ADVERTISEMENT

പത്തു വയസ്സുകാരി മുകുന്ദയ്ക്കു മാസങ്ങൾക്കു മുൻപ് നൽകിയ വാക്കുപാലിക്കാൻ കോട്ടയം ജില്ലയിലെ ആനിക്കാട് മഹാലക്ഷ്മി ഗോശാലയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി, മുകുന്ദയ്ക്ക് ഒരു പശുക്കിടാവിനെയുമായി. ഇന്നലെ രാവിലെ 10.30നാണ് സുരേഷ് ഗോപി രോഹിണി വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ കേന്ദ്രമന്ത്രിയെ ആരതി ഉഴിഞ്ഞ് മുകുന്ദയും അമ്മ മീരയും സ്വീകരിച്ചു. തുടർന്നു പിതാവ് വി.ഹരിക്കൊപ്പം മുകുന്ദ സുരേഷ് ഗോപിയെ ഗോശാലയിലേക്ക് ആനയിച്ചു. ദേവകി, മാളു, ജാനു എന്നിങ്ങനെ ഓരോരുത്തരെയും മുകുന്ദ തന്നെ പരിചയപ്പെടുത്തി. ഇതിനിടയിൽ ഓടി വന്ന പത്മാവതിയെന്ന പശുക്കുട്ടിയെയും പരിചയപ്പെടുത്താൻ മുകുന്ദ മറന്നില്ല. മഹാലക്ഷ്മി ഗോശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഓർഗാനിക് ഫാമിങ് വളങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും വി.ഹരിയിൽ നിന്നു ചോദിച്ചറിഞ്ഞു. ക്ഷീരമേഖലയെ സ്നേഹിക്കുന്ന മുകുന്ദയെപ്പോലുള്ള മിടുക്കരായ കുട്ടികൾ വളർന്നുവരണമെന്നു സുരേഷ് ഗോപി പറഞ്ഞു. മടങ്ങുന്നതിനു തൊട്ടുമുൻപ് മുകുന്ദയ്ക്കായി കരുതിയിരുന്ന പശുക്കുട്ടിയെ കൈമാറി. രമണിയെന്ന പേരും നിർദേശിച്ചു. പിന്നാലെ കേന്ദ്രമന്ത്രിക്ക് അദ്ദേഹത്തിന്റെ ചിത്രം വരച്ചത് മുകുന്ദയും നൽകി. പിന്നീട് പാൽ ചുരത്തുന്ന പശുവിനെയും നൽകുമെന്നു മുകുന്ദയ്ക്കു വാക്കു നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.

suresh-gopi
സുരേഷ് ഗോപിയും മുകുന്ദയും രമണിക്കൊപ്പം

കംപ്യൂട്ടർ സ്ഥാപനങ്ങളും പ്രസുമൊക്കെ നടത്തിയിരുന്ന യുവ എൻജിനീയർ ഇന്ന് അറിയപ്പെടുന്നത് ഇന്ത്യൻ പശുക്കളുടെ സംരക്ഷകനായാണ്. കോവിഡ് കാലത്ത് ഒരു പശുവിനെ വളര്‍ത്തിത്തുടങ്ങിയതാണ് കോട്ടയം ആനിക്കാട് സ്വദേശി വി.ഹരി. ഇന്നത് മഹാലക്ഷ്മിയെന്ന ഗോശാലയാണ്. ഇലക്ട്രോണിക്സ് എൻജിനീയറായ ഹരി കംപ്യൂട്ടറുമായി ബന്ധപ്പെട്ട ബിസിനസില്‍ പച്ചപിടിക്കുമ്പോഴായിരുന്നു കോവിഡിന്റെ വരവ്. എല്ലാം പൂർണമായും അടച്ചു പൂട്ടപ്പെട്ടപ്പോൾ കൃഷിയിലൂടെയാണ് ഇനി നിലനിൽപെന്ന് പലരെയുംപോലെ ഹരിയും തിരിച്ചറിഞ്ഞു.

ഹരിയുടെ മകൾ മുകുന്ദയും കാംഗ്രേജ് ഇനം പശുവും അടുത്ത ചങ്ങാതിമാർ. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ
ഹരിയുടെ മകൾ മുകുന്ദയും കാംഗ്രേജ് ഇനം പശുവും അടുത്ത ചങ്ങാതിമാർ. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ

റെഡ് സിന്ധി ഇനത്തിൽനിന്നാണു തുടക്കം. അവൾക്ക് മഹാലക്ഷ്മി എന്നു പേരിട്ടു. പിന്നാലെ ദേവകി, രാധ, ‌യശോദ, ദ്രൗപദി, നന്ദ, താര, നന്ദിനി തുടങ്ങി മുപ്പതോളം പശുക്കള്‍ എത്തിയതോടെ ഹരിയുടെ വീട്ടുമുറ്റത്ത് ഗോശാല ഉയർന്നു, അതിന് ആദ്യ പശുവിന്റെ പേരും നൽകി, മഹാലക്ഷ്മി ഗോശാല. തഞ്ചാവൂർ കൃഷ്ണ, കാംഗ്രേജ്, താർപാർക്കർ, കാങ്കയം, ഗിർ, വെച്ചൂർ, കാസർകോടൻ കുള്ളൻ, കപില എന്നിങ്ങനെ 15ൽപരം ഇന്ത്യൻ ഇനങ്ങളിലുള്ള പശുക്കളാണ് ഇവിടെയുള്ളത്.

