ഇത് നെഞ്ചെരിച്ചിലോ ഹൃദയാഘാതമോ? വ്യത്യാസം എങ്ങനെ തിരിച്ചറിയാം?
Mail This Article
പലരും ഹൃദയാഘാതത്തെ നെഞ്ചെരിച്ചിലായി തെറ്റിദ്ധരിക്കുന്നത് അവശ്യ സമയത്ത് ചികിത്സ ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. തിരിച്ച് നെഞ്ചെരിച്ചിലിനെ ഹൃദയാഘാതമായി തെറ്റിദ്ധരിച്ച് അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്നവരും നിരവധി.
നെഞ്ചിന് മധ്യഭാഗത്തായി സ്‌റ്റെര്‍ണം എന്ന എല്ലിന് പിന്നില്‍ വരുന്ന ഒരു എരിച്ചിലാണ് നെഞ്ചെരിച്ചില്‍. വയറില്‍ നിന്ന് അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച് കയറി വരുന്ന ആസിഡ് റീഫ്‌ളക്‌സ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതേ സമയം ഹൃദയത്തിലേക്കുള്ള രക്തവിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട് നിന്നു പോകുന്ന സാഹചര്യമാണ് ഹൃദയാഘാതം.
നെഞ്ചെരിച്ചില്‍ പലപ്പോഴും ഭക്ഷണം കഴിച്ച ശേഷമാണ് അനുഭവപ്പെടുന്നതെന്നും കിടക്കുമ്പോള്‍ ഇതിന് രൂക്ഷതയേറുമെന്നും കൊച്ചിയിലെ ഗ്യാസ്‌ട്രോ എന്ററോളജിസ്‌റ്റും ഐഎംഎ കേരള റിസര്‍ച്ച് സെല്‍ ചെയര്‍മാനുമായ ഡോ. രാജീവ് ജയദേവന്‍ ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അമിതമായ ഉമിനീരും കഴിച്ച ഭക്ഷണത്തിന്റെ അംശങ്ങള്‍ തിരിച്ച് തൊണ്ടയിലെത്തുന്ന സാഹചര്യവും ഇത് മൂലം ഉണ്ടാകാം. എന്നാല്‍ ഹൃദയാഘാതം കൂടുതല്‍ തീവ്രമായ വേദനയുണ്ടാക്കും. അമിതമായ വിയര്‍പ്പും ഛര്‍ദ്ദിയും ഇത് മൂലം ഉണ്ടാകാം.
ഹൃദയാഘാത സമയത്തെ വേദന കഴുത്തിലേക്കും തോളിലേക്കും കൈകളിലേക്കും പടരാമെന്നും ഡോ. രാജീവ് ചൂണ്ടിക്കാട്ടി. പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരില്‍ ഹൃദയാഘാത സാധ്യത അധികമാണ്.
ജീവിതശൈലി മാറ്റങ്ങള്‍ ആസിഡ് റീഫ്‌ളക്‌സ് കുറയ്‌ക്കാന്‍ സഹായിക്കും. സമയം തെറ്റിയ ഭക്ഷണം കഴിപ്പ്, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവയും ആസിഡ് റീഫ്‌ളക്‌സിലേക്ക് നയിക്കാം. സന്തുലിത ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ് റീഫ്‌ളക്‌സ് കുറയ്‌ക്കും.