ADVERTISEMENT

ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ എന്തുമാത്രം കാലറി ഉണ്ടാകും? ശരീരഭാരം, പൊക്കം, വ്യായാമം എന്നിവ കണക്കിലെടുത്താണ് ഒരു വ്യക്തി എത്ര കാലറി കഴിക്കാമെന്ന് തീരുമാനിക്കുന്നത്. കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയാൻ വളരെയധികം സഹായിക്കും. ബിരിയാണിയും, പാസ്തയും, കേക്കും ഐസ്ക്രീമുമൊക്കെ ഒളിവാക്കണമെന്ന് പറയുന്നതിലെ ഒരു കാര്യം കാലറി തന്നെയാണ്. എന്നാൽ ഒരു വിശേഷ ദിവസം വരുമ്പോൾ ഭക്ഷണകാര്യത്തിൽ കടുംപിടുത്തം വേണമെന്നില്ല. ഓണക്കാലത്ത് സദ്യ കഴിച്ചില്ലെങ്കിൽ ആഘോഷമെങ്ങനെ പൂർണമാകും? അതുകൊണ്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓണസദ്യ ഒഴിവാക്കാതെ തന്നെ ഡയറ്റ് മുന്നോട്ട് കൊണ്ട് പോകാം

സ്വാഭാവികമായും ഉച്ചയ്ക്കായിരിക്കുമല്ലോ ഓണസദ്യ കഴിക്കുന്നത്. അങ്ങനെയെങ്കില്‍ രാവിലെയും രാത്രിയും കാലറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഫൈബർ ധാരാളമായുള്ള പഴങ്ങളും പച്ചക്കിറകളും ധാന്യങ്ങളും കഴിച്ചാൽ മതി. രാവിലെ പുഴുങ്ങിയ മുട്ട, പഴം, സാല‍ഡ്. തുടങ്ങിയവ കഴിക്കാം. അല്ലാതെ 4,5 ദോശയും ചിക്കൻ കറിയും, എണ്ണപ്പലഹാരങ്ങളും കഴിച്ചശേഷം സദ്യ കഴിക്കാനിരുന്നാൽ പണി പാളും. ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. 

sadhya-AALA-IMAGES-Shutterstock

ഉച്ചയ്ക്ക് സദ്യ കഴിക്കുമ്പോൾ പച്ചക്കറി വിഭവങ്ങൾ ധാരാളമായി കഴിക്കുക. ചോറിന്റെ അളവ് കുറയ്ക്കാം. പൊതുവേ ഓരോ കറികൾ വരുമ്പോഴും ചോറ് വീണ്ടും വാങ്ങുന്നവർ ഇത്തവണ കരുതലോടെ കഴിക്കണം. ആദ്യം വിളമ്പിയ ചോറിനെ പല ഭാഗങ്ങളായി തിരിച്ച് മാറ്റി വയ്ക്കണം. പരിപ്പും, സാമ്പാറും, പുളിശ്ശേരിയുമൊക്കെ വരുമ്പോൾ ഈ ചോറ് കഴിക്കാം. കൂടുതൽ ചോറ് കഴിക്കണമെന്നുള്ളവർക്ക് അങ്ങനെയും ആവാം. മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നു മാത്രം. പായസം വളരെക്കുറച്ച് കഴിക്കാൻ ശ്രമിക്കണം. പഞ്ചസാര അല്ലല്ലോ ശർക്കര അല്ലേ, വലിയ കുഴപ്പമൊന്നും ഇല്ല എന്നു കരുതി ഒരുപാട് കുടിക്കരുത്. ചില പഠനങ്ങള്‍ പ്രകാരം പഞ്ചസാര, ശർക്കര, തേൻ തുടങ്ങിയവ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ വ്യത്യസ്തമല്ല. സദ്യ കഴിച്ചു കഴിഞ്ഞാൽ ഇഞ്ചിയും കറിവേപ്പിലയുമൊക്കെ ചേർത്ത മോരോ രസമോ കുടിക്കാൻ മറക്കരുത്. ദഹനത്തെ ത്വരിതപ്പെടുത്തും. 

വിശാലമായൊരു സദ്യ കഴിച്ചതുകൊണ്ട് ഒന്ന് ഉറങ്ങാനും വെറുതേ ഇരിക്കാനും തോന്നും. അത് സ്വാഭാവികമാണ്. എന്നാൽ ഭക്ഷണശേഷം അൽപ്പം നടക്കുന്നതും ശരീരമനങ്ങുന്നതും നല്ലതാണ്. നിർബന്ധമല്ലെങ്കിൽ വൈകുന്നേരത്തെ ചായയ്ക്കൊപ്പം പലഹാരങ്ങൾ ഒഴിവാക്കാം. ഇനി രാത്രി ഭക്ഷണമാണ് ശ്രദ്ധിക്കേണ്ടത്. പല വീടുകളിലും ഉച്ചയ്ക്ക് കഴിച്ച അതേ ഭക്ഷണം തന്നെയായിരിക്കും രാത്രിയും എടുക്കുക. എന്നാൽ ഡയറ്റ് നോക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഉച്ചയ്ക്ക് കഴിച്ചതുപോലൊരു സദ്യ രാത്രി ഒഴിവാക്കണം. സാലഡോ, ഫ്രൂട്സോ, ഒരു ഗ്ലാസ് പാലോ കുടിച്ച് ഭക്ഷണം അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡയറ്റിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിങ്ങൾക്ക് ഓണസദ്യ കഴിക്കാം. 

English Summary:

Onam sadya & Diet: How to Enjoy the Feast Without Ruining Your Health Goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com