ടിം കുക്കിനു ഉറക്കം മുഖ്യം, ആപ്പിൾ വാച്ചിൽ സ്ലീപ് അപ്നീയ കണ്ടെത്തും ഫീച്ചർ
Mail This Article
കിടന്ന ഉടൻ തന്നെ ഉറങ്ങുന്നവരെ കണ്ടിട്ടില്ലേ? എന്നാൽ മണിക്കൂറുകളോളം കണ്ണടച്ച് കിടന്നാലും ഉറക്കം വരാത്തവരാണ് വലിയൊരു വിഭാഗം ആളുകളും. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും ഉറക്കം അത്ര എളുപ്പമല്ല. സിംപിളെന്നു തോന്നുമെങ്കിലും ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഉറക്കം. ഉറക്കത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാം. അതിൽ പ്രധാനപ്പെട്ട സ്ലീപ് അപ്നിയയെപ്പറ്റി കേട്ടിട്ടുണ്ടോ? ഏകദേശം നൂറ് കോടി ആളുകളെ ബാധിച്ച ഈ ഉറക്കപ്രശ്നത്തെക്കുറിച്ച് തങ്ങളുടെ വാച്ച് സീരിസ് 10 മുന്നറിയിപ്പ് നൽകുമെന്ന് ആപ്പിൾ കമ്പനി.
എന്താണ് സ്ലീപ് അപ്നിയ
എത്ര ആഴത്തിലുള്ള ഉറക്കമാണെങ്കിലും പൊതുവേ ശ്വാസോച്ഛ്വാസം നിര്‍ബാധം നടക്കും. എന്നാൽ ചിലരിൽ ഉറക്കത്തിലെ ശ്വാസോച്ഛ്വാസം അത്ര നന്നായി നടക്കണമെന്നില്ല. ഉറക്കത്തിൽ ശ്വാസം നിലയ്ക്കൽ അഥവാ സ്ലീപ്പ് അപ്‌നിയ (Sleep Apnea) ഉറക്കവുമായി ബന്ധപ്പെട്ട പ്രധാന ശ്വസന വൈകല്യങ്ങളിലൊന്നാണ്. ലളിതമായി പറഞ്ഞാൽ ഉറക്കത്തിനിടെ ശ്വാസം തടസ്സപ്പെടുന്ന അവസ്ഥ. പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണുന്നത്. പ്രായഭേദമന്യേ ആർക്കും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും 50 വയസ്സിനു മുകളിൽ പ്രായമായവരിലാണ് ഇത് സാധാരണം .
അമിതവണ്ണം, കഴുത്തിന് വണ്ണക്കൂടുതലുള്ളവർ, മുക്കിലെ പാലത്തിന്റെ വളവ്, മൂക്കിലെ ദശ മുതലായ തടസ്സങ്ങള്‍, തൊണ്ടയിലെ തടസ്സങ്ങള്‍ ടോണ്‍സിലുകളുടെ അമിത വലുപ്പം, ചെറുനാക്കിലുണ്ടാകുന്ന വീക്കം, ചെറുനാക്കിന്റെ അമിത വലിപ്പം, മദ്യപര്‍, പുകവലി ശീലമുള്ളവര്‍ തുടങ്ങിയവരില്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നു. തൈറോയിഡ് സംബന്ധമായ അസുഖമുള്ളവര്‍, താടിയെല്ലിന് ജന്മനാ ഉള്ള ആകൃതി വ്യത്യാസം, തലച്ചോറിനുള്ള ചില തകരാറുകള്‍ എന്നീ സാഹചര്യങ്ങളിലും ഇതുണ്ടാകാം. ഉറക്കത്തില്‍ നമ്മുടെ പേശികള്‍ അയയുന്നതുമൂലം അണ്ണാക്കുമുതല്‍ നാവിന്റെ പിന്‍ഭാഗം വരെയുള്ള ഭാഗത്തെ വ്യാസം കുറയുന്നു. ഇതു സ്വാഭാവികമാണെങ്കിലും ചിലരിൽ ഈ മാറ്റങ്ങൾ പ്രകടമാകുകയും ശ്വാസം വലിച്ചെടുക്കുന്നതു ശ്രമകരമാക്കുകയും കൂര്‍ക്കം വലിയുണ്ടാവുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍
ഉച്ചത്തിലുള്ള കൂർക്കംവലി, ഉറക്കമില്ലായ്മ, ഉറക്കത്തിനിടയില്‍ ശ്വാസംമുട്ട് അനുഭവപ്പെട്ട് ചാടിയെഴുന്നേല്‍ക്കുക, രാവിലെ ഉണരാൻ മടി, ഉറക്കം മതിയായില്ല എന്ന തോന്നൽ, രാവിലെയുള്ള തലവേദന അമിതമായ പകൽ ഉറക്കം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്; ക്ഷോഭം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാവസ്ഥ മാറ്റങ്ങൾ; മറവി; വർദ്ധിച്ച ഹൃദയമിടിപ്പ്, ലൈംഗിക വിരക്തി തുടങ്ങിയ പ്രശ്‌നങ്ങളും ഇതോടൊപ്പം ഉണ്ടാകാം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, തുടങ്ങിയവയ്ക്കുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലാണ്. സാധാരണ ചികിൽസയ്ക്കു വഴങ്ങാത്ത അമിത രക്തസമ്മർദ്ദത്തിന്റെ (Refractory Hypertension) ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ.