ഭാര്യയുടെ രൂപത്തിൽ 12 അടി ഉയരമുള്ള ശിൽപം; നിർമ്മിക്കാന് ഉപയോഗിച്ചത് സ്ക്രാപ്പ് മെറ്റൽ
Mail This Article
അമേരിക്കയിലെ അടിമത്തത്തിന്റെ ചരിത്രവും പൈതൃകവും പര്യവേക്ഷണം ചെയ്യുന്ന അലബാമയിലെ ലെഗസി മ്യൂസിയത്തിലേക്ക് നൈജീരിയൻ കലാകാരനായ ഡോട്ടൺ പോപൂള അയച്ചു കൊടുത്തത് ഭാര്യയുടെ രൂപത്തിലുള്ള 12 അടി ഉയരമുള്ള ശിൽപം. മാലിന്യത്തിന്റെ സംസ്‌കരണവും അവയുടെ പുനരുപയോഗത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന പോളിക്രോമാറ്റിക് ശിൽപങ്ങളാണ് ഡോട്ടൺ പോപൂള നിർമ്മിക്കാറ്. മാലിന്യവസ്തുക്കളുടെ ശരിയായ ഉപയോഗത്തെ 882 പൗണ്ട് ഭാരവുമുള്ള 'ഇറിങ്കെമി അസാകെ' എന്ന ശില്പമായിട്ടാണ് ഡോട്ടൺ അവതരിപ്പിച്ചിരിക്കുന്നത്.
സ്ക്രാപ്പ് മെറ്റൽ, ഗാൽവാനൈസ്ഡ് പൈപ്പുകൾ, ഓട്ടോമൊബൈൽ ഭാഗങ്ങൾ, സ്റ്റെയിൻലെസ് സ്റ്റീൽ, ഇരുമ്പ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു ആഫ്രിക്കൻ സ്ത്രീയുടെ അലങ്കരിച്ച തലയും കഴുത്തും ചിത്രീകരിക്കുന്ന ശില്പത്തിന് മോഡലായ ഭാര്യയായ അഡെയോളയെയാണ് ഡോട്ടൺ തിരഞ്ഞെടുത്തത്. സ്‌ക്രാപ്പ് മെറ്റലിനെ മൃഗങ്ങളുടെയും മനുഷ്യരുടെയും വർണ്ണാഭമായ ശിൽപങ്ങളാക്കി മാറ്റിക്കൊണ്ട് കലാലോകത്തെ തന്റെതായ ഒരിടം കണ്ടെത്തിയ ഡോട്ടൺ, നാലായിരത്തിലധികം ചെറിയ ലോഹ ചിത്രശലഭങ്ങൾ വിളക്കിച്ചേർത്താണ് പുതിയ ശിൽപം നിർമ്മിച്ചിരിക്കുന്നത്.
"ലോകമെമ്പാടുമുള്ള കറുത്തവർഗ്ഗക്കാരായ സ്ത്രീകളുടെ സൗന്ദര്യമാണ് ഈ ശില്പത്തിലൂടെ പ്രദർശിപ്പിക്കുവാൻ ശ്രമിക്കുന്നത്," എന്നാണ് 2022-ൽ നിർമ്മാർണം ആരംഭിച്ച പ്രതിമയെക്കുറിച്ച് ഡോട്ടൺ പറയുന്നത്. “ഒറ്റനോട്ടത്തിൽ, അവളുടെ സുന്ദരമായ വളവുകളും അസംസ്കൃത സൗന്ദര്യവും അവളുടെ സഹജമായ ശക്തിയും നിങ്ങൾക്ക് കാണാം. എന്നാൽ ഇത് കറുത്ത സ്ത്രീകൾ അനുഭവിച്ച വേദനയെയും പ്രതിനിധീകരിക്കുന്നു. ശിഥിലമായ മാലിന്യ അവശിഷ്ടങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഓരോ കഷണവും അവളുടെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും സഹിച്ച കഷ്ടപ്പാടുകളുടെയും തടസ്സങ്ങൾ മറികടന്നതിന്റെയും കഥ പറയുന്നു. നിങ്ങൾ ശിൽപത്തിൽ കാണുന്നതെല്ലാം കറുപ്പിന്റെ സൗന്ദര്യം പുറത്തെടുക്കുന്നവയാണ്. സ്ത്രീകൾ നമ്മുടെ ജീവിതം സൃഷ്ടിക്കുന്നു, അവർ നമുക്ക് ജീവിതം നൽകുന്നു, അവർ നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാക്കുന്നു." ഡോട്ടൺ കൂട്ടിച്ചേർത്തു.
യൊറൂബ ഭാഷയിൽ 'ഇറിങ്കെമി അസാകെ' എന്നാൽ 'ലോഹങ്ങൾ എന്റെ ജീവിതത്തെ മെച്ചപ്പെടുത്തി' എന്നാണ് അർത്ഥം. ലാഗോസിൽ നടന്ന ആർട്ട്മിയാബോ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ ശില്പം പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം ഇൻസ്റ്റാഗ്രാമിൽ ശിൽപത്തിന്റെ ചിത്രം പങ്കുവെച്ച ഡോട്ടണിന് 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.
പോസ്റ്റു ചെയ്ത ദിവസം തന്നെ അലബാമയിലെ മോണ്ട്‌ഗോമറിയിലെ ലെഗസി മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറും അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് അവാ ഡുവെർനെയുടെ സഹോദരിയുമായ തേരാ ഡുവെർനെയിൽ നിന്ന് ഡോട്ടണിന് ഒരു സന്ദേശം ലഭിച്ചു. തനിക്ക് ശിൽപം എത്രമാത്രം ഇഷ്ടമായെന്നും അലബാമയിലെ തന്റെ മ്യൂസിയത്തിലേക്ക് അത് എങ്ങനെ എത്തിക്കാമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും തേരാ തന്നോട് പറഞ്ഞതായും ഡോട്ടണ്‍ പങ്കുവെച്ചു.