നടുവേദന: പ്രതിരോധവും ചികിത്സയും ഫിസിയോതെറപ്പിയിലൂടെ
Mail This Article
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് നടുവേദന. പലരും അതിനെ അവഗണിക്കുമെങ്കിലും ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം അത്. അതുകൊണ്ടുതന്നെ നടുവേദനയെ ഗൗരവത്തോടെ കാണണം. ‘നടുവേദനയും അതിന്‍റെ പ്രതിരോധവും ചികിത്സയും ഫിസിയോതെറാപ്പിയിലൂടെ’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഫിസിയോതെറപ്പി ദിനാചരണത്തിന്‍റെ സന്ദേശം. സെപ്റ്റംബർ എട്ടിനാണ് ഫിസിയോതെറപ്പി ദിനമായി ആചരിക്കുന്നത്.
മനുഷ്യശരീരത്തിന് കൃത്യമായ ആകൃതി നൽകുകയും അനായാസം ചലിക്കാൻ സഹായിക്കുകയും സുഷുമ്നാ നാഡിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു അസ്ഥിനിര്‍മിത കവചമാണ് നട്ടെല്ല്. മനുഷ്യന്‍റെ നട്ടെല്ലില്‍ അനേകം സന്ധികളും പേശികളും ലിഗമെന്‍റുമുണ്ട്. നട്ടെല്ലിന് സ്വാഭാവിക വളവുകള്‍ ഉള്ളതുകൊണ്ടാണ് അതിനു ഭാരം വഹിക്കാന്‍ കഴിയുന്നത്. നട്ടെല്ലിന്‍റെ ആകെ നീളത്തില്‍ നാലിലൊന്നും അതിന്‍റെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഡിസ്കുകളാണ്. നമ്മുടെ ദൈനംദിന പ്രവൃത്തികൾ മൂലം ഈ കശേരുക്കൾ ഏകദേശം 100 കിലോഗ്രാം ഭാരം വരെ താങ്ങുന്നുണ്ട്. ഇത്തരം നിരവധി സവിശേഷതകള്‍ ഉള്ള നട്ടെല്ലിനെ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാവും.
ഇന്ത്യയില്‍ ശരാശരി പത്തില്‍ നാലു പേര്‍ നടുവേദന അനുഭവിക്കുന്നവരാണെന്നാണ് കണക്ക്. ജീവിതത്തില്‍ ഒരു തവണയെങ്കിലും നടുവേദന വന്നിട്ടില്ലാത്തവരായി ആരുമുണ്ടാവില്ല. പണ്ട് പ്രായമായവരില്‍ കണ്ടുവന്നിരുന്ന നടുവേദന ഇന്ന് ചെറുപ്പക്കാരി ല്‍പോലുമുണ്ട്. ബാങ്കിങ്, ഐടി, തുടങ്ങിയ മേഖലകളിൽ ജോലികള്‍ ചെയ്യുന്നവരിലാണ് ഇത് ഏറെയുമുള്ളത്. പൊള്ളുന്നതു പോലെ, പുകച്ചില്‍, പിടിച്ചുകെട്ടുന്നതു പോലെ, മുറിവ് ഉള്ളതു പോലെ, തരിപ്പ് അനുഭവപ്പെടുന്നതു പോലെ എന്നിങ്ങനെ പല തരത്തിലുള്ള വേദനകളെപ്പറ്റി നടുവേദനയുള്ളവര്‍ പറയാറുണ്ട്.
നടുവേദനയുടെ ചികിത്സയില്‍ വളരെ പ്രധാനമാണ് അതിന്റെ മൂലകാരണം കണ്ടെത്തുകയെന്നത്. നടുവേദനയുടെ കാരണങ്ങള്‍ 90 ശതമാനവും രോഗി പറയുന്ന ലക്ഷണങ്ങളില്‍നിന്നും പരിശോധനയില്‍നിന്നും മനസ്സിലാക്കാം. എന്നാല്‍ രോഗിയിൽ കാണുന്ന ചില ലക്ഷണങ്ങള്‍ ഗുരുതര രോഗങ്ങളുടേതാകാം. ഇത്തരം അപകടകരമായ രോഗലക്ഷണങ്ങളെ റെഡ് ഫ്ളാഗ് എന്ന് പറയുന്നു. ഈ ലക്ഷണം ഉള്ളവര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി രോഗനിര്‍ണയം നടത്തേണ്ടതാണ്.
