ADVERTISEMENT

''കഷ്ടപ്പാടാണ്, പക്ഷേ എനിക്ക് മുന്നോട്ട് പോകാൻ കാരണങ്ങളുണ്ട്'' എന്ന് നിറകണ്ണുകളോടെ അമ്മയെയും അച്ഛനെയും ചേർത്ത് പിടിച്ച് ഒരു മനുഷ്യൻ പറയുമ്പോൾ കാണുന്നവന്റെ നെഞ്ചും ഒന്ന് പിടയും. ഇതൊരു കണ്ണീർ കഥയല്ല. പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടയാളമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ മിസ്റ്റർ കോട്ടയം എന്ന പട്ടം നേടിയെടുത്ത വിജയഗാഥ.

17–ാം വയസ്സിലാണ് സുനിൽ ബാലൻ എന്ന കോട്ടയം സ്വദേശി ആദ്യമായി ബോഡിബിൽഡിങ്ങിൽ താൽപര്യം കാണിക്കുന്നത്. അന്ന് ഏതൊരു കൗമാരക്കാരനുമുള്ള ആവേശവും കൗതുകവുമൊക്കെയേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഭാവിയിൽ തന്റെ തലവര മാറ്റാൻ പോകുന്ന മേഖലയിലേക്കാണ് കാലെടുത്തു വയ്ക്കുന്നതെന്ന് ആ കൊച്ചു പയ്യൻ കരുതിയിരുന്നില്ല.

sunil-balan-1

കുമ്മനത്തെ വാടകവീട്ടിൽ അച്ഛൻ ധനബാലനും, അമ്മ വിജയമ്മയ്ക്കും, സഹോദരങ്ങളായ സുജിത്തിനും സ്മിതയ്ക്കുമൊപ്പമാണ് സുനിൽ വളർന്നത്. പ്ലസ്ടു കഴിഞ്ഞിരിക്കുമ്പോഴാണ് ആദ്യമായി ജിമ്മിലെത്തുന്നത്. തുടർപഠനം ഹോട്ടൽ മാനേജ്മെന്റിൽ ആയിരുന്നെങ്കിലും മനസ്സിൽ ജിമ്മും അവിടുത്തെ അന്തരീക്ഷവും ആഴത്തിൽ പതിഞ്ഞിരുന്നു. ഒരു ജിം ട്രെയ്നർ ആകണമെന്ന ആഗ്രഹവും മനസ്സിൽ നിറഞ്ഞു. പഠനം കഴിഞ്ഞ് എറണാകുളത്തായിരുന്നു ജോലി ചെയ്തത്. അന്നത്തെ സാഹചര്യത്തിൽ ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്യുന്നതിനിടയിൽ ആഗ്രഹിച്ച പോലെ ജിമ്മിൽ പോകാനൊന്നും കഴിഞ്ഞിരുന്നില്ല. പിന്നീട് ഹോട്ടൽ മാനേജ്മെന്റ് മേഖല വിട്ട് കാർ വാഷിങ്, കാർ പോളിഷിങ് തുടങ്ങിയ ജോലിയിലേക്ക് തിരിഞ്ഞു. അതോെട എന്നും വൈകിട്ട് ജിമ്മിൽ പോകാൻ സമയം കിട്ടും, ഫീസ് കൊടുക്കാനുള്ള കാശും കയ്യിൽ വരും. അതായിരുന്നു സുനിലിന്റെ സമാധാനം.

വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം ജിമ്മിൽ പോകണമെന്നും മുടക്കമില്ലാതെ ഫീസ് കൊടുക്കാൻ കഴിയണമെന്നുമേ സുനിൽ ആഗ്രഹിച്ചിരുന്നുള്ളു. സ്വന്തമായി ഒരു മെഷീൻ വാങ്ങി വീടുകളിലും മറ്റും പോയി കാർ പോളിഷ് ചെയ്യാനും തുടങ്ങി. അങ്ങനെ പലയിടത്തും അലഞ്ഞ്, കഷ്ടപ്പെട്ട് പണിയെടുത്ത വരുമാനം കൊണ്ടും പലിശയ്ക്കെടുത്ത കാശും കൊണ്ടാണ് സുനിൽ ബാലൻ തന്റെ ജീവിതത്തിലെ ആദ്യത്തെ ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുക്കുന്നത്. അങ്ങനെ വർഷങ്ങളോളം കാറുകൾ തേച്ചുമിനുക്കിയ കാശ് ചേർത്താണ് വീട്ടുചെലവ് നോക്കിയതും ജിം പരിശീലകനാകാനുള്ള പഠനം നടത്തിയതും. 

