ജിമ്മിലെ മരണങ്ങള് തുടര്കഥയാകുമ്പോള്; വ്യായാമത്തിനു മുൻപ് പരിശോധന നല്ലത്
Mail This Article
കുഴഞ്ഞുവീണു മരിക്കുന്ന മിക്ക സംഭവങ്ങളിലും അതിനു പ്രധാനകാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരിക്കും. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിശ്ചലമാകുന്നത്, അല്ലെങ്കിൽ ഹൃദയത്തിന്റെ താളം അഥവാ സ്പന്ദനം അമിത വേഗത്തിലാകുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. രണ്ടും നയിക്കുന്നതു പെട്ടെന്നു കുഴഞ്ഞുവീണുള്ള മരണത്തിലേക്കാണ്. തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം അല്ലെങ്കിൽ സ്ട്രോക്കും പെട്ടെന്നുള്ള മരണത്തിലേക്കു നയിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴ്ന്ന് അബോധാവസ്ഥയിലാകുകയും പിന്നീടു ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യവും അസാധാരണമല്ല. നേരത്തേ ഹൃദ്രോഗമുള്ളവരിൽ പെട്ടെന്നു ഹൃദയം സ്തംഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. രക്തധമനികൾ ചുരുങ്ങുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കു നയിക്കാം. എന്നാൽ, ചെറുപ്പക്കാരിൽ എന്തുകൊണ്ടാണ് ഇങ്ങനെ കൂടുതലായി കാണുന്നതെന്നു ചോദിച്ചാൽ വ്യക്തമായ മറുപടിയില്ല; ചില സാധ്യതകളാണു പറയാനാകുക.
താളം തെറ്റിക്കുന്ന ഹോർമോണുകൾ
ശാരീരികമായി വളരെയധികം അധ്വാനിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമായ യുവാക്കൾ മരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ അടുത്തകാലത്തുണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും സിനിമ, കായിക മേഖലയിൽ പ്രവർത്തിക്കുന്നവർ. ജിമ്മിലും മറ്റും നന്നായി വർക്കൗട്ട് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ചില ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കും. പ്രത്യേകിച്ച്, രക്തത്തിലെ അഡ്രിനാലിന്റെ തോത് വളരെയധികം ഉയരും. ഇതുമൂലം ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാം. ഇതിനെ ‘കാർഡിയാക് അരിത്‌മിയ’ എന്നാണു പറയുക. ഒരാളെ പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാൻ ഇതുമതി. അത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ജീവൻ രക്ഷാമാർഗമാണു കാർഡിയോപൾമനറി റെസസിറ്റേഷൻ (സിപിആർ). എന്നാൽ, എങ്ങനെയാണു സിപിആർ ചെയ്യേണ്ടതെന്നതു രക്ഷിക്കാനെത്തുന്നയാൾ അറിയണം. അങ്ങനെയെങ്കിൽ കുഴഞ്ഞു വീഴുന്നവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിയും. രണ്ടാമത്തെ കാരണം ഹൃദയാഘാതം തന്നെയാണ്. രക്തധമനികൾ പെട്ടെന്ന് അടഞ്ഞുപോകുമ്പോൾ ഹൃദയത്തിലെ മാംസപേശികൾക്കു കേടുപാടു സംഭവിക്കും. ഇതുമൂലം രക്തസമ്മർദം പെട്ടെന്നു താഴുക, ഹൃദയതാളങ്ങളിൽ വ്യതിയാനം സംഭവിക്കുക എന്നീ അവസ്ഥകളുണ്ടാകുകയും അതു മരണത്തിലേക്കു നയിക്കുകയും ചെയ്യാം.
