ADVERTISEMENT

സെപ്റ്റംബർ 2009, സിസ്റ്റീൻ ചാപ്പൽ, റോം.

വത്തിക്കാൻ മ്യൂസിയത്തിലെ ദേവാലയ മച്ചിൽ മൈക്കലാഞ്ചലോയുടെ ചിത്രവിസ്മയം കണ്ട് വിസ്മയിച്ചു നിൽക്കുകയാണ് ഞാൻ. ഒപ്പം നാനാദേശത്തു നിന്നുള്ള സഞ്ചാരികളുടെ ഒരു കൂട്ടമുണ്ട്. വത്തിക്കാൻ അധിപതിയായ മാർപാപ്പയുടെ സ്വകാര്യ ദേവാലയമാണ് സിസ്റ്റീൻ. അത് കാലദേശാതീത കലാസ്വാദകർക്ക് തുറന്നു കൊടുത്തതിനു പിന്നിൽ ഒരു പ്രതിഭയുടെ സ്പർശമുണ്ട്.

1508-ൽ പോപ്പ് ജൂലിയസ് രണ്ടാമനാണ് മുപ്പത്തിമൂന്നുകാരനായ ഫ്ലോറന്റൈൻ ചിത്രകാരൻ ആഞ്ചലോയെ ചാപ്പൽ അലങ്കരിക്കാൻ ഏർപ്പെടുത്തിയത്. സമകാലികനായ ശിൽപി ബ്രമാന്തെയുടെ ഉപജാപങ്ങൾ ആഞ്ചലോയ്ക്ക് വഴി തുറക്കുകയായിരുന്നു. മാർപാപ്പയുടെ ശവകുടീരം ശിൽപഭദ്രതയോടെ നിർമിക്കാനുള്ള കരാറാണ് ആദ്യം ലഭിച്ചത്. ബ്രമാന്തെ പാപ്പയിൽ സമ്മർദ്ദം ചെലുത്തി ആ പദ്ധതി കൈക്കലാക്കി ചാപ്പലിലെ ചിത്രപ്പണിയിൽ ആഞ്ചലോയെ തളച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ നവോത്ഥാന കാലത്ത്, സമ്പന്നരായ രക്ഷാധികാരികളുടെ പ്രീതി നേടാനുള്ള കിടമൽസരം കലാകാരന്മാരുടെ ഇടയിൽ പതിവായിരുന്നു. മൈക്കലോഞ്ചലോ പ്രധാനമായും ഒരു ശിൽപിയാണ്. അതു വരെ രണ്ട് അതുല്യ ശിൽപ്പങ്ങൾ (പിയെത്ത, ദാവീദ്) നിർമ്മിച്ചു കഴിഞ്ഞു. ചിത്രകലയിൽ ശിൽപിക്ക് മികവ് പോര എന്നായിരുന്നു ജനധാരണ. പദ്ധതി പരാജയമടഞ്ഞാൽ ചിത്രകാരനെ മാർപാപ്പ അകറ്റുമെന്ന് ബ്രമാന്തെ കരുതി. ബ്രമാന്തെ വെറുമൊരു ഉപജാപകൻ മാത്രമായിരുന്നുവെന്ന് ഇതിനർഥമില്ല. റോമിലെ നവോത്ഥാന നായകരിൽ പ്രമുഖനായ അഗ്രഗണ്യനായ ശിൽപി. എന്നാൽ മരണശേഷം വിഗ്രഹവൽക്കരിക്കപ്പെടുന്ന പ്രതിഭകൾ മാനുഷിക ബലഹീനതകൾക്ക് അതീതരല്ല.

