ADVERTISEMENT

സംഭരിച്ച കൊപ്രയുമായുള്ള കേന്ദ്ര ഏജൻസിയുടെ വരവിനെ ആശങ്കയോടെ നാളികേര മേഖല വീക്ഷിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് പല വർഷങ്ങളിൽ താങ്ങുവിലയ്‌ക്ക്‌ സംഭരിച്ച കൊപ്രയുടെ വൻ ശേഖരമാണ്‌ ഏജൻസിയുടെ കൈവശമുള്ളത്‌, ഇതിലൊരു പങ്ക്‌ വിറ്റുമാറാനുള്ള നീക്കത്തിലാണവർ. 

സീസണിൽ നാളികേര കർഷകർക്ക്‌ താങ്ങ്‌ പകർന്ന നാഫെഡ്‌ സംഭരണ വിലയായ 11,160 രൂപയ്‌ക്ക്‌ കൊപ്ര ശേഖരിച്ചത്‌ ദക്ഷിണേന്ത്യൻ കർഷകർക്ക്‌, പ്രത്യേകിച്ച്‌ തമിഴ്‌നാട്ടിലെ ഉൽപാദകർക്കാണ്‌ എറ്റവും കൂടുതൽ പ്രയോജനപ്പെട്ടത്‌. നടപ്പു വർഷം അര ലക്ഷം ടൺ കൊപ്ര സംഭരണത്തിന്‌ ഇറങ്ങിത്തിരിച്ച അവർ പിന്നീട്‌ കൂടുതൽ ചരക്ക്‌ സംഭരണത്തിന്‌ അനുമതി നൽകണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചു. കാർഷിക മേഖലയോടും കൃഷി വികസന കാര്യത്തിൽ തമിഴ്‌നാട്‌ കാഴ്‌ചവയ്ക്കുന്ന ആത്മാർഥത ഇതിൽനിന്ന്‌ തന്നെ വ്യക്തം. ഏകദേശം 80,000 ടൺ കൊപ്ര ജൂൺ ആദ്യം വരെയുള്ള കാലയളവിൽ അവർ തമിഴ്‌നാടിന്റ വിവിധ ജില്ലകളിൽനിന്നു സംഭരിച്ചു. 

അന്തരീക്ഷ താപനില മുൻ മാസങ്ങളെ അപേക്ഷിച്ച്‌ താഴുന്നത്‌ കൊപ്രയിൽ പൂപ്പൽ ബാധ ഏൽക്കാനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു. ഇത്‌ ഉൽപന്നത്തിന്റെ ഗുണമേന്മയെയും ബാധിക്കാൻ ഇടയുണ്ട്‌. പിന്നിട്ട പല വർഷങ്ങളെ അപേക്ഷിച്ച്‌ ഇക്കുറി സംഭരണം തുടങ്ങിയ മാർച്ച്‌ മുതൽ പകൽ താപനില ഉയർന്ന്‌ നിന്നതിനാൽ കാർഷിക മേഖലയിൽ ഉൽപാദിപ്പിച്ച കൊപ്രയിൽ വലിയപങ്കും ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതാണ്‌. 

ഉണക്കു കൂടിയതും ജലാംശത്തോത് നന്നേ കുറഞ്ഞു നിൽക്കുന്ന ഈ കൊപ്രയ്‌ക്ക്‌ മികച്ച വില ഉറപ്പുവരുത്താനാകുമെന്നാണ്‌ ഏജൻസിയുടെ വിലയിരുത്തൽ. എന്നാൽ, വ്യവസായികളുടെ ഭാഗത്തുനിന്നും ചരക്ക്‌ ശേഖരിക്കാൻ എത്രമാത്രം താൽപര്യം ഉണ്ടാകുമെന്ന കാര്യത്തിൽ വിപണി വൃത്തങ്ങളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങൾ അത്ര ശുഭകരമല്ല. ഏറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ കൊപ്ര ലേലത്തിൽ പിടിക്കുകയാവും തമിഴ്‌നാട്ടിലെ വൻകിട മില്ലുകാരുടെ ലക്ഷ്യം. 