കാഴ്ചയിൽ പഴമയുടെ ആഢ്യത്വം തുളുമ്പുന്ന പരമ്പരാഗത രൂപത്തിലാണ് ഗോശാലയുടെ നിര്‍മാണം. വൃന്ദാവനക്കാഴ്ചകൾ ചുമരുകളിൽ വരച്ചിരിക്കുന്നു. പശുക്കൾക്കൊന്നിനും മൂക്കുകയർ ഇല്ല എന്നതാണ് ഈ ഗോശാലയുടെ ഒരു സവിശേഷത. കൃഷിയിടത്തിൽ മേയാനും ഓടിനടക്കാനുമുള്ള അവസരവും നൽകുന്നുണ്ട്. ആവശ്യാനുസരണം വെള്ളം ലഭ്യമാക്കാൻ തൊഴുത്തില്‍ ഓട്ടമാറ്റിക് സംവിധാനമുണ്ട്.

ഹരിയും കുടുംബവും കാംഗ്രേജ് ഇനം പശുവിനൊപ്പം. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ
ഹരിയും കുടുംബവും കാംഗ്രേജ് ഇനം പശുവിനൊപ്പം. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ

ഇന്ത്യൻ ജനുസ്സുകളുടെ സവിശേഷതകളും അവയുടെ ചാണകത്തിന്റെ മേന്മയുമെല്ലാം ഫാമിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു. പശുക്കളെ കാണാനും അവയെ അടുത്തറിയാനും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഫാം സന്ദർശിക്കാറുണ്ട്.

ഹരി കുള്ളൻ പശുക്കളുടെ തൊഴുത്തിൽ. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ
ഹരി കുള്ളൻ പശുക്കളുടെ തൊഴുത്തിൽ. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ

പാലല്ല വരുമാനം ഡെയറിഫാമുകളുടെ പ്രധാന വരുമാനം പാൽ വിൽപനയാണെങ്കിൽ ഹരിയുടെ ഫാമിൽ അങ്ങനെയല്ല. ഇവിടെ വരുമാനം ചാണകമാണ്. ഉത്തരേന്ത്യൻ പശുക്കൾക്കു മികച്ച പാലുൽപാദനമുണ്ടെങ്കിലും കുട്ടി കുടിച്ചതിനുശേഷമുള്ളതേ കറന്നെടുക്കൂ. പ്രസവിക്കാത്തതും കറവയില്ലാത്തതുമായ പശുക്കളെ ഉപേക്ഷിക്കാറുമില്ല. മറ്റുള്ളവര്‍ ഉപേക്ഷിച്ചവയും അറവുശാലയിൽനിന്നെത്തിയവയുമൊക്കെ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ പശുക്കളുടെ എണ്ണത്തിന് ആനുപാതികമായി പാലുൽപാദനം ഇവിടെയില്ല. ലഭിക്കുന്ന വളരെക്കുറച്ചു പാൽ വീട്ടാവശ്യത്തിനും നെയ്യുൽപാദനത്തിനും എടുക്കുന്നു. വൈക്കോലും പുല്ലും തവിടുമൊക്കെയാണു തീറ്റ.

ഹരി. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ
ഹരി. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ

ഫാമിലെ ചെലവിനുള്ള വകയുണ്ടാക്കാന്‍ വഴി ആലോചിച്ചപ്പോഴാണ് ചാണകത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങളിലേക്ക് എത്തിയത്. ചാണകപ്പൊടി, നടീൽമിശ്രിതം, ജീവാമൃതം തുടങ്ങി നാൽപതോളം ഉൽപന്നങ്ങൾ തയാറാക്കി ഫാമിലെ ഔട്‌ലെറ്റ് വഴിയും ഓൺലൈൻ ആയും വിൽക്കുന്നു. ഹെൽത്ത്, ബ്യൂട്ടി, വെൽനെസ്, ഫുഡ് തുടങ്ങി ഒൻപതോളം വിഭാഗങ്ങളിലായി മുന്നൂറോളം ഉൽപന്നങ്ങളാണ് നേരിട്ടും വെബ്സൈറ്റ് (ibconline.co.in) വഴിയും ആവശ്യക്കാരിലെത്തിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 30ൽ അധികം സംസ്ഥാനങ്ങളിലായി 21,000 പിൻകോഡുകളിൽ ഉൽപന്നങ്ങൾ ഡെലിവറി ചാർജ് ഇല്ലാതെ എത്തിച്ചു നൽകുമെന്ന് ഹരി. ‘പരസ്യത്തിനായി പണം ചെലവഴിക്കാറില്ല. ആ തുക ഉപയോഗിച്ചാണ് സൗജന്യമായി ഉൽപന്നങ്ങൾ അയച്ചുകൊടുക്കുന്നത്. ഒരു തവണ വാങ്ങിയവർ വീണ്ടും വാങ്ങുമെന്നുള്ള വിശ്വാസമുണ്ട്’–ഹരി പറയുന്നു. ഫോൺ: 9745107911

English Summary:

Union Minister Suresh Gopi Blesses Young Mukunda with a Special Calf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com