ADVERTISEMENT

ഭൂമിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ എല്ലാ കോണിലും സജീവമാണ്. ആഗോളതലത്തിൽ തീരദേശ മേഖലകളെ ബാധിച്ചേക്കാവുന്ന ഈ വിപത്തിന് പരിഹാരമായി സമുദ്രത്തിൽ ഉയർന്നു കിടക്കുന്ന ലോകത്തിലെ ആദ്യ നഗരത്തിന്റെ നിർമ്മാണം തെക്കൻ കൊറിയയിലെ ബുസാനിൽ ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഓഷ്യാനിക്സ് സിറ്റി എന്നാണ് ഈ നഗരത്തിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ സമാനമായ രീതിയിൽ വെള്ളത്തിൽ ഉയർന്നു കിടക്കുന്ന മറ്റൊരു നഗരത്തിന്റെ നിർമ്മാണം മാലദ്വീപിലും ആരംഭിച്ചിട്ടുണ്ട്.

ഓഷ്യാനിക്സിന്റെ നിർമ്മാണം 2023 ൽ ആരംഭിക്കാനാണ് പദ്ധതിയെങ്കിൽ 2024ന്റെ തുടക്കത്തിൽ തന്നെ മാലദ്വീപിലെ ഒഴുകുന്ന നഗരത്തിൽ ആളുകൾക്ക് താമസം ആരംഭിക്കാനാകുമെന്ന് നിർമ്മാതാക്കൾ പറയുന്നു. തലസ്ഥാന നഗരത്തിനു പുറത്തായി ബ്രയ്ൻ പവിഴപ്പുറ്റിന്റെ ആകൃതിയിലാണ് നഗരം നിർമ്മിക്കപ്പെടുന്നത്. വെള്ളത്തിനു മുകളിൽ ഉയർന്നുകിടക്കുന്ന 5000 യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാവും നഗരം. വീടുകൾ, റസ്റ്ററന്റുകൾ, കടകൾ, സ്കൂളുകൾ എന്നിവയെല്ലാം നഗരത്തിൽ ഉണ്ടാകും.

Maldives-Floating-City

നിർമിതികളുടെ ഇടയിൽ കൂടി കനാലുകൾ ഒഴുകുന്ന രീതിയിലാവും നിർമ്മാണം. 20000 ആളുകളെ നഗരത്തിൽ ഉൾക്കൊള്ളിക്കാനാകുമെന്നാണ് പ്രതീക്ഷ. സമുദ്രത്തിനു മുകളിലാണെങ്കിലും ഓഷ്യാനിക്സ് പോലെതന്നെ ചുഴലിക്കാറ്റുകളെ ചെറുത്തുനിൽക്കാൻ മാലദ്വീപിലെ നഗരത്തിനും സാധിക്കും. പ്രാദേശിക തുറമുഖത്തിലാണ് നഗരത്തിലേക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നത്. പൂർത്തിയാകുന്ന മുറയ്ക്ക് ഇവ  നഗരത്തിലേക്ക് എത്തിക്കാനാണ് പദ്ധതി. ആദ്യ യൂണിറ്റുകളുടെ നിർമ്മാണം ഈ മാസംതന്നെ പൂർത്തിയാക്കുമെന്നും നിർമാതാക്കൾ പറയുന്നു.

ആർക്കിടെക്ചറൽ സ്ഥാപനമായ വാട്ടർസ്റ്റുഡിയോയാണ് നഗരത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. നഗരത്തിലേക്ക് എത്തിക്കുന്ന യൂണിറ്റുകൾ കടലിനടിയിൽ നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് പ്രതലവുമായി ബന്ധിപ്പിച്ചാണ്  ഉറപ്പിക്കുന്നത്. കരയിലെ മറ്റ് ഏതൊരു നഗരവും പോലെ സുഗമമായി പ്രവർത്തിക്കാൻ ഈ നഗരത്തിനും സാധിക്കുമെന്ന് നിർമ്മാണ കമ്പനിയുടെ സ്ഥാപകനായ കൊയെൻ ഒൽത്യുയിസ് പറയുന്നു.

Maldives-Floating-City-view

പ്രാദേശിക ജനങ്ങളെ ആകർഷിക്കുന്നതിനായി വർണ വൈവിധ്യമുള്ള വീടുകൾ നഗരത്തിൽ ഒരുങ്ങുന്നുണ്ട്. ബോട്ട് മാർഗ്ഗവും നടന്നും സൈക്കിൾ സവാരി ചെയ്തുമെല്ലാം നഗരത്തിലേക്ക് എത്താം. ഒരു കോടിക്ക് മുകളിലാണ് സ്റ്റുഡിയോ യൂണിറ്റുകളുടെ വില. താരതമ്യേന വലിയ വീടുകൾ സ്വന്തമാക്കുന്നത് രണ്ട് കോടിക്കടുത്തു വിലയായി നൽകേണ്ടി വരും. 

English Summary- Maldives to Build Floating City to compact Climate Crisis; Architecture News

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com