പുതുതലമുറ ജോലികള്‍ മൂലം ശരീരം ഒരേ നിലയില്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങള്‍ ആണ് ചെറുപ്രായത്തില്‍ നട്ടെല്ലിന്‍റെ ആരോഗ്യത്തിനു ദോഷം ചെയ്യുന്നത്. ശാരീരിക, മാനസിക വ്യതിയാനങ്ങള്‍, ആന്തരിക അവയവങ്ങളുടെ പ്രശ്നങ്ങള്‍, ചലനസംബന്ധമായ കാരണങ്ങള്‍, ഞരമ്പുകള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍, നട്ടെല്ലിന്‍റെ ക്ഷതം തുടങ്ങി പല കാരണങ്ങള്‍ മൂലം നടുവേദന ഉണ്ടാകും.
തെറ്റായ രീതിയിലുള്ള ഇരിപ്പു മൂലം കശേരുക്കളില്‍ വരുന്ന മാറ്റങ്ങള്‍ പുറംപേശികളില്‍ അമിതഭാരം ഉണ്ടാക്കുന്നു. ഈ അവസ്ഥ തുടരുന്നത് പുറംപേശികളില്‍ അമിതമായ ആയാസവുമുണ്ടാക്കും. ക്രമേണ കശേരുക്കളിലെ സന്ധി തേയ്മാനം എന്ന അവസ്ഥയില്‍ എത്തുന്നു. തിരക്കുകള്‍ മൂലം വ്യായാമം ഒഴിവാക്കുന്നതു മൂലമുള്ള ജീവിതശൈലീ രോഗങ്ങളും മോശം ശാരീരികക്ഷമതയും പെട്ടെന്നു തന്നെ പലരിലും നടുവേദന ഉണ്ടാക്കുന്നു.
പുറംപേശികള്‍ ദുര്‍ബലമാകുമ്പോള്‍ നട്ടെല്ലില്‍ അമിതഭാരം വരുകയും ഇത് ഡിസ്ക്കിനെ ഞെരുക്കി സ്ഥാനഭ്രംശം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഞരമ്പുകളെ അമര്‍ത്തുന്ന അവസ്ഥ ഉണ്ടാവും. ഈ വേദന കാലുകളിലേക്കും വ്യാപിക്കും. ഇതിനെ സയാറ്റിക്ക എന്നു പറയും.
നടുവേദനയ്ക്കുള്ള മറ്റു കാരണങ്ങള്‍
നട്ടെല്ലിനെയോ മറ്റ് അവയവങ്ങളെയോ ബാധിക്കുന്ന രോഗങ്ങൾ ചിലപ്പോള്‍ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണം നടുവേദനയാണ്. അവ ഇവയൊക്കെയാണ്. ഉദരസംബന്ധമായ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, ധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, നട്ടെല്ലിനെ ബാധിക്കുന്ന അണുബാധയും ട്യൂമറും, വാതരോഗങ്ങള്‍ (റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ആന്‍കിലോസിങ്ങ് സ്പോണ്‍ ഡിലൈറ്റിസ് തുടങ്ങിയവ).
ചികിത്സയും പ്രതിരോധവും
നടുവേദനയുടെ ചികിത്സയില്‍ ഭൗതികമാര്‍ഗ ചികിത്സാരീതിയായ ഫിസിയോതെറാപ്പിക്ക് വളരെ പ്രധാന പങ്കാണ് ഉള്ളത്. ബയോമെക്കാനിക്സ് എന്ന ചലന ശാസ്ത്രത്തെ അധിഷ്ഠിതമാക്കി, പേശികളുടെ അയവും മുറുക്കവും മനസ്സിലാക്കിയാണ് ചികിത്സാപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. മുറുക്കമുള്ള പേശികൾക്ക് സ്ട്രെച്ചിങ് വഴി അയവു വരുത്തിയും അയവുള്ളവയെ ബലപ്പെടുത്തിയും അംഗഭാവം ആരോഗ്യകരമായ നിലയില്‍ എത്തിക്കുക എന്നതാണ് ചികിത്സയുടെ കാതല്‍.
ചികിത്സാ രീതികള്‍
∙ സ്ട്രെച്ചിങ്
∙ കോര്‍ സ്ട്രെങ്തനിങ് എക്സര്‍സൈസ്
∙ വേദന കുറയ്ക്കാനായി പാര്‍ശ്വഫലം ഇല്ലാത്ത ഇലക്ട്രോതെറാപ്പി ചികിത്സാ രീതികള്‍
∙ ആക്ടീവ് ഫേഷ്യല്‍ നോഡ്യുള്‍സിനെ നിര്‍ജീവമാക്കി വേദനയും മുറുക്കവും കുറയ്ക്കുന്ന രീതികള്‍.