നമ്മൾ അറിയാത്ത ഹൃദയ പരാജയം
രോഗമാണെന്നു നമുക്കു മനസ്സിലാക്കാനാകാത്തൊരു രോഗമുണ്ട്– ഡൈലേറ്റഡ് കാർഡിയോമയോപ്പതിയെ (ഡിസിഎം) തുടർന്നുണ്ടാകുന്ന ഹൃദയ പരാജയം. കോവിഡ് പോലുള്ള ശക്തമായ വൈറൽ പനിയുടെ പാർശ്വഫലമായാണ് ഇത്തരം അസുഖമുണ്ടാകുന്നത്. പനിയെത്തുടർന്നു ചെറിയ ശ്വാസംമുട്ടോ ചുമയോ അനുഭവപ്പെടും. ഡോക്ടർമാർ ആന്റിബയോട്ടിക്കോ മറ്റു മരുന്നുകളോ നൽകും. പക്ഷേ, ഈ വൈറൽ പനി ഹൃദയത്തിലെ മാംസപേശികളെ ബാധിക്കും (വൈറൽ മയോകാർഡൈറ്റിസ്). പലപ്പോഴും ഇതു കണ്ടെത്താൻ വൈകും. വൈറൽ പനിയുമായി ചികിത്സ തേടുന്ന ഒരാളിന്റെ ഹൃദയ പരിശോധനകൾ (എക്കോകാർഡിയോഗ്രാം, ഇസിജി തുടങ്ങിയവ) സാധാരണഗതിയിൽ നടത്താറില്ല. അതിനാൽ വൈറൽ മയോകാർഡൈറ്റിസ് കണ്ടെത്താൻ കാലതാമസമുണ്ടാകും. മാംസപേശികളിലെ നീർക്കെട്ട് അല്ലെങ്കിൽ അണുബാധ മൂലം ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയും. അതു മെല്ലെ ഹൃദയപരാജയത്തിലേക്കു നീങ്ങും; നമ്മൾ അറിയുക പോലുമില്ല. കാർഡിയോമയോപ്പതി എന്ന ഈ അസുഖം അമിതമായി കായികാധ്വാനത്തിൽ ഏർപ്പെടുമ്പോൾ പെട്ടെന്നു ഹൃദയ സ്തംഭനത്തിനുള്ള സാഹചര്യം സൃഷ്ടിക്കും. അങ്ങനെ ആളുകൾ പെട്ടെന്നു കുഴഞ്ഞു വീഴും.
സൂക്ഷിക്കണം മനസ്സിനെയും
മാനസിക സമ്മർദം അഥവാ സ്ട്രെസ് മൂലം പെട്ടെന്നു കുഴഞ്ഞുവീണ് ഒരാൾ മരിക്കുമോയെന്നു സംശയം തോന്നാം. സാധാരണഗതിയിൽ ഒരാളിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. എന്നാൽ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, രക്തധമനിയിൽ തടസ്സങ്ങളുള്ളവർ, വാൽവിനു തകരാറുള്ളവർ, കാർഡിയോമയോപ്പതിയുള്ളവർ തുടങ്ങിയവരിൽ താങ്ങാനാകുന്നതിലുമപ്പുറം സമ്മർദമുണ്ടായാൽ പെട്ടെന്നു ഹൃദയതാളങ്ങൾക്കു വ്യതിയാനം വന്നു ഹൃദയം നിശ്ചലമാകാം. ഇതും കൃത്യസമയത്തു കണ്ടെത്താൻ നമുക്കു കഴിയില്ല.
അവഗണിക്കരുതാത്ത മുന്നറിയിപ്പുകൾ
പെട്ടെന്നു ഹൃദയസ്തംഭനം ഉണ്ടാകുന്നവർക്കു ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപു ശരീരം ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. നമ്മൾ പലപ്പോഴും അത് അവഗണിക്കും. അകാരണമായി ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, കാരണം മനസ്സിലാക്കാൻ കഴിയാത്ത ക്ഷീണം, ഊർജസ്വലതയില്ലായ്മ, ഉറങ്ങണമെന്ന തോന്നൽ തുടങ്ങിയവ നമ്മുടെ ഹൃദയാരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കണം. ഇത്തരം സൂചനകൾ ലഭിക്കുമ്പോൾതന്നെ വിദഗ്ധപരിശോധന നടത്തുന്നതുവഴി ചികിത്സ തേടാനും പെട്ടെന്നുള്ള മരണങ്ങൾ ഒഴിവാക്കാനും കഴിയും.
