ചുണ്ടിലുണ്ടാകുന്ന മുറിവ്, പാടുകൾ, വേദന; ലിപ് കാൻസറിന്റെ ലക്ഷണങ്ങളും കാരണവും
Mail This Article
ഒരുതരം ഓറൽ കാൻസർ ആണ് ചുണ്ടിലെ അർബുദം അഥവാ ലിപ് കാൻസർ. ഇത് ചുണ്ടുകളിലെ കോശങ്ങളിലാണ് ആരംഭിക്കുന്നത്. ചർമത്തിന്റെ പുറംപാളിയിൽ ചെതുമ്പലുകൾ പോലെ കാണപ്പെടുന്ന ശരീരകലകളായ സ്ക്വാമസ് കോശങ്ങളിലാണ് ഇത് ആദ്യം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ തന്നെ രോഗനിർണയം സാധ്യമാണ്. അമേരിക്കയിൽ 0.6 ശതമാനം പേർക്ക് ലിപ് കാൻസർ ഉണ്ടെന്ന് കണക്കുകൾ പറയുന്നു. ലോകത്ത് ഇതുവരെ ഏതാണ്ട് 40,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വായിൽ ഉണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട് ലിപ് കാൻസറിന്. ഇത് ശരിയായി ഉണങ്ങുകയില്ല. ഇളം ചർമമുള്ളവരിൽ ചുവന്നും ഇരുണ്ട നിറമുള്ളവരിൽ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ ആണ് വ്രണങ്ങൾ കാണപ്പെടുന്നത്. മുറിവുകൾ ഉണങ്ങുമെങ്കിലും ലിപ് കാൻസർ മാറുകയില്ല. ഇതിന്റെ അണുബാധ ദീർഘകാലം നിലനിൽക്കും.
വ്യാപനം
ഓരോ വ്യക്തിയിലും രോഗവ്യാപനം വ്യത്യസ്തമായിരിക്കും. ചിലരിൽ ഈ അർബുദം പെട്ടെന്ന് വ്യാപിക്കും. എന്നാൽ മറ്റു ചിലരിൽ മിതമായ വേഗത്തിലോ വളരെ സാവധാനത്തിലോ ആയിരിക്കും രോഗവ്യാപനം.
എവിടെയാണ് ട്യൂമർ എന്നതിനെയും ഏതുഘട്ടത്തിലാണ് ചികിത്സ തുടങ്ങിയത് എന്നതിനെയും ആശ്രയിച്ചിരിക്കും ലിപ് കാൻസറിന്റെ പുരോഗതി. 2017 ൽ നടത്തിയ ഒരു പഠനമനുസരിച്ച് ഏതാണ്ട് 10 മുതൽ 12 മാസം വരെ കൊണ്ടാണ് രോഗം വ്യാപിക്കുന്നത്. എന്നാൽ ഒരു അവയവത്തിൽ നിന്ന് മറ്റൊരു അവയവത്തിലേക്ക് കാൻസർ വ്യാപിക്കുന്ന അവസ്ഥയായ മെറ്റാസ്റ്റാസിസ് ചിലരിൽ വരാൻ വെറും മൂന്നു മാസം മതി.
ചികിത്സിക്കാതിരുന്നാൽ ലിംഫ്നോഡ്, താടിയെല്ല്, വായിലെ തന്നെ മറ്റ് കലകൾ (tissues), ശ്വാസകോശങ്ങൾ, ശരീരത്തിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് ലിപ് കാൻസർ വ്യാപിക്കും.
ലക്ഷണങ്ങൾ
∙ചുണ്ടിൽ തുടർച്ചയായുണ്ടാകുന്ന മുറിവുകൾ അല്ലെങ്കിൽ ഉണങ്ങാത്ത വ്രണങ്ങൾ
∙ചുണ്ടിൽ കട്ടിയുള്ള മുഴ
∙ചുണ്ടിൽ വെളുക്കുന്നതോ ചുവന്നതോ ആയ പാടുകൾ.
∙ചുണ്ടിൽ കടുത്ത വേദന, വീക്കം
∙ചുണ്ടിൽ നിന്ന് രക്തം വരുക.
∙ചുണ്ടിന്റെ നിറത്തിലും ഘടനയിലും ഉണ്ടാകുന്ന മാറ്റം.
∙താടിയെല്ല് ചലിപ്പിക്കാനും വിഴുങ്ങാനും ഉള്ള പ്രയാസം
∙കഴുത്തിലെ ലിംഫ് നോഡുകൾക്ക് വീക്കം
കാരണങ്ങൾ?
ലിപ് കാൻസറിനുള്ള സാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്. അവയിൽ ചിലതിനെ അറിയാം.
∙പുകയിലയുടെ ഉപയോഗം, സിഗരറ്റ്, സിഗർ, പൈപ്പ്, ബീഡി തുടങ്ങിയവ വലിക്കുന്നത്
∙മദ്യത്തിന്റെ അമിതോപയോഗം
∙വെളുത്ത നിറമുള്ള ചർമം
∙നാൽപതു വയസിനു മുകളില്‍ പ്രായം ഉണ്ടെങ്കിൽ ലിപ് കാൻസർ വരാം.
∙ഹ്യൂമൻപാപ്പിലോമ വൈറസ് അഥവാ എച്ച്പിവി
∙ദുർബലമായ രോഗപ്രതിരോധ സംവിധാനം