ഫെബ്രുവരിയിൽത്തന്നെ പൊരിഞ്ഞ ചൂട്! എസി വാങ്ങാനോടി മലയാളികൾ; ഇവ ശ്രദ്ധിക്കണേ
Mail This Article
ഫെബ്രുവരി പകുതി ആയിട്ടേയുള്ളൂ. കേരളത്തിൽ അടപടലം പൊള്ളിക്കുന്ന ചൂട് തുടങ്ങിയിരിക്കുന്നു. ഇനി കിടക്കുകയാണ് ചുട്ടുപൊള്ളിക്കുന്ന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ... ഫാൻ കൊണ്ടു നേരിടാവുന്നതിനപ്പുറത്തേക്ക് ചൂടും ഉഷ്ണവും കൂടിയതോടെ , ഒരു കാലത്ത് ആഡംബരമായി കണക്കാക്കിയിരുന്ന എസി ഇപ്പോൾ വീടുകളിൽ അവശ്യവസ്തുവായി മാറിയിരിക്കുകയാണ്. വില കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ രംഗപ്രവേശം ചെയ്തതും എസിയുടെ സമയം തെളിയാൻ കാരണമായി.
മാർച്ച്–മേയ് ആണ് എസി വിൽപ്പനയുടെ ഓണക്കാലമെന്ന് വിപണിവൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്ത് ഒരു വർഷം ആകെ വിൽക്കുന്ന എസിയുടെ 70–80 ശതമാനവും വിറ്റുപോകുന്നത് ഈ സമയത്താണ്. വീട്ടിലേക്ക് എസി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
എത്ര ടണ്ണിന്റെ വേണം?
ആദ്യമായി എസി എത്ര ടണ്ണിന്റെ വേണം എന്നു നോക്കാം. വയ്ക്കുന്ന റൂമിന്റെ വിസ്തീർണം അറിഞ്ഞാൽ നമുക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. സാധാരണ കേരളത്തിന്റെ കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ 120 sqft മുതൽ 140 sqft വരെ 1 ടൺ, 140-180 sqft വരെ 1.5 ടൺ, 180-240 വരെ 2 ടൺ എന്നിങ്ങനെ കണക്കാക്കാം. റൂമിന്റെ ഉയരം, ജനൽ ഗ്ലാസുകൾ, സ്ഥാനം ഒക്കെ എസി യുടെ ടണ്ണേജിനെ സ്വാധീനിക്കുമെങ്കിലും പൊതുവെ ഈ രീതിയിൽ ടണ്ണേജ് കണക്കാക്കാം.
ഇൻവേർട്ടർ എസി വേണോ നോൺ ഇൻവേർട്ടർ എസി വേണോ?
എന്താണ് ഇൻവേർട്ടർ എസി– സാധാരണ എസിയിൽ തണുപ്പ് ക്രമീകരിക്കപ്പെടുന്നത് കംപ്രസർ ഓൺ ഓഫ് ക്രമീകരണത്തിലൂടെ ആണ്. അതായത് 23 ഡിഗ്രി തണുപ്പ് നമ്മൾ സെറ്റ് ചെയ്യുകയാണെങ്കിൽ ആ താപനില എത്തുംവരെ കംപ്രസർ വർക്ക് ചെയ്യുകയും അതിനുശേഷം ഓഫ് ആവുകയും ചെയ്യും. പിന്നീട് താപനില ഉയരുമ്പോൾ കംപ്രസർ വീണ്ടും ഓണാവുകയും ചെയ്യുന്നു. എന്നാൽ ഇൻവേർട്ടർ എസി യിൽ സെറ്റ് ചെയ്ത താപനിലയിൽ എത്തുമ്പോൾ കംപ്രസർ ഓഫ് ആകുന്നില്ല, മറിച്ച് വൈദ്യുത ഉപയോഗം കുറച്ചു കംപ്രസർ വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതുമൂലം താപനില കൃത്യമായി നിലനിർത്തുകയും വൈദ്യുത ഉപയോഗം കുറയുകയും ചെയ്യുന്നു.
നോക്കി വാങ്ങാം സ്റ്റാർ റേറ്റിങ്..
ബിഇഇ അഥവാ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാർ റേറ്റിങ് വിലയിരുത്തി എസി വാങ്ങുന്നത് വൈദ്യുതിച്ചെലവ് കുറയ്ക്കും. നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. ത്രീ സ്റ്റാറിന് മുകളിൽ റേറ്റിങ് ഉള്ള മോഡലുകളാണ് കൂടുതൽ മികച്ചത്. സ്റ്റാർ റേറ്റിങ് ഉയരുന്നതിനനുസരിച്ചു വൈദ്യുത ഉപയോഗം കുറയുന്നത് അതിൽനിന്നും നിങ്ങൾക്കു മനസ്സിലാക്കാം. ഒരു യൂണിറ്റിന് 5 രൂപ വച്ചു കണക്കാക്കിയാൽ ഒരു വർഷത്തെ ഏകദേശ വൈദ്യുത ചാർജും മനസ്സിലാക്കാം. ഉയർന്ന സ്റ്റാർ റേറ്റിങ്ങിന് അധികമായി നിങ്ങൾ മുടക്കുന്ന തുക എത്ര നാളുകൾക്കുള്ളിൽ മുതലാവും എന്ന് അങ്ങനെ അറിയാം.
എസിയിൽ ഉപയോഗിക്കുന്ന ഗ്യാസ് പ്രധാനമാണ്. സാധാരണയായി R22 വും R410 ആണ് ഉപയോഗിക്കുന്നത്. കോപ്പർ കണ്ടൻസർ ഉള്ള എസിക്ക് തന്നെ ആവും കുറഞ്ഞ പരിപാലന ചെലവ്. ചില വിലകുറഞ്ഞ എസികളിൽ കോപ്പറിനു പകരം അലൂമിനിയം കണ്ടൻസർ ഉപയോഗിക്കുന്നുണ്ട്. കടയിൽ പോയി നേരിട്ട് വാങ്ങുന്നതിനു മുൻപ് ഇത്തരം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് കീശ ലാഭിക്കുന്നതിന് ഉപകരിക്കും.
English Summary- AC Buying Tips Kerala