Michaelangelo-1
വത്തിക്കാൻ മ്യൂസിയത്തിന്റെ പ്രവേശന കവാടം

ദൗത്യം ഏറ്റെടുത്ത മൈക്കലാഞ്ചലോ തന്റെ കഴിവിനു മേൽ ഉയർന്ന സംശയങ്ങൾ നാലു വർഷം കൊണ്ട് മായിച്ചു കളഞ്ഞു. സിസ്റ്റീൻ ചാപ്പലിന്റെ മച്ചിനു തൊട്ടു താഴെ മരത്തട്ടിൽ മലർന്നു കിടന്നും, തൂങ്ങിയാടിയും ആഞ്ചലോ വരച്ചു വച്ചത് ഒരു മഹേതിഹാസമാണ്. സൃഷ്ടിയും ഏദൻ തോട്ടവും പ്രളയവും അന്ത്യവിധിയും - ചേതാഹരമായ ചിത്രങ്ങളുടെ ഒരു പരമ്പര. ഉപരിതല മികവിന്റേയും മന:ശാസ്ത്ര ഉൾക്കാഴ്ചയുടേയും പൂർണ്ണത. അഞ്ഞൂറ് വർഷം കടന്നുപോയി. ജൂലിയസ് മാർപാപ്പയുടെ ശവകുടീരം ആരും അന്വേഷിക്കാറില്ല, സിസ്റ്റീൻ ചാപ്പലിൽ ആളൊഴിഞ്ഞ് നേരവുമില്ല.

അമ്പരപ്പ് മാറിയപ്പോൾ ക്യാമറയിൽ എന്റെ കൈകൾ ചലിച്ചു. ഈ ഉജ്ജ്വല കലാസൃഷ്ടിയുടെ ഒരംശമെങ്കിലും പകർത്തി കൂടെ കൊണ്ടു പോകണം. ക്ലാസിക് ചിത്രങ്ങൾ തീവ്രപ്രകാശത്തിന് തുടർച്ചയായി വിധേയമായാൽ, കാലം ചെല്ലുമ്പോൾ നശിച്ചുപോകും എന്നു കേട്ടിട്ടുണ്ട്. ചാപ്പലിൽ ക്യാമറ നിരോധിച്ചിരിക്കുന്നു. ലംഘകരെ വിലക്കാൻ കറുത്ത വേഷമിട്ട ഗാർഡുകൾ. അന്നത്തെ സന്തത സഹചാരിയായ സോണി സൈബർഷോട്ട് ഡിജിക്യാമിൽ, ഫ്ലാഷ് ഓഫാക്കി തലങ്ങും വിലങ്ങും ഞാൻ കുറേ പടമെടുത്തു. വിലക്കുകൾ ലംഘിച്ച് ഫ്ലാഷുകൾ മിന്നി. ഒരു വെള്ളക്കാരി എന്നെ നോക്കി അലറി: 'സ്റ്റോപ് ഫോട്ടോഗ്രാഫി!' ശരി, നിർത്തിയേക്കാം. ധാരാളം ചിത്രങ്ങൾ കിട്ടിയ സന്തോഷത്തിൽ ക്യാമറ ഞാൻ ബാഗിലിട്ടു. പുറത്തിറങ്ങിയപ്പോൾ ചിന്തിച്ചു: ചെയ്തത് ശരിയായിരുന്നോ? പക്ഷേ ഫ്ലാഷ് ഉപയോഗിച്ചില്ലല്ലോ. എങ്കിലും എന്റെ പ്രവൃത്തി മറ്റൊരാൾക്ക് പ്രേരകമാകാമല്ലോ. പക്ഷേ തുടങ്ങി വച്ചത് ഞാനല്ല. ക്ലാസിക് ചിത്രങ്ങൾ എന്നേക്കും നിലനിൽക്കണം എന്ന് കരുതുന്ന ആസ്വാദകയാവണം ആ വനിത. ഡാവിഞ്ചിയുടെ 'അവസാന അത്താഴം' മനസിൽ വന്നിട്ടുണ്ടാകാം. ചിത്രകാരൻ പിഗ്മെന്റിൽ നടത്തിയ പരീക്ഷണത്താൽ കാലപ്പഴക്കം മൂലം ശോഭ കെട്ട ചിത്രമാണത്. മിലാനിൽ വായുസഞ്ചാരവും ചൂടും നിയന്ത്രിക്കുന്ന പ്രത്യേക അറയിലാണ് ഇപ്പോൾ ആ മഹാസൃഷ്ടി.

Michaelangelo-4
മൈക്കലാഞ്ചലോ എക്സിബിഷൻ, വാൻകൂവർ, കാനഡ

2008-ൽ ഡാൻ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡിന്' മുമ്പുള്ള ബെസ്റ്റ് സെല്ലറിന് (ഏഞ്ചൽസ് & ഡീമൺസ്, 2000) റോൺ ഹൊവാർഡ് ചലച്ചിത്ര ഭാഷ്യം നൽകിയിരുന്നു. ഈ ത്രില്ലർ അരങ്ങേറുന്നത് റോമിൽ. കത്തോലിക്ക സഭയുടെ അഭിമാന സ്തംഭങ്ങളും, കാലത്തെ അതിജീവിച്ച കലാസൃഷ്ടികളും തിരശ്ശീലയിൽ വരണം. യഥാർഥമെന്ന വിചാരമുണ്ടാക്കാൻ കമ്പ്യൂട്ടർ ഇമേജറികളുടേയും (CGI) മനുഷ്യ നിർമിതികളുടേയും ഒരു മിശ്രണമാണ് സിനിമാ പ്രവർത്തകർ ഉപയോഗിക്കുക. അവർ റോമിലെ നിർമ്മിതികളുടെ വിദൂരദൃശ്യം ചിത്രീകരിച്ചു. മന്ദിരങ്ങളുടെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ലണ്ടനിലേയും ലോസ് ഏഞ്ചലസിലേയും സ്റ്റുഡിയോയിൽ പുനർനിർമ്മിച്ചു. സിസ്റ്റീൻ ചാപ്പലിലെ ചിത്രങ്ങളുടെ മൗലികതയ്ക്കു വേണ്ടി, സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ ടീമിലെ എട്ടു പേർ ക്യാമറയുമായി കയറി കിട്ടിയ സമയം കൊണ്ട് നാലുപാടും ക്ലിക്ക് ചെയ്തു. വൈകാതെ സെക്യൂരിറ്റി ഗാർഡിന്റെ പിടിവീണു. ലഭിച്ച ചിത്രങ്ങൾ ചേർത്തു വച്ച് അവർ മൈക്കലാഞ്ചലോയുടെ കാൻവാസ്‌ പുനസൃഷ്ടിച്ചു. ഈ വിവരമറിഞ്ഞപ്പോൾ എന്റെ വിഷമം മാറി: ഞാൻ മാത്രമല്ല, അവന്മാരുമുണ്ട്!

വർഷങ്ങൾ കടന്നു പോയി. ചാപ്പലിലെ ഫ്ലാഷ് സംഭവത്തിലെ തെറ്റും ശരിയും ഇടയ്ക്കിടെ മനസിൽ പൊന്തി വന്നു. കോവിഡ് കാലത്ത് ആ വിഷയത്തിൽ പുതിയ അറിവുണ്ടായി. ക്യാമറ ഫ്ലാഷ് തുടർച്ചയായി മിന്നിയാൽ പെയിന്റിങ്ങുകൾ നശിക്കുമെന്നത് തെറ്റായ ധാരണയാണത്രേ. ശാസ്ത്രീയ തെളിവുകളില്ല. കാലപ്പഴക്കം മൂലം വരുന്ന മാറ്റമല്ലാതെ ഫ്ലാഷിന് ഇതിൽ പങ്കില്ല. മുൻവിധിയിൽ പുലർന്നുപോന്ന ഈ നിയന്ത്രണം ഇപ്പോഴും ചില ആർട്ട് ഗാലറികൾ നിലനിർത്തുന്നു. അതിനു മറ്റൊരു കാരണവുമുണ്ട്: കോപ്പിറൈറ്റ് ലംഘനം തടയുക. അങ്ങനെ കുറ്റബോധം തീർന്നു. നേരത്തെ ഗൂഗിൾ ചെയ്യേണ്ടതായിരുന്നു. തലമുറകളിലൂടെ കടന്നു പോയ സഞ്ചാരികളിൽ ഏറെയും മഹാപ്രതിഭകളുടെ സൃഷ്ടികൾക്ക് ദോഷമൊന്നും വരുത്തിയിട്ടില്ല.

