ADVERTISEMENT

അഗ്രി ബിസിനസ് എന്ന പുതിയ പ്രവണത കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, പുതു തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഏറെ സഹായകം. എന്നാല്‍, പാട്ടക്കൃഷിക്കു നിയമസാധുതയില്ലാത്തത് ഈ സംരംഭകര്‍ക്കു ഭൂമിലഭ്യത ദുഷ്കരമാക്കുന്നു.  

നമ്മുടെ നാട്ടിൽ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന ഭൂമി പിന്തുടര്‍ച്ചാവകാശമായി ലഭിച്ച മിക്കവരും ഇന്നു കൃഷി ചെയ്യുന്നില്ല. സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇവരില്‍ ഭൂരിപക്ഷവും ഗ്രാമത്തിനു പുറത്തേക്കോ  കാര്‍ഷികേതരമേഖലകളിലേക്കോ ചേക്കേറിയിരിക്കുന്നു. ഇവരുടെ ഭൂമിയില്‍ നല്ല പങ്കും തരിശുകിടക്കുകയാണ്. അടുത്ത തലമുറയും കൃഷിയിലേക്കിറങ്ങുമെ ന്ന് കരുതാൻ വയ്യ.

നമ്മുടെ ചുറ്റും കണ്ണോടിച്ചാൽത്തന്നെ കാണാം കൃഷിചെയ്യാതെയും പരിപാലനമില്ലാതെയും കിടക്കുന്ന തരിശുഭൂമികൾ. 1999–2000ല്‍ 58,279 ഹെക്ടര്‍ ആയിരുന്നു സംസ്ഥാനത്തു കൃഷിയോഗ്യമായ തരിശുഭൂമിയുടെ വിസ്തൃതി. ഏറ്റവും പുതിയ കണക്കു പ്രകാരം (2021-22) ഇത് 88,499 ഹെക്ടര്‍. അതായത്, 20 വര്‍ഷംകൊണ്ട് ഏതാണ്ട് ഇരട്ടിയായിരിക്കുന്നു. കൃഷിയോഗ്യമായ ഭൂമി ബോധപൂര്‍വം തരിശിടുകയും, ക്രമേണ കൃഷിയോഗ്യമല്ലാതാക്കുകയും ചെയ്യുന്ന പ്രവണത വേഗമാര്‍ജിക്കുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൃഷിയോഗ്യമല്ലാതാവുന്നതോടെ ഈ ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെടുന്നു. സാമ്പത്തികനേട്ടം തന്നെ ഈ മാറ്റത്തിനു പ്രധാന പ്രേരകശക്തി. ഒരു കാലത്തു കാർഷിക കുടിയേറ്റം വ്യാപകമായിരുന്ന മലനാടൻ പ്രദേശങ്ങളിൽനിന്നുപോലും പല കാരണങ്ങളാല്‍ കര്‍ഷക കുടുംബങ്ങള്‍ തിരിച്ചിറങ്ങുകയുമാണ്.

അതേസമയം കാർഷികമേഖലയില്‍ ഒരു നിശ്ശബ്ദ വിപ്ലവം അരങ്ങേറുന്നതു നമ്മള്‍ കാണാതിരിക്കരുത്. യുവാക്കള്‍, ജോലിയില്‍നിന്നു  വിരമിച്ചവര്‍, പ്രവാസം മതിയാക്കി തിരികെയെത്തിയവര്‍, സ്വയം സഹായ സംഘങ്ങളെപ്പോലുള്ള കൂട്ടായ്മകൾ എന്നിങ്ങനെ ഏറെപ്പേര്‍ കൃഷിയി ലേക്കു വരുന്നു. കൃഷിയുടെ സാധ്യതകൾ പൂർണമായും തിരിച്ചറിഞ്ഞ് സാങ്കേതികവിദ്യകളടക്കമുള്ള പുത്തനറിവുകള്‍ ഉപയോഗപ്പെടുത്തി വിപുലമായ തോതില്‍ കൃഷി ചെയ്യാനിറങ്ങുന്ന അവരുടെ കണ്ണില്‍ കൃഷി വെറും ഉപജീനമാര്‍ഗമല്ല, മികച്ച വരുമാനമുള്ള പ്രഫഷനും ബിസിനസുമാണ്. തരിശു കിടക്കുന്ന കൃഷിഭൂമി പാട്ടത്തിനെടുത്താണ് ഇവര്‍ ഇങ്ങനെ വിപുലമായ തോതില്‍ കൃഷി ചെയ്യുന്നത്. 

