സൂക്ഷിക്കണം! തലവേദന അത്ര നിസാരമല്ല; കാരണങ്ങളും ചികിത്സയും പലത്
Mail This Article
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവരുണ്ടാകില്ല. ജീവിതശൈലി, സമ്മര്‍ദ്ദം, പല തരം രോഗങ്ങള്‍, ഭക്ഷണരീതികള്‍, നിര്‍ജലീകരണം, ഉറക്കമില്ലായ്‌മ, കാലാവസ്ഥ, എന്നിങ്ങനെ പല കാരണങ്ങള്‍ തലവേദനയ്‌ക്ക് പിന്നിലുണ്ടാകാം. തലവേദനയ്‌ക്ക് പിന്നിലുള്ള കാരണങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത് ജീവിതശൈലി മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും തെറാപ്പികളിലൂടെയും അവയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
പൊതുവായി കാണപ്പെടുന്ന ചില തലവേദനകള്‍ ഇനി പറയുന്നവയാണ്.
1. ടെന്‍ഷന്‍ തലവേദന
മാനസിക സമ്മര്‍ദ്ദം, തെറ്റായ ഇരിപ്പ്, കിടപ്പ്, പേശികളുടെ വലിവ് എന്നിങ്ങനെ പല കാരണങ്ങളാലാണ് ടെന്‍ഷന്‍ തലവേദന ഉണ്ടാകുന്നത്. നെറ്റിക്ക് കുറുകെയും നെറ്റിക്കും ചെവിക്കും ഇടയിലുള്ള ചെന്നി ഭാഗത്തും തലയ്‌ക്ക് പിന്നിലും കഴുത്തിലുമൊക്കെ ഈ വേദന വരാം. വേദന സംഹാരികള്‍, ചില റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍, പേശികളുടെ വലിവ് മാറ്റുന്ന വിധം ഇരുപ്പില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ടെന്‍ഷന്‍ തലവേദന കുറയ്‌ക്കാന്‍ സഹായിക്കും.
2. മൈഗ്രേയ്‌ന്‍ തലവേദന
അതികഠിനമായ വേദന, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം, ഓക്കാനം, കാഴ്‌ചയ്‌ക്ക് പ്രശ്‌നം എന്നിവയെല്ലാം ഉണ്ടാക്കുന്നതാണ് മൈഗ്രേയ്‌ന്‍ തലവേദന. ഹോര്‍മോണല്‍ മാറ്റങ്ങള്‍, ചിലതരം ഭക്ഷണങ്ങള്‍, പാരിസ്ഥിതികമായ ഘടകങ്ങള്‍ എന്നിവ ഈ തലവേദനയ്‌ക്ക് ട്രിഗറായി മാറാം. മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍, ട്രിഗറുകള്‍ ഒഴിവാക്കല്‍ എന്നിവ ഫലം ചെയ്യും.
3. ക്ലസ്റ്റര്‍ തലവേദന
ചാക്രികമായി വിട്ടു വിട്ടു വരുന്ന തലവേദനയാണ് ക്ലസ്റ്റര്‍ തലവേദന. ഒരു കണ്ണിന് ചുറ്റും അതിതീവ്രമായ വേദനയും പുകച്ചിലും ചുവപ്പും മൂക്കടപ്പുമൊക്കെ ഈ തലവേദന ഉണ്ടാക്കാം. ഓക്‌സിജന്‍ തെറാപ്പി, മരുന്നുകള്‍ എന്നിവയാണ് ചികിത്സ.
4. സൈനസ് തലവേദന
സൈനസ് അണുബാധയും നീര്‍ക്കെട്ടും മൂലം നെറ്റിയിലും കവിളിലും മൂക്കിന് ചുറ്റുമൊക്കെ വേദനയുണ്ടാക്കുന്ന തലവേദനയാണ് ഇത്. മൂക്കടപ്പ്, മൂക്കിന് വല്ലാത്ത വിങ്ങല്‍ എന്നിവ ലക്ഷണങ്ങളാണ്. സൈനസിനുള്ള ചികിത്സയും ആന്റിബയോട്ടിക്കുകളുമെല്ലാം വേദനയ്‌ക്ക് ശമനം നല്‍കും.
5. റീബൗണ്ട് തലവേദന
വേദനസംഹാരികളുടെ അമിത ഉപയോഗം മൂലം ഇടയ്‌ക്കിടെ പൊന്തിവരുന്ന തലവേദനയാണ് റീബൗണ്ട് തലവേദന. ടെന്‍ഷന്‍ തലവേദനയെയും മൈഗ്രേയ്‌ന്‍ തലവേദനയെയും അനുസ്‌മരിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഇത് ബാധിച്ചവരും പ്രകടിപ്പിക്കും. വേദനസംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കി നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് സഹായകമാകും.
കാപ്പി, മദ്യം, ചിലതരം ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് തലവേദനയുടെ സാധ്യത കുറയ്‌ക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഫലം ചെയ്യും. യോഗ, ധ്യാനം, പ്രാണായാമം പോലുളള റിലാക്‌സേഷന്‍ ടെക്‌നിക്കുകളും ഗുണകരമാണ്. മരുന്നുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുന്നതാകും നല്ലത്.