Michaelangelo-3
മൈക്കലാഞ്ചലോ എക്സിബിഷൻ, വാൻകൂവർ, കാനഡ

ഡിസംബർ 2021, വാൻകൂവർ കൺവെൻഷൻ സെന്റർ. ഈ ശീതകാലത്ത് മൈക്കലാഞ്ചലോ നഗരത്തിൽ വിരുന്നു വന്നു. സിസ്റ്റീൻ ചാപ്പൽ എക്സിബിഷൻ കമ്പനി വടക്കേ അമേരിക്കൻ നഗരങ്ങളിൽ ആഞ്ചലോയുടെ മഹാസൃഷ്ടിയെ നേർക്കുനേർ കാണാനുള്ള അവസരം ഒരുക്കുന്നു. മൗലികസൃഷ്ടി ചുവർചിത്രമാണ് (Fresco). ഫ്രെയിം ചെയ്ത മാസ്റ്റർപീസുകൾ താൽക്കാലികമായി മറ്റു മ്യൂസിയങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്, പക്ഷേ ചുവർചിത്രങ്ങൾക്ക് കഴിയില്ല. പകരം ഹൈ-ഡെഫിനിഷൻ ഫോട്ടോഗ്രാഫ് ഉപയോഗിച്ച് സിസ്റ്റീൻ പ്രതലമെന്ന് തോന്നിക്കുന്ന പ്രത്യേക തരം കാൻവാസിൽ പ്രിന്റ്‌ ചെയ്യുന്നു. ചരിവുള്ള മച്ചിലെ ചിത്രം കൃത്രിമ കാൻവാസിൽ നിവരണം. ചാപ്പലിന്റെ 8600 സ്ക്വയർ ഫീറ്റ് സീലിങ് ആകുന്നു ഇറ്റാലിയൻ ജീനിയസിന്റെ കാൻവാസ്. അതിനെ പത്തടി ഉയരവും ആറടി വീതിയുമുള്ള 40 പെയിന്റിങ്ങായി മാറ്റിയിരിക്കുന്നു, അന്ത്യവിധി ഒരൊറ്റ വലിയ ചിത്രം.

ടിക്കറ്റുമായി അകത്തു കയറുമ്പോൾ ധാരാളം പടമെടുത്തോളാൻ ദ്വാരപാലകൻ ഉപദേശിച്ചു. പറ്റിയാൽ ഇൻസ്റ്റയിൽ ഇടുക. ഇത് കാലവും മാധ്യമവും വേറെ! ഇരുളും വെളിച്ചവും ചേർന്ന മുറിയിൽ അതാ ആഞ്ചലോയുടെ മാനസസൃഷ്ടി. 1508 മുതൽ 1512 വരെ നാലര വർഷമെടുത്ത് വരച്ച ചിത്രകഥനം. അതിനുമുമ്പേ സിസ്റ്റീൻ ചാപ്പലിന്റെ ചുവരുകളിൽ റാഫേലും ബോട്ടിചെല്ലിയും മറ്റേറെ പ്രഗത്ഭരും വർണചിത്രങ്ങൾ കോറിയിട്ടിരുന്നു. മാർപാപ്പ തനിക്ക് നൽകിയ വിഷയം (യേശുവും പന്ത്രണ്ട് അപ്പസ്തോലരും) വളരെ ഇടുങ്ങിയതായി കരുതിയ ചിത്രലേഖകൻ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും നിർണായക സംഭവങ്ങൾ ചേർത്ത് രംഗം കൊഴുപ്പിച്ചു.

18
പഴയനിയമത്തിൽ നിന്നുള്ള ദൃശ്യങ്ങൾ, മൈക്കലാഞ്ചലോ എക്സിബിഷൻ

ദൈവം ആദത്തെ സൃഷ്ടിക്കുന്നു. അക്കാലത്തെ പൊതുബോധ പ്രകാരം നരച്ച മുടിയുള്ള ഉഗ്രരൂപിയായ ദൈവം. ആദമിന് ജീവൻ നൽകുന്ന ആ സ്പർശം പിന്നീട് പാശ്ചാത്യ സംസ്കാരത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ ബ്രഷ് സ്ട്രോക്ക്. മനുഷ്യൻ യന്ത്രത്തിന് കൃത്രിമ ബുദ്ധി കൈമാറുന്ന നിമിഷത്തെ 'ആധുനിക ഉൽപത്തി' എന്ന് വിശേഷിപ്പിക്കാം. മനുഷ്യന്റെ വിരൽ യന്ത്രമനുഷ്യന്റെ വിരലിനെതൊടുന്നു, ഊർജ്ജം പ്രസരിക്കുന്നു. മനുഷ്യനെ ജനിപ്പിക്കുമ്പോൾ പ്രകൃതി അറിഞ്ഞില്ല അവൻ നേടാൻ പോകുന്ന പുരോഗതി, വരുത്താൻ പോകുന്ന നാശം. യന്ത്രത്തിന് ബുദ്ധി നൽകുമ്പോൾ മനുഷ്യൻ ഇത്തരമൊരു ദശാസന്ധിയിലാണ്.