∙ ആയാസം കൂടുതല്‍ ഉള്ള പേശികളില്‍ ടേപ്പിങ് ചികിത്സാ രീതികള്‍.
∙ സന്ധികളെ ചലനാത്മകമാക്കുന്ന മാനുവല്‍ മൊബിലൈസേഷന്‍സ്.
∙ ഡിസ്ക്കിന്‍റെ മര്‍ദ്ദത്തില്‍നിന്നു ഞരമ്പുകളെ മോചിപ്പിക്കുന്ന ട്രാക്‌ഷന്‍ ചികിത്സകള്‍.
∙ ചൂട്, തണുപ്പ് ഇവ കൊണ്ടുള്ള ചികിത്സകള്‍.
∙ ഐഎഫ്ടി, ടിഇഎൻഎസ്, അൾട്രാസൗണ്ട് എന്നീ ഫിസിയോതെറാപ്പി ചികിത്സാരീതികളില്‍ ഏതാണ് അനുയോജ്യമാണ് എന്ന് കണ്ടെത്തി അവ നല്‍കുക.
പ്രതിരോധം
ഫിസിയോതെറാപ്പിയിലെ എര്‍ഗനോമിക്സ് എന്ന ശാസ്ത്രത്തിന് വളരെ പ്രധാന പങ്കാണുള്ളത്. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവര്‍ക്കായി അവരവരുടെ പ്രവൃത്തിമേഖലയ്ക്ക് അനുസരിച്ച് എര്‍ഗണോമിക് തത്വത്തിലധിഷ്ഠിതമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. അതു വഴി നട്ടെല്ല് സംബന്ധമായി രൂപപ്പെടുന്ന പല പ്രശ്നങ്ങളും പ്രതിരോധിക്കാന്‍ കഴിയും.
∙ ശരിയായ അംഗഭാവം നിലനിര്‍ത്തുക.
∙ വ്യായാമങ്ങള്‍ ശീലമാക്കുക.
∙ ജീവിതശൈലീ മാറ്റങ്ങള്‍ പരിശീലിക്കുക.
∙ വേദനയിലേക്കു നയിക്കുന്ന സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക.
∙ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ഇരുതോളുകളും ഇടുപ്പെല്ലുകൾക്കു നേരെയാണെന്നും ഇരുചെവികളും തോളുകളുടെ കൃത്യം മുകളില്‍ത്തന്നെ വരുന്നുവെന്നും ഉറപ്പ് വരുത്തുക.
∙ ഇടവിട്ടുള്ള ചെറിയ വിശ്രമം ശീലമാക്കുക.
∙ ഭാരം നിയന്ത്രിക്കുക.
∙ കിടക്കാന്‍ ഉപയോഗിക്കുന്ന മെത്തയ്ക്കും നടുവേദനയില്‍ വലിയ പങ്കുണ്ട്. മോശം നിലവാരമുള്ള മെത്തയില്‍ ഉറങ്ങുന്നത് നടുവേദനയ്ക്ക് പ്രധാന കാരണമായേക്കാം.
ശ്രദ്ധിക്കുക
പലതരം വ്യായാമ രീതികളെപ്പറ്റിയ പല മാധ്യമങ്ങളിലൂടെയും അറിയാനാവും. പക്ഷേ ഓരോ വ്യക്തിയും അവരവരുടെ ശരീരപ്രകൃതവും ശാരീരികാവസ്ഥകളും വിലയിരുത്തി അതിനനുസരിച്ചുള്ള വ്യായാമമുറകള്‍ പരിശീലിക്കുന്നതാണ് ഉചിതം.
നടുവേദന ഉള്ളവര്‍ അത് മാറാന്‍ ബെല്‍റ്റ് സ്ഥിരം ഉപയോഗിക്കണമെന്ന ധാരണ തെറ്റാണ്. നട്ടെല്ലിന് ക്ഷതം ഏറ്റവര്‍ ഒഴികെയുള്ളവര്‍ ബെല്‍റ്റ് സ്ഥിരം ഉപയോഗിക്കേണ്ടതില്ല. സ്ഥിരം ഉപയോഗം മസിലിനു ദോഷം ചെയ്യും.
(കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിലെ ഫിസിയോതെറപ്പി ഡിപ്പാർട്ട്മെന്റ് ഹെഡും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറപ്പിസ്റ്റ് കോട്ടയം ജില്ലാ സെക്രട്ടറിയുമാണ് ലേഖകൻ)