വിമാനത്തിലിരുന്ന് മദ്യപിച്ചാൽ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്? ആരോഗ്യപ്രശ്നങ്ങൾ ഏതൊക്കെ?
Mail This Article
കുറേ നാൾ ആഗ്രഹിച്ചിരുന്ന അവധിക്കാലത്തിനോ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനോ ഒക്കെ വിമാനത്തിൽ കയറി പറക്കാൻ പോവുകയല്ലേ. എന്നാൽ ഒന്ന് ആനന്ദിക്കാൻ രണ്ട് പെഗ്ഗ് മദ്യമാകാം എന്ന് ചിന്തിക്കുന്ന പലരും ഉണ്ട്. എന്നാൽ വിമാനത്തിലിരുന്ന് മദ്യപിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭൂമിയില്‍ നിന്ന് 30,000 അടി ഉയരത്തിൽ പറക്കുമ്പോൾ ശരീരം മദ്യവുമായി പ്രതിപ്രവർത്തിക്കുന്ന രീതിയാണ് കുഴപ്പങ്ങൾക്ക് പിന്നിൽ. ഉത്കണ്ഠ, അക്രമവാസന, ഓക്കാനം, ദഹനപ്രശ്നങ്ങൾ, വരണ്ട കണ്ണുകൾ, അപകടകരമായ ലൈംഗിക പെരുമാറ്റം എന്നിവയെല്ലാം വിമാനത്തിലെ മദ്യപാനത്തെ തുടർന്നുണ്ടാകാൻ സാധ്യത അധികമാണ്.
വിമാനത്തിലെ വരണ്ട വായു അല്ലെങ്കിൽ തന്നെ നമ്മുടെ കണ്ണുകളെയും ചർമത്തെയും വരണ്ടതാക്കാറുണ്ട്. മദ്യം ഇതിനെ അധികരിപ്പിക്കും. മുഖത്തെ കോശങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് നീര് വച്ചത് പോലെ മുഖം വീർക്കാനും മദ്യപാനം കാരണമാകാം. രണ്ടോ മൂന്നോ പെഗ്ഗ് മദ്യം അകത്ത് ചെന്നു കഴിഞ്ഞാൽ അനാവശ്യമായി ഉച്ചത്തിൽ ചിരിക്കുകയും കരയുകയുമൊക്കെ ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാകാം. ആകാശത്തിൽ 30,000 അടി ഉയരെ പറക്കുമ്പോൾ ഇത്തരം വികാരങ്ങൾ അൽപം അധികമാകാം. പലവിധ ആവശ്യങ്ങൾക്കു വേണ്ടിയാകാം നിങ്ങളുടെ വിമാനയാത്ര. ഇതിൽ മരണം, ചികിത്സ പോലുള്ള വൈകാരികമായി നമ്മെ തളർത്തുന്ന കാരണങ്ങളും ഉണ്ടാകാം. പ്രിയപ്പെട്ടവരെ വിട്ടു പിരിഞ്ഞ് വരുന്നവരും കൂട്ടത്തിൽ കാണാം. ഇത്തരം വികാരങ്ങൾ ഉള്ളിൽ നിറച്ച് വിമാനത്തിൽ കയറുന്നവർ മദ്യപിക്കുക കൂടി ചെയ്താൽ വൈകാരികമായ പൊട്ടിത്തെറികൾക്ക് കാരണമാകാം.
മറ്റൊരു ഘടകം ശരീരത്തിന്റെ ക്ഷീണമാണ്. ഉറക്കം നഷ്ടപ്പെടുത്തി വെളുപ്പിനെയോ രാത്രിയിലോ ഒക്കെയാകാം പലരും വിമാനത്തിൽ കയറുക. 17 മണിക്കൂർ ഉറങ്ങാതിരുന്നാൽ ശരീരത്തിൽ 0.05 ശതമാനം മദ്യമെത്തുന്നത് പോലെ തന്നെയുള്ള പ്രതീതി ഉണ്ടാക്കുമെന്ന് അമേരിക്കയിലെ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ വിദഗ്ധർ പറയുന്നു. ഇതിനൊപ്പം ശരിക്കുള്ള മദ്യം കൂടി ശരീരത്തിലെത്തിയാൽ കാര്യങ്ങൾ വഷളാകാം. വായു മർദത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടും ദീർഘനേരം ഇരിക്കേണ്ടി വരുന്ന സാഹചര്യം കൊണ്ടും വിമാനയാത്രയിൽ ഗ്യാസ് പോലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മദ്യപാനം ഈ പ്രശ്നങ്ങൾ ഇരട്ടിയാക്കും. മദ്യപാനം നിർജലീകരണം വർധിപ്പിക്കുന്നതും ഈ പ്രശ്നങ്ങൾ രൂക്ഷമാക്കാം.
ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പലർക്കും ഉത്കണ്ഠയും പേടിയുമൊക്കെ തോന്നാറുണ്ട്. ഇത് ലഘൂകരിക്കാൻ മദ്യപിച്ചേക്കാം എന്ന് കരുതിയാൽ തെറ്റി. രക്തത്തിലെ പഞ്ചസാരയിലും ഹോർമോണുകളിലും ഉണ്ടാക്കുന്ന വ്യതിയാനം മൂലം ഉത്കണ്ഠയും ഭയവുമൊക്കെ വർധിപ്പിച്ച് പാനിക് അറ്റാക്ക് വരെയുണ്ടാക്കാൻ മദ്യപാനം കാരണമാകാം.
ദീർഘനേരം കാൽ അനക്കാതെ വയ്ക്കുമ്പോൾ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഡീപ് വെയ്ൻ ത്രോംബോസിസ്. വെറും മൂന്ന് മണിക്കൂർ അനങ്ങാതെ വിമാനത്തിൽ ഇരിക്കുന്നത് വരെ ഇതിന്റെ സാധ്യത വർധിപ്പിക്കും. ഇതിനൊപ്പം മദ്യം കൂടിയാൽ നിർജലീകരണം സംഭവിക്കാം. അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് ഉൾപ്പെടെയുള്ള അപകടകരമായ സാഹചര്യവും വിമാനത്തിലെ മദ്യപാനം ഉണ്ടാക്കാറുണ്ട്. സഹയാത്രികർക്ക് മേൽ മൂത്രമൊഴിക്കുന്നത് പോലുള്ള വൈകൃതങ്ങൾ അടുത്ത കാലത്ത് വിമാനയാത്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ഇതിനോട് കൂട്ടിവായിക്കാം. ഓക്കാനും, ഛർദി പോലുള്ള പ്രശ്നങ്ങളും വിമാനയാത്രയിൽ മദ്യപരെയും അവരുടെ സഹയാത്രികരെയും ബുദ്ധിമുട്ടിക്കാറുണ്ട്. മദ്യപിച്ച് നിലതെറ്റി വിമാനത്തിൽ വീഴുന്നത് പരുക്കേൽക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.