ആർത്തവ സമയത്ത് സഹിക്കാനാവാത്ത വേദനയോ? നിങ്ങൾക്ക് എന്‍ഡോമെട്രിയോസിസ് ആകാം
Mail This Article
സ്ത്രീകള്‍ക്ക് എല്ലാ മാസവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും വേദനയും ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവം. ചിലര്‍ക്ക് അത് ലഘുവായ വേദനയും മൂഡ് മാറ്റങ്ങളും വയര്‍ കമ്പനവും പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന തരത്തില്‍ രൂക്ഷമാകും ബുദ്ധിമുട്ടുകള്‍. ഇത് ഒരു പക്ഷേ ഗര്‍ഭപാത്രത്തിന്റെ ആവരണപാളിയായ എന്‍ഡോമെട്രിയം ഗര്ഭപാത്രത്തിന് വെളിയിലേക്ക് വളരുന്ന എന്‍ഡോമെട്രിയോയിസ് എന്ന അവസ്ഥ മൂലമാകാം.
കടുത്ത വയര്‍വേദന, നീര്‍ക്കെട്ട്, അതിരൂക്ഷമായ രക്ത സ്രാവം , വന്ധ്യത എന്നിവയെല്ലാം എന്‍ഡോമെട്രിയോസിസ് മൂലം ഉണ്ടാകാം. പ്രത്യുത്പാദനപരമായ പ്രായത്തിലുള്ള സ്ത്രീകളെ ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ ബാധിക്കാവുന്ന പ്രശ്നമാണ് ഇത്.
എന്‍ഡോമെട്രിയോസിസ് ലക്ഷണങ്ങള്‍ ഓരോ സ്ത്രീയിലും ഓരോ വിധത്തില്‍ ആകാം. ഇനി പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിച്ച് എന്‍ഡോമെട്രിയോസിസിന് ചികിത്സ തേടേണ്ടതാണ്.
1. അതിവേദനാജനകമായ ആര്‍ത്തവം
കടുത്ത ആര്ത്തവവേദനയാണ് എന്‍ഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണം. വയറിന്റെ ഭാഗത്തും പുറം ഭാഗത്തും വേദനയും പേശിവലിവും ഉണ്ടാകും. ആര്‍ത്തവത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് തന്നെ ആരംഭിക്കുന്ന ഈ വേദന ആര്‍ത്തവകാലം മുഴുവനും കൂടെയുണ്ടാകും.
2. കടുത്ത ആര്‍ത്തവ രക്ത സ്രാവം
ആര്‍ത്തവ സമയത്തെ അതിസാധാരണമായ രക്തസ്രാവമാണ് മറ്റൊരു ലക്ഷണം. ആര്‍ത്തവ സമയത്ത് പാഡുകള്‍ അടിക്കടി മാറ്റേണ്ടി വരുന്നതും രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി രക്ത സ്രാവം ഉണ്ടാകുന്നതും ഡോക്ടറെ പോയി കണ്ട് ചികിത്സ തേടണമെന്നതിന്റെ മുന്നറിയിപ്പാണ്.
3. ദഹനപ്രശ്നം
എന്‍ഡോമെട്രിയോസിസിനെ തുടര്‍ന്നുണ്ടാകുന്ന ഇറിറ്റബിള്‍ ബവല്‍ ഡിസീസ് മലബന്ധം, അതിസാരം, ഓക്കാനം, വയര്‍ കമ്പനം പോലുള്ള ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കാം.
4. ക്ഷീണം
എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അത്യധികം ക്ഷീണിച്ചവരായി കാണപ്പെടും. ജോലിയെയും സാമൂഹിക ജീവിതത്തെയുമെല്ലാം ബാധിക്കുന്ന തരത്തില്‍ ഊര്‍ജ്ജമെല്ലാം ചോര്‍ന്ന് പോയ തോന്നലും ഇതുണ്ടാക്കും. എന്‍ഡോമെട്രിയോസിസിനെ തുടര്‍ന്നുണ്ടാകുന്ന കനത്ത രക്തസ്രാവം അയണ്‍ അഭാവത്തിലേക്കും വിളര്‍ച്ചയിലേക്കും നയിക്കുന്നതും നിരന്തരമായ ക്ഷീണത്തിന് പിന്നിലുണ്ടാകാം.
5. വേദനാജനകമായ ലൈംഗിക ബന്ധം
ലൈംഗിക ബന്ധത്തിന്റെ സമയത്ത് അടിവയറ്റില്‍ അതിശക്തമായ വേദനയുണ്ടാകുന്നതും എന്‍ഡോമെട്രിയോസിസ് ലക്ഷണമാണ്.
6. വന്ധ്യത
എന്‍ഡോമെട്രിയോസിസ് ബാധിതരായ സ്ത്രീകളില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്ക് ഇത് മൂലം വന്ധ്യതയും ഉണ്ടാകാം. ഗര്‍ഭകാലത്തിലെ സങ്കീര്‍ണ്ണതകള്‍ക്കും ഇത് കാരണമാകാറുണ്ട്.