15
ദ ലാസ്റ്റ് ജഡ്ജ്മെന്റ്, മൈക്കലാഞ്ചലോ എക്സിബിഷൻ, വാൻകൂവർ

ഏദൻ തോട്ടത്തിൽ രമിക്കുന്ന ആദിമനുഷ്യനും സ്ത്രീയും. സർപ്പം പെണ്ണിനെ വശീകരിക്കുന്നു, പെണ്ണ് ആണിനെ പ്രലോഭിക്കുന്നു. വിലക്കപ്പെട്ട കനി ഭക്ഷിച്ച അവർ ഇനി പറുദീസയുടെ പുറത്ത് അതിജീവനം നേടും. അവർക്ക് സവിശേഷ വ്യക്തിത്വവും അന്വേഷണ ത്വരയുമുണ്ടായത് ഗുണകരമായ മാറ്റമാണ്. ഈ കനി ഭക്ഷിച്ചാൽ നിങ്ങൾ ദൈവത്തെ പോലെയാകും! – അവരെ പ്രലോഭിപ്പിച്ച സാത്താൻ ആത്മസത്തയെ തേടാൻ അവരെ സഹായിക്കുകയല്ലേ ചെയ്തത്‌? നിത്യസുഖത്തിൽ മുഴുകാതെ ഇഹലോകത്ത് ജീവിച്ചാണ് ആ അറിവ് സാധ്യമാകുന്നത്. ഈ ലോകമാണ് സ്വർഗം, ഇവിടമാണ് നരകം. ദൈവവും ചെകുത്താനും ഒരേ ഉൺമയുടെ ഇരുപുറങ്ങളാണ്. ആദാമിന്റെ സന്തതികൾ പെറ്റുപെരുകി ഭൂമിയെ അവകാശമാക്കി. ഭൂമിയുടെ അന്തകരായി. ഇനി പ്രളയം. സർവവും നശിച്ച ലോകത്ത് നോഹയുടെ പെട്ടകം അതിജീവിക്കുന്നു. നാശത്തെ മറികടന്ന് വീണ്ടും തുടങ്ങാം. മറ്റൊരു ചിത്രത്തിൽ മദ്യപനായ, പൂർണനഗ്നനായ നോഹ. ആഞ്ചലോയുടെ വരയിൽ നഗ്നശരീരങ്ങളുടെ ചാരുത. ഇന്നത് പുതുമയല്ല, പക്ഷേ അന്നിന്റെ സദാചാര നാട്യത്തിൽ ഈ രചന വിവാദവും വിപ്ലവവുമായിരുന്നു. 

17
പഴയനിയമത്തിൽ നിന്നുള്ള ദൃശ്യങ്ങൾ, മൈക്കലാഞ്ചലോ എക്സിബിഷൻ

നിരന്നിരിക്കുന്ന ഫ്രെയിമുകളിൽ പഴയ നിയമത്തിലെ പ്രവാചകരുടേയും, യേശുവിന്റെ പൂർവികരുടേയും ഛായാചിത്രങ്ങൾ. അവരിൽ നിരാശയും നിർവികാരതയും നിരാലംബതയും നിശ്ചയദാർഢ്യവും. ഗോലിയാത്തിനെ വധിക്കാൻ ഒരുങ്ങുന്ന ദാവീദിൽ കോപവും താപവും ധീരതയും. കാലത്തിന്റെ നീർച്ചുഴി കടന്ന് ഞാൻ അന്ത്യവിധിയിൽ എത്തുന്നു. സിസ്റ്റീൻ ചാപ്പലിന്റെ മച്ചിലെ ചിത്രപ്പണി തീർന്ന് ഇരുപത്തഞ്ച് വർഷം പൂർത്തിയായപ്പോൾ, ജൂലിയസ് മൂന്നാമൻ മാർപാപ്പ ആഞ്ചലോയെ 'അന്ത്യവിധി' ഏൽപ്പിച്ചു. അൾത്താരയുടെ തൊട്ടു പിറകിൽ വരുന്ന സെന്റർ പീസ്. ദിവ്യബലി അർപ്പിക്കുന്ന വിശ്വാസികൾ ആ ദൃശ്യത്തിന്റെ ഗരിമയും ഭീകരതയും അറിയണം. കാലാന്ത്യത്തിൽ മനുഷ്യപുത്രൻ അന്ത്യവിധിക്കായി വീണ്ടും വരും, മരിച്ചവർ ഉയിർക്കും. നല്ലവർ അവന്റെ വലതു ഭാഗത്ത്, അവർ നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കും. കെട്ടവർ അവന്റെ ഇടതു ഭാഗത്ത്, അവർ നരകയാതനയിൽ വെന്തുനീറും. തേജസ്വിയായ ക്രിസ്തുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അരികിൽ നിലയുറപ്പിച്ച മറിയവും വിശുദ്ധരും മാലാഖമാരും. ഗുണവാന്മാർ ഉയരുന്നു, തഴയപ്പെട്ടവരെ ചെകുത്താന്മാർ വേട്ടയാടുന്നു. നഗ്നശരീരങ്ങൾ അതിജീവനത്തിനായി പൊരുതുന്നു, നിലവിളിക്കുന്നു. എന്നാൽ അവരുടെ വിധി നേരത്തെ എഴുതപ്പെട്ടു കഴിഞ്ഞു.

