ശരീരഭാരം കുറയ്ക്കണോ? കാലറി കുറഞ്ഞ പത്ത് ലഘുഭക്ഷണങ്ങളെ അറിയാം
Mail This Article
പോഷകങ്ങൾ അടങ്ങിയ കലോറി കുറഞ്ഞ ലഘുഭക്ഷണങ്ങൾ ആരോഗ്യകരമാണ്. വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. വിശ്രമമില്ലാതെ തിരക്കിട്ടോടുന്നവർക്ക് ഇത്തരം കലോറി കുറഞ്ഞ എന്നാൽ ആരോഗ്യമേകുന്ന ലഘുഭക്ഷണങ്ങൾ ഏറെ സഹായകമാണ്. കലോറി കുറഞ്ഞതും യാത്ര ചെയ്യുമ്പോൾ പോലും കഴിക്കാൻ സാധിക്കുന്നതുമായ ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം. തിരക്കുള്ള ദിവസങ്ങളിൽ ഇത്തരം ലഘുഭക്ഷണങ്ങൾ ഏറെ സഹായകമാകും.
ആപ്പിളും ആൽമണ്ട് ബട്ടറും
ആപ്പിളിൽ നാരുകൾ ധാരാളമുണ്ട്; പ്രത്യേകിച്ചും പെക്റ്റിൻ. ഇത് വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ആല്‍മണ്ട് ബട്ടറിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും ഉണ്ട്. ആപ്പിളിൽ അടങ്ങിയ നാച്വറൽ ഷുഗറും ആല്‍മണ്ട് ബട്ടറിലെ പ്രോട്ടീനും ചേർന്ന് പെട്ടെന്ന് തന്നെ ഊർജമേകും.
ഗ്രീക്ക് യോഗർട്ടും െബറിപ്പഴങ്ങളും
ഗ്രീക്ക് യോഗർട്ടിൽ പ്രോട്ടീൻ ധാരാളമുണ്ട്. എന്നാൽ കലോറി വളരെ കുറവുമാണ്. വിശപ്പകറ്റാനും മസിൽ മാസ് നിലനിർത്താനും മികച്ച ഒരു ലഘുഭക്ഷണമാണിത്. ഇതിൽ ബെറിപ്പഴങ്ങളും കൂടിച്ചേർക്കുമ്പോൾ ഇത് രുചികരവും ആരോഗ്യകരവും ആകുന്നു. ബെറിപ്പഴങ്ങൾ കലോറി വളരെ കുറഞ്ഞതും എന്നാൽ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയതുമാണ്. ശരീരത്തിനാവശ്യമായ വിറ്റമിനുകളും ഇവ നൽകുന്നു.
കാരറ്റ്, കുക്കുമ്പർ ഒപ്പം ഹമ്മൂസും
കാരറ്റ്, കുക്കുമ്പർ, അഥവാ സാലഡ് വെള്ളരി ഇവ കലോറി വളരെ കുറഞ്ഞതാണ്. ഇവയിൽ ജലാംശവും നാരുകളും ധാരാളമുണ്ട്. ഇത് ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വെള്ളക്കടലയിൽ നിന്നുണ്ടാക്കുന്ന ഒരു ഡിഷ് ആണ് ഹമ്മൂസ്. ഇതിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. അതുകൊണ്ടു തന്നെ പോഷകസമ്പുഷ്ടമായ ഒരു ലഘുഭക്ഷണമാണിത്.
റൈസ് കേക്ക്, അവൊക്കാഡോ
അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന വിഭവമായ റൈസ് കേക്ക്, കലോറി വളരെ കുറഞ്ഞ ഒരു ലഘുഭക്ഷണമാണ്. ഇതിനൊപ്പം പോഷക സമ്പുഷ്ടമായ വെണ്ണപ്പഴം കൂടിയാകുമ്പോൾ മികച്ച ഒരു ലഘുഭക്ഷണമായി. വെണ്ണപ്പഴത്തിൽ (Avocado) ഹൃദയാരോഗ്യമേകുന്ന മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളമുണ്ട്. ഇത് വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കും.
പോപ്പ്കോൺ
എണ്ണയോ ബട്ടറോ ഉപയോഗിക്കാതെ ഉണ്ടാക്കുന്ന എയർ പോപ്പ്ഡ് പോപ്പ്കോൺ മികച്ച ഒരു ലഘുഭക്ഷണമാണ്. പോപ്പ്കോൺ ഒരു മുഴുധാന്യമാണ്. ഇതിന് കലോറി വളരെ കുറവുമാണ്. നാരുകൾ ധാരാളമുള്ള പോപ്പ്കോൺ കഴിച്ചാൽ ഏറെനേരത്തേക്ക് വിശക്കില്ല. ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയാണിത്.
ചീസ്, പൈനാപ്പിൾ
പാൽക്കട്ടി അഥവാ ചീസ്, പ്രോട്ടീൻ ധാരാളമടങ്ങിയതാണ്. കൊഴുപ്പ് വളരെ കുറഞ്ഞ ഇത് പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതോടൊപ്പം പൈനാപ്പിളും കഴിക്കാം. വിറ്റമിൻ സി ധാരാളമടങ്ങിയ പൈനാപ്പിൾ, ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രതിരോധശക്തിയും വർധിപ്പിക്കുന്നു.
സെലറിയും പീനട്ട് ബട്ടറും
സെലറി, കലോറി വളരെ കുറഞ്ഞതും ജലാംശം ധാരാളം അടങ്ങിയതുമാണ്. പീനട്ട് ബട്ടർ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയതാണ്. രുചികരവും ആരോഗ്യകരവുമായ ഒരു ലഘുഭക്ഷണമാണ്.
പുഴുങ്ങിയ മുട്ട
പുഴുങ്ങിയ മുട്ടയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഇത് വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നു. പേശി വളർച്ചയ്ക്ക് സഹായിക്കുന്നു. വിറ്റമിൻ ഡി, കോളിൻ തുടങ്ങിയ പോഷകങ്ങൾ മുട്ടയിലുണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
പാകമാകാത്ത സോയാബീൻ
കലോറി വളരെ കുറഞ്ഞ ഒരു ഭക്ഷണമാണ് പാകമാകാത്ത ഇളം സോയാബീൻ (Edamame). ഇതിൽ ധാരാളം സസ്യാധിഷ്ഠിത പ്രോട്ടീൻ, നാരുകൾ, അമിനോആസിഡുകൾ ഇവയുണ്ട്. വിറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയായ ഇളം സോയാബീനിൽ ഇരുമ്പും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
ചെറി ടൊമാറ്റോ, മൊസറല്ല ബോൾസ്
ചെറിയ ഇനം തക്കാളിയാണ് ചെറി ടൊമാറ്റോ. ഇത് കലോറി വളരെ കുറഞ്ഞതും വിറ്റമിൻ എ, സി ഇവ ധാരാളം അടങ്ങിയതുമാണ്. ഇത് പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ചർമത്തിന് ആരോഗ്യമേകുന്നു. മൊസറല്ല ചീസ് ബോൾസിൽ ധാരാളം പ്രോട്ടീനും കാൽസ്യവും ഉണ്ട്. ഇത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്.