ADVERTISEMENT

ചക്കയുടെ ജന്മദേശം കേരളം ഉൾക്കൊള്ളുന്ന സഹ്യസാനുക്കളാണ്. ഉഷ്ണമേഖലാ കാലാവസ്ഥ നിലനിൽക്കുന്ന ലോകത്തിന്റെ ഏതു ഭാഗത്തും പ്ലാവുണ്ട്. എന്തുകൊണ്ടും കൽപവൃക്ഷമെന്നു പ്ലാവിനെ വിശേഷിപ്പിക്കാം. ഭക്ഷ്യസുരക്ഷ – സുരക്ഷിത ഭക്ഷണം എന്ന അതിവിശാല കാഴ്ചപ്പാടിൽ ചക്കയ്ക്കു പ്രാധാന്യമേറിവരുന്നു. ഒരു കുടുംബത്തിലെ എല്ലാവരുടെയും വിശപ്പടക്കാൻ കഴിവുള്ള ചക്കയ്ക്ക് വൈകിയാണെങ്കിലും ‘സംസ്ഥാന ഫല’മെന്ന അംഗീകാരം ലഭിച്ചതു സ്വാഗതാർഹമാണ്. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലെങ്കിലും ചക്കയാണു ജനങ്ങൾ  കൂടുതൽ ഉപയോഗപ്പെടുത്തുന്ന പഴം – പച്ചക്കറി. ബംഗ്ലാദേശ് മാത്രമാണു ചക്ക ഔദ്യോഗികഫലമായ രാജ്യം.

സൂര്യപ്രകാശത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന മരമാണു പ്ലാവ്. ദിനംപ്രതി ഇല കൊഴിയുന്നതുവഴി അവയുടെ അവശിഷ്ടങ്ങൾ‌ മണ്ണിലലിഞ്ഞ്, അഞ്ചു വർഷംകൊണ്ടു മണ്ണിലെ ഓർഗാനിക് കാർബൺ ഒരു ശതമാനം വർധിപ്പിച്ചു മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുള്ള കഴിവും പ്ലാവിനുണ്ട്. 

ഭക്ഷണം, കാലിത്തീറ്റ, വിറക്, തണൽ, പ്രാണവായു എന്നിവ നൽകുന്നതു കൂടാതെ നീർത്തട സംരക്ഷണത്തിനും പ്ലാവ് ഉതകുന്നു. അതിനാൽ കൃഷി പ്രോൽസാഹിപ്പിക്കാൻ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതു കൊള്ളാം. എന്നാൽ ‘ഉൽപന്ന കേന്ദ്രീകൃത കൃഷി’ എന്ന നൂതന ആശയം പ്രചരിപ്പിച്ച് ആ ദിശയിൽ പ്രവർത്തിച്ചാൽ മാത്രമേ പ്ലാവിന്റെ വാണിജ്യകൃഷി സുസ്ഥിരവും ആദായകരവുമാവുകയുള്ളൂ.

പ്ലാവിന്റെ ഏത് ഇനമാണു നടേണ്ടതെന്ന വ്യക്തമായ ബോധ്യം കർഷകർക്ക് ഉണ്ടാകണം. അല്ലെങ്കിൽ കേരളത്തിൽ ഇപ്പോഴുള്ള പതിനായിരക്കണക്കിനു പ്ലാവുകളോട് ഏതാനും ആയിരങ്ങൾ കൂടി ചേർക്കപ്പെട്ട് ഒരു ‘ദുരന്തം’ തന്നെ നമുക്കു ന്യായമായും പ്രതീക്ഷിക്കാം. പ്ലാവുകൃഷിയിലൂടെ വലിയ നേട്ടങ്ങൾ കൈവരിച്ച വിയറ്റ്നാം, മലേഷ്യ, തായ്‍ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ നമുക്കു  മാതൃകയായുണ്ട്. കേരളത്തിലെപ്പോലെ  ആരാലും ശ്രദ്ധിക്കപ്പെടാതെ തൊടിയിലെ അപ്രധാനഭാഗത്തു നിൽക്കുന്ന പ്ലാവിനെയല്ല ഈ രാജ്യങ്ങളില്‍ കാണാനാവുക. പ്ലാവുകൃഷിയും വിപണനവുമൊക്കെ ഇവിടങ്ങളിൽ കോടിക്കണക്കിനു രൂപ മൂല്യമുള്ള വമ്പൻ വ്യവസായമാണ്. പ്ലാവിന്റെ വാണിജ്യപ്രാധാന്യമുള്ള ഒട്ടേറെ ഇനങ്ങൾ ഇവര്‍ക്കു സ്വന്തമായുണ്ടെങ്കിലും പ്രധാനമായും രണ്ട് ഇനങ്ങളാണ്  കൂടുതൽ കൃഷി ചെയ്യുന്നതും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനെടുക്കുന്നതും. മലേഷ്യയുടെ ജെ 33 യും വിയറ്റ്നാമിന്റെ സൂപ്പർ ഏർലിയും.