സുനിൽ ബാലൻ
സുനിൽ ബാലൻ

ക്ഷമ വേണം
ചെറുപ്രായത്തിൽ തന്നെ ബോഡി ബിൽഡിങ്ങിൽ മോഹങ്ങളുണ്ടായിരുന്ന സുനിൽ ജിമ്മിൽ ചേർന്ന് രണ്ട് വർഷത്തോളം തുടർച്ചയായി അധ്വാനിച്ച ശേഷമാണ് ആഗ്രഹിച്ച രീതിയിലേക്ക് ശരീരം മാറിത്തുടങ്ങിയത്. പുതുതായി ഈ മേഖലയിലേക്ക് വരുന്നവരോടും സുനിലിന് പറയാനുള്ളത് ഇതുതന്നെ, '' ഒന്നോ രണ്ടോ ദിവസം കൊണ്ട് നിങ്ങളുടെ ശരീരം മാറാൻ പോകുന്നില്ല. മാസങ്ങളും ഒരുപക്ഷേ വർഷങ്ങളും എടുത്തേക്കാം. പക്ഷേ പിന്തിരിയരുതെന്ന് മാത്രം.'' തന്റെ ഗുരുക്കന്മാരും നല്ല സുഹൃത്തുക്കളും ഒരുപാട് കൂടെ നിന്നുവെന്നും അവർ മുന്നോട്ട് നയിച്ചുവെന്നും സുനിൽ പറയുന്നു. മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ പ്രേരിപ്പിച്ചതും ഇതേ മനുഷ്യർ തന്നെയായിരുന്നു. ചെറിയ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയെങ്കിലും കുറച്ചുകൂടി വലിയ വിജയങ്ങൾ വേണമെന്ന് സുനിൽ തീവ്രമായി ആഗ്രഹിച്ചു. ജോലി കഴിഞ്ഞ് ക്ഷീണിച്ച് കിടക്കുമ്പോഴും ആ സ്വപ്നം സുനിലിന്റെ ഉറക്കം കെടുത്തി. 

sunil-balan-mr-kottayam

കഷ്ടപ്പാടിലും പുറകോട്ടു പോകാതെ കോച്ചുമാരുടെ കൃത്യമായ നേതൃത്വത്തിലാണ് സുനിൽ തയാറെടുത്തത്. ഏറെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ ആ 17കാരന്റെ ആഗ്രഹം സഫലമായി.  2017, 2018 വർഷങ്ങളിൽ മിസ്റ്റർ കോട്ടയം സിൽവർ മെഡലിസ്റ്റായിരുന്ന സുനിൽ ബാലൻ 2020ൽ മിസ്റ്റർ കോട്ടയം ടൈറ്റിൽ വിന്നറായി. 2024ൽ സീനിയർ കാറ്റഗറിയിൽ വെള്ളി നേടുകയും മിസ്റ്റർ കേരള മത്സരത്തിൽ യോഗ്യത നേടുകയും ചെയ്തു. ഇന്ന് ഒരുപാട് പേരെ പരിശീലിപ്പിക്കുന്ന ജിം ട്രെയിനറാണ് സുനിൽ ബാലൻ. 

അച്ഛനും അമ്മയുമാണ് എന്റെ നട്ടെല്ല്
മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഭക്ഷണരീതി വളരെ പ്രധാനമാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും പ്രായത്തിന്റെ അവശതകളും ഏറെയുണ്ടെങ്കിലും അച്ഛനും അമ്മയും സുനിലിന്റെ സ്വപ്നം സഫലമാകാൻ ഒപ്പമുണ്ടായിരുന്നു. മത്സരത്തിനു വേണ്ടി തയാറെടുക്കുന്നതിനിടയിലും സുനിലിന് ജോലിക്കു പോകണം. പുലർച്ചെ എഴുന്നേറ്റ് മകനുള്ള ഭക്ഷണം തയാറാക്കി ബാഗിൽ വയ്ക്കും വരെയും അച്ഛനുമമ്മയും ഓട്ടത്തിലാണ്. മോന്റെ സന്തോഷം തന്നെയാണ് തങ്ങളുടെ സന്തോഷമെന്നാണ് ഇവർ പറയുന്നത്. ''ഇവൻ അരിയാഹാരം കഴിക്കത്തേ ഇല്ല, ഞാൻ മുട്ടയും ചിക്കനും ചീനിക്കിഴങ്ങും പുഴുങ്ങി മടുത്തു''വെന്നാണ് ചിരിച്ചുകൊണ്ടുള്ള അമ്മയുടെ പരിഭവം.

