ADVERTISEMENT

നിക്കൊളാസ് പെറി എന്ന അമേരിക്കൻ യൂട്യൂബറും അദ്ദേഹത്തിന്റെ ബോഡി ട്രാൻഫമേഷനുമാണ് സമൂഹമാധ്യമത്തിലെ വൈറൽ വാർത്ത. 24 മാസം കൊണ്ട് 113 കിലോ ഭാരമാണ് നിക്കൊളാസ് കുറച്ചത്. മുക്ബാങ് വിഡിയോകളിലൂടെയാണ് നിക്കൊകാഡോ അവക്കാഡോ എന്ന പേരിൽ അറിയപ്പെടുന്ന ഈ യൂട്യൂബർ ജനശ്രദ്ധയാകർഷിക്കുന്നത്. പ്രേക്ഷകർക്കുമുന്നിൽ തത്സമയം ഭക്ഷണം കഴിക്കുന്നതാണ് മുക്ബാങ്. പല തരം ഭക്ഷണങ്ങൾ വലിയ അളവിൽ കഴിക്കുന്നത് പല യൂട്യൂബർമാരും സ്ട്രീം ചെയ്യാറുമുണ്ട്, അതിന് ആരാധകരും ഏറെയാണ്. പല മുക്ബാങ് ചാലഞ്ചുകളും സോഷ്യൽമീഡിയയിൽ വൈറലാണ്. 

എന്നാൽ നിക്കൊളാസിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഭക്ഷണം കഴിക്കുന്ന വിഡിയോകൾ ചെയ്തു തുടങ്ങിയതോടെ ശരീരഭാരം വളരെ കൂടി. കാഴ്ചയിലും വലിയ മാറ്റം വരുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്തതോടെ ആരാധകരുൾപ്പെടെ കൈവിട്ടു. എന്നാൽ നിക്കൊളാസ് തന്റെ അനാരോഗ്യകരമായ ഭക്ഷണരീതി തുടർന്നു. അമിതവണ്ണം, ആരോഗ്യപ്രശ്നങ്ങൾ, മൂഡ് സ്വിങ്സ് എന്നീ പ്രശ്നങ്ങൾ വിഡിയോകളിൽ പ്രകടമാകാൻ തുടങ്ങിയതോടെ പലർക്കും ആശങ്കയായി. സൈബർ അറ്റാക്കും കടുത്തു. അതിനു ശേഷം കഴിഞ്ഞ ഏഴ് മാസങ്ങളായി നിക്കൊളാസിന്റെ ചാനലിൽ വിഡിയോകൾ അധികമുണ്ടായില്ല. അയാൾ പതിയെ അപ്രത്യക്ഷനാവുകയായിരുന്നു. 

nikacado-avacado-mukbang
നിക്കൊളാസ് പെറി. Image Credit: Youtube/ NikocadoAvocado

ഇടവേള അവസാനിപ്പിച്ച് സെപ്റ്റംബർ 7ന് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് നിക്കൊളാസ് തന്റെ പുതിയ രൂപത്തിൽ ആരാധകരെ ഞെട്ടിച്ചത്. 2 വർഷത്തെ പരിശ്രമത്തിന്റെ ഫലമായി 250 പൗണ്ട് ഭാരമാണ് കുറച്ചത്. ഡയറ്റും വ്യായാമവും കൃത്യമായി പിന്തുടർന്നതാണ് ഇത്രയും വലിയ അളവിൽ ശരീരഭാരം കുറയ്ക്കാൻ സാധിച്ചതെന്നും, എന്നാൽ അങ്ങനെയല്ല, മരുന്ന് കഴിച്ചാണ് ഇങ്ങനെ ആയതെന്നും ഉൾപ്പെടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പ്രമേഹത്തിനുള്ള ഒരു പ്രത്യേക മരുന്ന് കഴിക്കുന്നത് ശരീരഭാരം കുറയാൻ ഇടയാക്കുമെന്ന് വാദങ്ങൾ വന്നിരുന്നു. ആ മരുന്ന് തുടർച്ചയായി കഴിച്ചതാണ് ഈ മാറ്റത്തിനു കാരണമെന്നാണ് പലരും പറയുന്നത്. 

നിക്കൊളാസിന്റെ ജീവിതത്തിൽ ഇത് ആദ്യമായല്ല ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നത്. എന്നാൽ അപ്പോഴൊക്കെയും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ഇത്തവണ ലക്ഷ്യം കണ്ടു. യൂട്യൂബിൽ മാത്രം 21 മില്യൻ ആളുകളാണ് പുതിയ വിഡിയോ കണ്ടത്. രണ്ട് വർഷമായി താൻ വിഡിയോ ഒന്നും ചെയ്തിരുന്നില്ലെന്നും മുൻപ് എടുത്ത് വച്ചിരുന്നവയാണ് കുറച്ച് മാസങ്ങൾക്ക് മുൻപ് വരെയും അപ്‌ലോഡ് ചെയ്തിരുന്നതെന്നും. ഈ സമയമത്രയും ആരോഗ്യമുള്ള ഒരു ജീവിതത്തിനു വേണ്ടി പ്രയത്നിക്കുകയായിരുന്നു എന്നുമാണ് നിക്കൊളാസ് പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഇതെന്നും വിഡിയോയിൽ പറയുന്നുണ്ട്. 

പഴയൊരു ഇന്റർവ്യൂവിൽ, ഒരു പ്രായം കഴിഞ്ഞാൽ താൻ ശരീരഭാരം കുറയ്ക്കുമെന്നും അന്ന് ഇതെല്ലാം അവസാനിക്കുമെന്നും നിക്കൊളാസ് പറഞ്ഞിരുന്നു. അത് ഇപ്പോൾ സത്യമായി എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.

English Summary:

Nikocado Avocado's Weight Loss Journey: From Mukbang Star to 250 Pounds Lighter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com