ലഹരിയും സ്റ്റിറോയ്ഡും അപകടവഴികൾ
പുതുതലമുറയിൽ ലഹരി ഉപയോഗം വളരെ വ്യാപകമാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും ഒറ്റ ഡോസിൽ അമിതമായ ലഹരി ഉപയോഗിക്കുന്നവരിലും ഹൃദയസ്തംഭനവും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബോഡി ബിൽഡിങ് നടത്തുന്നവർ കുറഞ്ഞകാലംകൊണ്ടു ശരീരത്തിന്റെ ആകാരഭംഗി വർധിപ്പിക്കാൻ സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോർമോണുകളും കഴിക്കാറുണ്ട്. ഇവ ഹൃദയത്തിന്റെ മാംസപേശികൾക്കു കേടുപാടുകൾ വരുത്തി ഹൃദയതാളങ്ങൾക്കു വ്യതിയാനമുണ്ടാക്കും.
വ്യായാമത്തിനു മുൻപ് പരിശോധന നല്ലത്
ഒരു പ്രത്യേക വ്യായാമമുറ ആരംഭിക്കുകയോ അല്ലെങ്കിൽ ജീവിതശൈലിയിൽ ക്രമീകരണം വരുത്തുകയോ ചെയ്യുന്നവർ അതിനു മുൻപു വിദഗ്ധ പരിശോധനയ്ക്കു വിധേയരാകുന്നതാണു നല്ലത്. ഉദാഹരണത്തിന്, ജിംനേഷ്യത്തിൽ വർക്ക്ഔട്ട് ആരംഭിക്കുന്നതിനു മുൻപു ശരീരം, പ്രത്യേകിച്ചു ഹൃദയം ആ സമ്മർദം താങ്ങുമോയെന്നറിയണം. കാർഡിയോളജിസ്റ്റിനെ സമീപിച്ചു വിശദപരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ വ്യായാമം ആരംഭിക്കാവൂ. അമിത രക്തസമ്മർദം, ഹൃദയത്തിലെ മാംസപേശികൾക്ക് അമിതമായ കട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയും. അതിനനുസരിച്ചു ജീവിതശൈലി ചിട്ടപ്പെടുത്തിയാൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
കോവിഡ് അനന്തര ഹൃദയം എങ്ങനെ?കോവിഡ് അനന്തര ഹൃദയസ്തംഭനങ്ങളെക്കുറിച്ചു നമുക്കു വ്യക്തമായ ധാരണയില്ല. എങ്കിലും, ശരീരത്തെ വലിയതോതിൽ ബാധിക്കുന്ന ഏതു കടുത്ത വൈറൽ പനിയെയും പോലെ കോവിഡും നമ്മുടെ ഹൃദയത്തിലെ മാംസപേശികൾക്കു ക്ഷതമേൽപിക്കാനുള്ള (മയോകാർഡൈറ്റിസ്) സാധ്യതയുണ്ട്. കൊറോണ വൈറസ് ശ്വാസകോശത്തിലുണ്ടാക്കുന്ന ഫൈബ്രോസിസ് എന്ന അവസ്ഥ മൂലം ഓക്സിജൻ ലഭ്യത കുറയുകയും ഹൃദയത്തിന്റെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയും ചെയ്യും. കോവിഡ് ബാധിച്ചവർ ശാരീരികാധ്വാനം ആവശ്യമുള്ള കാര്യങ്ങളിലേക്കു കടക്കുന്നതിനു മുൻപു വിദഗ്ധ പരിശോധന നടത്തുന്നതു നല്ലതാണ്.
എങ്ങനെ ചെയ്യും സിപിആർ
ഹൃദയം നിലച്ച് കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ എത്തുന്നവർക്കു നൽകുന്ന പ്രഥമശുശ്രൂഷയാണു സിപിആർ. നെഞ്ചിന്റെ നടുഭാഗം മൂന്നു മുതൽ അഞ്ചു വരെ സെന്റീമീറ്റർ താഴുന്ന രീതിയിൽ, മിനിറ്റിൽ 100 തവണ എന്ന കണക്കിൽ ശക്തമായി അമർത്തുകയാണ് ഇതിൽ പ്രധാനം. 30 തവണ അമർത്തിക്കഴിഞ്ഞാൽ 2 തവണ കൃത്രിമശ്വാസം നൽകാം. രോഗിയുടെ ഹൃദയമിടിപ്പും ശ്വാസവും തിരിച്ചുകിട്ടുന്നതുവരെ സിപിആർ കൊടുക്കണം. താൽക്കാലികമായി തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തസഞ്ചാരം നിലനിർത്താൻ ഈ പ്രാഥമിക ചികിത്സവഴി സാധിക്കും.
(ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ് ലേഖകൻ)