രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണം, കിരീടം; കോച്ചായി ഖുറേസിയ തുടരും, ഇംഗ്ലണ്ടിലും ജമ്മു –കശ്മീരിലും പരിശീലനം

Mail This Article
തിരുവനന്തപുരം∙ ചരിത്രത്തിലാദ്യമായി കേരളത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകൻ അമയ് ഖുറേസിയ അടുത്ത സീസണിലും കേരള ടീമിനൊപ്പം തുടരും. പരിശീലകനായി അദ്ഭുതം സൃഷ്ടിച്ച അദ്ദേഹത്തിനു കീഴിൽ ദീർഘകാലാടിസ്ഥാനത്തിൽ പുതുനിര കൂടി ഉൾപ്പെട്ട മികച്ച ടീമിനെ വാർത്തെടുക്കാനുളള പദ്ധതികളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ആസൂത്രണം ചെയ്യുന്നത്. അടുത്ത സീസണു മുൻപ് വിദേശ പരിശീലനത്തിനടക്കം പദ്ധതിയുണ്ടെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
ഓഫ് സീസണിൽ തന്നെ പരിശീലന പര്യടനങ്ങളും ക്യാംപുകളും ഉണ്ടാകും. ബാറ്റിങ്ങിൽ ഓപ്പണിങ് ഉൾപ്പെടെ മുൻനിരയിലാണ് കേരളം ഇത്തവണ കാര്യമായ വെല്ലുവിളി നേരിട്ടത്. ന്യൂബോൾ നേരിടുന്നതിൽ ബാറ്റർമാർക്കു കൂടുതൽ സാങ്കേതിക പരിശീലനം ആവശ്യമാണെന്ന നിലപാടാണ് കോച്ച് ഉൾപ്പെടെ പങ്കുവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ പേസർമാർക്ക് അനുകൂല സാഹചര്യമുള്ള ജമ്മു കശ്മീരിൽ പരിശീലന ക്യാംപ് സംഘടിപ്പിക്കാൻ ധാരണയായിക്കഴിഞ്ഞു. മികച്ച സീം കണ്ടിഷനുള്ള ഇംഗ്ലണ്ടിൽ പരിശീലന പര്യടനം നടത്തുന്നതും പരിഗണനയിലുണ്ട്.
ഒമാൻ ദേശീയ ടീമിനൊപ്പം പരിശീലന മത്സരം കളിക്കാൻ ടീമിന്റെ പരിശീലകനായ മുൻ ലങ്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ദുലീപ് മെൻഡിസ് കേരള ടീമിനെ ക്ഷണിച്ചിട്ടുണ്ടെന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു. മുൻ ഇന്ത്യൻ താരമായ മധ്യപ്രദേശുകാരൻ അമയ് ഖുറേസിയയെ കേരള ടീമിന്റെ പരിശീലകനായി നിർദേശിച്ചതും അപേക്ഷിക്കാൻ വഴിയൊരുക്കിയതും 9 സീസണുകളായി കേരള ടീമിനൊപ്പം തുടരുന്ന അതേ നാട്ടുകാരനായ ഓൾറൗണ്ടർ ജലജ് സക്സേനയാണ്.