ഒന്നാമതായി വിപണിയിൽ ആവശ്യാനുസരണം കൊപ്ര ഏതവസരത്തിലും ലഭ്യമാണ്‌. ആ നിലയ്‌ക്ക്‌ പരമാവധി താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ ലേലത്തിൽ പിടിക്കാൻ മാത്രമേ വ്യവസായികൾ തയ്യാറാവൂ. അവർക്ക്‌ വ്യക്തമായി അറിയാം, തങ്ങളല്ലാതെ മറ്റ്‌ ആരും ഈ ചരക്കിനായി രംഗത്ത്‌ ഇറങ്ങില്ലെന്നതും, അൽപം വൈകിയാലും ഏജൻസിയിൽ സ്റ്റോക്കുള്ള ചരക്ക്‌ കൈപ്പിടിയിൽ ഒതുങ്ങുമെന്ന അവരുടെ വിലയിരുത്തൽ വിരൽ ചൂണ്ടുന്നത്‌ കൊപ്ര വില ഇനിയും താഴുമെന്നതിലേക്കാണ്‌. 

കേരളമാകട്ടേ മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച്‌ പിന്നിട്ട ഏതാനും വർഷങ്ങളായി കൊപ്ര സംഭരണത്തിൽനിന്നും ഒഴിഞ്ഞു മാറി. കേന്ദ്രം തങ്കത്തളികയിൽ വച്ചുനീട്ടിയ ആകർഷകമായ താങ്ങുവില കർഷക കുടുംബങ്ങളിലേക്ക്‌ പകർന്നു നൽക്കാൻ കേരളത്തിനായില്ല. കൊപ്രയെ തഴഞ്ഞ്‌ പച്ചത്തേങ്ങ സംഭരിക്കാനാണ്‌ നമ്മുടെ ഭരണ കർത്താക്കൾ താൽപര്യം കാണിച്ചത്‌. എന്നാൽ ഈ സംഭരണം കൊണ്ട്‌ ഉൽപാദകർക്കും വിപണിക്കും യാതോരു നേട്ടം ലഭിച്ചതുമില്ല.

അയൽസംസ്ഥാനത്തുനിന്നുള്ള പച്ചത്തേങ്ങയാണ്‌ അതിർത്തി ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിൽ എത്തിയത്‌. യഥാർഥ കർഷകരെ രംഗത്തുനിന്നും തുരത്തി ഇടനിലക്കാർ രംഗം വാഴുന്ന വിവരം പുറത്തുവന്നിട്ടും അതിനെതിരെ നടപടികൾക്കോ വെട്ടിപ്പുകൾ തടയുന്നതിനോ സർക്കാർ തയാറായില്ലെന്ന ഒറ്റ കാരണത്തിൽനിന്നു തന്നെ വ്യക്തമാണ്‌ കൃഷി വകുപ്പിന്റെ നിയന്ത്രണം പോലും ഏതോ അദൃശ്യകരങ്ങളിൽ ഒതുങ്ങിയെന്ന്‌. എന്തായാലും സംഭരിച്ച കൊപ്രയുടെ ഗുണമേന്മ കാലവർഷത്തിന്റെ വരവിൽ കുറയാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട്‌ ചരക്ക്‌ ലേലത്തിൽ വിറ്റുമാറാനുള്ള തിരക്കിട്ട നീക്കങ്ങൾ പുരോഗമിക്കുന്നു.

