ഉയര്‍ന്ന തോതിലെ ഈര്‍പ്പം എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെ ബാധിക്കും
Mail This Article
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നത് അണുബാധകളുടെ സാധ്യത വര്‍ധിപ്പിക്കാറുണ്ട്. ശരീരത്തില്‍ മുറിവോ മറ്റോ ഉണ്ടായാല്‍ അതിലൂടെ ബാക്ടീരിയ അകത്ത് കടക്കുകയും രക്തപ്രവാഹത്തിലൂടെ എല്ലുകളില്‍ എത്തുകയും ചെയ്യാം. ഇത് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഈര്‍പ്പം ചര്‍മ്മത്തെ മൃദുവാക്കുന്നത് ബാക്ടീരിയ എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ ഇടയാക്കുമെന്നും ഇത് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദ്വാരക മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹാന്‍ഡ്, റിസ്റ്റ് ആന്‍ഡ് റീകണ്‍സ്‌ട്രക്ടീവ് മൈക്രോസര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. നീരജ് ഗോദര ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
താപനിലയിലും ഈര്‍പ്പത്തിലും വായു മര്‍ദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സന്ധിവേദന, പേശികളുടെ ദൃഢത, പരുക്ക് മൂലമുള്ള വേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഈര്‍പ്പം രക്തത്തെ കട്ടിയാക്കി രക്തക്കുഴലുകളിലെ സമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കുന്നതും ശരീരത്തിലെ രക്തചംക്രമണം കുറയ്‌ക്കാം.
മഴക്കാലത്ത് ആമവാതമുള്ളവര്‍ക്ക് കൂടുതല്‍ നീര്‍ക്കെട്ട് വരാമെന്ന് പുണെ അപ്പോളോ ക്ലിനിക്കിലെ റുമറ്റോളജിസ്‌റ്റ് ഡോ. വര്‍ഷ ഭട്ടും അഭിപ്രായപ്പെടുന്നു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ആറ് മാസം വരെ പോസ്‌റ്റ്-വൈറല്‍ ആര്‍ത്രൈറ്റിസ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. വെള്ളം കയറിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അണുബാധ സാധ്യത അധികമായതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
വെള്ളം കയറിയ ഇടങ്ങളിലൂടെ ചെരുപ്പിടാതെ നടക്കുന്നത് ഒഴിവാക്കണമെന്നും സംരക്ഷണം നല്‍കുന്ന കുപ്പായങ്ങള്‍ ഇടുകയും വൃത്തി കാത്തു സൂക്ഷിക്കുകയും ചെയ്യണമെന്ന് ഡോ. നീരജ് കൂട്ടിച്ചേര്‍ത്തു. സന്ധികള്‍ക്കും പേശികള്‍ക്കും കടുത്ത വേദന അനുഭവപ്പെടാല്‍ ഡോക്ടറെ കാണാനും വൈകരുത്.