ADVERTISEMENT

ഉത്സവകാല ഡിമാൻഡിന്റെ മാധുര്യം നുകരുകയാണ്‌ കേരളത്തിലെ പൈനാപ്പിൾ കർഷകർ. ഏറ്റവും മികച്ചയിനങ്ങൾ വിൽപ്പനയ്‌ക്ക്‌ ഇറക്കി ഉയർന്ന വില കൈപ്പിടിയിൽ ഒതുക്കാൻ കിണഞ്ഞു ശ്രമിച്ച ഉൽപാദകരെ കാലാവസ്ഥ വ്യതിയാനം വട്ടം കറക്കിയത്‌ ഈ സീസണിൽ ചെല്ലറയൊന്നുമല്ല. ഉയർന്ന പകൽ താപനിലയോട്‌ പടവെട്ടിയും കനത്ത മഴയോടു പൊരുതിയും അഭിമാനിക്കാനും ഓർമിക്കുവാനും ഒട്ടനവധി അധ്യായങ്ങളാണ്‌ കാലാവസ്ഥ മാറ്റം കർഷകരെ ഇക്കുറി പഠിപ്പിച്ചത്‌. നവരാത്രി ആഘോഷങ്ങളുടെ ആറു രാത്രികൾ പിന്നിട്ടു, മുന്നിലുള്ള മൂന്നു ദിവസങ്ങളിൽ വിപണി റെക്കോർഡ്‌ പുതുക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌ പൈനാപ്പിൾ കർഷകർ. 

കേരളത്തിൽ നിലവിൽ പൈനാപ്പിളിന്‌ അതിശക്തമായ ഒരു വിപണി തന്നെ വളർത്തിയെടുത്തെങ്കിലും ഉത്തരേന്ത്യയിൽനിന്നും എത്തുന്ന വൻ ഓർഡറുകൾ കാർഷിക മേഖലയുടെ അടിത്തറ പലപ്പോഴും ശക്തമാക്കുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചു. ഡൽഹിയിൽനിന്നും രാജസ്ഥാനിൽനിന്നുമാണ്‌ എറ്റവും കൂടുതൽ ഓർഡറുകൾ കന്നാര ചക്കയ്‌ക്ക്‌ എത്തുന്നത്‌. ഉൽപാദകകേന്ദ്രങ്ങൾക്കു വടക്കേന്ത്യൻ ഓർഡറുകളുടെ വരവ്‌ അക്ഷരാർഥത്തിൽ ഉത്സവ പ്രതീതി ജനിപ്പിക്കുന്നു. പത്തു ടണ്ണിനുള്ള ഓർഡറുകളാണ്‌ മുൻകാലങ്ങളിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 20 ടൺ ചരക്ക്‌ ഒറ്റയടിക്കു കയറ്റിവിടാൻ പാകത്തിൽ വമ്പൻ ഓർഡറുകൾ ഉൽപ്പന്നത്തിനു വരുന്നത്‌ കാർഷിക മേഖലയ്‌ക്കും ആവേശം പകർന്നു. 20 ടണ്ണിന്റെ ഒരു ലോഡ്‌ നീക്കുമ്പോൾ ചരക്കു കൂലി ഇനത്തിൽ വൻ ലാഭം വാങ്ങലുകാർക്കും ഉറപ്പ്‌ വരുത്താനാവുന്നു. കർഷകർക്കും ഇതിനോടു തന്നെയാണ്‌ കൂടുതൽ താൽപര്യം, ഒറ്റയടിക്ക്‌ തോട്ടത്തിൽനിന്നും ഉയർന്ന അളവിൽ വിളവ്‌ കയറ്റിവിടുമ്പോൾ മനസിലുള്ള ആനന്ദം അതൊന്ന്‌ വേറെ തന്നെ‌. ഇതിനിടെ നിരക്ക്‌ അൽപം താഴ്‌ത്തി കച്ചവടം ഉറപ്പിച്ചാലും ലാഭം. എന്നാൽ ആ ലാഭം എപ്പോഴും ഉറപ്പ്‌ വരുത്താനുമാകില്ല, അതാണ്‌ പൈനാപ്പിൾ.  

അതേ നിലവിൽ കിലോ 59ൽനിന്ന് 60 രൂപയിലേക്ക് ഉയർന്ന്‌ പുതിയ റെക്കോർഡ്‌ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണു വിപണി. പഴുത്ത കൈതച്ചക്കയ്‌ക്ക്‌ വർധിച്ച ഡിമാൻഡാണ്‌ ഉത്തരേന്ത്യയിൽ നിന്നും അനുഭവപ്പെടുന്നത്‌. ഒരു കിലോയ്‌ക്കു മുകളിൽ തൂക്കം വരുന്ന പൈനാപ്പിളിന്‌ മെച്ചപ്പെട്ട വില തന്നെയാണ്‌ ലഭ്യമാകുന്നത്‌. നിലവിൽ പച്ചയ്‌ക്കും സ്‌പെഷൽ ഗ്രേഡും കിലോ 36-39 രൂപയിലാണ്‌. 

അതേസമയം ഈ മധുര ദിനങ്ങളിൽനിന്ന് അൽപം പിന്നോട്ടു നോക്കിയാൽ കയ്പ്പേറിയ ദിനങ്ങളും നമ്മുടെ ഉൽപാദകർ അഭിമുഖീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ കിലോ 20 രൂപയ്‌ക്ക്‌ ഏറ്റവും മികച്ചയിനങ്ങൾ വിറ്റുമാറാൻ ഉൽപാദകർ നിർബന്ധിതരായപ്പോൾ പല കർഷക കൂടുംബങ്ങളും കനത്ത സാമ്പത്തിക പ്രതിന്ധിയിലേക്ക്‌ വഴുതി. ഒരു ചക്ക പൂർണ വളർച്ചയെത്തുമ്പോൾ കാർഷികച്ചെലവുകൾ 30 രൂപയ്‌ക്കു മുകളിൽ വരും.

പൈനാപ്പിൾ തോട്ടം
പൈനാപ്പിൾ തോട്ടം

തോട്ടം പാട്ടത്തിന്‌ എടുത്തു കൃഷിക്കു വേണ്ടിവരുന്ന മറ്റു ചെലവുകളും കണക്കിലെടുത്താൽ കിലോയ്ക്ക് ശരാശരി 40 രൂപയ്‌ക്കു മുകളിൽ വിൽപ്പന നടത്താനായാൽ ഈ കൃഷിയിൽ പിടിച്ചു നിൽക്കാമെന്ന്‌ മാത്രമല്ല, കാര്യമായ പരിക്കുകൾ ഇല്ലാതെ മുന്നോട്ടു പോകാനും കഴിയും. എന്നാൽ, പിന്നിട്ട ഒരു വർഷത്തിൽ സംസ്ഥാനത്തെ കാലാവസ്ഥയിൽ ഉളവായ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചതും ഈ കർഷകരെയാണ്‌. ഏപ്രിൽ‐മേയ്‌ കാലയളവിലെ ഉയർന്ന താപനിലയിൽ പല ഭാഗങ്ങളിലും ചെടികൾ വാടിത്തുടങ്ങിയപ്പോൾ തോട്ടങ്ങൾക്ക്‌ മുകളിൽ ഗാർഡൻ നെറ്റ്‌  വിരിച്ച്‌ സംരക്ഷിച്ചു, പിന്നാലെ കാലവർഷത്തിലെ കനത്ത മഴയും കർഷകരെ സമ്മർദ്ദത്തിലാക്കി. ഇതിനിടെ ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച്‌ 30 ശതമാനമെങ്കിലും കുറയാനും ഇടയുണ്ട്‌. 