കേരളത്തിൽ ക്വിന്റലിന്‌ 10,000 രൂപയിൽ കൊപ്രയുടെ ഇടപാടുകൾ നടക്കുമ്പോൾ കാങ്കയത്ത്‌ വില 9300 രൂപ മാത്രമാണ്‌. 9200നും അതിലും താഴ്‌ന്ന വിലയ്‌ക്കും അവിടെ ചരക്കിന്‌ വിൽപ്പനക്കാരുണ്ട്‌. തമിഴ്‌നാട് വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 8700 വരെ കൊപ്ര വില താഴാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ഒരു ബഹുരാഷ്‌ട്ര കമ്പനി അവിടെ 9900 രൂപ കൊപ്രയ്‌ക്ക്‌ രേഖപ്പെടുത്തിയപ്പോൾ കേരഫെഡ്‌ 10,100 രൂപയാണ്‌ ഏറ്റവും മികച്ച ചരക്കിന്‌ വാഗ്‌ദാനം ചെയ്‌തത്‌.  

ഇതിനിടെ 2002‐03 കാലയളവിൽ ഏജൻസി സംഭരിച്ച കൊപ്ര വിൽപ്പനയ്‌ക്കാണ്‌ നീക്കം നടക്കുന്നതെന്നാണ്‌ കാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വിഭാഗം മില്ലുകാരുടെ പക്ഷം. ഈ ചരക്ക്‌ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്‌. അതായത്‌ കൊപ്രയ്‌ക്ക്‌ രൂപമാറ്റം സംഭവിച്ച്‌ പൊടിയായി മാറിയെന്നാണ്‌ സൂചന. 

ഇത്തരത്തിലുള്ള ഏകദേശം 400 ലോഡ്‌ കൊപ്ര വിവിധ ഗോഡൗണുകളിൽ കെട്ടിക്കിടപ്പുണ്ടെന്നാണ്‌ വിവരം. അതായത്‌ 8000 ടൺ ചരക്ക്‌. ഏകദേശം കാൽ നൂറ്റാണ്ട്‌ മുൻപ്‌ താങ്ങു വിലയായ 3300 രൂപയ്‌ക്ക്‌ സംഭരിച്ച കൊപ്രയെന്നാണ്‌ വിപണിയിൽ നിന്നും ലഭ്യമായ വിവരം. അന്നത്തെ നീക്കിയിരിപ്പ്‌ എത്രയെന്ന വ്യക്തമായ കണക്കുകളില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത്‌ 20,000 ടണ്ണങ്കിലും കാണുമെന്നാണ്‌ ഇതുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. 

നീണ്ട കാലയളവ്‌ കൊപ്ര ഇരുന്ന്‌ മോശമായപ്പോൾ തൂക്കവും കുറഞ്ഞു. ഇതിൽ നിന്നുള്ള വെളിച്ചെണ്ണ ഗാർഹികാവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനാവില്ലെന്നത്‌ ആശ്വാസം. എന്നാൽ ഇത്തരം ചരക്ക്‌ ശേഖരിച്ചാൽ തന്നെ അതിൽ നിന്നും ലഭിക്കുന്ന വെളിച്ചെണ്ണ വീണ്ടും ശുദ്ധീകരിക്കേണ്ട അധിക ബാധ്യത കൂടി പതിയുമെന്നതിനാൽ ഏറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ മാത്രം കൊപ്രയുടെ ഇടപാടുകൾ നടക്കാനാണ്‌ സാധ്യത. ഈ വെളിച്ചെണ്ണയിൽ താൽപര്യം കാണിച്ച് ചില സോപ്പ്‌ വ്യവസായികൾ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.

കർക്കിടകം പിറന്നതോടെ കർണാടകം നാളികേര സീസണിന്‌ സജ്ജമായി. എന്നാൽ മഴ തുടരുന്നതിനാൽ വിളവെടുപ്പ്‌ അൽപ്പം വൈകുമെന്ന അവസ്ഥ വിപണിക്ക്‌ മൊത്തത്തിൽ താങ്ങ്‌ പകരുമെന്ന പ്രതീക്ഷയിലാണ്‌ വെളിച്ചെണ്ണ സ്റ്റോക്കിസ്റ്റുകൾ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com