ADVERTISEMENT

ഏതൊരു വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഒരു സാധാരണവീട്ടിൽ ഏറ്റവും ഉപയോഗിക്കുന്ന ഇടവും അടുക്കളയാകാം. ഇന്ന് അടുക്കള മനോഹരമായി ഡിസൈൻ ചെയ്യാൻ നിരവധി ഓപ്ഷനുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ എത്രയൊക്കെ കരുതലോടെ ഒരുക്കിയാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അടുക്കള തലവേദനയാകും. അടുക്കള ഡിസൈനിങ്ങിൽ പരിഗണിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങൾ നോക്കാം.

1. ശ്വാസംമുട്ടിക്കരുത് 

കബോർഡുകളും അടുക്കള ഉപകരണങ്ങളും കൗണ്ടർ ടോപ്പുകളുമടക്കം ധാരാളം വസ്തുക്കൾ അടുക്കളയിൽ ആവശ്യമായി വരും. ഇവ ഉൾക്കൊള്ളിക്കാനുള്ള വ്യഗ്രതയിൽ വായു സഞ്ചാരം തടസപ്പെടരുത്. അടുക്കളയ്ക്കുള്ളിലെ വായുവിന്റെ ഗുണനിലവാരം പ്രധാനമാണ്. അതിനാൽ കൃത്യമായി വായു സഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഉണ്ടാവുന്ന ഗന്ധവും പുകയും വീടിനുള്ളിൽ തങ്ങിനിൽക്കാതെ പുറത്തു പോകത്തക്ക വിധത്തിൽ വേണം വെന്റിലേഷൻ ഒരുക്കാൻ. കിച്ചൻ ഹുഡുകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച ഗുണനിലവാരം ഉള്ളത് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 

2. പ്രകാശം പരക്കട്ടെ 

വീട്ടിലെ മറ്റു മുറികൾപോലെ അടുക്കളയിൽ ഒര ലൈറ്റ് മാത്രം ഉൾക്കൊള്ളിക്കുന്നതാണ് പൊതുരീതി.  എന്നാൽ അടുക്കളയുടെ ഓരോ ഭാഗത്തും വെളിച്ചമെത്തക്ക രീതിയിൽ ഒന്നിലധികം ലൈറ്റുകൾ ഉൾപ്പെടുത്തണം. അടുക്കളയിലെ ഓരോ കോണും എപ്പോഴും ഉപയോഗിക്കേണ്ടി വരുമെന്നതിനാലാണിത്. സ്റ്റൗവ്വിനു മുകളിലും സിങ്കിന് മുകളിലും പ്രത്യേകം ടാസ്ക് ലൈറ്റുകൾ നൽകാം. എല്ലാ ഭാഗത്തും ഒരേപോലെ വെളിച്ചം എത്തുന്നതിനായി അടുക്കളയിൽ ആംബിയന്റ് ലൈറ്റിങ്ങ് ഉൾപ്പെടുത്തുന്നതാണ് ഉചിതം. വ്യത്യസ്ത തരം ലൈറ്റിങ്ങുകൾ ഉൾപ്പെടുത്തുന്നത് അടുക്കള മനോഹരമാക്കും.

3. കിച്ചൻ ട്രയാങ്കിൾ ഇല്ലെങ്കിൽ വട്ടംചുറ്റിക്കും 

അടുക്കളയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന മൂന്നു കാര്യങ്ങളാണ് സ്റ്റൗവ്വും സിങ്കും റഫ്രിജറേറ്ററും. ഇവ പരസ്പരഅകലത്തിൽ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടിനിടയാക്കും. സ്റ്റൗ, സിങ്ക്, റഫ്രിജറേറ്റർ എന്നിവ ഒരേപോലെ നടന്നെത്താവുന്ന അകലത്തിൽ സ്ഥാപിക്കുന്നതിനാണ് കിച്ചൻ ട്രയാങ്കിൾ എന്നുപറയുന്നത്. ഇക്കാര്യം അടുക്കള ഒരുക്കുമ്പോൾ കൃത്യമായി ശ്രദ്ധിക്കണം. അടുക്കള ജോലി എളുപ്പമാക്കാനും വെള്ളം, ഗ്യാസ്, വൈദ്യുതി എന്നിവ അമിതമായി പാഴായി പോകാതിരിക്കാനും ഇത് ഗുണം ചെയ്യും. സ്റ്റൗവ്വിൽ നിന്നും സിങ്കിനരികിലേക്കും റഫ്രിജറേറ്ററിനരികിലേക്കും ഒരേ അകലമാകുന്നതാണ് എപ്പോഴും നല്ലത്.

4. എല്ലാം കുത്തിനിറയ്ക്കരുത് 

പരമാവധി സൗകര്യങ്ങൾ അടുക്കളയിൽ സ്ഥാപിച്ചു കഴിഞ്ഞതിനുശേഷം അടുക്കളയ്ക്കുള്ളിൽ സ്ഥലവിസ്തൃതി ഉണ്ടാകുമോ എന്ന കാര്യത്തിന് പലരും പരിഗണന നൽകാറില്ല. ക്യാബിനറ്റുകളും ഡ്രോയറുകളും കൃത്യമായി തുറക്കാനും ഒരിടത്തു നിന്നും അടുത്ത ഇടത്തേക്ക് തടസ്സം ഇല്ലാതെ നടന്നു നീങ്ങാനുമുള്ള സ്ഥലം എപ്പോഴും അടുക്കളയിൽ ഉണ്ടാവണം. ഒന്നിലധികം ആളുകൾക്ക് കൈകാര്യം ചെയ്യാനുള്ള സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ടു വേണം അടുക്കള ഒരുക്കാൻ. അടുക്കള ഉപകരണങ്ങളും ഫിക്സ്ചറുകളും സ്ഥാപിക്കുമ്പോൾ അവ ഏതു സ്ഥാനത്ത് വയ്ക്കണം എന്നതിനെക്കുറിച്ച് കൃത്യമായ പ്ലാനിങ് ഉണ്ടാവണം. തിരഞ്ഞെടുക്കുന്ന ഉപകരണങ്ങൾ അടുക്കളയുടെ വലുപ്പത്തിന് യോജിച്ചതാണെന്ന് ഉറപ്പാക്കണം.

5. വൃത്തിയാക്കൽ തലവേദയാകരുത് 

അടുക്കളയുടെ ഓരോ ഭാഗത്തും ഉപയോഗിക്കുന്ന മെറ്റീരിയലുകൾ പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകി മാത്രം തിരഞ്ഞെടുക്കുക. കാഴ്ചയിലെ ഭംഗി മാത്രം കണക്കിലെടുത്ത് കൗണ്ടർടോപ്പുകൾക്കും സിങ്കിനുമുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് ഒരുപക്ഷേ ജോലിഭാരം ഇരട്ടിയാക്കിയെന്ന് വരാം. വൃത്തിയാക്കാൻ എളുപ്പമുള്ള മെറ്റീരിയലുകൾ തന്നെ തിരഞ്ഞെടുക്കുക. കൗണ്ടര്‍ടോപ്പുകളിൽ ഗ്രാനൈറ്റ് ക്വാര്‍ട്‌സ് എന്നിവയും  വീട്ടുപകരണങ്ങള്‍ക്കായി സ്റ്റെയിന്‍ലെസ് സ്റ്റീലും  ഉപയോഗിക്കുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com