ആ മുറിയിൽ നിന്നും പുറത്തു കടക്കുമ്പോൾ ഞാൻ പൂർണതൃപ്തനാണ്. ഉപ്പോളം വരില്ല ഉപ്പിലിട്ടത്. പക്ഷേ ഈ കോപ്പികൾ ഒറിജിനലിനെ ഓർമിപ്പിച്ചു, ഓർമ്മകൾ ഉണർത്തി. വത്തിക്കാനിലെ മച്ചിൽ കണ്ടത് ആർട്ട് ഗാലറിയിലെന്ന പോലെ അടുത്തു കാണാനായി. സൂക്ഷ്മാംശങ്ങൾ പോലും വെളിവാക്കിയ ചിത്രപഠനം, ചിത്രലേഖകനുമായി നേർക്കുനേർ ഒരു സംവാദം. അറിവും ആസ്വാദനമൂല്യവും വർധിച്ചു, ആ മഹാപ്രതിഭയെ വീണ്ടും നമിച്ചു. ഇതാണ് കലയുടെ ധർമം. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയല്ല, അതിലുപരി അനേകം വ്യാഖ്യാനങ്ങൾ നൽകുക. പ്രതിഭകളുടെ ദർശനം കാലാതീതമാണ്. പ്രത്യേകം തെരഞ്ഞെടുത്തവരിലൂടെ പ്രകൃതിയാണ് സംവദിക്കുന്നത്. തലമുറകളിലൂടെ കടന്നു പോകുന്ന ഭാഷ്യങ്ങളിലൂടെ അതിനുത്തരം തേടുകയാണ് പ്രകൃതി. എന്നാൽ ഇവിടെ അവസാന ഉത്തരം ഇല്ല. ഇതാണ്, ഇതുമാത്രമാണ് ആ മഹാനുഭാവർ ഉദ്ദേശിച്ചത് എന്നാർക്കും പറയാവില്ല. ഇതൊരു അന്തമില്ലാത്ത പ്രഹേളികയാണ്, നിശ്ചിതമായ ചട്ടക്കൂടിന് പുറത്ത്, വിശാലമായ ഭൂമികയിൽ സംഭവിക്കുന്ന അന്വേഷണത്തിന്റെ ആനന്ദം. മഹത്തായ സൃഷ്ടികളുടെ വ്യാഖ്യാനത്തിൽ അഭിപ്രായ സമന്വയത്തിന് പ്രസക്തിയില്ല. ഡാവിഞ്ചി കോഡ് പോലെ, മൈക്കലാഞ്ചലോ കോഡുമുണ്ട്. അനുവാചകരുടെ കണ്ണിലാണ് സൗന്ദര്യം, നിരന്തരം വികസിക്കുന്ന അവരുടെ മനസ്സിലാണ് രഹസ്യങ്ങളുടെ താക്കോൽ.

(ഇറ്റാലിയൻ ഉച്ചാരണം 'മിക്കലാഞ്ചലോ')

അവലംബം:

Mystery: A seduction, a strategy, a solution (2021), Jonah Lehrer

English Summary:

Encounters with Artistic Genius: A Personal Journey through the Sistine Chapel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com