മദ്യം ഏത് അളവിൽ കുടിക്കാം? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് കേടില്ല
Mail This Article
മദ്യം ശരീരത്തിനു ഗുണകരമല്ലെന്ന് അറിയാമല്ലോ? പരമാവധി മദ്യത്തിന്റെ ഉപയോഗത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുകയാണ് നല്ലത്. ഏതെങ്കിലും സാഹചര്യത്തിൽ മദ്യം ഉപയോഗിക്കാനിടയാകുന്നെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
മദ്യക്കുപ്പികൾക്കൊപ്പം അതെങ്ങനെ ഉപയോഗിക്കണം എന്ന ഒരു മാന്വൽ ബുക്‌ലെറ്റ് ഇല്ലാത്തിടത്തോളം കാലം മലയാളികൾ അത് തോന്നിയപോലെ ഉപയോഗിക്കുകയാണ് പതിവ്. താൻ മദ്യപിച്ചെന്ന് നാട്ടുകാരെ മുഴുവൻ അറിയിക്കുകയും ചുറ്റുമുള്ളവർക്ക് മുഴുവൻ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ് പലരും ചെയ്യുന്നത്.
മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക എന്നല്ലാതെ ഇത്തരത്തിൽ മാന്യമായി മദ്യം ഉപയോഗിക്കുന്നതിനെക്കുറിച്ചു എവിടെയും നമ്മൾ പഠിപ്പിക്കുകയോ അവബോധം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല എന്നത് ഒരു വസ്തുതയാണ്.
സൽക്കാര സദസുകളിൽ മദ്യം ഉപയോഗിക്കണം എന്ന് നിർബന്ധമുള്ളവർ എങ്ങനെ മാന്യമായി നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് ഉപയോഗിക്കണമെന്നും എങ്ങനെ ആരോഗ്യപരമായി മദ്യം ഉപയോഗിക്കണമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെ മാത്രം ഉപയോഗിക്കുകയും, അളവിൽ നിയന്ത്രിച്ചു കഴിക്കുകയും, വ്യക്തിഗത അവബോധവും ആത്മനിയന്ത്രണവും ഉണ്ടായിരിക്കുകയും വേണം. വൈൻ മുതൽ വിദേശ മദ്യങ്ങൾ വരെ സദസ്സിനു അനിയോജ്യമായ രീതിയിൽ എങ്ങനെയാണ് ആസ്വദിച്ചു കഴിക്കേണ്ടത്, എത്ര അളവിൽ കഴിക്കണം, എപ്പോഴാണ് നിർത്തേണ്ടത്. എന്നിങ്ങനെ കുറച്ചു കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക പ്രധാനമാണ്. കുപ്പികളിലെയും കാനുകളിലെയും ലേബലുകൾ പരിശോധിച്ച് സ്റ്റാൻഡേർഡ് ഡ്രിങ്കുകളുടെ എണ്ണം മനസ്സിലാക്കാവുന്നതാണ്.
പരിധികൾ മനസ്സിലാക്കുക.
മിതമായ മദ്യപാനം എന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനം അനുസരിച്ച് - സ്ത്രീകൾക്ക് ദിവസവും ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. പുരുഷന്മാർക്ക് ദിവസവും രണ്ട് സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നിങ്ങനെയാണ് പരിധികൾ. ഈ പരിധികൾ ലംഘിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, കരൾ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, മദ്യാസക്തി എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.
ആഴ്ചയിൽ പരമാവധി 10 സ്റ്റാൻഡേർഡ് ഡ്രിങ്കുകൾ വരെ മാത്രമേ കഴിക്കാവൂ. ഒരു ദിവസം 4 സ്റ്റാൻഡേർഡ് ഡ്രിങ്കിൽ കൂടുതൽ കഴിക്കുന്നത് ഒഴിവാക്കണം. ഈ പരിധികൾ ലംഘിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. ഓരോ മദ്യത്തിനും അതിന്റേതായ സ്റ്റാൻഡേർഡ് അളവുകളുണ്ട്. വൈനിന്റെ കാര്യത്തിൽ 100 മില്ലിലിറ്റർ ആണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. വിസ്‌കി പോലുള്ള സ്പിരിറ്റുകളുടെ കാര്യത്തിൽ 30 മില്ലിലിറ്റർ ആണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. മിതമായ അളവിലുള്ള ബിയറിന്റെ കാര്യത്തിൽ ഒരു കാൻ അല്ലെങ്കിൽ ഒരു കുപ്പി ആണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. ഈ അളവുകൾ കൃത്യമായി പാലിക്കുന്നത് സുരക്ഷിതമായ മദ്യപാനത്തിന് അത്യാവശ്യമാണ്.
ചുവന്ന വൈൻ, വിസ്‌കി, ടെക്കില, ഹാർഡ് കോംബുച തുടങ്ങിയവ പഞ്ചസാരയുടെ അളവ് കുറഞ്ഞവയാണ്. ബിയറിലും മറ്റ് പഞ്ചസാര അടങ്ങിയ മദ്യങ്ങളിലും കാലറികളുടെ അളവ് കൂടുതലായതിനാൽ അവ പരിമിതമായി മാത്രം ഉപയോഗിക്കുക. കിട്ടുന്നതെല്ലാം എടുത്ത് അകത്താക്കാതെ നിങ്ങളുടെ ആരോഗ്യ സ്ഥിതിക്കനുസരിച്ച് ഏറ്റവും അനുയോജ്യമായവ മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കുക. നിങ്ങളുടെ ആരോഗ്യവും സുരക്ഷയും മറ്റുള്ളവരുടെ ക്ഷേമവും കണക്കിലെടുത്ത് ബോധപൂർവ്വം മാത്രമേ മദ്യപിക്കാവൂ. സ്വയം നിയന്ത്രണം പാലിക്കുകയും ഉത്തരവാദിത്തപൂർണ്ണമായി പെരുമാറുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.
മദ്യപാനം മാനസിക ശാരീരിക നിലയെ എങ്ങനെ സ്വാധീനിക്കുന്നു?
ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയില്‍ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യുന്നതും സാധാരണയാണ്.മിതമായ മദ്യപാനം പോലും ബുദ്ധിപരമായ നമ്മുടെ ശേഷികളെ മന്ദീഭവിപ്പിക്കുമെന്നും പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. മദ്യം തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന സാരമായ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നതുകൊണ്ടാണിത്.
വലിയ അളവില്‍ മദ്യം കഴിക്കുമ്പോൾ പ്രത്യേകിച്ച് ഒഴിഞ്ഞ വയറിൽ മദ്യം കുടിക്കുമ്പോൾ അത് ഓർമക്കുറവിനും ബ്ലാക്ക്‌ഔട്ട് പോലുള്ള അവസ്ഥയ്ക്കും കാരണമാകാറുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ് ലഹരിയിലായിരിക്കെ നടന്ന സംഭവങ്ങളുടെ പ്രധാന വിശദാംശങ്ങള്‍ അല്ലെങ്കില്‍ മുഴുവന്‍ സംഭവങ്ങളും പോലും പലപ്പോഴും പലർക്കും ഓര്‍മ്മിക്കാന്‍ കഴിയാതെ വരുന്നതും.
തണുപ്പിൽ നിന്നും രക്ഷപ്പെടാനായി സ്ഥിരമായി മദ്യപിക്കുന്നവരും കുറവല്ല. ത്വക്കിനടിയിലെ രക്തക്കുഴലുകൾ വികസിക്കുമ്പോൾ തണുപ്പു അനുഭവിക്കാനും അത് അറിയാൻ തലച്ചോറിനും കഴിയാതെ വരുന്നതാണു ഇതിനു കാരണം. ഉറങ്ങാനായി മദ്യത്തെ ആശ്രയിക്കുന്നവരും കുറവല്ല, മദ്യപാനം ചിലപ്പോഴൊക്കെ ധൈര്യവും, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ആരും മനസ്സിലാകുന്നില്ല.
