ADVERTISEMENT

കൈകാലുകളിലെ നഖങ്ങള്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ച്‌ പല സൂചനകളും നല്‍കാറുണ്ട്‌. ഉദാഹരണത്തിന്‌ നഖത്തിന്റെ താഴ്‌ ഭാഗത്ത്‌ വിരലിനോട്‌ ചേര്‍ന്ന്‌ പുറമേ കാണുന്ന നേര്‍ത്ത ചര്‍മ്മമായ ക്യൂട്ടിക്കിളില്‍ വരുന്ന ചുവപ്പും തടിപ്പും ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ലൂപ്പസിന്റെ ലക്ഷണമാണ്‌. 

നഖം നോക്കി കണ്ട്‌ പിടിക്കാവുന്ന മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്‌. 
1. മങ്ങിയതും വെളുത്തതുമായ നഖങ്ങള്‍
മങ്ങിയതും വെളുത്തതുമായ നഖങ്ങള്‍ ഹീമോഗ്ലോബിന്‍ കുറവിനെ തുടര്‍ന്നുണ്ടാകുന്ന വിളര്‍ച്ചയുടെ സൂചന നല്‍കുന്നു. ചുവന്ന രക്ത കോശങ്ങളുടെ അഭാവം മൂലം ഓക്‌സിജന്‍ ആവശ്യത്തിന്‌ നഖത്തില്‍ എത്താത്തത്‌ മൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. പോഷണമില്ലായ്‌മ, കരള്‍ രോഗം, ഹൃദയ സ്‌തംഭനം എന്നിവയുടെ സൂചനയായും നഖത്തിന്റെ മങ്ങലിനെ കണക്കാക്കാം. 

2. മഞ്ഞ നഖം
ഫംഗല്‍ അണുബാധകളുടെ ലക്ഷണമാണ്‌ മഞ്ഞ നിറത്തിലുള്ള നഖം. അണുബാധ വര്‍ധിക്കുന്നതോടെ നഖങ്ങള്‍ കട്ടിയാകാനും പൊടിയാനും ഉള്ളിലേക്ക്‌ വലിയാനും തുടങ്ങും. തൈറോയ്‌ഡ്‌ രോഗം, പ്രമേഹം, ശ്വാസകോശ രോഗം, സോറിയാസിസ്‌ എന്നിവ മൂലവും മഞ്ഞ നഖങ്ങള്‍ പ്രത്യക്ഷമാകാറുണ്ട്‌. 

3. നീല നഖം
നീല, പര്‍പ്പിള്‍ നിറത്തിലെ നഖങ്ങള്‍ ശരീരത്തിന്‌ ആവശ്യത്തിന്‌ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന മുന്നറിയിപ്പ്‌ നല്‍കുന്നു. ക്രോണിക്‌ ഒബ്‌സ്‌ട്രക്ടീവ്‌ പള്‍മനറി രോഗം, രക്തചംക്രമണത്തെ ബാധിക്കുന്ന ഹൃദ്രോഗം എന്നിവയും നീല നഖത്തിന്‌ പിന്നിലുണ്ടാകാം. തണുത്ത കാലാവസ്ഥയോടുള്ള പ്രതികരണമായി താത്‌ക്കാലികമായി നീല നഖം ചിലരില്‍ വരാറുണ്ട്‌. 

Representative Image∙ Credit:PeopleImages/ Istock
Representative Image∙ Credit:PeopleImages/ Istock

4. സ്‌പൂണ്‍ രൂപത്തിലുള്ള നഖം
ഒരു സ്‌പൂണ്‍ പോലെ മുകളിലേക്ക്‌ വളയുന്ന നഖം ഒന്നുകില്‍ അയണ്‍ അഭാവത്തെ തുടര്‍ന്നുള്ള വിളര്‍ച്ചയെയോ അമിതമായ അയണ്‍ ആഗീരണത്തെ തുടര്‍ന്നുള്ള ഹെമോക്രോമറ്റോസിസിനെയോ കുറിക്കുന്നു. ഹൈപോതൈറോയ്‌ഡിസം, ഹൃദ്രോഗം എന്നിവയും ഈയവസ്ഥ ഉണ്ടാക്കാം. 