പൈനാപ്പിൾ തോട്ടം
പൈനാപ്പിൾ തോട്ടം

വളരെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും കേരളത്തില്‍ ഈ പ്രവണത കൂടുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നാഷനല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ (National Sample Survey Organisation) 1981-82ലെ പഠന റിപ്പോർട്ടിൽ കേരളത്തിലെ കൃഷിയിടങ്ങളുടെ എണ്ണത്തിൽ 6.7 ശതമാനവും വിസ്തീർണത്തിന്റെ 2.6 ശതമാനവും പാട്ടസംവിധാനത്തിലാണെന്നു പറയുന്നു. 1992ൽ ഇത് യഥാക്രമം 5.2%, 2.9% എന്ന നിലയിലേക്കായി. യഥാര്‍ഥത്തില്‍ ഇതിലേറെ കൃഷിയിടങ്ങളില്‍ പാട്ടക്കൃഷി നടക്കുന്നുണ്ടാവും. കാരണം, നിയമസാധുതയില്ലാത്ത കാര്യമെന്ന നിലയ്ക്ക് തീർത്തും അനൗപചാരികമായും വാക്കാല്‍പ്രകാരവുമുള്ള കരാറിലാണിവിടെ പാട്ടക്കൃഷി. അതുകൊണ്ടുതന്നെ യഥാർഥ വിവരങ്ങൾ ലഭിക്കുക ദുഷ്കരം. പലപ്പോഴും ഇരു കക്ഷികളും ഔദ്യോഗിക സ്ഥിതിവിവര ശേഖരണത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ തയാറാവില്ല. കുടുംബശ്രീ അടക്കമുള്ള സ്വയംസഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ, ചെറുകിട സംരംഭകർ, വ്യാപാരികൾ എന്നിവർ സജീവമായി പാട്ടക്കൃഷിയിലുണ്ടെങ്കിലും ദേശീയതലത്തിലുള്ള ഇത്തരം സർവേകളുടെ സാംപിൾ എടുക്കുമ്പോൾ ഇവരെ പരിഗണിക്കില്ല.  കുടുംബങ്ങളെ മാത്രമാണ് ഉൾപ്പെടുത്തുക. അതുകൊണ്ടുതന്നെ കണക്കെടുപ്പിൽ ഇക്കൂട്ടരുടെ വിവരങ്ങൾ ഉൾപ്പെടില്ല. 

പൊതുവിൽ ഹ്രസ്വകാല പാട്ടമാണ് നിലവിലുള്ളത്. നേന്ത്രവാഴക്കൃഷിയില്‍ ഊന്നുകൾ വീണ്ടും ഉപയോഗിക്കാനുള്ള സൗകര്യമനുസരിച്ചു പൊതുവേ 2 വർഷ കാലാവധിക്കാണ് ഭൂമി പാട്ടത്തിനെടുക്കുന്നത്. മാന്തോട്ടങ്ങൾ (മുതലമട), പൈനാപ്പിള്‍ തോട്ടങ്ങള്‍ എന്നിവ 2-4 വർഷ കാലയളവിലേക്കാണ്. 

ദീർഘകാല പാട്ടവും നമ്മുടെ നാട്ടിലുണ്ട്. കൃഷിയോഗ്യമായ തരിശ്ശുഭൂമി മികച്ച ഫാമുകളാക്കി മടക്കിനല്‍കണമെന്ന വ്യവസ്ഥയില്‍  ദീർഘകാലത്തേക്കു കര്‍ഷകനു കൈമാറുന്ന രീതി വ്യാപകമാകുന്നുണ്ടിപ്പോൾ. 

ഭൂവുടമയും കര്‍ഷകനും തമ്മിലുള്ള പരസ്പര വിശ്വാസത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് പാട്ടക്കൃഷി നിലനിൽക്കുന്നത്. എഴുതപ്പെട്ട കരാറുകളോ മറ്റു നിയമപരമായ സംഗതികളോ ഈ വാക്കാൽ കരാറുകളിൽ പൊതുവേ ഇല്ല. അതിനാല്‍ സബ്സിഡി, വായ്പ, മറ്റു ആനുകൂല്യങ്ങൾ എന്നിവ കൃഷിക്കാരനു ലഭ്യമല്ല. എന്നാല്‍, ഇവയെല്ലാം കര്‍ഷകനു കിട്ടാവുന്ന വിധത്തിലുള്ള സമ്മതപത്രങ്ങൾ ചില ഭൂവുടമകളെങ്കിലും നൽകാറുണ്ട്. എന്നാല്‍ ഇത് അപൂര്‍വമാണ്.  

അഗ്രി ബിസിനസ് രീതിയില്‍ വിപുലമായ കൃഷിയും അതിന് അനുസൃതമായ വരുമാനവും എന്ന പുതിയ പ്രവണത കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, പുതു തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഏറെ സഹായകമാണ്. നാടിനാവശ്യമായത്ര ഉല്‍പാദനം ഉറപ്പാക്കാനും ഇതുപകരിക്കും. എന്നാല്‍, പാട്ടക്കൃഷിക്കു നിയമസാധുതയില്ലാത്തത് ഇത്തരം സംരംഭകര്‍ക്കു ഭൂമിലഭ്യത ദുഷ്കരമാക്കുന്നു.  

ഹ്രസ്വകാലത്തേക്കു ലഭിച്ചാല്‍ത്തന്നെ ഭൂമി സ്വന്തമല്ലാത്തതുകൊണ്ടും പാട്ടക്കാലാവധിയുടെ അനിശ്ചിതത്വം കൊണ്ടും കര്‍ഷകന്‍ അടിസ്ഥാന സൗകര്യവികസന നിക്ഷേപത്തിന് തുനിയില്ല. സുസ്ഥിര കാര്‍ഷകവികസനത്തിനാവശ്യമായ മണ്ണ്– ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഡ്രിപ് പോലുള്ള സൂക്ഷ്മനന സൗകര്യങ്ങള്‍ ഒരുക്കാനും കര്‍ഷകന്‍ തയാറാവില്ല. ഹൈടെക് ഫാമിങ്, സംരക്ഷിതകൃഷി തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താനും ഈ സാഹചര്യം തടസ്സമാണ്.  

മറിച്ച്, നിയമസാധുതയില്ലായ്മ ഭൂമി പാട്ടത്തിനു നല്‍കുന്നതില്‍നിന്ന് ഉടമയെയും തടയുന്നു. ഭൂമി തനിക്കു നഷ്ടമോ എന്ന ഭയം തന്നെ പ്രധാനം.  ഭൂമിയില്‍ സ്ഥിരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനെയും ഉടമ ആശങ്കയോടെയാണു കാണുന്നത്. പാട്ടക്കാലാവധിക്കുള്ളില്‍  കഴിയുന്നത്ര ലാഭം നേടുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കര്‍ഷകന്‍ കൃഷിയില്‍ രാസവസ്തുക്കള്‍ (രാസവളങ്ങള്‍, കീടനാശിനികള്‍, വളര്‍ച്ച ത്വരകങ്ങള്‍) അമിതമായി പ്രയോഗിച്ച് മണ്ണിനെയും പരിസ്ഥിതിയെയും നാശമാക്കുമെന്നും ഉടമ ഭയക്കുന്നു.  

പാട്ടക്കൃഷിക്കാര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതിലെ തടസ്സം. വായ്പ, സബ്സിഡി, വിള ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് പാട്ട ശീട്ടോ ഉടമയുടെ സമ്മതപത്രമോ ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഇവയൊന്നും നല്‍കാന്‍ ഉടമകള്‍ തയാറാവില്ല. പാട്ടക്കൃഷിക്കു നിയമപരിരക്ഷ നല്‍കുന്നപക്ഷം ഉടമകളുടെ ആശങ്കയകലുകയും ഈ തടസ്സം നീങ്ങുകയും ചെയ്യും. 

കൃഷിസ്ഥലത്തിന്റെ ഉല്‍പാദനക്ഷമത, നന സൗകര്യം, ഗതാഗത സൗകര്യം, കൃഷിചെയ്യാനുദ്ദേ ശിക്കുന്ന വിളകൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ചാണ് പാട്ടത്തുക നി ശ്ചയിക്കുന്നത്. തുക മുൻകൂറായോ വിളവെടുപ്പിനു ശേഷമോ നല്‍കുന്നു. വിളവിന്റെ ഒരു ഭാഗവും, നിശ്ചിത തുകയും നല്‍കുന്ന രീതിയുമുണ്ട്. ഉല്‍പന്നവില സൂചികയായി അവലംബിച്ച് വിള തിരഞ്ഞെടുക്കുന്ന രീതിയാണല്ലോ പൊതുവേ വാണിജ്യക്കൃഷിയില്‍. ഉയര്‍ന്ന വിലയുള്ള വിളകള്‍  അടുത്ത സീസണിലും തുടരാനും കൂടുതല്‍ സ്ഥലത്തു ചെയ്യാനും കര്‍ഷകന്‍ ആഗ്രഹിക്കും. വിശേഷിച്ച് നേന്ത്ര വാഴ, ഇഞ്ചി, മരച്ചീനി എന്നിവ. അപ്പോള്‍ ഭൂവുടമ പാട്ടത്തുക കുത്തനെ ഉയര്‍ത്തുന്നതായി അനുഭവമുണ്ട്. പാട്ടക്കൃഷിയായതിനാല്‍ വാണിജ്യ ബാങ്കുകളില്‍നിന്നോ മറ്റു വ്യവസ്ഥാപിത സംവിധാനങ്ങളില്‍നിന്നോ കര്‍ഷകനു വായ്പ ലഭിക്കുകയുമില്ല. ഈ സാഹചര്യത്തില്‍ മറ്റു സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരും. ഉയര്‍ന്ന കൃഷിച്ചെലവും അമിതമായ പലിശനിരക്കും മറ്റു സാമൂഹിക സമ്മര്‍ദങ്ങളും താങ്ങാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഒട്ടേറെ അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. പാട്ടക്കൃഷിയിലെ മറ്റൊരു മുഖമാണിത്.

jimmy-3

പാട്ടക്കൃഷിക്കു നിയമപരിരക്ഷ 

തീർത്തും വിഭിന്നമായ സാമൂഹിക സാഹചര്യത്തിൽ ഭൂനിയമങ്ങളില്‍ പുരോഗമന മാതൃക നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പരിതസ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ നാം ഒരു പുനര്‍വിചിന്തനത്തിനു തയാറാകേണ്ടതുണ്ട്.  

കേരളത്തില്‍ കൃഷിയുടെയും കര്‍ഷകന്റെയും വളര്‍ച്ചയ്ക്കു പാട്ടസംവിധാനം കാലത്തിന്റെ ആവശ്യമാണ്. അറുപതുകളിലെ സാമൂഹിക വ്യവസ്ഥയില്‍നിന്ന്  തുലോം വ്യത്യസ്തമായ ഇന്നത്തെ സാഹചര്യത്തില്‍ പാട്ടസംവിധാനം അംഗീകരിക്കപ്പെടേണ്ടതുതന്നെ. സര്‍ക്കാര്‍ ഭൂമിയടക്കം കാര്‍ഷികോല്‍പാദനത്തിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനമുണ്ടെങ്കിലും കൃത്യമായ നിയമം ഇക്കാര്യത്തിലില്ല.

ഉടമയുടെ അവകാശങ്ങളും കര്‍ഷകന്റെ താല്‍പര്യങ്ങളും പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തില്‍, ഒരു നയരൂപീകരണം ഇക്കാര്യത്തിലുണ്ടാവണം. ഭൂവുടമയും കര്‍ഷകനും മാത്രമല്ല, കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ഭാഗഭാക്കാവുന്ന ഒരു നിയമപരിരക്ഷാസംവിധാനം ഇതിനായി പരിഗണിക്കാം. പാട്ടത്തുക, കാലാവധി, മറ്റു ഘടകങ്ങള്‍ എന്നിവ നിശ്ചയിക്കുന്നതിലും  നടപ്പാക്കുന്നതിലും ഈ സംവിധാനത്തിന് വ്യക്തവും  നിയമപരവുമായ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും ഉണ്ടാവണം. 

പാട്ടക്കൃഷി പ്രധാനമായും ഭക്ഷ്യവിളകളിലായതിനാല്‍ പാട്ടസംവിധാനം പ്രോത്സാഹിപ്പിക്കുന്നത് ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. സ്ത്രീകള്‍ക്കു  ഭൂവുടമാവകാശം കുറവായ സാഹചര്യത്തിൽ കൃഷിയില്‍ സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്നുമുണ്ട്  പാട്ടസംവിധാനം. കുടുംബശ്രീയുടെ കൃഷിസംരംഭങ്ങള്‍ മിക്കതും പാട്ടഭൂമിയിലാണല്ലോ. അതേസമയം വന്‍കിട കോര്‍പറേറ്റുകള്‍ ഭക്ഷ്യോല്‍പാദനത്തിലും റിയല്‍ എസ്റ്റേറ്റ്‌ രംഗത്തും സജീവമാകുന്നതു കണക്കിലെടുത്ത് വളരെ കരുതലോടെയാവണം. 

jimmy-2

തുണ്ടുഭൂമിയിലെ കൃഷികൊണ്ടെന്താകാന്‍

ചെറുകിട കര്‍ഷക കുടുംബത്തിന്റെ ശരാശരി ഭൂവിസ്തൃതി 30 സെന്റ്, മാസ വരുമാനം 15,000 രൂപ!

കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച കാർഷിക കുടുംബ സർവേ ഫലങ്ങൾ പ്രകാരം കേരളത്തിൽ 14.66 ലക്ഷം കാർഷിക കുടുംബങ്ങളാണുള്ളത് (2018-19). 2012-13ല്‍ ഒരു കര്‍ഷകകുടുംബത്തിന്റെ പ്രതിമാസ ശരാശരി വരുമാനം 11,888 രൂപയായിരുന്നു.  ആറു വർഷത്തിനുശേഷം 2018-19ല്‍ വരുമാനം 17,915രൂപ. കോവിഡ് പ്രതിസന്ധി അതില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടാവുമെന്നതില്‍ സംശയമില്ല. അതായത്, സംസ്ഥാനത്തെ 96 ശതമാനം വരുന്ന ചെറുകിട -പരിമിത കര്‍ഷക കുടുംബങ്ങളുടെ ശരാശരി മാസവരുമാനം ഇപ്പോള്‍ കേവലം 15,000 രൂപയ്ക്കടുത്തേയുള്ളൂ.    

ഇനി ചെറുകിട കര്‍ഷകരുടെ വരുമാന സ്രോതസ്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നോക്കാം. 2012-13ല്‍ കുടുംബവരുമാനത്തിന്റെ 48 ശതമാനവും സ്വന്തം കൃഷിയിൽനിന്നായിരുന്നു. 52 ശതമാനം പുറത്തു മറ്റു പണിചെയ്തു കിട്ടുന്ന കൂലിയിനത്തിലും. എന്നാൽ ഇപ്പോള്‍ അനുപാതം മാറി. വരുമാനത്തിന്റെ 57 ശതമാനവും കൂലിയിനത്തിലത്രെ. അതായത്, കൂലിപ്പണി വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി. കൂലിത്തൊഴിലാളി എന്ന നിലയിലേക്കു മാറുന്നു ചെറുകിട കര്‍ഷകന്‍. ഇത് സാമൂഹികമായി ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. വരുമാനത്തിന്റെ ഏതാണ്ട് മൂന്നിൽ രണ്ടും കൂലിയിനത്തിലായ ചെറുകിട പരിമിത കർഷകനെ കർഷകൻ എന്നു വിവക്ഷിക്കാനാകുമോ?

ചെറുകിട പരിമിത കർഷകരുടെ കാർഷോകോല്‍പാദനത്തെയും അതില്‍നിന്നുള്ള വരുമാനത്തെയും  ബാധിക്കുന്ന പ്രധാന ഘടകമാണ് സ്വന്തമായുള്ള കൃഷിഭൂമിയുടെ വിസ്തൃതി. ലഭ്യമായ ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് (2015-16) അനുസരിച്ച് സംസ്ഥാനത്ത് മൊത്തത്തിലുള്ള 73 ലക്ഷം കൈവശഭൂമിയില്‍ 97 ശതമാനത്തിന്റെയും വിസ്തൃതി ഒരു ഹെക്ടറിൽ താഴെ മാത്രം. ഈ തുണ്ടുഭൂമികളുടെ ശരാശരി വിസ്തീർണം കേവലം 30 സെന്റ് മാത്രവും മൊത്തം വിസ്തീർണം 8.56 ലക്ഷം ഹെക്ടറുമാണ്. 20 വർഷങ്ങൾക്കിടെ ( 2015-16). 1995– 96ല്‍ 59 ലക്ഷം ആയിരുന്നു ഇത്തരം തുണ്ടുഭൂമികളുടെ എണ്ണം. 20 വര്‍ഷത്തിനകം ഇവ വിഭജിക്കപ്പെട്ട് 73 ലക്ഷമായി. 95–96ല്‍  ശരാശരി വിസ്തീർണം 37.5 സെന്റ് ആയിരുന്നത് ഇക്കാലയളവിനുള്ളില്‍ 30 സെന്റായി കുറഞ്ഞു(പട്ടിക).  

paddy-land-1

ഈ പ്രവണത തുടരുകയാണ്. തുണ്ടുഭൂമികളുടെ എണ്ണം കൂടുകയും ശരാശരി വിസ്തീർണം കുറയുകയും ചെയ്യുന്നു. 2021ൽ പുറത്തിറക്കിയ Situation Assessment Survey പ്രകാരം കേരളത്തിൽ 44 ലക്ഷം ഗ്രാമീണ കുടുംബങ്ങളാണുള്ളത്. അവയില്‍ 14 ലക്ഷം കർഷക കുടുംബങ്ങള്‍. അതായത്, മൂന്നിലൊന്ന്‌ (33%). ഇവയില്‍ 70 ശതമാനത്തിനും ഒരു ഹെക്ടറിൽ താഴെ മാത്രം ഭൂമിയേ ഉള്ളൂ. ഇത്ര പരിമിതമായ ഭൂമിയിൽനിന്നു കുടുംബച്ചെലവിനാവശ്യമായ വരുമാനം ഉറപ്പാക്കുക ദുഷ്കരമാണല്ലോ. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും വരുമാനം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ കൃഷി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരത്രെ ഇവരില്‍ 40 ശതമാനത്തോളവും. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ താല്‍പര്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്ന രീതിയില്‍ കൃഷി വളരണമെങ്കില്‍ തുണ്ടുഭൂമിയെന്ന തടസ്സം നീക്കാനുതകുന്ന കാര്‍ഷിക, ഭൂനിയമങ്ങള്‍ അനിവാര്യം. 

induananth@gmail.com

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com