പ്രതികൂല കാലാവസ്ഥയിലും വിളവ്‌ മെച്ചപ്പെടുത്താൻ കേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലും ചെറുകിട കർഷകരും വൻകിട ഗ്രൂപ്പുകളും ചക്രശ്വാസം വലിച്ച ഒരു വർഷം കൂടിയാണിത്‌. ചെറുകിട പൈനാപ്പിൾ കർഷകരുടെ കൃഷി രണ്ടും മൂന്നും ഏക്കറിൽ ഒതുങ്ങിയപ്പോൾ വൻകിട ഗ്രൂപ്പുകൾ 200 ഏക്കർ മുതൽ 500 ഏക്കർ വരെ ഭൂമി പാട്ടത്തിന്‌ എടുത്താണ്‌ കൃഷി ഇറക്കുന്നത്‌. ഉയർന്ന സാമ്പത്തിക ബാധ്യതയുള്ള വമ്പൻ ബിസിനസായി പൈനാപ്പിൾ കൃഷി കേരളത്തിൽ തഴച്ചു വളരുകയാണ്‌. എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഓരോ വർഷം പിന്നിടുന്തോറും കന്നാര കൃഷി വ്യാപിക്കുന്നു. ഭാഗ്യദേവത കനിയുമെന്ന പ്രതീക്ഷയിൽ സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും ചെറുകിട കർഷകർ പൈനാപ്പിൾ കാനി ഇറക്കുന്നുണ്ട്‌, കാർഷിക മേഖലയിൽ കാനിക്ക് ആവശ്യം വർധിച്ചതോടെ നിരക്ക്‌ ഇരട്ടിയോളം ഉയർന്ന്‌ പതിനഞ്ച്‌ രൂപയിലെത്തി. 

കൈതക്കൃഷിക്കു മീതെ തണൽവല വിരിച്ചിരിക്കുന്നു.
കൈതക്കൃഷിക്കു മീതെ തണൽവല വിരിച്ചിരിക്കുന്നു.

ഒട്ടുമിക്ക ഭാഗങ്ങളിലും കർഷകർ റബറിനെ തഴഞ്ഞ്‌ പൂർണമായും പൈനാപ്പിളിലേക്കു ചുവടുമാറ്റിയപ്പോൾ ഒരു വിഭാഗം റബറിനെ കൈവിടാതെ രണ്ടും ഇടകലർത്തി കൃഷി ചെയ്യുന്നുണ്ട്. ഒരു ചെടിയിൽ നിന്നും തുടർച്ചയായി മൂന്നു വർഷം വരെ വിളവെടുക്കാൻ അവസരം ലഭിക്കുമെന്നതും ഉൽപാദകരെ ആകർഷിക്കുന്നു. 

അതേസമയം ഇപ്പോഴത്തെ ഡിമാൻഡ് നവംബർ അവസാനം വരെ തുടരുമെന്ന പ്രതീക്ഷയിലാണ്‌ തോട്ടങ്ങൾ. ക്രിസ്‌മസ്‌ അടുക്കുന്നതോടെ വിപണിയിൽ വീണ്ടും താരമായി മാറാനാകും. മാത്രമല്ല, റംസാൻ നോമ്പിന്‌ തുടക്കം കുറിക്കുന്ന വേളയിൽ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരെത്തും. ഇതു മുന്നിൽക്കണ്ട്‌ കൃഷി ഇറക്കുന്നവരും രംഗത്തുണ്ട്‌. ഈ അവസരത്തിൽ ഗൾഫ്‌ രാജ്യങ്ങളും നമ്മുടെ ചരക്കിലേക്ക്‌ ശ്രദ്ധ തിരിക്കും. പ്രതിദിനം ഒരു ക്വിന്റൽ വീതം പ്രമുഖ വിമാനത്താവളങ്ങൾ വഴി വിവിധ അറബ്‌ രാജ്യങ്ങളിലേക്കും ഉൽപ്പന്നം കയറിപ്പോകും. എന്നാൽ നിലവിൽ നവരാത്രി ഡിമാൻഡ് ആണ്‌ റെക്കോർഡ്‌ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കിയത്‌. ഉയർന്ന വിലയുടെ മറ്റൊരു വെടിക്കെട്ടിനായി നമുക്ക്‌ ദീപാവലി വരെ കാത്തിരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com