ചെറിയ ചെറിയ സന്തോഷങ്ങൾക്കു വേണ്ടി ചെറിയ തോതിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപാനം തുടങ്ങുകയും പിന്നീട് ജീവിതത്തിൽ സന്തോഷം നൽകുന്ന ഏക പ്രവൃത്തി മദ്യപാനം മാത്രമായി മാറുകയും ചെയ്യുന്നു. ഇതിനു പ്രധാന കാരണം മദ്യപിക്കുമ്പോൾ ആവശ്യത്തിലധികം ലഭിക്കുന്ന ഡോപ്പാമിൻ എന്ന ഹാപ്പി ഹോർമോണാണ്. ചെറിയ ചെറിയ പ്രവർത്തികളിൽ നിന്നും ലഭിക്കുന്ന ഹാപ്പിഹോർമോൺ താരതമ്യേന കുറഞ്ഞതും മിതമായ അളവിലുള്ളതുമായിരിക്കും, എന്നാൽ മദ്യം മയക്കുമരുന്ന് മുതലായവ ഉപയോഗിക്കുമ്പോൾ ഇത് ഉയർന്ന അളവിൽ ലഭിക്കുകയും അത് മറ്റു ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്നുള്ളത് പലരും തിരിച്ചറിയുന്നില്ല.
ദിവസവും മദ്യപിക്കുന്നവരിൽ മാനസിക ശാരീരിക ആരോഗ്യം വളരെ കുറവായിരിക്കും. അവരുടെ ലൈംഗിക ആരോഗ്യവും ക്രമേണ വളരെയധികം കുറഞ്ഞുവരുന്നു. തന്മൂലം അവരിൽ അപകർഷതാ ബോധവും സംശയരോഗവും മറ്റു മാനസികരോഗ ലക്ഷണങ്ങളും ഉടലെടുക്കുകയും ചെയ്യുന്നു.
ഉത്തരവാദിത്തപൂർണ്ണമായ മദ്യപാനം എന്നത് വ്യക്തിഗത തീരുമാനമാണ്. എന്നാൽ നമ്മുടെ ആരോഗ്യത്തിനും സമൂഹത്തിനും വേണ്ടി ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമായ മദ്യപാന രീതികൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യ സാമൂഹിക ജീവിതം ആരോഗ്യകരമായി നില നിർത്താൻ കഴിയുകയുള്ളു.
സ്ഥിരമായുള്ള മദ്യപാനം അഡിക്ഷൻ ആയാണ് മനസ്സിലാക്കേണ്ടത്. ഇത് ഒരു മാനസിക രോഗത്തിൽ ഉൾപെടുന്നതിനാൽ മാനസിക രോഗിക്ക് നൽകേണ്ടുന്ന എല്ലാ പരിഗണനയും സഹായവും ആവശ്യമാണ് എന്നറിയുക. ഒരു മദ്യപാനിയായ വ്യക്തിക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണയോട് കൂടെ ഒരു ഡീഅഡിക്ഷൻ കൗൺസിലറുടെയും മനസികരോഗവിദഗ്ധന്റെയും സഹായം ആവശ്യമാണ്. മദ്യപാനത്തെക്കുറിച്ച് വളരെ വ്യക്തമായ അവബോധം നൽകുന്ന മോഹൻലാൽ അഭിനയിച്ച സ്പിരിറ്റ്, ജയസൂര്യ അഭിനയിച്ച വെള്ളം എന്നീ രണ്ടു മലയാള സിനിമകൾ കണ്ടിരിക്കുന്നത് നല്ലതാണ്.
(ലേഖകൻ പ്രൊഫഷണൽ സോഷ്യൽ വർക്കർ, ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ ആണ്)