ADVERTISEMENT

എത്ര വൃത്തിയാക്കിയിട്ട വീട്ടിലും നുഴഞ്ഞുകയറി സമാധാനം കളയാൻ ഒരുപറ്റം പാറ്റകൾ മാത്രം മതി. പാറ്റകൾ കയറിയിറങ്ങിയ പാത്രങ്ങളും വീട്ടുസാധനങ്ങളും ഉപയോഗിക്കുന്നതിലൂടെ പലവിധ രോഗങ്ങളും പിടിമുറുക്കും. ശ്രദ്ധിക്കപ്പെടാത്ത പലയിടങ്ങളിലും മറഞ്ഞിരിക്കുന്നതുകൊണ്ട് പാറ്റകളെ തുരത്തുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. പാറ്റകൾ വീട്ടിൽ കയറി കൂടുന്നില്ലെന്നും അഥവാ ഏതെങ്കിലും തരത്തിൽ വീട്ടിൽ ഇടംപിടിച്ചവയെ തുരത്താനും ചില മാർഗങ്ങൾ നോക്കാം.

* പതിവ് വൃത്തിയാക്കലിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ പാറ്റകളെ തടയാനാവും. അടുക്കള, ബാത്റൂം ബുക് ഷെൽഫുകൾ എന്നിവിടങ്ങൾ അടുക്കി ഒതുക്കി വയ്ക്കാൻ ശ്രദ്ധിക്കുക. മാലിന്യങ്ങൾ വീടിനുള്ളിൽ സൂക്ഷിക്കരുത്. രാത്രികാലങ്ങളിൽ കഴുകാത്ത പാത്രങ്ങൾ സിങ്കിനുള്ളിൽ കൂട്ടിയിടരുത്.

* പാറ്റകൾ പതിവായി ഇടം പിടിക്കുന്ന സ്ഥലങ്ങളിൽ രൂക്ഷഗന്ധമുള്ള ലോഷനുകൾ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ഭക്ഷണം തേടിയെത്തുന്ന പാറ്റകൾ ഈ ഗന്ധം സഹിക്കാനാവാതെ അകന്നുനിൽക്കും. 

* നനവും ഈർപ്പവും പരമാവധി ഒഴിവാക്കുക എന്നതാണ് മറ്റൊരു മാർഗം. ഉറങ്ങാൻ പോകുന്നതിനു മുൻപായി അടുക്കളയിൽ പാത്രങ്ങൾ വയ്ക്കുന്ന ഭാഗവും കൗണ്ടർ ടോപ്പും സിങ്കും എല്ലാം പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. തറ തുടച്ചു വൃത്തിയാക്കിയ ശേഷവും നനവോ ഈർപ്പമോ ഒരു മൂലയിലും അവശേഷിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം.

364133954
Representative shutterstock image

* ചെറു ചൂടുവെള്ളത്തിൽ അൽപം വെളുത്ത വിനാഗിരി കലർത്തി ലായനി തയാറാക്കാം. അടുക്കളയിലെ കൗണ്ടർടോപ്പുകളും മറ്റും ഈ മിശ്രിതം ഉപയോഗിച്ച് തുടയ്ക്കുക. സിങ്കിലെ ഡ്രെയിനിലും ഇത് ഒഴിച്ചു കൊടുക്കാം. ഡ്രെയിനിന്റെ ഉൾഭാഗം അണുവിമുക്തമാവുകയും പാറ്റ ശല്യം ഒഴിവാക്കുകയും ചെയ്യാൻ ഇത് സഹായിക്കും.

* ഒരു നാരങ്ങയുടെ നീര്, രണ്ടു ടേബിൾ സ്പൂൺ ബേക്കിങ് സോഡ എന്നിവ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ കലർത്തി സിങ്കിന്റെ അടിഭാഗവും മുക്കും മൂലയും തുടക്കാൻ ഉപയോഗിക്കാം. സിങ്കിലെയും ബാത്റൂമിലെയും ഡ്രെയിനിനുള്ളിലും ഈ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്.  ഇത്തരം ശ്രദ്ധയെത്താത്ത ഇടുങ്ങിയ ഇടങ്ങളിൽ പാറ്റകൾ കടന്നുകൂടുന്നില്ലെന്ന് ഇതിലൂടെ ഉറപ്പുവരുത്താം. ഇതിനുപുറമേ മൂലകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും നാരങ്ങാനീര് നേരിട്ട് സ്പ്രേ ചെയ്യുന്നതും ഗുണം ചെയ്യും.

* കർപ്പൂരതുളസി, യൂക്കാലി, ലാവണ്ടർ , ടീ ട്രീ തുടങ്ങിയ ആവശ്യ എണ്ണകളും പാറ്റകളെ തുരത്താൻ ഫലപ്രദമാണ്. ഒരു സ്പ്രേ ബോട്ടിലിൽ വെള്ളം എടുത്ത് ഇവയിൽ ഏതെങ്കിലും ഒരു അവശ്യ എണ്ണയുടെ ഏതാനും തുള്ളികൾ കലർത്തി മിശ്രിതം തയ്യാറാക്കാം. അടുക്കളയിലും വേസ്റ്റ് ബിന്നിന് അരികിലും ഒക്കെ ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. പതിവായി ഇങ്ങനെ ചെയ്യുന്നത് പാറ്റകളെ തുരത്താൻ സഹായിക്കും.

* കുരുമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒരുമിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇവയിൽ നിന്നും അൽപാൽപമായി എടുത്ത് സിങ്കിലും അടുക്കള ഉപകരണങ്ങളുടെ പിന്നിലും മൂലകളിലും തേച്ചുവയ്ക്കാം. അല്ലെങ്കിൽ ഇവയെല്ലാം വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഈ വെള്ളം സ്പ്രേ ബോട്ടിലിൽ നിറച്ച് പാറ്റകൾ കൂടുതലായുള്ള ഭാഗത്ത് സ്പ്രേ ചെയ്തു കൊടുത്താലും മതിയാകും.

* പാറ്റകളെ നേരിടാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് ബോറിക് ആസിഡിന്റെ ഉപയോഗം. ബോറിക് ആസിഡ് വീടിനു ചുറ്റും തളിച്ചു കൊടുക്കാം.  ബോറിക് ആസിഡ് പൗഡർ ചെറിയ അളവിൽ മൂലകളിൽ വിതറുകയും ചെയ്യാം. ഈ സ്ഥലങ്ങളിലേക്ക് പിന്നീട് പാറ്റകൾ വരില്ല. നിലവിൽ കടന്നുകൂടിയ പാറ്റകളെ ഒഴിവാക്കാനായി കുറച്ച് ബോറിക് ആസിഡും പഞ്ചസാരയും ഒരുമിച്ച് കലർത്തി പാറ്റകൾ മുട്ടയിടുന്ന സ്ഥലങ്ങളിൽ വിതറണം. പഞ്ചസാര പ്രാണികളെയും പാറ്റകളെയും ആകർഷിച്ചു വരുത്തുകയും ബോറിക് ആസിഡ് ഉടനടി അവയെ കൊല്ലുകയും ചെയ്യും. എന്നാൽ കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ പരമാവധി സൂക്ഷിച്ചു വേണം ബോറിക് ആസിഡ് ഉപയോഗിക്കാൻ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com