5. ക്ലബിങ്‌
ഒരു സ്‌പൂണ്‍ കമഴ്ത്തി വച്ച രൂപത്തില്‍ നഖങ്ങള്‍ക്ക്‌ വീതി കൂടി വീര്‍ത്തിരിക്കുന്ന സാഹചര്യമാണ്‌ ക്ലബിങ്‌. ശ്വാസകോശ അര്‍ബുദം, പള്‍മനറി ഫൈബ്രോസിസ്‌, സിസ്‌റ്റിക്‌ ഫൈബ്രോസിസ്‌, ഹൃദ്രോഗം എന്നിവയുടെ സൂചനയാണ്‌ നെയില്‍ ക്ലബിങ്‌. 

6. കുഴികള്‍
നഖത്തിന്‌ മുകളില്‍ ചെറു കുഴികള്‍ പ്രത്യക്ഷമാകുന്ന അവസ്ഥയാണ്‌ പിറ്റിങ്‌. ചര്‍മ്മ രോഗങ്ങളായ സോറിയാസിസ്‌, എക്‌സിമ, മുടികൊഴിച്ചിലിന്‌ കാരണമാകാറുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ അലോപേഷ്യ അറിയേറ്റ, റിയാക്ടീവ്‌ ആര്‍ത്രൈറ്റിസ്‌ എന്നിവ മൂലം ഇത്തരം കുഴികള്‍ രൂപപ്പെടാം. 

7. നീളത്തിലുള്ള വരമ്പുകള്‍
നഖത്തിന്റെ ക്യൂട്ടിക്കിള്‍ മുതല്‍ അഗ്രം വരെ വരുന്ന നീളത്തിലുള്ള വരമ്പുകള്‍ പ്രായമാകുമ്പോള്‍ സാധാരണ പ്രത്യക്ഷപ്പെടുന്നതാണ്‌. എന്നാല്‍ ഇതിനൊപ്പം നഖത്തിന്റെ നിറത്തിലും തരത്തിലും മാറ്റം വന്നാല്‍ അത്‌ അയണ്‍, വൈറ്റമിന്‍ ബി12 എന്നിവയുടെ അഭാവത്തെ കുറിക്കുന്നു. ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ്‌, ലിച്ചന്‍ പ്ലാനസ്‌ എന്ന ചര്‍മ്മ രോഗം എന്നിവയുടെയും ലക്ഷണമാണ്‌ നീളത്തിലുള്ള വരമ്പുകള്‍. 

8. ബൂസ്‌ ലൈന്‍സ്‌
നഖത്തില്‍ തിരശ്ചീനമായി വരുന്ന വരകളാണ്‌ ബൂസ്‌ ലൈന്‍സ്‌. ഏതെങ്കിലും അസുഖം മൂലം നഖ വളര്‍ച്ചയില്‍ ഉണ്ടാകുന്ന തടസ്സത്തെ ഈ വരകള്‍ സൂചിപ്പിക്കുന്നു. ന്യൂമോണിയ, ഉയര്‍ന്ന പനി, അനിയന്ത്രിതമായ പ്രമേഹം എന്നിവയുടെ ലക്ഷണമായും ബൂസ്‌ ലൈന്‍സ്‌ പ്രത്യക്ഷപ്പെടാറുണ്ട്‌. കീമോതെറാപ്പി കഴിഞ്ഞവര്‍ക്കും ഇത്തരം വരകള്‍ നഖത്തില്‍ വരാം. 

English Summary:

What Your Nails Reveal About Your Health: 8 Warning Signs You Shouldn't Ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com