വീട്ടിലെ ഏറ്റവും മലിനമായ വസ്തു; ടോയ്‌ലറ്റിൽ ഉള്ളതിനേക്കാൾ അണുക്കൾ ഉണ്ടാകാം; സ്പോഞ്ച് സൂക്ഷിച്ച് ഉപയോഗിക്കണം

Mail This Article
അടുക്കളയിൽ നിരന്തരം ഉപയോഗമുള്ള വസ്തുവാണ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. വ്യത്യസ്ത പാത്രങ്ങൾ കഴുകുന്നതിനായി മൃദുലമായതും പരുക്കൻ പ്രതലമുള്ളതുമായ സ്പോഞ്ചുകൾ വിപണിയിൽ ലഭ്യവുമാണ്. പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും നാം ഇവ ഉപയോഗിക്കുന്ന രീതി കൃത്യമാണോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഈ ചെറിയ വസ്തു വീട്ടിലുള്ളവരുടെ ആരോഗ്യം തകരാറിലാക്കിയെന്ന് വരാം. കാരണം പഠനങ്ങൾ പ്രകാരം ടോയ്‌ലറ്റിൽ ഉള്ളതിനേക്കാൾ അണുക്കൾ കിച്ചൻ സ്പോഞ്ചിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. കിച്ചൻ സ്പോഞ്ചുകളുടെ ശരിയായ ഉപയോഗക്രമം എങ്ങനെയെന്ന് നോക്കാം.
ദീർഘകാലം ഉപയോഗിക്കരുത്
വീട്ടിലെ ഏറ്റവും മലിനമായ വസ്തുക്കളിൽ ഒന്നാം സ്ഥാനം കിച്ചൻ സ്പോഞ്ചുകൾക്കാണെന്ന് ഇറ്റലിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സൂക്ഷ്മാണുക്കൾക്കും ഭക്ഷണത്തിലൂടെ പകരുന്ന രോഗകാരികൾക്കും ഏറ്റവും സൗകര്യപ്രദമായ ആവാസവ്യവസ്ഥയാണ് ഈ സ്പോഞ്ചുകൾ. സാധാരണ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പുകളോ കെമിക്കലുകളോ ഈ രോഗാണുക്കളെ പൂർണമായി നശിപ്പിക്കാൻ പര്യാപ്തമല്ല. ഫലമോ അവ യഥേഷ്ടം സ്പോഞ്ചിനുള്ളിൽ വിഹരിക്കും. അടിക്കടി സ്പോഞ്ചുകൾ മാറ്റി ഉപയോഗിക്കുക എന്നതാണ് ഇതിന് ഗവേഷകർ ചൂണ്ടിക്കാട്ടുന്ന പരിഹാരം.
ഒരാഴ്ചയിലധികം ഒരു കിച്ചൻ സ്പോഞ്ച് ഉപയോഗിക്കാൻ പാടില്ല. കൗണ്ടർ ടോപ്പുകൾ സ്പോഞ്ച് ഉപയോഗിച്ചാണ് വൃത്തിയാക്കുന്നതെങ്കിൽ അതിനുശേഷം ആന്റി ബാക്ടീരിയൽ കിച്ചൻ വൈപ്പുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
സ്പോഞ്ച് ക്ലീൻ ചെയ്യേണ്ട വിധം
സ്പോഞ്ചുകൾ വൃത്തിയാക്കുമ്പോൾ ബാക്ടീരിയകൾ നീക്കം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. എങ്കിലും ചില ഇനം അണുക്കളെ നശിപ്പിക്കാൻ ഈ വൃത്തിയാക്കൽ പ്രധാനവുമാണ്. പരമാവധി രോഗാണുക്കളെ കുറയ്ക്കാനായി സ്പോഞ്ച് പതിവായി ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകണം. അതുമല്ലെങ്കിൽ ഒരു ലിറ്റർ ചൂടുവെള്ളത്തിൽ അര ടീസ്പൂൺ കോൺസെൻട്രേറ്റഡ് ബ്ലീച്ച് ലയിപ്പിച്ച ശേഷം ഒന്നോ രണ്ടോ മിനിറ്റ് നേരം ഈ ലായനിയിൽ സ്പോഞ്ച് മുക്കിവച്ച ശേഷം എടുത്ത് നനവ് മാറ്റി ഉപയോഗിക്കാം.
