ADVERTISEMENT

സംസ്ഥാനത്തോടു ചേർന്നു കിടക്കുന്ന കർണാടക, തമിഴ്നാട് ഗ്രാമങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് വൻ തോതിൽ ഇഞ്ചിയും വാഴയും പച്ചക്കറികളും സൂര്യകാന്തിയുമെല്ലാം കൃഷി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ട്. അവരെ അങ്ങോട്ടാകർഷിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ്? സ്ഥലലഭ്യത, കുറഞ്ഞ പാട്ടത്തുക, കുറഞ്ഞ കൂലിനിരക്ക്, യോജിച്ച കാലാവസ്ഥ, സൗജന്യ വൈദ്യുതി എന്നിങ്ങനെ അനുകൂല ഘടകങ്ങൾ പലതുണ്ടെന്നു തെങ്കാശിയിലെ മലയാളിക്കർഷകന്‍ ബിന്ദുലാൽ. ഏറെക്കാലം ദുബായിൽ മാധ്യമങ്ങളുടെ ടെക്നിക്കൽ കൺസൽറ്റന്റ് ആയിരുന്ന തിരുവനന്തപുരം കിളിമാനൂർ സ്വദേശി ബിന്ദുലാൽ കഴിഞ്ഞ വർഷമാണ് തെങ്കാശിക്കടുത്തു കടയം തെക്ക് മടത്തൂരിൽ കൃഷി തുടങ്ങിയത്. വിദേശത്തു തന്നെ തുടരുന്ന സുഹൃത്തുക്കളുമായി ചേർന്ന് 80 ഏക്കർ സ്ഥലമാണ് ഇവിടെ പാട്ടത്തിനെടുത്തിരിക്കുന്നത്. അതിൽ 40 ഏക്കറോളം സ്ഥലത്ത് നിലവിൽ കൃഷിയിറക്കിക്കഴിഞ്ഞു. ബാക്കി സ്ഥലത്ത് പോത്ത് ഉൾപ്പെടെ മൃഗ–പക്ഷി പരിപാലനമാണ് ലക്ഷ്യം. പരീക്ഷണമെന്ന നിലയിൽ പോത്തുവളർത്തൽ തുടങ്ങി.

വിശാലമായ സ്ഥലലഭ്യത

ഹെക്ടർ കണക്കിനു സ്ഥലം ഒരുമിച്ചു ലഭിക്കുമെന്നതാണ് അയൽനാട്ടിലെ ഏറ്റവും വലിയ ഗുണം. കേരളത്തില്‍ കൃഷിയിടങ്ങൾ തുണ്ടുഭൂമികളായതിനാൽ അതിന് അവസരമില്ല. സംസ്ഥാനത്തു നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം സാമൂഹികനീതി ഉറപ്പാക്കിയെങ്കിലും കൃഷിക്കു ദോഷമായെന്നു ബിന്ദുലാൽ. എങ്കിലും നമ്മുടെ നാട്ടില്‍ ഒട്ടേറെ സ്ഥലങ്ങൾ തരിശുകിടക്കുന്നുണ്ട്. പരിപാലനമില്ലാതെ ഉൽപാദനക്ഷമത ഇടിഞ്ഞുപോയ കൃഷിയിടങ്ങളുമുണ്ട്. കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് ഇവ പാട്ടത്തിനു നല്‍കിയാൽ നമുക്കും വാണിജ്യോൽപാദനം സാധ്യമാകുമെന്നു ബിന്ദുലാൽ. 

thenkasi-5

നിയമപരിരക്ഷ ധൈര്യം

പാട്ടത്തിനു നിയമപരിരക്ഷയുള്ളത് ഇവിടെ കൃഷിക്കു മുതലിറക്കുമ്പോള്‍ വലിയ ധൈര്യമാണ് നല്‍കുന്നതെന്നു ബിന്ദുലാൽ. ഏറക്കുറെ വസ്തു ആധാരം ചെയ്യുന്നതിനു സമാനമായ റജിസ്ട്രേഷൻ നടപടിക്രമങ്ങളാണ് പാട്ടം റജിസ്റ്റർ ചെയ്യുന്നതിനും. 10 വർഷത്തേക്കാണ് പാട്ടമെങ്കിൽ ഈ 10 വർഷവും സ്ഥലമുടമയ്ക്ക് വസ്തു ക്രയവിക്രയം ചെയ്യാനോ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ല. പാട്ടത്തിനെടുത്ത വ്യക്തിക്കു കൃഷിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഈ ഭൂമിയിൽ ഒരുക്കാം. അതേസമയം ഈടു വയ്ക്കാനോ അതുവഴി വായ്പയെടുക്കാനോ അനുവാദമില്ല. 10 വർഷത്തിനുശേഷം പാട്ടം റജിസ്ട്രേഷൻ അസാധുവാകും. ഇരു കൂട്ടരുടെയും താല്‍പര്യം സംരക്ഷിക്കുന്നതാണ് ഇവിടത്തെ നിയമമെന്നു സാരം. അതിനാല്‍ പാട്ടത്തിനു കൊടുക്കാൻ ഭൂവുടമകൾക്കും താൽപര്യം.