അൽപം ശ്രദ്ധിച്ചാൽ പ്ലാവ് അനായാസം പിടിപ്പിച്ചെടുക്കാമെന്നത് ഉഷ്ണ / മിത ശീതോഷ്ണമേഖലാ കാലാവസ്ഥ നിലനിൽക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാവ് വേരുറയ്ക്കുന്നതിനു കാരണമായി. പരപരാഗണത്തിലൂടെ ഉൽപാദിപ്പിച്ച ചക്കയുടെ വിത്തുകൾ മുളച്ചു കേരളത്തിലുടനീളം വളരുന്ന പ്ലാവുകളാണ് ഇവയുടെ ലോകത്തിലെ ഏറ്റവും വലിയ ജനിതക ശേഖരം. എന്നാൽ, അവയിൽനിന്നു മികച്ച ഏതാനും ഇനങ്ങൾ കണ്ടെത്താനും അവയുടെ ധാരാളം നടീൽ വസ്തുക്കൾ ഉണ്ടാക്കാനും നമുക്കിനിയും കഴിഞ്ഞിട്ടില്ല. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിപ്സ് വ്യാവസായിക തലത്തിൽ തയാറാക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളി ഒരേ ഇനത്തിലുള്ള ചക്കയുടെ ലഭ്യതക്കുറവാണ്.

jack-fruit-vietnam-super
വി‌യറ്റ്നാം സൂപ്പർ ഏർലി തോട്ടം

ചക്കയുടെ അതുല്യമായ പോഷകമൂല്യങ്ങളെയും വൈവിധ്യമാർന്ന ഉപയോഗരീതികളെയും മൂല്യവർധിത ഉൽപന്നങ്ങളെയും അവയുടെ വിപണനസാധ്യതകളെയുംകുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. വളർച്ചയുടെ നാലു ഘട്ടങ്ങളിൽ ചക്ക വിവിധ രീതികളിൽ ഉപയോഗപ്പെടുത്താമെന്നുള്ളതാണ് ഏറ്റവും വലിയ മെച്ചം. ആദ്യത്തേത്, ഏറ്റവും മൂപ്പു കുറഞ്ഞ ഇടിച്ചക്കയായി ഉപയോഗപ്പെടുത്തലാണ്. കുറെ ആഴ്ചകൾ കൂടി വളരാൻ അനുവദിച്ച് 70 മുതൽ 80 ശതമാനംവരെ മൂപ്പെത്തിയതിനുശേഷം ഉപയോഗപ്പെടുത്തുന്നതാണു രണ്ടാമത്തേത്. പ്രതിദിനം കേരളത്തിൽനിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് ഇത്തരം അഞ്ചു കോടി രൂപയുടെ ചക്കയാണു പോകുന്നത്. ഇനിയുള്ളതു നന്നായി മൂപ്പെത്തിയ ചക്കയാണ്. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രധാനപ്പെട്ട ചക്ക ചിപ്സ്, ചക്കപ്പുഴുക്ക് എന്നിവ തയാറാക്കുന്നത് ഇത്തരം മൂത്ത ചക്ക ഉപയോഗിച്ചാണ്. നാലാമത്തേത്, നന്നായി പഴുത്ത ചക്ക. ഇവ ടേബിൾ സ്നാക്കായും ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനും ഉപയോഗിച്ചുവരുന്നു. ആദ്യത്തെ മൂന്നു ഘട്ടത്തിലുള്ള  ചക്കയും പച്ചക്കറിയായോ അന്നജത്തിന്റെ  ഏറ്റവും കലോറി മൂല്യം കുറഞ്ഞ വിഭവമായോ ഉപയോഗപ്പെടുത്തുന്നു. ചക്കക്കുരുവാണ് അടുത്ത ഘടകം. ബേക്കറി വ്യവസായത്തിൽ ഒട്ടേറെ ഉൽപന്നങ്ങളുടെ നിർമാണത്തിനു ചക്കക്കുരു പ്രധാന ചേരുവയാണ്. ‘ഗ്ലൂട്ടൻ അംശം’ ഒട്ടുംതന്നെ ഇല്ലാത്ത ഭക്ഷ്യവിഭവങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നതു യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽ ‘ഗ്ലൂട്ടൻ അലർജി’യാൽ ക്ലേശിക്കുന്ന ഒട്ടേറെപ്പേർക്ക് ആശ്വാസപ്രദമാണെന്നതും  ചക്ക ഉല്‍പന്നങ്ങള്‍ക്കു വലിയ സാധ്യതകളാണു തുറന്നുതരുന്നത്.

ചക്കയുടെ ഏതു മൂല്യവർധിത ഉൽപന്നവും വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കണമെങ്കില്‍ ഒരേ ഇനം ചക്ക വൻതോതിൽ   ലഭ്യമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണു നമ്മുടെ നാട്ടിൽതന്നെ ലോകോത്തര നിലവാരമുള്ള പ്ലാവിനങ്ങൾ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യേണ്ടതിന്റെ പ്രസക്തി. ടേബിൾ സ്നാക്കായും മൂല്യവർധനയ്ക്കായും ഒരേ സമയം  ഉപയോഗപ്പെടുത്താവുന്ന ലോകോത്തര ഇനങ്ങൾ താഴെ:

ജാക്ക് ജെ33

jack-j-33
ജെ 33

തോട്ടമടിസ്ഥാനത്തിലുള്ള പ്ലാവുകൃഷിയിൽ ബഹുദൂരം മുന്നിലായ മലേഷ്യയുടെ മണ്ണിൽനിന്നു കണ്ടെത്തിയതാണ് ജെ 33 എന്ന ഇനം. ചക്കയുൽപാദനത്തില്‍ പുത്തനുണർവിനു കാരണമായ ഈ ഇനം പതിനായിരക്കണക്കിനു ഹെക്ടർ സ്ഥലത്തു കൃഷി ചെയ്ത് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്ത് ധാരാളം വിദേശനാണ്യം നേടുന്നു മലേഷ്യ.

ആകർഷകമായ കടും മഞ്ഞ നിറത്തിൽ നല്ല ദൃഢതയുള്ള ചുളകൾക്ക് ജലാംശം താരതമ്യേന കുറവാണെന്നത് ഈ ഇനത്തെ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാക്കുന്നു. മൂപ്പെത്തിയ ചക്കകൾ വിളവെടുത്തതിനുശേഷം നന്നായി പഴുക്കാൻ, മറ്റിനങ്ങളെ അപേക്ഷിച്ച് മൂന്നു നാലു ദിവസങ്ങൾ കൂടുതൽ വേണമെന്നുള്ളത്, അതായത്, സൂക്ഷിപ്പുകാലം ഇതിനു കൂടുതലുണ്ടെന്നത് വ്യാവസായിക മേഖലയിൽ അധിക മികവാണ്. മലേഷ്യൻ കാലാവസ്ഥയിൽ വർഷം മുഴുവനും ചക്ക ലഭ്യമാണെന്നത് ഈയിനത്തിന്റെ മറ്റൊരു സവിശേഷതയാണ്. ജെ33ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. മരങ്ങൾ തമ്മിൽ 30x30 അടി അകലമാണ് ശുപാർശ ചെയ്തിരിക്കുന്നത്.

വിയറ്റ്നാം സൂപ്പർ ഏർലി

വിയറ്റ്നാമിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മികച്ച ഇനമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ, വളരെ പെട്ടെന്നു വളർന്നു കായ്ഫലം തരുമെന്നതാണ് ഇതിന്റെ പ്രധാന മേന്മ. വിയറ്റ്നാമിൽ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പ്രധാന പ്ലാവിനവും ഇതുതന്നെ. സാധാരണ ഇനങ്ങളിൽ തടി മൂത്ത് മൂന്നു നാലു വർഷങ്ങൾക്കുള്ളിൽ ചക്ക കായ്ക്കുമ്പോൾ ഈ ഇനം തടി മൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു. മറ്റിനങ്ങളെക്കാൾ കനവും വലുപ്പവും കൂടുതലുള്ള ഇലയ്ക്കു കടും പച്ചനിറമാണ്. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുമുണ്ട്. 

സാധാരണ പ്ലാവിനങ്ങൾ 30 അടി അകലത്തിൽ നടുമ്പോൾ ഈ ഇനം 10 അടി അകലത്തിൽ നടാം. മറ്റിനങ്ങളെപ്പോലെ പടർന്നു പന്തലിക്കാത്തതാണ് കാരണം. അതിനാൽ നിബിഡ കൃഷിക്ക് (ഹൈ ഡെൻസിറ്റി പ്ലാന്റിങ്) ഏറ്റവും യോജിച്ച ഇനമാണിത്. വിയറ്റ്നാമിൽ ഈ ഇനം 10 അടി അകലത്തിൽ 430 തൈകൾവരെ ഒരു ഏക്കറിൽ നടുന്നു. നട്ട് ഒരു വർഷത്തിനുശേഷം ചക്കകൾ ഉണ്ടാകുന്നതിനാൽ ‘ഒരു വർഷ പ്ലാവ്’ എന്നും ഇതിനെ വിളിക്കാറുണ്ട്. രണ്ടാം കൊല്ലം മുതൽ ചക്കകൾ കായ്ച്ചു കിടക്കുന്ന പ്ലാവുകൾ കാണാൻ വളരെ മനോഹരമാണ്.