sunil
സുനിൽ ബാലൻ അച്ഛനും അമ്മയ്ക്കുമൊപ്പം

ഡയറ്റ് പ്രധാനം, ചിട്ട വേണം
ഭക്ഷണകാര്യത്തിൽ സാധാരണ ഒരു ഡയറ്റ് ചെയ്യുന്ന വ്യക്തിയും ബോഡി ബിൽഡിങ്ങിനു വേണ്ടി ഡയറ്റ് ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു വർഷത്തോളം മത്സരത്തിനു വേണ്ടി തയാറെടുക്കേണ്ടി വരും. അത്രയും നാളും ഇതേ ഭക്ഷണരീതി തുടരണം. 30 മുട്ടയുടെ വെള്ള. ചിക്കൻ ബ്രെസ്റ്റ്, പച്ചക്കറി, വൈറ്റമിൻ തുടങ്ങിയവ എന്നും കഴിക്കണം. ചെലവ് കൂടുതലാണ്. എല്ലാവർക്കും അതിന് കഴിയണമെന്നില്ല. എന്നിരുന്നാലും ആഗ്രഹം വലുതാണെങ്കിൽ മുന്നോട്ട് പോകാൻ തീർച്ചയായും പറ്റും. ഡയറ്റും വർക്ഔട്ടും ബുദ്ധിമുട്ടു തന്നെയാണ്. പലപ്പോഴും പല കാര്യങ്ങളും ഒഴിവാക്കേണ്ടി വരും. ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകാൻ പറ്റില്ല, സിനിമയ്ക്കു പോകാനും അടിച്ചുപൊളിക്കാനും എപ്പോഴും കഴിഞ്ഞെന്നു വരില്ല. പക്ഷേ ലക്ഷ്യബോധമുണ്ടെങ്കിൽ, ദൃഢനിശ്ചയമുണ്ടെങ്കിൽ പിന്നൊന്നും നോക്കാനില്ല. തന്റെ ജീവിതം തന്നെയാണ് ഉദാഹരണമായി സുനിൽ മുന്നിലേക്ക് വയ്ക്കുന്നതും. അധ്വാനിക്കാനുള്ള മനസ്സും ചിട്ടയായ ജീവിതരീതിയുമാണ് സുനിലിനെ ഇവിടെ എത്തിച്ചത്. 

കഞ്ഞിക്കുഴി ക്രോസ്ഫിറ്റ് ഫിറ്റ്നസ്സ് ജിമ്മിലെ ഫിറ്റ്നസ്സ് ട്രെയിനറാണ് സുനിൽ. 2025 മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ മത്സരങ്ങളിലേക്കുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. പലരെയും പരിശീലിപ്പിക്കുന്നതിനിടയിൽ സ്വന്തം ശരീരം നോക്കാനും കൃത്യമായി ഡയറ്റ് പിന്തുടരാനും അത്ര എളുപ്പമല്ല. എന്നാൽ എത്ര ബുദ്ധമുട്ടിയാലും ആ കാര്യത്തിൽ താൻ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ജോലി ആസ്വദിക്കുന്നുണ്ടെന്നും സുനിൽ പറയുന്നു. ഇങ്ങനെ പരിശീലിപ്പിക്കുകയും ഒപ്പം പരിശീലിക്കുകയും ചെയ്യുമ്പോൾ രണ്ടു കൂട്ടർക്കും ഫലമുണ്ടാകുന്നുണ്ടെന്ന് ഉറപ്പാണ്. ഭാവിയിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു കോച്ച് ആകാനാണ് സുനിലിന്റെ ആഗ്രഹം. കഠിനാധ്വാനത്തിനൊപ്പം അച്ഛനും അമ്മയും പ്രിയപ്പെട്ടവരും സുനിലിന്റെ കരുത്താണ്. സ്വപ്നത്തിനെ യാഥാർഥ്യമാക്കാൻ സുനിലിന് അത് മതി.

English Summary:

He Polished Cars to Fuel His Dreams: Meet Mr. Kottayam, Sunil Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com