തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഇത്രയും ഗുണങ്ങളോ? സിംപിൾ ആൻഡ് പവർഫുള്!
Mail This Article
തണുത്ത വെള്ളത്തിൽ അതായത് 15 ഡിഗ്രി സെൽഷ്യസിലും കുറവുളള ഐസ് വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തണുത്ത വെള്ളം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യും. തണുത്ത വെള്ളത്തിലെ കുളി ശാരീരികവും മാനസികവുമായ ആരോഗ്യവും സൗഖ്യവും ഏകും. ഇതെങ്ങനെ എന്നറിയാം.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
തണുത്ത വെള്ളത്തിലെ കുളി രക്തപ്രവാഹം വർധിപ്പിക്കുന്നു. തണുത്തവെള്ളം രക്തക്കുഴലുകളെ ചുരുക്കുകയും (vasoconstriction) പിന്നീട് ശരീരം ചൂടുപിടിക്കുമ്പോൾ അവ വികസിക്കുകയും (vasodilation) ചെയ്യും. ഈ പ്രക്രിയ രക്തചംക്രമണം വർധിപ്പിക്കും. പേശികളിലും അവയവങ്ങളിലും കൂടുതൽ ഓക്സിജനും പോഷകങ്ങളും എത്തുകയും ഇത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു
തണുത്ത വെള്ളവുമായുള്ള സമ്പർക്കം ശ്വേതരക്താണുക്കളുടെ ഉൽപാദനം കൂട്ടും. ശരീരത്തെ അണുബാധകളിൽ നിന്ന് പ്രതിരോധിക്കുന്നതിൽ ഇവ പ്രധാന പങ്കു വഹിക്കുന്നു. തണുത്ത വെള്ളം ശരീരവുമായി സമ്പർക്കത്തില്‍ വരുന്നത് ഉപാപചയ നിരക്ക് വർധിപ്പിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തും.
വീക്കം കുറയ്ക്കുന്നു
കഠിനവ്യായാമത്തിനു ശേഷം പേശികൾക്കുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാൻ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. തണുത്ത വെള്ളം രക്തക്കുഴലുകളെ ചുരുക്കുകയും വീക്കം കുറയ്ക്കുകയും പേശീകലകളിൽ നിന്ന് മെറ്റബോളിക് വേസ്റ്റ് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും.
ഊർജമേകുന്നു
തണുത്തവെള്ളം ഹൃദയമിടിപ്പിന്റെ നിരക്കു വർധിപ്പിക്കുന്നു. ഊർജം വർധിപ്പിക്കുന്ന ഹോർമോണായ അഡ്രിനാലിനെ പുറന്തള്ളാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ഇത് മാനസികമായ വ്യക്തതയും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടുത്തും.
ആരോഗ്യമുള്ള ചർമവും തലമുടിയും
തണുത്ത വെള്ളം സുഷിരങ്ങളെയും ക്യൂട്ടിക്കിളുകളെയും തടയാൻ സഹായിക്കുന്നു. ഇത് ചെളിയും എണ്ണയും ഒക്കെ അടിഞ്ഞു കൂടുന്നത് തടയുന്നു. മുഖക്കുരു കുറയ്ക്കുന്നു. ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് തലമുടിക്ക് തിളക്കവും ബലവും നൽകുന്നു.
സ്ട്രെസ്സ് കുറയ്ക്കുന്നു
സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും അതുവഴി സ്ട്രെസ്സ് കുറയ്ക്കാനും തണുത്ത വെള്ളത്തിൽ കുളിക്കുന്നതു മൂലം സാധിക്കും. പെട്ടെന്ന് തണുത്ത വെള്ളം ശരീരത്തെ തൊടുമ്പോൾ എൻഡോർഫിൻ ഹോർമോണുകളെ ശരീരം പുറന്തള്ളും. ഇത് മനസ്സിന് ആരോഗ്യം നൽകും.
ശരീരഭാരം കുറയ്ക്കുന്നു
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ബ്രൗൺ ഫാറ്റിനെ ഉത്തേജിപ്പിക്കുന്നു. ശരീരതാപനില നിയന്ത്രിച്ചു നിർത്താൻ ചൂട് ഉൽപാദിപ്പിക്കുന്ന ഒരിനം കൊഴുപ്പ് ആണിത്. തണുപ്പുമായി ഇത് സമ്പർക്കത്തിൽ വരുമ്പോൾ ചൂട് ഉൽപാദിപ്പിക്കാനായി ബ്രൗൺ ഫാറ്റ് കലോറി ബേൺ ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഉറക്കം മെച്ചപ്പെടുത്തുന്നു
തണുത്ത വെള്ളത്തിലെ കുളി ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. നല്ല ഉറക്കത്തിന് ഇതാവശ്യമാണ്. തണുത്ത വെള്ളത്തിലെ കുളിയിലൂടെ ശരീരത്തിന് ഉറങ്ങാനുള്ള സമയമായി എന്ന സൂചന കിട്ടുകയും ശാന്തമായതും സുഖകരവുമായ ഉറക്കം ലഭിക്കുകയും ചെയ്യും.
മാനസിക ശക്തി ലഭിക്കുന്നു
തണുത്ത വെള്ളത്തിലെ കുളി, മാനസികമായ ശക്തി നൽകുന്നു. തണുത്ത വെള്ളത്തോട് ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥത, മനസ്സിനെ സ്ട്രെസ്സ് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പരിശീലിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ വൈകാരികമായി നിയന്ത്രിക്കാനും വെല്ലുവിളികളെ നേരിടാനും ഉള്ള ശക്തി നൽകുന്നു.
ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആരോഗ്യമുള്ളതാക്കാൻ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു. ഇത് സൗഖ്യം ഏകുന്നു. ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്താനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു.