ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

"ആദ്യമൊക്കെ നല്ല രീതിയില്‍ ഭാരം കുറഞ്ഞു കൊണ്ടിരുന്നതാ. പക്ഷേ, പിന്നെയൊരു ഘട്ടം വന്നപ്പോള്‍ എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നേയില്ല. ഭാരം കുറയാതെ വന്നപ്പോള്‍ ആ ഒരു പ്രചോദനം നഷ്ടപ്പെട്ടു." ശരീരഭാരം കുറയ്‌ക്കാനായി വര്‍ക്ക്‌ഔട്ടും ജിം സന്ദര്‍ശനവുമൊക്കെ ആരംഭിച്ചവരില്‍ പലരും നേരിട്ട ഒരു പ്രതിസന്ധിയാണ്‌ ഇത്‌. ഒരു ഘട്ടം കഴിഞ്ഞാല്‍ എത്ര ശ്രമിച്ചാലും ഭാരം കുറയാത്ത ഈ സ്ഥിതിക്ക്‌ ഇംഗ്ലീഷില്‍ വെയ്‌റ്റ്‌‌ലോസ്‌ പ്ലാറ്റോ എന്ന്‌ പറയും. 

വര്‍ക്‌ഔട്ടും ഡയറ്റുമൊക്കെ ചെയ്‌തിട്ടും തുടര്‍ച്ചയായി മൂന്ന്‌ ആഴ്‌ചത്തേക്ക്‌ ഭാരത്തില്‍ കുറവൊന്നും കാണപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ വെയ്‌റ്റ്‌-ലോസ്‌ പ്ലാറ്റോ ഘട്ടത്തില്‍ എത്തിയതായി കണക്കാക്കാം. 30കളിലുള്ള സ്‌ത്രീകള്‍ക്ക്‌ വെയ്‌റ്റ്‌‌ലോസ്‌ പ്ലാറ്റോ ഉണ്ടാകാനുള്ള സാധ്യതകള്‍ അധികമാണ്‌. 

എന്താണ്‌ ഇതിന്‌ പിന്നില്‍ ?
കാലറി കുറഞ്ഞ നിങ്ങളുടെ പുതിയ ഭക്ഷണക്രമവും വര്‍ധിച്ച ശാരീരിക പ്രവര്‍ത്തനങ്ങളുമായി ശരീരം താദാത്മ്യം പ്രാപിക്കുന്നതുമാണ്‌ വെയ്‌റ്റ്‌‌ലോസ്‌ പ്ലാറ്റോയുടെ മുഖ്യ കാരണം. ഇത്‌ കുറഞ്ഞ ചയാപചയനിരക്കിനും കുറഞ്ഞ കാലറി കത്തലിനും കാരണമാകും. ഹോര്‍മോണും നിര്‍ണ്ണായക പങ്ക്‌ വഹിക്കാമെന്ന്‌ ഫിറ്റ്‌നസ്‌ വിദഗ്‌ധന്‍ കുശല്‍ പാല്‍ സിങ്‌ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഭാരം വേഗത്തില്‍ കുറയ്‌ക്കാന്‍ ശ്രമിക്കുന്നവരില്‍ വിശപ്പ്‌ ഉണ്ടാക്കുന്ന ഗ്രെലിന്‍ ഹോര്‍മോണ്‍ ഉയര്‍ന്ന തോതില്‍ ഉത്‌പാദിപ്പിക്കപ്പെടും. പെട്ടെന്നുള്ള ഭാരക്കുറവും തീവ്ര വ്യായാമങ്ങളും കോര്‍ട്ടിസോളിനെ ബാധിക്കുന്നത്‌ ക്ഷീണത്തിനും കൊഴുപ്പിന്റെ ശരീരത്തിലെ ശേഖരണത്തിനും ഇടയാക്കും. കുറഞ്ഞ കലോറിയും വര്‍ധിച്ച ശാരീരിക പ്രവര്‍ത്തനങ്ങളുമൊക്കെ കണ്ട്‌ നിങ്ങളൊരു പ്രതിസന്ധി ഘട്ടത്തിലാണെന്ന്‌ കരുതുന്ന ശരീരം കൊഴുപ്പ്‌ ശേഖരിച്ച്‌ വയ്‌ക്കാന്‍ ആരംഭിക്കും. 

