ADVERTISEMENT

മാനസികാരോഗ്യത്തിന് വളരെ പ്രാധാന്യമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്താനായി പലവിധ മാർഗങ്ങളും പലരും അവലംബിക്കാറുണ്ട്. ഓരോ വ്യക്തിയും വ്യത്യസ്തമാണ് എന്നിരിക്കെ അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാൻ അവലംബിക്കുന്ന മാർഗങ്ങളും വ്യത്യസ്തമായിരിക്കും.

ബിഹേവിയറൽ തെറപ്പി, കോഗ്നിറ്റീവ് തെറപ്പി, ഇന്റർപേഴ്‌സണൽ തെറപ്പി, സൈക്കോ അനാലിസിസ്, സപ്പോർട്ടീവ് സൈക്കോതെറപ്പി, സൈക്കോഡൈനാമിക് സൈക്കോതെറപ്പി അല്ലെങ്കിൽ വിവിധ തരം മരുന്നുകൾ എന്നിവ ഉൾപ്പെടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഉപയോഗിച്ചാൽ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നത് വ്യക്തികൾക്ക്  ഉപകാരപ്രദമായിരിക്കും. 

കലയെ ഇഷ്ടപ്പെടുന്നവർക്ക് ആർട് ഉപയോഗിച്ച് തന്നെ തങ്ങളുടെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. മാനസിക വൈകല്യങ്ങൾ ചികിത്സിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കലാപരമായ രീതികളുടെ ഉപയോഗമാണ് ആർട് തെറപ്പി എന്നറിയപ്പെടുന്നത്. ക്രിയാത്മകമായ ആവിഷ്കാരത്തിന് രോഗശാന്തിയും മാനസിക ക്ഷേമവും വളർത്താൻ കഴിയുമെന്ന ആശയത്തിൽ വേരൂന്നിയ ഒരു പരിഹാരമാർഗമാണ് ആർട് തെറപ്പി.

Young blonde beautiful woman laying on the messy floor, covered in colors, smiling
Representative image. Photo Credit: Ivan -antic/istockphoto.com

ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾ ആശയവിനിമയത്തിനും സ്വയം പ്രകടിപ്പിക്കുന്നതിനും രോഗശാന്തിക്കുമായി കലകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ആർട് തെറപ്പി 1940-കൾ വരെ ഒരു ഔപചാരികമായി മാറിയിരുന്നില്ല. മാനസിക പ്രതിസന്ധി അനുഭവിക്കുന്ന വ്യക്തികൾ പലപ്പോഴും ഡ്രോയിംഗുകളിലും മറ്റ് കലാസൃഷ്ടികളിലും സ്വന്തം ചിന്തകൾ പകർത്താറുണ്ടെന്ന് ഡോക്ടർമാർ നിരീക്ഷിച്ചതോടെയാണ്, ഒരു രോഗശാന്തി തന്ത്രമായി കലയുടെ ഉപയോഗത്തെ കുറിച്ച് പഠിക്കാൻ പലരെയും പ്രേരിപ്പിച്ചത്. അതിനുശേഷം, കല ചികിത്സാ മേഖലയുടെ ഒരു പ്രധാന ഭാഗമായിത്തീർന്നു. ഇന്ന് പല അസുഖങ്ങളുടെ ചികിത്സാ രീതികളിലും ഇത് ഉപയോഗിച്ചു വരുന്നു.

മാനസിക രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരേയൊരു സൃഷ്ടിപരമായ കലയല്ല ആർട് തെറപ്പി. ഡാൻസ് തെറപ്പി, ഡ്രാമ തെറപ്പി, എക്സ്പ്രസീവ് തെറപ്പി, മ്യൂസിക് തെറപ്പി, റൈറ്റിംഗ് തെറപ്പി തുടങ്ങി പല തരത്തിലുള്ളവ ക്രിയേറ്റീവ് തെറപ്പിയിൽ ഉൾപ്പെടുന്നു. സമ്മർദ്ദത്തെ നേരിടാനും ആത്മാഭിമാനം വർധിപ്പിക്കാനും പുറത്തേക്ക് പ്രകടിപ്പിക്കുവാൻ സാധിക്കാതെ നിന്ന സംഘർഷങ്ങളെയും ആഗ്രഹങ്ങളെയും ആവിഷ്കരിക്കുവാനും സഹായിക്കുകയെന്നതാണ് ആർട്ട് തെറപ്പിയുടെ ലക്ഷ്യം.

∙ ആർട് തെറപ്പിയിൽ ഉപയോഗിക്കാവുന്ന ആക്ടിവിറ്റികൾ: കൊളാഷ്, കളറിംഗ്, ഡൂഡ്‌ലിംഗ്, പെയിന്റിംഗ്, എഴുത്ത്, ഡ്രോയിംഗ്, ഫിംഗർ പെയിന്റിംഗ്, ഫൊട്ടോഗ്രഫി, ശിൽപ നിർമ്മാണം

∙ ആർട് തെറപ്പി ഉപയോഗിക്കാനാവുന്ന പ്രശ്നങ്ങള്‍: ഉത്കണ്ഠ, വിഷാദം, കുട്ടിക്കാലത്തെ ആഘാതം, സമ്മർദ്ദം, വൈകാരിക ബുദ്ധിമുട്ടുകൾ, കുടുംബം അല്ലെങ്കിൽ ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഭക്ഷണ ക്രമക്കേടുകൾ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, മാനസിക സാമൂഹിക പ്രശ്നങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗ ക്രമക്കേട്

Representative image. Photo Credit: energyy/istockphoto.com
Representative image. Photo Credit:energyy/istockphoto.com

മിക്ക കേസുകളിലും ഗ്രൂപ്പ് തെറപ്പി അല്ലെങ്കിൽ കോഗ്നിറ്റീവ്-ബിഹേവിയറൽ തെറപ്പി (CBT) പോലുള്ള മറ്റ് സൈക്കോതെറാപ്പി ടെക്നിക്കുകൾക്കൊപ്പം ആർട് തെറപ്പി ഉപയോഗിക്കാം. ആർട്ട് തെറപ്പിയിൽ നിന്ന് പ്രയോജനം നേടുന്നതിന് ആളുകൾക്ക് കലയിൽ പ്രാവീണ്യമുണ്ടായിരിക്കണമെന്നില്ല. ഈ രീതിയിലുള്ള ചികിത്സ ഒരു ആർട് ക്ലാസ് എന്നതിലുപരി ആളുകളെ ഏതെങ്കിലും ഒരു പ്രവൃത്തിയിൽ വ്യാപൃതരാക്കി നിർത്താനുള്ള മാർഗം മാത്രമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ചെയ്യാവുന്ന ഒന്നാണ് ആർട് തെറപ്പി. മറ്റ് തരത്തിലുള്ള തെറപ്പി ബുദ്ധിമുട്ടുള്ളതായോ ഫലപ്രദമല്ലാത്തതോ ആണെന്ന് തോന്നുന്നവർക്ക്, ഒരു അനുബന്ധ ചികിത്സയായി പരീക്ഷിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് ആർട് തെറപ്പി.

English Summary:

Exploring Art Therapy: A Universal Path to Emotional Well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com