ADVERTISEMENT

മഴക്കാലത്തു വെള്ളം കെട്ടിക്കിടക്കും. വേനലിൽ മാലിന്യം തള്ളും. കല്ലു വെട്ടിയ ശേഷം ഉപേക്ഷിക്കുന്ന ചെങ്കൽപണയെക്കുറിച്ചുള്ള പൊതുധാരണ ഇതായിരിക്കും. എന്നാൽ, കണ്ണൂർ പയ്യന്നൂർ ആലക്കാട് മാവിലാ പുതിയ വീട്ടിൽ കുഞ്ഞിക്കൃഷ്ണനു കല്ലുവെട്ടാംകുഴി ജൈവകൃഷിക്കു പറ്റിയ ഇടമാണ്. വീടിനടുത്തുനിന്ന് 3 കിലോമീറ്റർ മാറി കാനാ‌യിക്കാനത്തു കല്ലു വെട്ടിയ ശേഷം ഉപേക്ഷിക്കപ്പെട്ടു കിടന്ന 2 ഏക്കർ വസ്‌തുവിലാണു കുഞ്ഞിക്കൃഷ്ണന്റെ പരീക്ഷണം. എവിടെയും കല്ലുവെട്ടു കുഴികൾ മാത്രമുള്ള സ്‌ഥലം. കല്ലു വെട്ടിയ കുഴിയായതിനാൽ സ്‌ഥലത്തിനു വിലക്കുറവുണ്ടെന്നത് ആകർഷകമായി.

ചെങ്കൽപണയിലെ കൃഷി

സ്ഥലം നിരപ്പാക്കുകയാണ് ആദ്യം ചെയ്തത്. ചെങ്കല്ലു വെട്ടിയ സ്ഥ‌ലം നിരപ്പാക്കിയപ്പോൾ മണ്ണു നല്ലവണ്ണം പൊടിഞ്ഞു കിട്ടി. മണ്ണു നന്നായി ഇളകി കിട്ടുകയും ചെയ്തു. ഇളകിയ മണ്ണായതിനാൽ ചെടികളുടെ വേരോട്ടത്തിനു വേഗം കൂടി. നല്ല വേരോട്ടം ലഭിച്ചതോടെ നല്ല വിളവും ഉറപ്പായി. സ്ഥലം രണ്ടായി തിരിച്ചായിരുന്നു കൃഷി. ഒരുഭാഗത്തു തെങ്ങ്, മാവ്, പ്ലാവ്, കശുമാവ്, കമുക് എന്നിവ. ദീർഘകാല വിളകളിൽനിന്നു വിളവു ലഭിക്കാൻ കുറഞ്ഞതു നാലു വർഷമെങ്കിലും വേണം. അതുവരെ കൃഷി സജീ വമാക്കാനും നിത്യോപയോഗത്തിനുമായി മറുഭാഗത്തു പച്ചക്കറിക്കൃഷിയും കരനെല്ലും. ചാണകപ്പൊടിയും കോഴിവളവും പച്ചിലവളവും നന്നായി ചേർത്തു മണ്ണിനെ ഫലഭൂയിഷ്ഠമാക്കി. കോഴിവളം മാത്രമേ വാങ്ങേണ്ടി വന്നുള്ളൂ. പച്ചില വളത്തിനായി പറമ്പിന്റെ അതിരിലെല്ലാം ശീമക്കൊന്ന പിടിപ്പിച്ചു. മാവിനും പ്ലാവിനും കശുമാവിനുമെല്ലാം ശീമക്കൊന്നയാണു വളമായി നൽകുന്നത്. മഴക്കാലത്തു ലഭിക്കുന്ന വെള്ളം നൂറു ശതമാനവും ഇവിടെത്തന്നെ ശേഖരിക്കാൻ കഴിയുമെന്നതാണു ചെങ്കൽപണയുടെ മറ്റൊരു പ്രത്യേകത. കിണറ്റിലെ വെള്ളത്തിന്റെ ശേഖരം വർധിപ്പിക്കാനും ഇതു സഹായിച്ചു. വേനലിൽ വെള്ളത്തിനു മുടക്കമുണ്ടാകില്ല.

മഴയുടെ ശക്തി കുറയുന്നതോടെയാണു പച്ചക്കറിക്കൃഷി തുടങ്ങുക. വെണ്ട, തക്കാളി, പച്ചമുളക്, പാവൽ, ചീര, വഴുതന, കുമ്പളം, മത്തൻ എന്നിങ്ങനെ എല്ലാ കൃഷിയും ഉണ്ട്. വീട്ടിലെ ആവശ്യത്തിന് എടുത്തിട്ടുള്ളതേ വിൽക്കുകയുള്ളൂ.

farmer-kannur-2
കുഞ്ഞിക്കൃഷ്ണൻ കോറോം ആലക്കാട്ടെ ചെങ്കൽപ്പണയിലെ കൃഷിയിടത്തിൽ.

പരമ്പരാഗത കൃഷിക്കാരനായ കുഞ്ഞിക്കൃഷ്ണന് 75 വയസ്സായി. കല്ലു വെട്ടിയ സ്ഥലത്തിനു പുറമേ, വേറെ 3 ഏക്കറിലും കൃഷിയുണ്ട്. നെല്ലും കുരുമുളകും, വാഴയും കൃഷി ചെയ്യുന്നു. രാവിലെ 8 മണിക്കു കൃഷിയിടങ്ങളിലേക്കിറങ്ങിയാൽ ഒരു മണിവരെ അധ്വാനമാണ്.

കൃഷിയിൽനിന്ന് എന്തു ലാഭമെന്നു ചോദിച്ചാൽ നല്ല ആരോഗ്യവും നല്ല ഭക്ഷണവുമെന്നാണു മറുപടി.

സ്വന്തം കൃഷി, സ്വന്തം മെനു

സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയവയാണു കുഞ്ഞിക്കൃഷ്ണന്റെ മെനു കാർഡിലെ മിക്ക ഐറ്റവും. അരിയും ഗോതമ്പും കുറവാണ്. പഴവും പച്ചക്കറിയുമാണ് കൂടുതൽ.

കശുവണ്ടി 35 ദിവസം ഉണക്കി പരിപ്പായി സൂക്ഷിക്കും. ഇതു ദിവസവും 7 എണ്ണം കഴിക്കും. നിലക്കടല വെയിലത്ത് ഉണക്കിയെടുത്തു നിത്യേന കഴിക്കും. നാടൻ പശുവിന്റെ പാലു മാത്രമേ വീട്ടാവശ്യത്തിന് ഉപയോഗിക്കൂ. കൃഷിക്കാരനാണ്. എപ്പോഴും ഫോണിൽ കിട്ടണമെന്നില്ല. എങ്കിലും അറിയാവുന്ന കാര്യങ്ങൾ പങ്കിടുന്നതിനു കുഞ്ഞിക്കൃഷ്ണൻ റെഡിയാണ്.

ഫോൺ: 8547180845

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com