ഏലത്തിനും കുരുമുളകിനും വിലകയറും; കൊക്കോയ്ക്ക് 50% ഇടിവ്: വിപണിയിൽ ഇനി സംഭവിക്കാൻ പോകുന്നത്
Mail This Article
ഓഫ് സീസണിലെ ബംബർ വിലക്കയറ്റത്തിനായി ഏറെ പ്രതീക്ഷകളോടെ ഏലക്കർഷകർ ഉറ്റുനോക്കിയെങ്കിലും അവരുടെ കണക്കുകൂട്ടലുകളിലേക്ക് ഉൽപന്നത്തെ ഉയർത്താൻ വൻ ശക്തികൾ അവസരം നൽകിയില്ല. വിളവെടുപ്പ് വേളയിൽ ചുളു വിലയ്‌ക്ക് ചരക്ക് കൈക്കലാക്കിയ വൻകിട വ്യാപാരികളും വ്യവസായികളും സീസണിനു ശേഷവും ഏലത്തെ കയറൂരിവിടാൻ അനുവദിച്ചില്ല.
ഉൽപാദനം ഉയർന്നതിന്റെ പേരിൽ ജനുവരി‐മാർച്ച് കാലയളവിൽ ഏലക്കയെ കിലോ 1500‐1600 രൂപ റേഞ്ചിൽ പിടിച്ചു കെട്ടിയ വാങ്ങലുകാർ ഏപ്രിലിൽ ലഭ്യത ചുരുങ്ങിയതോടെ 1800ലേക്കും പിന്നീട് 2000 ലേക്കും ഉൽപന്നത്തെ ഉയർത്താൻ തയാറായി. എന്നാൽ, മേയിൽ കാലാവസ്ഥ പാടെ മാറി മറിഞ്ഞുവെന്ന് മാത്രമല്ല, കനത്ത പകൽ ചൂടിൽ ഏലത്തോട്ടങ്ങളിൽ സംഭവിച്ച കൃഷിനാശം ആഭ്യന്തര വ്യാപാരികളെയും കയറ്റുമതി സമൂഹത്തെയും അക്ഷരാർഥത്തിൽ സമ്മർദ്ദത്തിലാക്കി.
കാർഷിക മേഖലയിൽ നിന്നും കൃഷിനാശ കണക്കുകൾ പുറത്തു വന്നതും, അടുത്ത സീസണിൽ ഉൽപാദനം ചുരുങ്ങുമെന്നും, വിളവെടുപ്പ് ജൂലൈയിലും മന്ദഗതിയിൽ നീങ്ങുമെന്നും കർഷകർ വ്യക്തമാക്കിയത് ലേല കേന്ദ്രങ്ങളിൽ ഏലക്കയെ 2400 ലേക്ക് ഉയർത്തി. തെക്കുപടിഞ്ഞാറൻ കാലവർഷം പതിവു തെറ്റിക്കാതെ ആൻഡമാൻ ദ്വീപ് സമൂഹങ്ങളിൽ കൃത്യസമയത്ത് വന്നണഞ്ഞു. മഴമേഘങ്ങളെത്തിയതുകൊണ്ട് മാത്രം ഉൽപാദനം ഉയരില്ലെന്ന തിരിച്ചറിവ് വ്യവസായികളെ ഇനിയുള്ള ദിവസങ്ങളിൽ ലേലത്തിലേക്ക് അടുപ്പിച്ചാൽ ഉൽപ്പന്നത്തെ അവർ 2700ലേക്ക് കൈപിടിച്ച് ഉയർത്താം.
ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കൃഷിനാശം സംഭവിച്ച ചെടികൾ മാറ്റി പുതിയവ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ് ഉൽപാദകർ. വേനൽമഴ കനത്തതിനിടെ വളപ്രയോഗങ്ങൾക്കും അവർ ഉത്സാഹിച്ചു. മേയ് രണ്ടാം പകുതിയിൽ ലേലകേന്ദ്രങ്ങളിൽ ശരാശരി ചരക്കുവരവ് അര ലക്ഷം കിലോയായി ഒതുങ്ങിയത് വിപണിയുടെ അടിയോഴുക്കു ശക്തമാക്കും.
