ADVERTISEMENT

ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ആരോഗ്യവിദഗ്‌ധരും ഡോക്ടര്‍മാരും നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ട്‌. ദിവസം കുറഞ്ഞത്‌ ഏഴ്‌ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ എങ്കിലും ഉറക്കം നിര്‍ബന്ധമാണെന്നാണ്‌ ഇവരെല്ലാവരും നിര്‍ദ്ദേശിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ദിവസം അര മണിക്കൂര്‍ മാത്രം ഉറങ്ങുന്ന ഒരാളെ പരിചയപ്പെടാം. ജപ്പാനിലെ ടോക്കിയോ ഷിബുയ സ്വദേശി ഡൈസുകെ ഹോരി എന്ന 40കാരനാണ്‌ ഇരുപത്തിമൂന്നര മണിക്കൂറും ഉണര്‍ന്നിരുന്ന്‌ വിസ്‌മയം സൃഷ്ടിക്കുന്നത്‌. 

ഏഴെട്ട്‌ മണിക്കൂര്‍ ഉറങ്ങാതിരിക്കുന്നത്‌ കൊണ്ട്‌ തനിക്ക്‌ വിശേഷിച്ച്‌ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും താന്‍ അതീവ സന്തുഷ്ടനാണെന്നും ഈ ബോഡി ബില്‍ഡര്‍ പറയുന്നു. ജോലി, വ്യായാമം, സര്‍ഫിങ്‌, സംഗീതോപകരണങ്ങളുടെ വാദനം, കുട്ടികളുടെ പരിപാലനം, വളര്‍ത്തുമൃഗങ്ങളുടെ പരിചരണം, തന്റെ നിക്ഷേപങ്ങളുടെ മാനേജ്‌മെന്റ്‌ എന്നിങ്ങനെ ഫുള്‍ ടൈം തിരക്കിലാണ്‌ ഡൈസുകെയുടെ ഒരു ദിനം. 

ആഴ്‌ചയില്‍ 7 ദിവസവും തന്റെ ശരീരത്തിന്‌ വര്‍ക്ക്‌ ഔട്ട്‌ നല്‍കാറുണ്ടെന്നും 10 മണിക്കൂറിലധികം ജോലി ചെയ്യാറുണ്ടെന്നും ജോലിയില്‍ നിന്ന്‌ അവധി എടുക്കാറില്ലെന്നും 'ദ ഇന്‍ഡിപെന്‍ഡന്റി'ന്‌ നല്‍കിയ അഭിമുഖത്തില്‍ ഡൈസുകെ പറയുന്നു. പല ദിവസങ്ങളില്‍ ഈ ഷെഡ്യൂള്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും അര മണിക്കൂര്‍ ഉറക്കത്തിന്റെ കാര്യത്തില്‍ മാറ്റമില്ല. 

ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന ചിന്തയാണ്‌ ഡൈസുകെയെ ഈ അരമണിക്കൂര്‍ ഉറക്കത്തിലേക്ക്‌ നയിച്ചത്‌. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറച്ചതില്‍ പിന്നെയാണ്‌ താന്‍ ഇത്ര സന്തോഷവാനായതെന്നും ഡൈസുകെ ചൂണ്ടിക്കാട്ടുന്നു. ഒന്നര മണിക്കൂര്‍ വീതം ദിവസത്തില്‍ രണ്ടെന്ന കണക്കില്‍ ജിമ്മില്‍ ചെലവഴിക്കുന്ന ഡൈസുകെ ബോഡിബിള്‍ഡിങ്‌ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമാണ്‌. ഏഴ്‌ മണിക്കൂറില്‍ നിന്ന്‌ ദിവസവും രണ്ട്‌ മണിക്കൂറായി ഉറക്കം പരിമിതപ്പെടുത്താന്‍ ഭാര്യയെയും പരിശീലിപ്പിച്ചതായി ഇദ്ദേഹം പറയുന്നു. ജനിച്ചപ്പോള്‍ മുതല്‍ ദിവസം മൂന്ന്‌ മണിക്കൂര്‍ മാത്രം ഉറങ്ങിയിരുന്ന മകന്‍ ഇപ്പോള്‍ നാല്‌ മുതല്‍ അഞ്ച്‌ മണിക്കൂര്‍ വരെ ഉറങ്ങാറുണ്ടെന്നും ഡൈസുകെ കൂട്ടിച്ചേര്‍ത്തു. 

ഉറക്കം പരിമിതപ്പെടുത്താനുള്ള പരിശീലനം മറ്റുള്ളവര്‍ക്കും ഡൈസുകെ നല്‍കുന്നുണ്ട്‌. 2200 പേര്‍ക്ക്‌ ഇതിനകം പരിശീലനം നല്‍കി. ആറ്‌ മാസത്തെ പരിശീലനം കൊണ്ട്‌ മൂന്ന്‌ മുതല്‍ നാല്‌ മണിക്കൂറായി ഉറക്കം പരിമിതപ്പെടുത്താമെന്ന്‌ ഇദ്ദേഹം പറയുന്നു. ഉറക്കം പേശികളെ പോലെയാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ അതിനെ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാമെന്നും ഡൈസുകെ അഭിപ്രായപ്പെടുന്നു. 

ബാക്കിയുള്ളവര്‍ ഒരാഴ്‌ച കൊണ്ട്‌ ചെയ്യുന്ന കാര്യങ്ങള്‍ ഒരു ദിവസം കൊണ്ട്‌ തനിക്ക്‌ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും ഈ ബോഡിബിൽഡര്‍ അവകാശപ്പെടുന്നു. ദീര്‍ഘനേരം ഉണര്‍ന്നിരിക്കാന്‍ ഒരേ പ്രവര്‍ത്തനം തുടര്‍ച്ചയായി ചെയ്‌ത്‌ തലച്ചോറിനെ ബോറടിപ്പിക്കരുതെന്ന്‌ ഡൈസുകെ പറയുന്നു. ഒരേ നിലയില്‍ ദീര്‍ഘനേരം തുടരുന്നതും ഒഴിവാക്കണം. നിരന്തരമായ മാറ്റങ്ങളാണ്‌ തലച്ചോറിനെ ജാഗ്രതയോടെ നിലനിര്‍ത്തുക. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ്‌ തോതുള്ള ഭക്ഷണമാണ്‌ കഴിക്കാറുള്ളത്‌. രക്തത്തിലെ പഞ്ചസാര പെട്ടെന്ന്‌ ഉയരുന്നത്‌ ഉറക്കം വരുത്തുമെന്നതിനാലാണ്‌ ഇത്‌. 

എന്നാല്‍ ഡൈസുകെയുടെ ഉറക്കശീലം അനുകരിക്കുന്നത്‌ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന്‌ ഡോക്ടര്‍മാര്‍  മുന്നറിയിപ്പ്‌ നല്‍കുന്നു. തന്റെ ശീലങ്ങള്‍ എല്ലാവര്‍ക്കും പറ്റില്ലെന്ന്‌ ഡൈസുകെ തന്നെ വ്യക്തമാക്കുന്നുണ്ട്‌. 

English Summary:

Only 2 Hours of Sleep? This Bodybuilder Claims It's the Secret to His Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com