സ്പോഞ്ച് അണുവിമുക്തമാക്കാൻ
മൂന്ന് ടേബിൾ സ്പൂൺ ക്ലോറിൻ ബ്ലീച്ചെടുത്ത് അത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തണം. ഉപയോഗിച്ച സ്പോഞ്ച് അഞ്ച് മിനിറ്റ് നേരം ഈ വെള്ളത്തിൽ മുക്കി വയ്ക്കാം. അതിനുശേഷം കാറ്റേറ്റ് സ്പോഞ്ച് നന്നായി ഉണങ്ങാൻ അനുവദിക്കുക. സ്പോഞ്ച് അണുവിമുക്തമാക്കി കഴിഞ്ഞാൽ കൈകൾ നന്നായി കഴുകാനും ശ്രദ്ധിക്കണം.
സ്പോഞ്ചിലെ നിറങ്ങളിലുമുണ്ട് കാര്യം

പല നിറങ്ങളിലുള്ള സ്പോഞ്ചുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത് കേവലം ഭംഗിക്ക് വേണ്ടിയല്ല മറിച്ച് അതിനു പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ഓരോതരം പാത്രങ്ങൾക്കും കറകൾക്കും അനുയോജ്യമായ രീതിയിൽ ഉള്ളവ തന്നെ തിരഞ്ഞെടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണ് നിറങ്ങൾ നൽകുന്നത്.
* ഇളം നിറത്തിലുള്ള സ്പോഞ്ചുകൾ: നോൺസ്റ്റിക് പാത്രങ്ങൾ പോലെയുള്ളവ പോറലേൽക്കാതെ കഴുകി എടുക്കുന്നതിന് വേണ്ടി ഇളംനിറത്തിലുള്ള സ്പോഞ്ചുകൾ തിരഞ്ഞെടുക്കാം. പച്ച, മഞ്ഞ നിറങ്ങൾ ഒരുമിച്ചു വരുന്ന സ്പോഞ്ചുകളാണ് വിപണിയിൽ കൂടുതലായി കണ്ടുവരുന്നത്. കടുത്ത കറകളിൽ സ്പോഞ്ചിലെ പരുപരുത്ത പച്ച പ്രതലം ഉപയോഗിക്കാം. മഞ്ഞ ഭാഗം മൃദുലമായ പാത്രങ്ങൾ കഴുകുന്നതിനും അടുക്കളയുടെ പൊതുവായ വൃത്തിയാക്കലിനും ഉപയോഗിക്കാം.
• പിങ്ക് /ചുവപ്പ് നിറത്തിലുള്ള സ്പോഞ്ചുകൾ: മത്സ്യവും മാംസവും മുറിക്കാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകളും അവ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും കഴുകുന്നതിനു വേണ്ടി ഈ സ്പോഞ്ചുകൾ തിരഞ്ഞെടുക്കാം. ഈ സ്പോഞ്ചുകൾ പിന്നീട് മറ്റു പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കരുത്. പച്ച മാംസത്തിൽ നിന്നുള്ള അണുക്കൾ മറ്റു പാത്രങ്ങളിലേക്ക് പടരാനും രോഗങ്ങൾ പകരാനും സാധ്യതയുള്ളതിനാലാണ് ഇത്.
• നീല സ്പോഞ്ച് : പോറലുകൾ അധികമായി വീഴാൻ സാധ്യതയുള്ള പാത്രങ്ങളിൽ നീല സ്പോഞ്ച് ഉപയോഗിക്കാം. വെള്ളം കുടിക്കുന്ന ഗ്ലാസുകളും ഗ്ലാസിൽ നിർമിച്ച പാത്രങ്ങളും ഇത് ഉപയോഗിച്ചു കഴുകാം.