ADVERTISEMENT

കേരളത്തില്‍ പൈനാപ്പിള്‍കൃഷിയുടെ തലസ്ഥാനമായ വാഴക്കുളത്തുള്ള നോബിൾ ജോൺ ബിരുദപഠനകാലത്ത് 1987ൽ കുടുംബം വക 4 ഏക്കര്‍ ഭൂമിയില്‍  പൈനാപ്പിൾകൃഷി തുടങ്ങിയതാണ്. കൃഷിക്കൊപ്പം ചെറിയ തോതിൽ പൈനാപ്പിൾ കച്ചവടവുമുണ്ടായിരുന്നു. 3 വർഷം കഴിഞ്ഞപ്പോൾ 15 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കി. ഇന്ന്  പെന്റഗൺ കൾട്ടിവേഴ്സ് എന്ന പേരിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 700 ഏക്കറിലാണ് നോബിളും മൂന്നു പങ്കാളികളും ചേർന്ന് പൈനാപ്പിളും പാഷൻഫ്രൂട്ടും കൃഷി ചെയ്യുന്നത്. കൃഷി മാത്രമല്ല, നല്ല രീതിയിൽ പൈനാപ്പിൾ ബിസിനസും സംസ്കരണവുമുണ്ട്. വരുമാനം ലക്ഷങ്ങളിൽനിന്നു കോടികളിലേക്കു വളർന്നിട്ടുണ്ടെന്നുറപ്പ്. 

pineapple-noble-1
നോബിൾ ജോൺ കൃഷിയിടത്തിൽ

അഗ്രി ബിസിനസ്

കൃഷിയും ബിസിനസും സമന്വയിപ്പിച്ചതുകൊണ്ടാണ് ഇത്രയും വലിയ വളർച്ച നേടാനായതെന്ന കാര്യത്തിൽ നോബിളിനു സംശയമില്ല. തന്നെപ്പോലെ നൂറുകണക്കിനു കൃഷിക്കാരാണ് പൈനാപ്പിൾകൃഷിയിലൂടെ വലിയ സമ്പാദ്യമുണ്ടാക്കിയത്. വില കുത്തനെ ഇടിഞ്ഞില്ലെങ്കിൽ 20 ഏക്കർ കൃഷിയിലൂടെ കോളജ് അധ്യാപകനു തുല്യമായ ജീവിതനിലവാരം നേടാൻ കൃഷിക്കാരനു സാധിക്കുമെന്നു നോബിള്‍. 

നാടിനും നേട്ടം

ഇന്നു മറുനാടന്‍ വിപണിയില്‍നിന്ന് കേരളത്തിനു വരുമാനം നേടിത്തരുന്ന ഭക്ഷ്യവിളകളില്‍ മുഖ്യം പൈ‌നാപ്പിളാണ്. പ്രതിദിനം 1500 ടൺ പൈനാപ്പിളാണ് കയറിപ്പോകുന്നത്. കായികവളർച്ച നിയന്ത്രിച്ചു പൂവിടാൻ ഉത്തേജിപ്പിക്കുന്ന വിദ്യ പ്രചരിച്ചതോടെ വർഷത്തിൽ 365 ദിവസവും വിളവെടുക്കാമെന്നായി. കൃഷിക്കാരനായ കളപ്പുരയിൽ ബേബി കണ്ടെത്തിയ ഈ വിദ്യ വാണിജ്യക്കൃഷിക്ക് ഏറെ ഉപകരിച്ചു. 

സ്വയം വളർന്നവർ

സർക്കാരിന്റെയോ കാര്‍ഷിക സർവകലാശാലയുടെയോ പിന്തുണയില്ലാതെ, കൃഷിക്കാരുടെ പ്രയത്നത്തിലൂടെയാണ് പൈനാപ്പിൾമേഖല വളർന്നതെന്ന് നോബിൾ. മുംബൈയിലും ഡൽഹിയിലുമൊക്കെ വിപണി കണ്ടെത്തിയതും അവർതന്നെ. കൂടുതൽ വിസ്തൃതിയിൽ കൃഷി നടത്തി വലിയ ഉൽപാദനം നേടാൻ കഴിഞ്ഞതുകൊണ്ടാണ് വിപണിയും വളര്‍ന്നത്. പാട്ടക്കർഷകർക്ക് കൃഷിഭൂമി ഈടായി നൽകാൻ സാധിക്കാത്തതിനാൽ കിടപ്പാടവും  സ്വർണവുമൊക്കെ പണയപ്പെടുത്തിയാണ് പലരും മുതൽമുടക്ക് കണ്ടെത്തുന്നത്. ഉൽപാദനത്തിന്റെയോ വിറ്റുവരവിന്റെയോ അടിസ്ഥാനത്തിൽ കൃഷിക്കാരനു വായ്പ നൽകാൻ ഇവിടെ വ്യവസ്ഥയില്ല.

pineapple-noble-3
വാഴക്കുഴത്തെ പൈനാപ്പിൾ മാർക്കറ്റ്

ആകെ 13,500 ഹെക്ടറിൽ പൈനാപ്പിൾകൃഷിയുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ, ഈ കണക്ക് കൃത്യമല്ലെന്നു നോബിൾ പറയുന്നു. പൈനാപ്പിൾ കര്‍ഷക സംഘടനയുടെ കണക്കനുസരിച്ച് 25,000 ഹെക്ടറോളം കൃഷിയുണ്ട്. ഇതിൽ 75 ശതമാനവും എസ്റ്റേറ്റുകള്‍. എസ്റ്റേറ്റുകളിലെ ആവർത്തനക്കൃഷിയുടെ ഭാഗമായി പൈനാപ്പിൾകൃഷി നടത്താൻ അനുവാദം കിട്ടിയതോടെയാണ് അഭൂതപൂർവമായ വളർച്ചയുണ്ടായതെന്ന് നോബിൾ പറഞ്ഞു. സർക്കാർ ഏജൻസികളായി പ്ലാന്റേഷൻ കോർപറേഷന്റെയും ഫാമിങ് കോർപറേഷന്റെയുമൊക്കെ ആയിരക്കണക്കിനു ഏക്കർ സ്ഥലമാണ് പൈനാപ്പിൾ കൃഷിക്കായി വിട്ടുകൊടുക്കുന്നത്. ഇനിയും എസ്റ്റേറ്റുകളിൽ സ്ഥലം ലഭ്യമാണ്. റബർ എസ്റ്റേറ്റുകൾ സാമ്പത്തികമായി നിലനിന്നുപോകുന്നതുതന്നെ പൈനാപ്പിൾ കൃഷിയുടെ ബലത്തിലാണെന്ന് നോബിൾ അഭിപ്രായപ്പെട്ടു. ആദ്യ 4 വർഷത്തെ സംരക്ഷണച്ചെലവാണ് ഇതിലൂടെ തോട്ടമുടമകള്‍ ലാഭിക്കുന്നത്. പാട്ടസമ്പ്രദായത്തിനു നിയമസംരക്ഷണമില്ലെന്ന പോരായ്മയുണ്ട്. എന്നാൽ, പൈനാപ്പിൾകൃഷിക്കു ഭൂമി വിട്ടുകിട്ടാൻ ഇതൊരു തടസ്സമാകുന്നില്ല.

വ്യവസായിയായി കാണണം

സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്നവരെയും മണ്ണിൽ പണിയെടുക്കുന്നവരെയും മാത്രം കർഷകരായി കാണുന്ന സര്‍ക്കാര്‍ സമീപനം മാറണം. കാലത്തിന് അനുസരിച്ച് കാര്‍ഷികനയവും മാറേണ്ടേ? കൃഷിക്കാരെ എന്നും സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ആശ്രിതരായി നിലനിർത്തുന്ന വ്യവസ്ഥിതിയാണ് ഇവിടെ. നാലു വെണ്ടയ്ക്കയുമായി ടെറസിൽനിന്നു സെൽഫി എടുക്കുന്നവർക്കുവേണ്ടി മാത്രമാണ് ഏറ്റവും വലിയ ഉദ്യോഗസ്ഥവൃന്ദമുള്ള കൃഷിവകുപ്പ് പ്രവർത്തിക്കുന്നത്. മട്ടുപ്പാവുകൃഷിയും അടുക്കളത്തോട്ടവുമൊക്കെ പ്രോത്സാഹിപ്പിക്കണം. പക്ഷേ, ഖജനാവിൽനിന്നു കൃഷിക്കായി ചെലവഴിക്കുന്ന തുകയുടെ ഒരു പങ്ക് ഭക്ഷ്യസുരക്ഷ യാഥാർഥ്യമാക്കുന്ന മുഴുവൻസമയ കർഷകർക്കും ഉറപ്പാക്കണം. അവർക്കു മികച്ച വരുമാനം നേടാനും വളരാനും സാഹചര്യമൊരുക്കണം. ഉയർന്ന വരുമാനം നേടാൻ അവസരം കിട്ടുമ്പോഴേ ആളുകൾ കൃഷിയിൽ നിക്ഷേപം നടത്തുകയുള്ളൂ. 

വിപുലമായി പൈനാപ്പിൾകൃഷി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള സബ്സിഡി വെറും തുച്ഛം. ഒരേക്കർ  കൃഷിക്ക് 4 ലക്ഷം രൂപയോളം ചെലവ് വരുമ്പോൾ സബ്സിഡി 10,000 രൂപയോ മറ്റോ ആണ്. അതുപോലും ഒരു പഞ്ചായത്തിൽ 10–15 ഏക്കറിനു മാത്രം. തമിഴ്നാട്ടിലും കർണാടകത്തിലുമൊക്കെ വൻകിട കർഷകർക്ക് സൗജന്യ വൈദ്യുതിയും കുഴൽകിണർ സബ്സിഡിയും മറ്റും നൽകുന്നുണ്ട്. എന്നാൽ, ഇവിടെ 5 ഏക്കറിൽ കൂടുതൽ കൃഷിയുള്ളവരെയെല്ലാം ബൂർഷ്വ ആയി ചിത്രീകരിക്കുന്നു. പാട്ടത്തിനു ഭൂമിയെടുത്തു കൃഷി ചെയ്യുന്നവർക്കു വ്യവസായ സംരംഭകർക്കുള്ള പരിഗണന സര്‍ക്കാര്‍ നല്‍കണമെന്ന് നോബിൾ നിർദേശിക്കുന്നു. 

സമൂഹത്തിന്റെ മനോഭാവവും മാറേണ്ടതുണ്ട്. തരിശുകിടന്ന കൃഷിഭൂമി വേലി കെട്ടി കൃഷി ചെയ്യുമ്പോൾ പലരും കര്‍ഷകന്റെ ശത്രുക്കളാകുന്നു. അവിടെനിന്നു പുല്ലു ചെത്തിയിരുന്നവരും ആടിനെയും പശുവിനെയും മേച്ചിരുന്നവരും മാത്രമല്ല,  മദ്യപാനവും മറ്റും നടത്തിയിരുന്നവര്‍പോലും ആരോപണങ്ങളും കേസുകളുമായി വരും. ഇത്തരക്കാരിൽനിന്നു കൃഷിക്കാരെ സംരക്ഷിക്കാൻ ഇവിടെ ആളില്ലെന്നു മാത്രമല്ല, പ്രാദേശിക രാഷ്ട്രീയ നേതൃത്വം കർഷകർക്ക് എതിരാകാറുമുണ്ട്. 

ഫോൺ: 9447237935

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT