തെളിച്ചം നല്‍കാന്‍ ഈ നിശ്ശബ്ദതയ്‌ക്ക് സാധിച്ചേക്കും.