കായ വരവ് ജൂൺ പത്തു വരെ ഇതേ റേഞ്ചിൽ നീങ്ങിയാൽ മുകളിൽ സൂചിപ്പിച്ച ടാർജറ്റിലേക്ക് ഏലക്ക അടുക്കും. ജൂൺ രണ്ടാം പകുതിയിൽ ലഭ്യത ഉയർന്നില്ലെങ്കിൽ ഒരു ബുൾ റാലിക്ക് അവസരം ഒരുങ്ങും. എന്നാൽ, സ്‌റ്റോക്കിസ്‌റ്റുകളും റീ പൂളിങിന് ഇറക്കുന്നവരും അവസരം നേട്ടമാക്കാൻ രംഗത്ത് ഇറങ്ങുമെന്ന കാര്യം ഉറപ്പ്. ചെറുകിട കർഷകരിൽ കാര്യമായി നീക്കിയിരിപ്പില്ല. അതുകൊണ്ടുതന്നെ മുന്നേറ്റങ്ങളുടെ മാധുര്യം പലർക്കും വേണ്ടവിധം നുകരാനാവില്ല. ബക്രീദിനുള്ള ഏലക്ക സംഭരണം പുരോഗമിക്കുന്നു. അറബ് രാജ്യങ്ങളിൽ നിന്നുള്ള ആവശ്യം ഉയർന്നെങ്കിലും വിദേശ ഓർഡറുകളുടെ വ്യക്തമായ ചിത്രം കയറ്റുമതി ലോബി അതീവ രഹസ്യമാക്കുന്നു.
കുരുമുളക്
ആഗോള സുഗന്ധവ്യഞ്‌ജന വിപണിയിലെ വൻ സ്രാവുകളുടെ കൈപിടിയിൽ നിന്നും കുരുമുളക് വഴുതിമാറി. ഈ വർഷം ലോക വിപണി ഇത്തരം ഒരു ക്ഷാമത്തിന്റെ പിടിയിൽ അകപ്പെടുമെന്ന് അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വൻകിട ഇറക്കുമതിക്കാർ പ്രതീക്ഷിച്ചില്ല. എന്നാൽ സ്ഥിതി ഗുരുതരമാകുമെന്ന റിപ്പോർട്ടുകൾ പുറംലോകം ആദ്യമറിഞ്ഞത് ഇന്ത്യയിൽനിന്നാണ്.
കാലാവസ്ഥ വ്യതിയാനത്തിൽ വിയറ്റ്‌നാമിൽ ഉൽപാദനം കുറഞ്ഞ വിവരം ‘മനോരമ ഓൺലൈൻ കർഷകശ്രീ’ പുറത്തുവിട്ടത് കാട്ടുതീ പോലെയാണ് യൂറോപ്യൻ രാജ്യങ്ങളിലെ ബയ്യർമാരിൽ പ്രചരിച്ചത്. ഇറക്കുമതി ലോബി സംയമനം പാലിച്ച് ഏപ്രിലിൽ വിവിധ കയറ്റുമതി രാജ്യങ്ങളിൽ പ്രതിതിനിധികളെ ഇറക്കി സ്ഥിതിഗതികൾ ഒരിക്കൽ കൂടി ഉറപ്പുവരുത്തി. ഇറക്കുമതിക്കു തിടുക്കം കാണിച്ചാൽ വില കുതിച്ചുകയറുമെന്ന് യുഎസ് ബയർമാരും ഭയന്നു.
വിയറ്റ്‌നാമിലെ ബഹുരാഷ്‌ട്ര കമ്പനി അവരുടെ പ്രതിനിധികളെ കഴിഞ്ഞ മാസം ബ്രസീലിലേക്കും ഇന്തോനേഷ്യയിലേക്കും അയച്ചു, ഒപ്പം കംബോഡിയയിലെ സ്ഥിതിഗതികളും അവർ പഠനം നടത്തി. വിയറ്റ്‌നാം വഴി തന്നെ ചരക്ക് ശേഖരിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് ഒരു വിഭാഗം ബയർമാർ. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ഏക മാർഗ്ഗം അതുതന്നെയെന്നും അവർ കണക്കുകൂട്ടി.
നവംബർ വരെയുള്ള കാലയളവിലേക്ക് ഷിപ്പ്‌മെന്റിന് ന്യൂയോർക്കിൽനിന്നും യൂറോപിൽനിന്നും വിയറ്റ്‌നാമിന് പുതിയ ഓർഡറുകൾ ലഭിച്ചു. ജൂൺ ഷിപ്പ്മെന്റിന് 5700-5800 ഡോളറിന് കരാറുകൾ ഉറപ്പിച്ചു. എന്നാൽ ഓഗസ്റ്റ് - ഒക്‌ടോബറിലെ കയറ്റുമതികൾക്ക് 6000–6500 ഡോളർ വേണമെന്ന നിലപാടിലാണ് വിയറ്റ്‌നാമിലെ ചൈനീസ് വംശജരായ ഒരു വിഭാഗം കയറ്റുമതിക്കാർ. കുരുമുളകുക്ഷാമം രൂക്ഷമായതിനാൽ വില ഉയർത്തിയാലും കർഷകരിൽനിന്നും ചരക്ക് സംഘടിപ്പിക്കുക ക്ലേശകരമാകുമെന്നാണ് അവരുടെ നിലപാട്. കർഷകർ ഇതിനകം തന്നെ ചരക്ക് പൂഴ്‌ത്തിവച്ചുതുടങ്ങിയത് കയറ്റുമതിക്കാരെ അസ്വസ്ഥരാക്കുന്നു. നിലവിൽ കിലോ 1,16,000 ഡോങിൽ എത്തിയ കുരുമുളകുവില ഒന്നര ലക്ഷം മറികടക്കുമെന്ന നിലപാടിലാണ് കർഷകർ. 2015ൽ അതായത് കൃത്യം ഒൻപത് വർഷം മുമ്പ് വിയറ്റ്‌നാമിൽ കുരുമുളകുവില 2,30,000 ഡോങിലേക്ക് ഉയർന്ന ചരിത്രമുണ്ട്, അതേ ചരിത്രം ആവർത്തിക്കാനുള്ളതാണ്, വിപ്ലവ വീര്യമില്ലെങ്കിലും കുരുമുളകുവില കത്തിക്കയറുമെന്ന വിശ്വാസത്തിലാണ് ചൈനീസ് വംശജരായ കർഷകർ.
