48 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞെടുത്ത് മലയാളിയുടെ കരങ്ങൾ; പ്രവാസികൾക്ക് സന്തോഷം പകർന്ന് വീണ്ടും ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്

Mail This Article
അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ കോടികളുടെ സമ്മാനം ബംഗ്ലാദേശ് സ്വദേശിക്കും സുഹൃത്തുക്കൾക്കും. ദുബായിൽ കപ്പൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ജഹാംഗീർ ആലത്തി(44)നും 14 സുഹൃത്തുക്കൾക്കുമാണ് 48 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു.
ഫെബ്രുവരി 11ന് എടുത്ത 134468 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന ജഹാംഗീർ ആലം കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.
സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വരുമ്പോൾ താൻ പ്രാർഥനയിലായിരുന്നുവെന്ന് ജഹാംഗീർ പറഞ്ഞു. പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സുഹൃത്തുക്കൾ സന്തോഷവാർത്തയുമായി കാത്തിരിക്കുകയായിരുന്നു. ഈ സമ്മാനം തനിക്ക് മാത്രമല്ല, കൂടെയുള്ള 14 പേർക്ക് കൂടിയുള്ളതാണെന്നതാണ് ഏറ്റവും സന്തോഷം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ 20 ദശലക്ഷം ദിർഹത്തിന്റെ സമ്മാനം നേടിയ കോഴിക്കോട് സ്വദേശി ആഷിഖ് പടിഞ്ഞാറത്തിന്റെ സാന്നിധ്യമായിരുന്നു ഇന്നലെ നടന്ന നറുക്കെടുപ്പിന്റെ പ്രധാന ആകർഷണം. അദ്ദേഹം തന്നെയാണ് വിജയിയെ തിരഞ്ഞെടുത്ത ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഉപയോഗിച്ച് സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ ബിസിനസ് ആരംഭിക്കാനാണ് ജഹാംഗീറിന്റെ ആഗ്രഹം. ഇദ്ദേഹത്തിന്റെ കുടുംബം ബംഗ്ലാദേശിലാണ്.