ADVERTISEMENT

ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സോ, യൂട്യൂബിലെ ഷോര്‍ട്‌സോ, ഫേസ്‌ബുക്കിലെ പോസ്‌റ്റോ.. എന്തു വേണമെങ്കിലും കണ്ടോളൂ, വായിച്ചോളൂ, ആസ്വദിച്ചോളൂ. പക്ഷേ, ഇതെല്ലാം ടോയ്‌ലറ്റിലെ സീറ്റില്‍ കയറിയിരുന്ന്‌ കൊണ്ട്‌ ചെയ്യരുതെന്ന മുന്നറിയിപ്പ്‌ നല്‍കുകയാണ്‌ ആരോഗ്യ വിദഗ്‌ധര്‍. ശാരീരികവും മാനസികവുമായ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ഈ ദുശീലം കാരണമാകുമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. 

ടോയ്‌ലറ്റിലേക്ക്‌ മൊബൈല്‍ മാത്രമല്ല പുസ്‌തകവും പത്രവും കൊണ്ട്‌ പോകുന്നത്‌ അത്ര നല്ല ശീലമല്ലെന്ന്‌ മുംബൈ ഗ്ലെന്‍ഈഗിള്‍സ്‌ ഹോസ്‌പിറ്റല്‍സ്‌ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. മഞ്‌ജുഷ അഗര്‍വാള്‍ എച്ച്‌ടി ലൈഫ്‌ സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഫോണും പുസ്‌തകവുമൊക്കെ പിടിച്ചു കൊണ്ട്‌ ടോയ്‌ലറ്റില്‍ അര മുക്കാല്‍ മണിക്കൂറും അതിലധികവും ചെലവഴിക്കുന്നവരെ കാത്തിരിക്കുന്നത്‌ പൈൽസ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ പോലുള്ള പലവിധ രോഗങ്ങളാണെന്ന്‌ ഡോ. മഞ്‌ജുഷ ചൂണ്ടിക്കാട്ടുന്നു. 

ഏഴ്‌ മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. പരമാവധി 10 മിനിറ്റ്. അതിലധികം എന്തായാലും പാടില്ലെന്നും ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു. 

മലാശയത്തിന്‌ താഴെയും മലദ്വാരത്തിന്‌ ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര്‌ വയ്‌ക്കുന്നതിനെയാണ്‌ ഹെമറോയ്‌ഡ്‌ എന്ന്‌ വിളിക്കുന്നത്‌. ഇത്‌ വേദനയ്‌ക്കും അസ്വസ്ഥതയ്‌ക്കും രക്തസ്രാവത്തിനും കാരണമാകാം. ദീര്‍ഘനേരമുള്ള ടോയ്‌ലറ്റില്‍ ഇരുപ്പ്‌ ഹെമറോയ്‌ഡിലേക്ക്‌ നയിക്കാറുണ്ട്‌. രക്തചംക്രമണം ഇല്ലാതെയുള്ള ദീര്‍ഘനേരത്തെ ഇരുപ്പ്‌ കസേരയിലെന്ന പോലെ ടോയ്‌ലറ്റ്‌ സീറ്റിലും ആരോഗ്യ പ്രശ്‌നമുണ്ടാക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഇത്‌ മൂലം ചിലര്‍ക്കുണ്ടാകാറുണ്ട്‌. 

മലബന്ധമുള്ളവര്‍ ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ പരമാവധി അഞ്ച്‌ മിനിട്ട്‌ ഇരുന്ന ശേഷം ഇറങ്ങി പിന്നീട്‌ ശ്രമിക്കേണ്ടതാണ്‌. അമിതമായ സമ്മര്‍ദ്ദവും വയറ്റില്‍ നിന്ന്‌ പോകാനായി നല്‍കുന്നത്‌ നല്ലതല്ല. ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ കാലുയര്‍ത്തി വയ്‌ക്കാനായി ഫൂട്‌ സ്റ്റൂള്‍ ഉപയോഗിക്കുന്നത്‌ വിസര്‍ജ്ജ്യം ശരിയായി രീതിയില്‍ പുറന്തള്ളാന്‍ സഹായകമാണെന്നും ഡോ. മഞ്‌ജുഷ കൂട്ടിച്ചേര്‍ക്കുന്നു. 

അണുക്കള്‍ അധികമുള്ള ടോയ്‌ലറ്റ്‌ പോലുള്ള ഇടങ്ങളിലേക്ക്‌ ഫോണുമായി പോകുന്നത്‌ അണുക്കള്‍ ഫോണിലും പിന്നീട്‌ നമ്മുടെ കൈകളിലും കൈകള്‍ വഴി വയറ്റിനുള്ളിലേക്കും പകരാനും കാരണമാകാം. 

English Summary:

Stop Scrolling on the Toilet! Doctors Warn This Habit Could Be Dangerous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com