കഴുത്തിലെ മസാജ് അപകടമോ? ആഞ്ഞൊന്നടിച്ചാൽ മരണം വരെ സംഭവിക്കാം, ജാഗ്രത വേണം!
Mail This Article
മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചതിനെത്തുടർന്ന് ആരോഗ്യരംഗത്ത് ചർച്ചകൾക്ക് വഴിതുറന്നിരിക്കയാണ്. മസാജ് ചെയ്യാൻ അറിയുന്ന പ്രൊഫഷണലായ ഒരാളുടെ ഉഴിച്ചിൽ ശരീരത്തിന് ആശ്വാസം നൽകുമെങ്കില്‍ ഇതിനെപ്പറ്റി അധികം ധാരണ ഇല്ലാത്തൊരാളുടെ കഴുത്തിൽ ഊന്നിയുള്ള മസാജ് ജീവൻ വരെ നഷ്ടപ്പെടുത്തിയയേക്കാമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
തോളിലെ വേദന കുറയ്ക്കാനാണ് 20കാരിയായ തായ് ഗായിക മസാജിനെത്തിയത്. കഴുത്ത് വെട്ടിത്തിരിച്ചുള്ള (നെക്ക് ട്വിസ്റ്റിങ്) മസാജ് ഇവർ ചെയ്തിരുന്നു. ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും രണ്ടാം സെഷനിലും പങ്കെടുത്തു. പിന്നീട് ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവൻ നഷ്ടപ്പെടാൻ മാത്രം അപകടകരമാണോ കഴുത്തിനുള്ള മസാജ്? ശരീരത്തിൽ എത്രത്തോളം പ്രാധാനപ്പെട്ട ഭാഗമാണ് കഴുത്തെന്നും അവിടെയേൽക്കുന്ന സമ്മർദ്ദം എന്ത് അപകടമുണ്ടാക്കുമെന്നും ഡോ. രാജീവ് ജയദേവൻ മനോരമ ഓൺലൈനിലൂടെ വ്യക്തമാക്കുന്നു.
മനുഷ്യശരീരത്തിലെ ഏറ്റവും മർമപ്രധാനമായ ഭാഗമാണ് കഴുത്ത്. കൈകൊണ്ട് കഴുത്തിൽ ആഞ്ഞൊരു പ്രഹരമേറ്റാൽ മരണം വരെ സംഭവിക്കാം. ചുറ്റിലുമൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും, വേട്ടയ്ക്കിടെ മൃഗങ്ങൾ ഇരയുടെ കഴുത്തിലാണ് ആദ്യം ആക്രമിക്കുക. അങ്ങനെ ഇരയെ പെട്ടെന്നു കീഴടക്കാനും കൊല്ലാനും കഴിയും. കഴുത്ത് അത്രയേറെ പ്രധാനപ്പെട്ട ശരീരഭാഗമാണെന്ന് മൃഗങ്ങൾക്കു പോലും അറിയാം എന്നിട്ടും മനുഷ്യരിൽ പലർക്കും ആ വിവരം ഇന്നും അറിയില്ല.
ശരീരത്തിനെയും തലയെയും ബന്ധിപ്പിക്കുന്ന ചെറിയൊരു പാലം പോലെയാണ് കഴുത്ത്. അതിലൂടെയുള്ള രക്തക്കുഴലുകൾ, പ്രാധാനപ്പെട്ട നാഡികൾ, അടുത്തായി സ്ഥിതി ചെയ്യുന്ന ശ്വാസനാളം എന്നിവയാണ് കഴുത്തിനെ ഇത്രയേറെ പ്രധാനപ്പെട്ടതും അതേ സമയം അപകടകരവും ആക്കുന്നത്.
ശരീരഘടനയെ പറ്റിയുള്ള വ്യക്തമായ ധാരണയോ വൈദ്യശാസ്ത്രപരമായ അടിത്തറയോ ഇല്ലാത്തൊരു വ്യക്തി, മറ്റൊരാളുടെ കഴുത്ത് അതിവേഗത്തിൽ തിരിച്ചും ചലിപ്പിച്ചും കൊണ്ടുള്ള നാടകീയമായ മസാജ് ചെയ്യുമ്പോൾ അപകടമാണെന്ന് അറിയണം. അംഗീകൃത ഡിഗ്രികൾ ഇല്ലാത്ത ഇവരെ വിശ്വസിച്ച് കഴുത്തിൽ ചെയ്യുന്ന മസാജിനു വേണ്ടി ഇരുന്നു കൊടുക്കുന്നവരും ചെയ്യുന്നത് തെറ്റാണ്. അവനവന്റെ ശരീരത്തിൽ മുറിവേൽക്കാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. എന്തെങ്കിലും പറ്റിയതിനു ശേഷം പഴിക്കുന്നതിനേക്കാൾ നല്ലത് അപകടകരമായ ഇത്തരം രീതികളിൽ നിന്ന് സ്വയം ഒഴിഞ്ഞു നിൽക്കുന്നതാണ്.
കഴുത്തിലെ അശാസ്ത്രിയമായ, അപകടകരമായ പൊടുന്നനെയുള്ള ചലനങ്ങൾ (അബ്രപ്റ്റ് നെക്ക് മാനിപ്പുലേഷൻ) ചെറുതല്ലാത്ത ആഘാതമാണ് ശരീരത്തിനേൽപ്പിക്കുന്നത്. കഴുത്തിലെ നട്ടെല്ലിലെ (cervical spine) ഡിസ്ക് തെറ്റി നാഡികളിൽ ക്ഷതം സംഭവിക്കാനും, തളർന്നു പോകാനും, പോരാത്തതിന് കഴുത്തിലൂടെ തലച്ചോറിലേക്ക് പോകുന്ന പ്രധാനപ്പെട്ട രക്തക്കുഴലുകളിലേൽക്കുന്ന ക്ഷതം മൂലം ആർട്ടറിയുടെ (രക്തക്കുഴൽ) ഭിത്തി പിളരാനും രക്തം കട്ടപിടിക്കാനും തലച്ചോറിൽ സ്ട്രോക്ക് ഉണ്ടാക്കാനും കാരണമാകും. ജീവനു പോലും ഭീഷണി ആയേക്കാവുന്ന ഒന്നാണിത്.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. രാജീവ് ജയദേവൻ, ഗാസ്ട്രോഎന്ററോളജിസ്റ്റ്, ഐഎംഎ കേരള റിസർച്ച് സെൽ ചെയർമാന്‍)