ജൂലൈയോടെ ഇന്ത്യൻ വിപണി ഉത്സവ ഡിമാൻഡിൽ ചൂടുപിടിക്കുമെന്നതും വിയറ്റ്‌നാമിലെ കയറ്റുമതിക്കാരെ ഭയപ്പെടുത്തുന്നു. നിലവിൽ 7400 ഡോളറിൽ നീങ്ങുന്ന മലബാർ കുരുമുളക് വില 8000-8500 ലേക്ക് ചുവടുവയ്ക്കാനുള്ള സാധ്യതകളെ അവർ മുന്നിൽ കാണുന്നു.
വിലക്കയറ്റ സാധ്യതകൾ മുന്നിൽക്കണ്ട് കേരളവും കർണാടകവും ചരക്കിൽ പിടിമുറുക്കുമോയെന്ന് ഓർത്ത് ഉത്തരേന്ത്യൻ വ്യാപാരികളുടെ മുട്ട് വിറയ്ക്കുന്നുണ്ട്. അതേ, നീണ്ട ഇടവേളയ്‌ക്കു ശേഷം പന്ത് കർഷകന്റെ നിയന്ത്രണത്തിലായി, അവസരം ഗോളാക്കാൻ നമ്മുടെ കർഷകർക്കാവുമോ?
കൊക്കോ:
ബഹുരാഷ്‌ട്ര കുത്തകകൾ ഇന്ത്യൻ കൊക്കോ വിപണിയെ വീണ്ടും അവരുടെ മടിശീലയിൽ ഒതുക്കി. സർവകാല റെക്കോർഡിൽനിന്നും ഉൽപ്പന്നവില 50 ശതമാനം താഴ്‌ത്താൻ ചുരുങ്ങിയ ദിവസങ്ങളിൽ അവർക്കായി. കിലോ 1070 രൂപയിൽ വ്യാപാരം നടന്ന ഹൈറേഞ്ച് കൊക്കോയെ ഇതിനകം 500–550ലേക്ക് ഇടിക്കാനായെങ്കിലും ആഗോള വിപണി നിയന്ത്രണം ആഫ്രിക്കൻ കർഷകരിൽ നിന്നും തട്ടിയെടുക്കാൻ ബഹുരാഷ്‌ട്ര ചോക്ലേറ്റ് ഭീമന്മാർക്കായില്ല.
ചരക്കുക്ഷാമം വിട്ടുമാറാൻ കാലതാമസം നേരിടുമെന്നതിനാൽ എൈവറി കോസ്റ്റും, ഘാനയും ഉയർന്ന വിലയ്‌ക്കായി കൊക്കോയിൽ പിടിമുറുക്കാം. അവധിവ്യാപാരത്തിലെ മാർജിൻ മണി ഉയർത്തി വിലക്കയറ്റത്തിനു മൂക്കുകയറിടാൻ ഫോർവേർഡ് മാർക്കറ്റ്‌സ് കമ്മീഷൻ രാജ്യാന്തര എക്‌സ്‌ചേഞ്ചുകൾ നടത്തിയ നീക്കം വിലയിൽ അതിശക്തമായ തിരുത്തലിന് ഇടയാക്കി.
സെപ്‌റ്റംബർ അവധി വില റെക്കോർഡായ 11,115 ഡോളറിൽനിന്നും 6418ലേക്ക് ഇടിഞ്ഞത് അവസരമാക്കി പുതിയ വാങ്ങലുകൾക്ക് ചോക്ലേറ്റ് വ്യവസായികൾ ഉത്സാഹിച്ചതായാണ് ഇടപാടുകളുടെ വ്യാപ്‌തിയിലുണ്ടായ മാറ്റം സൂചന നൽകുന്നത്. കൊക്കോ വില തിങ്കളാഴ്‌ച 8000 ഡോളറിലേക്ക് തിരിച്ചു കയറിയത് ശുഭ സൂചനയെങ്കിലും 8400ൽ പ്രതിരോധമുണ്ട്.