Representative Image. Photo Credit : Skynesher / iStockPhoto.com
Representative Image. Photo Credit : Skynesher / iStockPhoto.com

ഊര്‍ജ്ജത്തില്‍ ഉണ്ടാകുന്ന കുറവ്‌ ലെപ്‌റ്റിന്‍, ഇന്‍സുലിന്‍, ടെസ്റ്റോസ്‌റ്റെറോണ്‍, തൈറോഡ്‌ എന്നിവയുടെ തോതും കുറയ്‌ക്കും. കൊഴുപ്പ്‌ കത്തിക്കാന്‍ സഹായിക്കുന്ന ഈ ഹോര്‍മോണുകളുടെ കുറവും വെയ്‌റ്റ്‌-ലോസ്‌ പ്ലാറ്റോയിലേക്ക്‌ നയിക്കാം. ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ കൊഴുപ്പിന്‌ പകരം ശരീരത്തിലെ ലീന്‍ മസില്‍ മാസ്‌ കുറയുന്നതും കൊഴുപ്പിന്റെ തോത്‌ താഴാതിരിക്കാന്‍ കാരണമാകാം. 

വെയ്‌റ്റ്‌-ലോസ്‌ പ്ലാറ്റോ ഉയര്‍ത്തുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കുമെന്ന്‌ കുശ്‌ പാല്‍ സിങ്ങ്‌ ചൂണ്ടിക്കാട്ടുന്നു. 

1. കാലറി കഴിക്കുന്നതിനെ പുനര്‍നിര്‍ണ്ണയിക്കുക
ഭാരം കുറയുമ്പോള്‍ മുന്‍പത്തേതിനേക്കാള്‍ കുറഞ്ഞ കാലറി മാത്രമേ ശരീരത്തിന്‌ ആവശ്യമുണ്ടാകുകയുള്ളൂ. ഇതിനാല്‍ കാലറിയുടെ അളവ്‌ പുനര്‍നിര്‍ണ്ണയിച്ച്‌ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താം

2. പുതിയ വ്യായാമങ്ങള്‍ ആരംഭിക്കാം
പുതിയ തരം വ്യായാമമുറകള്‍ ആരംഭിക്കുന്നതും വെയ്‌റ്റ്‌-ലോസ്‌ പ്ലാറ്റോയെ മറികടക്കാന്‍ സഹായിക്കും. പേശികള്‍ വളര്‍ത്താന്‍ സഹായിക്കുന്ന സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്ങിനും പ്രധാന്യം നല്‍കാം. സ്‌ക്വാട്ട്‌, ഡെഡ്‌ലിഫ്‌റ്റ്‌, ബെഞ്ച്‌ പ്രസ്‌ പോലുള്ള വ്യായാമങ്ങള്‍ സഹായകമാണ്‌. 

3. ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയ്‌നിങ്‌
അതിതീവ്രമായ വ്യായാമവും വിശ്രമവും ഇടകലരുന്ന ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയ്‌നിങ്ങും സഹായകമാണ്‌. കാലറി കൂടുതല്‍ വേഗത്തില്‍ കത്താനും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാനും ഇത്‌ സഹായിക്കാം.

4. കാര്‍ഡിയോ വ്യായാമത്തില്‍ വൈവിധ്യം
നീന്തല്‍, സൈക്ലിങ്‌ എന്നിങ്ങനെ കാര്‍ഡിയോ വ്യായാമങ്ങളില്‍ തന്നെ വൈവിധ്യങ്ങള്‍ പരീക്ഷിക്കുക. 

വ്യായാമത്തിലെ മാറ്റങ്ങള്‍ ഒരു ഫിറ്റ്‌നസ്‌ ട്രെയ്‌നറുടെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. വര്‍ക്ക്‌ ഔട്ടിലെ തീവ്രതയില്‍ വരുന്ന വ്യത്യാസങ്ങളോട്‌ ശരീരം എങ്ങനെയാണ്‌ പ്രതികരിക്കുന്നതെന്ന്‌ പറയാന്‍ സാധിക്കില്ല. നിങ്ങളുടെ ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇക്കാര്യത്തില്‍ തേടേണ്ടത്‌ അത്യാവശ്യമാണ്‌.

നിത്യവും വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നവര്‍ ആവശ്യത്തിന്‌ വെള്ളം കുടിക്കാനും കുറഞ്ഞത്‌ ഏഴ്‌ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ രാത്രി ഉറങ്ങാനുമൊക്കെ ശ്രദ്ധിക്കേണ്ടതാണ്‌. സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ തോതുയര്‍ത്തി കൊഴുപ്പിന്റെ ശേഖരണത്തെ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ യോഗ, ധ്യാനം പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ മാനസിക സമ്മര്‍ദ്ധം കുറയ്‌ക്കാന്‍ ശ്രമിക്കണം. ഭാരം കുറയ്‌ക്കുകയെന്നത്‌ നേരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയല്ലെന്നും അതില്‍ ഉയര്‍ച്ച താഴ്‌ചകളുണ്ടെന്നും മനസ്സിലാക്കേണ്ടതാണ്‌. ഇവിടെ ക്ഷമയുള്ളവര്‍ക്ക്‌ മാത്രമേ വെയ്‌റ്റ്‌-ലോസ്‌ പ്ലാറ്റോയെ താണ്ടി ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ.  

English Summary:

Weight Loss Plateau? These Workouts Will Get You Results

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com