ADVERTISEMENT

കാലാവസ്ഥമാറ്റം കൊണ്ടാവണം വിളകളിൽ സാരമായ നാശനഷ്ടം ഉണ്ടാക്കുന്ന കീടങ്ങളുടെ പട്ടികയിലേക്ക് അടുത്ത കാലത്ത് പുതിയവയെത്തുന്നു. ഇതുവരെ കീടബാധ ഇല്ലാതിരുന്ന വിളകളിൽപോലും അതു കണ്ടുവരുന്നു. ഇവയിൽ ഏറെയും ശലഭവർഗങ്ങളുടെ പുഴുക്കളാണ്. ബാധിക്കുന്നതോ വാണിജ്യ പ്രാധാന്യമുള്ള പഴവർഗവിളകളെയും.

റംബുട്ടാന്റെയും പുലോസാന്റെയും പൂമൊട്ടുകളെ ആക്രമിച്ച് തിന്നുനശിപ്പിക്കുന്ന പുഴുക്കൾ, പ്ലാവിലെ ഇടിച്ചക്ക മുതൽ മൂത്ത ചക്കവരെ നശിപ്പിക്കുന്ന കായ്തുരപ്പൻ പുഴുക്കൾ, വാഴയില ചുരുങ്ങിയ സമയംകൊണ്ട് തിന്നുതീര്‍ക്കുന്ന രോമപ്പുഴുക്കൾ, പച്ചക്കറികളെ ആക്രമിക്കുന്ന പട്ടാളപ്പുഴു, കാബേജിനെ ആക്രമിക്കുന്ന ഡയമണ്ട് ബാക്ക് മോത്ത് പുഴുക്കൾ എന്നിവ ഉദാഹരണം. ഇവയെ നിയന്ത്രിക്കുന്നതിന് രാസകീടനാശികൾക്കു പരിമിതികളുണ്ട്. സ്വയരക്ഷാ പ്രതിരോധമാർഗമായ രോമങ്ങളാണു കാരണം. കീടനാശിനി ശരീരത്തിൽ സ്പർശിക്കാതെപോകുന്നു. പുതുതലമുറയിലെ മിക്ക രാസകീടനാശിനികളും (നിയോനിക്കോട്ടനോയ്ഡ്സ്) തേനീച്ചകൾക്ക് ഹാനി വരുത്തുന്നതിനാൽ അവയുടെ പ്രയോഗം പരമാവധി കുറയ്ക്കണം. നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ വലിയ തോതിൽ തിരിച്ചുവരുന്നതിനും ഇത്തരം കീടനാശിനികൾ കാരണമാകും. ഈ സാഹചര്യത്തിലാണ് ബദൽ കീടനിയന്ത്രണമാർഗങ്ങള്‍ പ്രസക്തമാകുന്നത്. 

നെല്ലിനെ ബാധിക്കുന്ന തണ്ടുതുരപ്പൻ, ഓലചുരുട്ടിപ്പുഴുക്കളെ ട്രൈക്കോഡെർമ ഉപയോഗിച്ച് നിയന്ത്രിക്കാം. ഇതിന് ട്രൈക്കോഗ്രാമ ജാപ്പോണിക്കം, ട്രൈക്കോഗ്രാമ ചിലോണിസ് എന്നിവയുടെ മുട്ട പരാദമായിട്ടുള്ള കോർസിയേറയുടെ മുട്ടകൾ പതിപ്പിച്ചിട്ടുള്ള പേപ്പർ കാർഡുകളാണ് ഉപയോഗിക്കുന്നത്.  കോർസിറ മുട്ടകൾ വിരിയില്ലെന്നു റേഡിയേഷനിലൂടെ ഉറപ്പാക്കുന്നു. ഇപ്രകാരം നിർജീവമായ കോർസിറ മുട്ടയിൽ ട്രക്കോഗ്രാമ മുട്ടയിടാൻ അനുവദിക്കുന്നു. ട്രൈക്കോഗ്രാമ മുട്ടകൾക്ക് സ്വന്തമായി നിലനിൽപില്ല. മറ്റു മുട്ടകളിൽ മാത്രമേ അവ സജീവമായിരിക്കൂ. ഇപ്രകാരം ട്രൈക്കോഗ്രാമ മുട്ടയിട്ട കോർസിറമുട്ടകളാണ് ട്രൈക്കോകാർഡിലുള്ളത്. ഇവയുടെ മുട്ട പതിപ്പിച്ച കാർഡുകൾ ഇലയുടെ അടിയിൽ സ്റ്റേപ്പിള്‍ ചെയ്ത് കൃഷിയിടത്തിൽ വയ്ക്കാം. ഇതു വൈകുന്നേരം ചെയ്താൽ കൂടുതൽ ഫലപ്രദമാകും. ഈ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ട്രൈക്കോഗ്രാമകൾ ശലഭങ്ങളുടെ മുട്ട തേടിപ്പിടിച്ച് അവയിൽ മുട്ടയിട്ട് പുതിയ ശലഭങ്ങൾ പുറത്തുവരുന്ന സാഹചര്യം ഇല്ലാതാക്കുന്നു.

നെല്ലിൽ ഏറ്റവും പ്രശ്നമുണ്ടാക്കുന്ന മഞ്ഞ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നത് ജാപ്പോണിക്കം ആണ്. അതുപോലെതന്നെ ഡയമണ്ട് ബാക്ക് മോത്ത്, cotton ball worms, Rice stripped stem borrer, leaf folder എന്നിവയെയും ജാപ്പോണിക്കം നിയന്ത്രിക്കും. ചിലോനിസ്  ആകട്ടെ fruit sucking moths, citrus butterflies, പയറിലെ കായതുരപ്പൻ എന്നിവയുള്‍പ്പെടെ പല കീടങ്ങളുടെ മുട്ടകളിലാണ് പരാദമായി കീടനിയന്ത്രണം നടത്തുക. 

ചില കൃഷിയിടത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ ചിലേനിസ് സ്പീഷീസ് കൂടുതലും ജാപ്പോണിക്കം സ്പീഷീസ് വളരെ കുറച്ചും മാത്രമുള്ള മുട്ടക്കാർഡുകൾ വഴി ചക്കയിൽ ഉണ്ടാകുന്ന കായതുരപ്പൻപുഴുവിനെ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. പയറിലെ കായതുരപ്പൻകീടത്തിനെ പൂർണമായും നിയന്ത്രിക്കാൻ ട്രൈക്കോഗ്രാമ മുട്ടക്കാർഡുകൾക്ക് കഴിയുമെന്ന് ഏതാണ്ട് 8–9 വർഷം മുൻപ് കൃഷിയിട പരീക്ഷണങ്ങളിൽ മനസ്സിലായിട്ടുണ്ട്. പയറിൽ പൂവിടുന്ന സമയം മുതൽ 3 ആഴ്ച ഇടവേളകളിലാണ് ട്രൈക്കോഗ്രാമയുടെ മുട്ടക്കാർഡുകൾ സ്ഥാപിച്ചത്.

പ്രശ്നങ്ങൾ: ട്രൈക്കോഗ്രാമ കാർഡുകൾ കീടനിയന്ത്രണത്തിന് ആവശ്യമുള്ള സമയത്ത് ഇപ്പോൾ വേണ്ടത്ര ലഭ്യമല്ല. ഇതിന്റെ കീടനിയന്ത്രണശേഷിയെക്കുറിച്ച് കർഷകരും അത്ര ബോധവാന്മാരല്ല. ശലഭോദ്യാനങ്ങൾ എന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശലഭകീടസാന്നിധ്യം കൃഷിയിടങ്ങളിൽ വർധിക്കുന്നതിനു കാരണമാകുന്നുണ്ടോയെന്ന് സംശയിക്കണം. ഇത്തരം ഉദ്യാനങ്ങളിൽ പലതിലും നാടൻ സസ്യങ്ങൾക്കൊപ്പം വിദേശ അധിനിവേശ സസ്യങ്ങളും കാണാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com