jack-fruit-deepak-4

ചുളകൾക്കു ക്രഞ്ചിസ്വഭാവവും നല്ല മഞ്ഞ നിറവുമുണ്ട്. പഞ്ചസാരയുടെ അളവ്  മറ്റ് ഇനങ്ങളെ അപേക്ഷിച്ചു കുറവാണ്. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിന് ഏറ്റവും യോജിച്ച ഇനം. തായ്ത്തടി മൂക്കുന്നതിനു മുമ്പുതന്നെ, ചക്കകൾ ഒരു ഞെടുപ്പിൽ കുലകളായി ഉണ്ടാകുന്നു. എന്നാൽ ഒരു കുലയിൽ ഉണ്ടാകുന്ന എല്ലാ ചക്കകളും മൂക്കാൻ അനുവദിക്കരുത്. ഇങ്ങനെ ചെയ്താൽ ഗുണമേന്മ കുറഞ്ഞ ചക്കകൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. സാധാരണയായി ഒരു ഞെടുപ്പിൽ ഒരു ചക്ക മാത്രമേ മൂക്കാൻ അനുവദിക്കാവൂ. പറിച്ചുനീക്കുന്നവ ഇടിച്ചക്കയായി വില്‍ക്കാനാവും. ഗുണനിലവാരം കുറഞ്ഞ ചക്കയെ അവയുടെ പുറത്തെ മുള്ളുകൾ നോക്കി തിരിച്ചറിയാം. ഇവ മുറിച്ചു നോക്കിയാൽ ചകിണിയിലും ചിലപ്പോൾ ചുളയിലും കറുത്ത പാടുകൾ കാണാം. എന്നാൽ പച്ചക്കറിയായി ഇവ  ഉപയോഗിക്കാം. വളർന്നുവരുന്ന ചക്കകൾ നൈലോൺബാഗ് ഉപയോഗിച്ചു പൊതിഞ്ഞു സൂക്ഷിച്ചാൽ ഈച്ചകളുടെ ആക്രമണത്തിൽനിന്നു സംരക്ഷിച്ച് ഗുണനിലവാരമേറിയ ഫലങ്ങള്‍ വിളവെടുക്കാം. ചക്ക കായ്ക്കുന്ന ദിവസത്തെ തീയതിയിൽനിന്ന് 110 ദിവസം കൂടി കൂട്ടി നൈലോൺ ബാഗിലും ഞെടുപ്പിലും രേഖപ്പെടുത്തിയാൽ എപ്പോൾ വിളവെടുക്കാമെന്ന് മുന്‍കൂര്‍ ധാരണ കിട്ടും. 

jack-suriya

ജാക്ക് ഡ്യാങ് സൂര്യ

അസ്തമയ സൂര്യന്റെ വർണവിന്യാസത്തിൽ അലംകൃതമായ ഡ്യാങ് സൂര്യ ഇനം ചുവപ്പ് ഇനങ്ങളിൽ ഏറെ മികച്ചതാണ്. ചുളകൾക്കു നല്ല ദൃഢതയും ജലാംശത്തിന്റെ അളവു താരതമ്യേന കുറവും പെക്ടിന്റെ അളവ് കൂടുതലുമുള്ളതിനാൽ ചുളകളുടെ സൂക്ഷിപ്പുകാലം മറ്റിനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ചുളകളുടെ ചുവപ്പു നിറത്തിനു കാരണമായ ലൈക്കോപ്പിൻ എന്ന സസ്യജന്യ സംയുക്തത്തിനു ശരീരത്തിലുണ്ടാകുന്ന സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിച്ച് അർബുദത്തെ തടയാനുള്ള കഴിവുണ്ട്. നിരോക്സീകാരകങ്ങളുടെ കലവറയായ ചക്കപ്പഴം കഴിക്കുന്നതുവഴി പേശികളിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും പ്രവാഹം വർധിപ്പിച്ച് വാർധക്യത്തിന്റെ വരവു മന്ദീഭവിപ്പിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇടത്തരം വലുപ്പമുള്ള ചുളകൾക്കു ദൃഢതയും ഹൃദ്യമായ സ്വാദും നല്ല മധുരവുമുണ്ട്. ചുവന്ന ഇനങ്ങളിൽ ഏറ്റവും മികച്ചതാണിത്. മുകുളനം വഴി ഉരുത്തിരിച്ചെടുക്കുന്ന മരങ്ങൾക്ക് അധികം വലുപ്പമില്ല. വളരെ ഒതുങ്ങി വളരുന്നതിനാൽ അകലം കുറച്ച് 25 x 25 അടി പ്ലാവുകൾ നടാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും ടേബിൾ സ്നാക്കായി ഉപയോഗപ്പെടുത്താനും വളരെ നല്ല ഇനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com