സൗജന്യ വൈദ്യുതി 

കൃഷിക്കാവശ്യമായ വൈദ്യുതി ഇവിടെ പൂർണമായും സൗജന്യമാണെന്നത് ചില്ലറക്കാര്യമല്ലെന്ന് ബിന്ദുലാൽ. അതേസമയം വൈദ്യുതി കണക്‌ഷനില്ലാത്ത ഭൂമി പാട്ടത്തിനെടുത്താല്‍ അവിടെ പെട്ടെന്നു വൈദ്യുതി ലഭിക്കണമെങ്കിൽ നല്ലൊരു തുക കെട്ടിവയ്ക്കേണ്ടിവരും. മിക്ക ഭൂവുടമകളും മുൻപേതന്നെ വൈദ്യുതിക്ക് അപേക്ഷിച്ച് അതു നേടിയിട്ടുള്ളവരാകയാൽ പാട്ടക്കൃഷിക്കാർക്കു വൈദ്യുതി തീര്‍ത്തും സൗജന്യമായി ലഭിക്കുന്നു. 

thenkasi-3
മുല്ലക്കൃഷി

വെള്ളം, വളം

ജലദൗർലഭ്യമുള്ളതിനാല്‍  തമിഴ്നാട്ടിലെ മിക്ക കർഷകരും ആശ്രയിക്കുന്നത് തുള്ളിനനരീതിയാണ്. തുള്ളിനനസൗകര്യം ഒരുക്കുന്നതിന് 75% സബ്സിഡി സർക്കാർ നൽകുമെന്ന് ബിന്ദുലാൽ. ഒരാൾക്ക് 5 ഹെക്ടറിനുവരെ ഈ സബ്സിഡി ലഭിക്കും. 7 വർഷം കഴിയുമ്പോൾ നന സംവിധാനം നവീകരിക്കുന്നതിനും ആനുകൂല്യമുണ്ട്. നടപടിക്രമങ്ങളെല്ലാം വളരെ ലളിതം. അപേക്ഷ നൽകി, സർക്കാർ നിശ്ചയിച്ച പട്ടികയിലുള്ള ഏതെങ്കിലുമൊരു ഏജൻസിയെ തിരഞ്ഞെടുക്കുക. ചെലവിന്റെ 25% കർഷകൻ അടയ്ക്കുക. ഏജൻസി എത്തി നനസംവിധാനമൊരുക്കും. തുക അവരുടെ അക്കൗണ്ടിലെത്തിക്കൊള്ളും. ജൈവവള ലഭ്യതയും അനുകൂല ഘടകം. കുറഞ്ഞ ചെലവിൽ കിട്ടുന്ന കംപോസ്റ്റ് സുലഭം. ഹോട്ടലുകൾ, ചന്തകൾ എന്നിവിടങ്ങളിലെ ജൈവാവശിഷ്ടങ്ങൾ സംസ്കരിച്ചു വളമാക്കി  തുച്ഛമായ വിലയ്ക്കു തദ്ദേശസ്ഥാപനങ്ങൾ കർഷകർക്കു നല്‍കുന്നു. മണ്ണിന്റെ ജൈവഗുണം വർധിപ്പിക്കാൻ ഇത് ഏറെ പ്രയോജനമെന്നു ബിന്ദുലാൽ. 

thenkasi-2
കൃഷിയിടം ഒരുക്കുന്ന തൊഴിലാളികൾ

തൊഴിലാളിലഭ്യത

അയൽ സംസ്ഥാനങ്ങളിലെ കുറഞ്ഞ കൂലിനിരക്ക് പലരും അനുകൂല ഘടകമായി പറയുന്നുണ്ടെങ്കിലും അതിലത്ര കാര്യമില്ലെന്നാണു ബിന്ദുലാലിന്റെ പക്ഷം. സ്ത്രീകൾക്ക് 250 രൂപയും പുരുഷന്മാർക്ക് 600 രൂപയുമാണ് കൂലി. പക്ഷേ, നമ്മുടെ നാട്ടിൽ ഒരു തൊഴിലാളി ഒരു ദിവസം ചെയ്യുന്നതിന്റെ പകുതിയേ അവരിൽനിന്നു പ്രതീക്ഷിക്കാവൂ. നമ്മുടെ നാട്ടിൽ കൂലി കൊടുത്താലും ആളെ കിട്ടാത്ത സ്ഥിതിയുണ്ടെങ്കിൽ ഇവിടെ തൊഴിലാളിക്ഷാമമില്ല. ഭൂമിയില്‍ നല്ല പങ്കും സമതലങ്ങളായതിനാൽ യന്ത്രവൽക്കരണം സാധിക്കുമെന്നതും നേട്ടം. 

thenkasi-4

ഉൽപാദനം, വിപണനം

അമിതമായ മഴ കൃഷിക്കു ദോഷമാണല്ലോ. നമുക്ക് അതുകൊണ്ടാണ് സീസൺ നോക്കി കൃഷി ചെയ്യേണ്ടി വരുന്നത്. തമിഴ്നാട്ടിൽ ആ പ്രശ്നമില്ല. തുള്ളിനനരീതിയില്‍ വർഷം മുഴുവൻ കൃഷി ചെയ്യാം. മികച്ച വിളവു ലഭിക്കുകയും ചെയ്യും. വിലക്കുറവിനെ ഉൽപാദനക്കൂടുതൽകൊണ്ട് മറികടക്കാം. പയർ, പാവൽ, കോവൽ, മുരിങ്ങ തുടങ്ങി ഒട്ടേറെ പച്ചക്കറികളും മുല്ലയും ബെർ ആപ്പിളും ഡ്രാഗൺ ഫ്രൂട്ടും ഒപ്പം കയറ്റുമതിക്കുള്ള  ജി–9 വാഴയിനവുമാണ് 40 ഏക്കറിൽ ബിന്ദുലാലിന്റെ കൃഷി. തമിഴ്നാട്ടിൽ വിപുലമായി കൃഷിയുള്ള ഇടങ്ങളിലെല്ലാം ലേലച്ചന്തകളുണ്ട്. അതുകൊണ്ടുതന്നെ വിപണനം പ്രശ്നമല്ല. കടയത്തിന് 10 കിലോമീറ്റർ ചുറ്റളവിൽത്തന്നെ 4 ചന്തകള്‍ ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു.

ഫോൺ: 9656204218

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com